ആഗ്നസ് വർദ (ജനനം – 1928 മെയ് 30)

ജന്മദിന സ്മരണ

ആഗ്നസ് വർദ (ജനനം – 1928 മെയ് 30) Agnès Varda

ഫ്രഞ്ച് നവതരംഗപ്രസ്ഥാനത്തിന്റെ രൂപീകരണത്തിൽ പരമപ്രധാനമായ പങ്ക് വഹിച്ച ഫ്രഞ്ച് ചലച്ചിത്രസംവിധായികയാണ് ആഗ്നസ് വർദ. ഫോട്ടോഗ്രാഫറും തിരക്കഥാകൃത്തും കൂടിയാണ് വർദ. ഡോക്യുമെന്ററികളെ അനുസ്മരിപ്പിക്കുന്ന യഥാതഥത്വം അവരുടെ സിനിമകളുടെ ഒരു പ്രധാനസവിശേഷതയാണ്. പരീക്ഷണാത്മകമായ പ്രത്യേകശൈലിയിൽ സ്ത്രീകളുടെ പ്രശ്നങ്ങളിലും സാമൂഹ്യപ്രശ്നങ്ങളിലുമൊക്കെയുള്ള ഇടപെടലുകൾ കൂടിയായിരുന്നു അവരുടെ ചിത്രങ്ങൾ നടത്തിയിരുന്നത്.

ബെൽജിയത്തിലെ ബ്രസൽസിലുള്ള ഇക്സെലിൽ ആണ് വർദ ജനിച്ചത്. ഏഷ്യാ മൈനറിൽ നിന്നുള്ള ഗ്രീക്ക് അഭയാ‍ർത്ഥികളിലൊരാളായിരുന്ന വർദയുടെ അച്ഛൻ. ഒരു മ്യൂസിയം ക്യുറേറ്ററാവുക എന്ന ലക്ഷ്യത്തോടെ കലാചരിത്രം പഠിച്ചു. പിന്നീട് ഫോട്ടോഗ്രഫിയും പഠിച്ചിരുന്നു. ആദ്യം ഫോട്ടോഗ്രാഫറായാണ് ജോലി ചെയ്തത്. ഫോട്ടോഗ്രഫിയെയും സിനിമയെയും ഒരുപോലെ സ്നേഹിച്ച അവർ ഇവയ്ക്കിടയിൽ ആ രീതിയിലുള്ള ബന്ധവും നിലനിർത്തിയിരുന്നു. ഫോട്ടോഗ്രഫിയോടൊപ്പം അവരുടെ താൽപര്യം സിനിമയിലേക്ക് കൂടി തിരിയുകയായിരുന്നു. സിനിമ കാര്യമായി പഠിക്കുകയോ കാണുകയോ പോലും ചെയ്തിട്ടില്ലാത്ത ഒരാളായിരുന്നു വർദ എന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട്.

1954ൽ എടുത്ത ല പോയിന്റ് കൂർത് (La Pointe Courte) ആണ് ആഗ്നസ് വർദയുടെ ആദ്യത്തെ ഫീച്ചർ ചിത്രം. തുടർന്ന് അവർ കുറേയേറെ ഡോക്യുമെന്ററികൾ സംവിധാനം ചെയ്തു. അടുത്ത ഫീച്ചർ സിനിമയായ ക്ലിയൊ ഫ്രം 5 റ്റു 7 പുറത്തുവന്നത് 1961ലാണ്. ദ് ക്രീച്ചേഴ്സ് (1966), ഫാർ ഫ്രം വിയറ്റ്നാം (1967), ലയൺസ് ലൌ (1969), വൺ സിങ്സ്, ദ് അദർ ഡസിന്റ് (1977) തുടങ്ങിയവയാണ് തുടർന്നുവന്ന മറ്റ് പ്രധാനചിത്രങ്ങൾ.

അവരുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വാഗാബോണ്ട് എന്ന ചിത്രം പുറത്തുവരുന്നത് 1985ലാണ്. അരികുകളിൽ ജീവിക്കുന്നവരും പാ‍ർശ്വവൽക്കരിക്കപ്പെട്ടവരുമായ മനുഷ്യരെക്കുറിച്ച് ഒരു കലാകാരി എന്ന നിലയിൽ ആഗ്നസ് വർദയ്ക്കുള്ള ആശങ്കകൾ, അവരുടെ തന്നെ മറ്റ് പല ചിത്രങ്ങളുമെന്ന പോലെ, ഈ ചിത്രവും പങ്കുവയ്ക്കുന്നു. ഫ്രാൻസിൽ, സ്വാതന്ത്ര്യം മാത്രം തേടിക്കൊണ്ട് മറ്റെല്ലാ സൗകര്യങ്ങളും ഉപേക്ഷിച്ച് ഇറങ്ങിനടക്കുന്ന യുവതികളുടെ ഒരു കാലമുണ്ടായിരുന്നു. ഇത്തരക്കാരായ സ്ത്രീകൾ മൊത്തം അഴുക്കാണ്, അവർക്ക് തീരെ വൃത്തിയില്ല, അവരെ നാറുന്നു എന്നൊക്കെയുള്ള കാരണങ്ങൾ പറഞ്ഞ് പൊതുസമൂഹം പലപ്പോഴും അത്തരം സ്ത്രീകളെ അകറ്റിനിർത്തിയിരുന്നു. അകറ്റിനിർത്തുന്നതിന് അവർ നിരത്തുന്ന കാരണങ്ങൾ എന്തൊക്കെയാണെങ്കിലും, അതിനൊക്കെയപ്പുറത്ത് ഈ രീതിയിൽ നാടോടികളായി അലയുന്ന സ്ത്രീകൾ അനുഭവിക്കുന്ന സ്വാതന്ത്ര്യമാണ് പലപ്പോഴും ഇത്തരം കാരണങ്ങൾ നിരത്തുന്നവരെ അങ്ങേയറ്റത്തെ അസഹിഷ്ണുതയുള്ളവരാക്കി മാറ്റിയത് എന്ന യാഥാർത്ഥ്യം വർദ ഈ ചിത്രത്തിലൂടെ വരച്ചുകാട്ടുന്നു. “ഒരു വലിയ നിഷേധത്തിന്റെ അവതാരം” എന്നാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രമായ മോണ എന്ന സ്ത്രീയെ വർദ വിശേഷിപ്പിക്കുന്നത്. സംസ്കാരം എന്തായിരിക്കണം, എങ്ങനെയായിരിക്കണം എന്നതിന് മുഖ്യധാര നിശ്ചയിച്ചിട്ടുള്ള അളവുകോലുകൾക്ക് വഴങ്ങാത്ത ഒരാൾ, ആരാലും വശീകരിക്കപ്പെടാനോ ആർക്കും വഴങ്ങിക്കൊടുക്കാനോ തയ്യാറല്ലാത്ത ഒരാൾ, ഉത്തരവാദിത്തമോ ജീവിതത്തിന്റെ പതിവ് നൈരന്തര്യമോ ഇഷ്ടമല്ലാത്ത ഒരാൾ, അങ്ങനെയുള്ള ഒരാളാണ് ഈ ചിത്രത്തിലെ മോണ. മെരുങ്ങാനോ ഇണങ്ങാനോ കൂട്ടാക്കാത്ത ഒരുതരം വന്യമായ ചോദനകളുള്ള ശക്തയായ ഒരു സ്ത്രീകഥാപാത്രമാണിത്. ഇങ്ങനെയൊരു പാത്രസൃഷ്ടി വാഗബോണ്ടിന് മുമ്പുള്ള സാഹിത്യസിനിമാചരിത്രത്തിൽ എങ്ങും കാണാനില്ലാത്തതാണെന്ന് പല നിരൂപകരും  പറഞ്ഞിട്ടുണ്ട്.

കുങ്ഫു മാസ്റ്റർ (1987), എ ഹണ്ട്രഡ് ഏന്റ് വൺ നൈറ്റ്സ് (1994), ദ് ഗ്ലീനേഴ്സ് ഏന്റ് ഐ (2000), ഫേസസ് പ്ലേസസ് (2017),  ദ് ബീച്ചസ് ഓഫ് ആഗ്നസ് (2008) തുടങ്ങിയവ അവരുടെ വളരെയേറെ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്. വാർദ ബൈ ആഗ്നസ് എന്ന പേരിൽ 2019ൽ പുറത്തുവന്ന ആത്മകഥാപരമായ ഡോക്യുമെന്ററി, ആഗ്നസ് വർദയുടെ മരണാനന്തരമാണ് പുറത്തുവന്നത്.

