ക്രിസ്റ്റഫ് കീസ്ലൊവ്സ്കി Krzysztof Kieślowski
(ജനനം – 1941 ജൂൺ 27)
വിഖ്യാതനായ പോളിഷ് ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായിരുന്നു ക്രിസ്റ്റഫ് കീസ്ലൊവ്സ്കി. രാഷ്ട്രീയയാഥാർത്ഥ്യങ്ങൾ കൈകാര്യം ചെയ്ത സിനിമകളിൽ നിന്ന് അമൂർത്തത മുറ്റിനിൽക്കുന്ന സിനിമകളിലേക്കുള്ള ഒരു പരിണാമത്തെ കീസ്ലൊവ്സ്കി സിനിമകളിൽ നിന്ന് നമുക്ക് വായിച്ചെടുക്കാനാവും.
പോളണ്ടിലെ വാർസൊയിലാണ് കീസ്ലൊവ്സ്കി ജനിച്ചത്. അച്ഛൻ ക്ഷയരോഗബാധിതനായിരുന്നു. അതുകൊണ്ടുതന്നെ അമ്മയും സഹോദരിയും കൂടി ഉൾപ്പെടുന്ന കീസ്ലൊവ്സ്കിയുടെ നാലംഗ കുടുംബത്തിന്, അച്ഛന്റെ ക്ഷയരോഗ ചികിത്സയുമായി ബന്ധപ്പെട്ട് പുതിയ പുതിയ സാനിറ്റോറിയങ്ങൾ തേടി നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് അലയേണ്ടിവരുന്ന ഒരു ജീവിതമായിരുന്നു ഉണ്ടായിരുന്നത്.
ഫയർമാനായി പരീശിലനം തേടുന്നതിന് ഒരു കോളേജിൽ ചേർന്നുവെങ്കിലും അവിടത്തെ അച്ചടക്കം, യൂനിഫോം തുടങ്ങിയ രീതികളോട് പൊരുത്തപ്പെടാനാവാതെ അത് ഉപേക്ഷിച്ചു. ഈ അച്ചടക്കച്ചിട്ടയോടുള്ള താൽപര്യമില്ലായ്മയായിരുന്നു പിൽക്കാലത്ത് പട്ടാളസേവനത്തിൽ പോകുന്നതിനോടും അദ്ദേഹത്തിനുണ്ടായിരുന്ന വിയോജിപ്പിന്റെ പ്രധാനകാരണം. ദിവസങ്ങളോളം ആഹാരനിയന്ത്രണം നടത്തി അനാരോഗ്യം അഭിനയിച്ചാണ് നിർബന്ധിതപട്ടാള സേവനത്തിൽ നിന്ന് അദ്ദേഹം രക്ഷപ്പെട്ടത്. നാടകപഠനം ആരംഭിച്ചുവെങ്കിലും അത് പൂർത്തിയാക്കണമെങ്കിൽ മറ്റേതെങ്കിലും മേഖലയിൽ പഠനം നടത്തിയിരിക്കണമെന്ന നിഷ്കർഷയുണ്ടായിരുന്നതിനാൽ അദ്ദേഹം സിനിമ പഠിക്കുവാൻ തീരുമാനിച്ചു. പ്രവേശനം നേടുന്നതിനുള്ള ആദ്യത്തെ രണ്ട് ശ്രമങ്ങൾ പരാജയപ്പെട്ട്, വിജയകരമായിത്തീന്ന മൂന്നാമത്തെ ശ്രമത്തിനൊടുവിലാണ് അദ്ദേഹം വിഖ്യാതമായ ലോഡ്സ് സ്കൂളിൽ സിനിമാപഠനത്തിന് ചേർന്നത്.
പോളണ്ടാകമാനം രാഷ്ട്രീയമായി തിളച്ചുമറിയുന്ന ഒരു കാലഘട്ടത്തിലായിരുന്നു കീസ്ലൊവ്സ്കി സിനമാപഠനം പൂർത്തിയാക്കുന്നത്. സോവിയറ്റ് യൂണിയന്റെ മേൽനോട്ടത്തിലുള്ള കമ്യൂണിസ്റ്റ് ഭരണകൂടം പോളണ്ടിലെ എല്ലാത്തരത്തിലുമുള്ള കലാ-സാഹിത്യസൃഷ്ടികളെയും അതിസൂക്ഷ്മമായി വിലയിരുത്തി മാത്രമേ പുറത്തേക്ക് വിട്ടിരുന്നുള്ളൂ. ഭരണത്തലപ്പത്തെ വ്യക്തികൾ മാറിമാറി വന്നിരുന്നെങ്കിലും മൗലികമായ ആശയങ്ങളോടും സൃഷ്ടികളോടുമുള്ള വെറുപ്പ് അവരെല്ലാം ഒരുപോലെ സൂക്ഷിച്ചിരുന്നു. കലാകാരന്മാർ കൂട്ടത്തോടെ അറസ്റ്റ് ചെയ്യപ്പെടാനും സർക്കാറിനെ പൂർണമായി അംഗീകരിക്കുന്നവരുടെ സൃഷ്ടികൾ മാത്രം പുറത്തുവരാനും തുടങ്ങി. ഇത് പോളണ്ടിൽ വലിയൊരു കലാപത്തിന് വഴിവെച്ചിരുന്നു. ഈ കാലത്തിലൂടെയെല്ലാം സഞ്ചരിച്ച വ്യക്തിയായതുകൊണ്ട് തന്റെ കലാസൃഷ്ടികളിൽ അക്കാലത്തെ രാഷ്ട്രീയം കൃത്യമായി പ്രതിഫലിപ്പിക്കുവാൻ കീസ്ലൊവ്സ്കിക്ക് സാധിച്ചിരുന്നു.