ഫോട്ടോഗ്രഫിയെയും സിനിമയെയും ഒരുപോലെ സ്നേഹിച്ചിരുന്ന വർദ ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി: “ഞാൻ ഫോട്ടോകളെടുക്കുന്നുണ്ട്, സിനിമയും ഉണ്ടാക്കുന്നുണ്ട്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഞാൻ ഫോട്ടോകൾ സിനിമയിലേക്ക് ചേർക്കുന്നു, സിനിമയെ ഫോട്ടോകളിലേക്കും.” ഫ്രഞ്ച് നവതരംഗ സിനിമകളുടെ ഗണത്തിൽ പെടുന്നവയായിരുന്നു അവരുടെ ആദ്യകാലസിനിമകളെന്ന് മാത്രമല്ല ഫ്രഞ്ച് നവതരംഗപ്രസ്ഥാനത്തിലെ ഏറ്റവും ശ്രദ്ധേയയായ സംവിധായക സാന്നിദ്ധ്യവുമായിരുന്നു അവ‍ർ. ഫ്രഞ്ച് നവതരംഗപ്രസ്ഥാനത്തിലെ സുപ്രസിദ്ധ സംവിധായകനായ അലൻ റെനെയുമായി അദ്ദേഹത്തിന്റെ ജീവിതാന്ത്യം വരെ നീളുന്ന സൗഹൃദമായിരുന്നു വർദയ്ക്ക് ഉണ്ടായിരുന്നത്. വർദയുടെ ആദ്യചിത്രമായ ല പോയിന്റ് കൂർത് എന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചതും റെനെയായിരുന്നു. അലൻ റെനെ, ഴാങ് ലുക് ഗൊദാർദ്, ഫ്രൻസ്വാ ത്രൂഫോ തുടങ്ങി അവരുടെ സമകാലികരായ സംവിധായകരെല്ലാം വർദയുടെ ചിത്രങ്ങൾ നന്നായി ആസ്വദിക്കുകയും അവയെക്കുറിച്ച് മികച്ച അഭിപ്രായങ്ങൾ പറയുകയും ചെയ്തവരാണ്. 1954ൽ ഇറങ്ങിയ ആദ്യചിത്രത്തിനുശേഷം കുറച്ച് ചിത്രങ്ങൾ സംവിധാനം ചെയ്ത വർദ 1977ൽ സിനി തമാരിസ് എന്ന പേരിൽ സ്വന്തമായി സിനിമാനിർമാണ കമ്പനി ആരംഭിച്ചു.

2017ൽ ആഗ്നസ് വർദയ്ക്ക് ഓണററി ഓസ്കാർ പുരസ്കാരം ലഭിച്ചു. ഈ പുരസ്കാരം ലഭിക്കുന്ന ആദ്യത്തെ വനിതാ സംവിധായികയാണ് വർദ. ഇതിന് പുറമേ അവരുടെ സിനിമകൾക്ക് മറ്റ് നിരവധി പുരസ്കാരങ്ങളും ലഭിച്ചിരുന്നു. ലോകത്തിലെ ഒട്ടുമിക്ക പ്രധാന ഫെസ്റ്റിവെലുകളിലും അവരുടെ ചിത്രങ്ങൾ പുരസ്കരിക്കപ്പെട്ടിട്ടുണ്ട്. കാനിൽ ഓണററി പാം ഡി ഓർ ലഭിച്ചിരുന്നു. വെനീസിലെ ഗോൾഡൻ ലയൺ പുരസ്കാരവും വർദയ്ക്ക് ലഭിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനിതാസംവിധായകരുടെ എക്കാലത്തെയും മികച്ച 100 ചിത്രങ്ങൾ കണ്ടെത്താനായി 2019ൽ ബിബിസി ഒരു തിരഞ്ഞെടുപ്പ് നടത്തിയിരുന്നു. ആ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തിയ മികച്ച നൂറ് ചിത്രങ്ങളുടെ ലിസ്റ്റിൽ രണ്ടാം സ്ഥാനം നേടിയ ക്ലിയൊ ഫ്രം 5 റ്റു 7 അടക്കം ആറ് ചിത്രങ്ങൾ ആഗ്നസ് വർദയുടേതായിരുന്നു. 84 രാജ്യങ്ങളിൽ നിന്നുള്ള 348 സിനിമാവിദഗ്ദ്ധർ ചേർന്നാണ് ഈ തിരഞ്ഞെടുപ്പ് നടത്തിയിരുന്നത്.

കാൻസർരോഗബാധയെത്തുടർന്ന് 2019 മാർച്ച് 29ന് തൊണ്ണൂറാം വയസ്സിൽ പാരീസിൽ വെച്ചാണ് വർദ അന്തരിച്ചത്.

BFI തയ്യാറാക്കിയ Agnès Varda: Filmmaker, photographer എന്ന വീഡിയോ കൂടി കാണൂ.

എഴുത്ത് : ആര്‍ നന്ദലാല്‍

രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍


Write a Reply or Comment

Your email address will not be published. Required fields are marked *