സിനിമാപഠനം പൂർത്തിയാക്കി പുറത്തിറങ്ങിയ കാലത്ത് ഡോക്യുമെന്ററികൾ നിർമിക്കാനായിരുന്നു കീസ്ലൊവ്സ്കി കൂടുതലിഷ്ടപ്പെട്ടിരുന്നത്. അക്കാലത്ത് അദ്ദേഹം നിരവധി ഡോക്യുമെന്ററികൾ നിർമിക്കുകയും ചെയ്തിരുന്നു. നഗരവാസികൾ, തൊഴിലാളികൾ, പട്ടാളക്കാർ തുടങ്ങിയ സാധാരണ മനുഷ്യരെക്കുറിച്ച് സംസാരിച്ചിരുന്നവയായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ ഡോക്യുമെന്ററികൾ. സിനിമകളിലൂടെ പച്ചയായ രാഷ്ട്രീയം പറയാൻ അദ്ദേഹം തുനിഞ്ഞിരുന്നില്ലെങ്കിലും, പോളണ്ടില ദൈനംദിനജീവിതം അദ്ദേഹം ചിത്രീകരിച്ചപ്പോൾ സ്വാഭാവികമായും അത് അധികൃതരുടെ ക്രുദ്ധനോട്ടം ക്ഷണിച്ചുവരുത്തിയിരുന്നു. പോളണ്ടിലെ ജീവിതച്ചെലവ് വൻതോതിൽ വർദ്ധിച്ചതിനെത്തുടർന്ന് 1970ൽ പൊട്ടിപ്പുറപ്പെട്ട കപ്പൽത്തൊഴിലാളി സമരത്തെക്കുറിച്ച് അദ്ദേഹം നിർമിച്ച വർക്കേഴ്സ് 71: നതിങ് എബൗട് അസ് വിതൗട് അസ് എന്ന ഡോക്യുമെന്ററിയിൽ ഒട്ടേറെ കട്ടുകൾ വരുത്തുവാൻ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ആ ചിത്രം ഒരിക്കലും റിലീസ് ചെയ്യപ്പെട്ടില്ല. പച്ചയായിത്തന്നെ രാഷ്ട്രീയം പറയുന്ന ഏറ്റവും ശ്രദ്ധേയമായ കീസ്ലൊവ്സ്കി ചിത്രവും അതായിരുന്നു.
ദ് ഫോട്ടൊഗ്രാഫ് (1968), ഫ്രം ദ് സിറ്റി ഒഫ് ലോഡ്സ് (1968), ഐ വാസ് എ സോൾജ്യർ (1970), ഫാക്റ്ററി (1970), ബിഫോർ ദ് റാലി (1971), ദ് പ്രിൻസിപ്ൾസ് ഒഫ് സേഫ്റ്റി ഏന്റ് ഹൈജീൻ ഇൻ എ കോപ്പർ മൈൻ (1972), ഫസ്റ്റ് ലവ് (1974), പെഡസ്റ്റ്രിയൻ സബ്‍വെ (1974), കരിക്കുലം വീറ്റെ (1975), സ്റ്റേറ്റ് (1976), ഫ്രം എ നൈറ്റ് പോർടേഴ്സ് പോയിന്റ് ഒഫ് വ്യൂ (1977), ഐ ഡോണ്ട് നൊ (1977), സെവൻ വിമൻ ഒഫ് ഡിഫറന്റ് ഏജസ് (1978), റെയിൽവെ സ്റ്റേഷൻ (1980) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് ശ്രദ്ധേയമായ ഡോക്യുമെന്ററികൾ.
തന്റെ തിയറ്റർപഠനകാലത്തെ അനുഭവങ്ങളെ ഓർമിച്ചുകൊണ്ട് 1975ൽ ചെയ്ത പെഴ്സണൽ എന്ന ചിത്രമായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ഫീച്ചർസിനിമ. നൈതികമായ തീരുമാനമേതെന്നന്വേഷിക്കുന്ന കീസ്ലൊവ്സ്കിയൻ ശൈലിയും ഈ ചിത്രത്തിൽ നിന്ന് തന്നെയാണ് അദ്ദേഹം ആരംഭിക്കുന്നത്.
കുറച്ചുകാലം അദ്ദേഹം പോളിഷ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ എന്ന തൊഴിലാളി സംഘടനയുടെ പ്രസിഡണ്ടായിരുന്നു. പക്ഷെ അത്തരം സംഘടനകൾ കൊണ്ട് ഒരു കാര്യവുമില്ലെന്ന തിരിച്ചറിവിനെത്തുടർന്ന് തന്നെ അതിൽനിന്ന് പുറത്താക്കുവാൻ പ്രസ്തുത അസോസിയേഷനോട് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. പിന്നീട് അദ്ദേഹം ആന്ദ്രെയ് വയ്ദ, ക്രിസ്റ്റഫ് സനൂസി, ആഗ്നെയ്സ്കാ ഹോളണ്ട് തുടങ്ങിയ പ്രമുഖ സംവിധായകരുടെ ചേരിയുടെ ഭാഗമാവുകയായിരുന്നു. ഇവരുടെ ചേരി പലപ്പോഴും അറിയപ്പെട്ടിരുന്നത് നൈതിക ഉത്കണ്ഠകളുടെ സിനിമ (Cinema of Moral Anxiety) എന്ന പേരിലാണ്. ഏതാണ്ട് 1975മുതൽ 1981 വരെ തുടർന്ന ഈ ചേരി പോളണ്ടിൽ നിലനിൽക്കുന്ന സാമൂഹ്യയാഥാർത്ഥ്യങ്ങൾക്കെതിരായി പ്രതികരിക്കുവാൻ സിനിമ എന്ന മാധ്യമത്തെ ഉപയോഗിച്ചു.
പോളണ്ടിന്റെ ചരിത്രത്തിലെ സങ്കീർണതകൾ പരിഗണിക്കുമ്പോൾ അവിടെയുള്ള മറ്റെല്ലാ കലാരൂപങ്ങളുമെന്നതുപോലെ സിനിമയും വെറും വിനോദം മാത്രമായിരുന്നില്ല. സമൂഹത്തിന് എന്തെങ്കിലും സന്ദേശങ്ങൾ നൽകുന്ന പ്രവാചകരുടെയോ അധ്യാപകരുടെയോ സ്ഥാനമായിരുന്നു അവിടത്തെ കലാകാരർക്കുണ്ടായിരുന്നത്. അങ്ങേയറ്റം നിയന്ത്രിച്ചു നിർത്തപ്പെടുന്നതും, അഴിമതി നിറഞ്ഞതുമായ ഒരു രാഷ്ട്രീയവ്യവസ്ഥയ്ക്കകത്തെ സേഫ്റ്റി വാൽവുകളായിട്ടായിരുന്നു അവിടെ സിനിമ എന്ന കലാരൂപം പ്രവർത്തിച്ചിരുന്നത്. അതുകൊണ്ടുതന്നെ കലാകാരർ സമൂഹത്തോട് ബാധ്യത വച്ചുപുലർത്തുകയും ആ ഉത്തരവാദിത്തം സൂക്ഷിക്കുകയും ചെയ്തിരുന്നു. വയ്ദയോ സനൂസിയോ ചെയ്തതുപോലെ പരസ്യമായ രാഷ്ട്രീയം കീസ്ലൊവ്സ്കിയുടെ സിനിമകൾ സംസാരിച്ചിരുന്നില്ലെങ്കിലും, അതിന്റെ പ്രേക്ഷകരും നിരൂപകരും സിനിമകളുടെ ദൃശ്യങ്ങൾക്കിടയിൽ നിന്ന് കൃത്യമായ രാഷ്ട്രീയം വായിച്ചെടുത്തിരുന്നു എന്നതാണ് യാഥാർത്ഥ്യം.
ദ് സ്കാർ (1976), ദ് കാം (1976), കാമെറ ബഫ് (1979), ഷോർട് വർക്കിങ് ഡെ (1981), നൊ എന്റ് (1985), ബ്ലൈൻഡ് ചാൻസ് (1987), ഡെക്കലോഗ് പരമ്പര (1988), എ ഷോട് ഫിലിം എബൗട് കില്ലിങ് (1988), എ ഷോട് ഫിലിം എബൗട് ലവ് (1988), ദ് ഡബ്ൾ ലൈഫ് ഒഫ് വെറോണിക (1991), ത്രീ കളേഴ്സ്: ബ്ലൂ (1993), ത്രീ കളേഴ്സ്: വൈറ്റ് (1994), ത്രീ കളേഴ്സ്: റെഡ് (1994) എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഫീച്ചർ സിനിമകൾ.
ബൈബിളിലെ പത്ത് കല്പനകളെ ആശ്രയിച്ച് നിർമിച്ചതാണ് ഡെക്കലോഗ് എന്ന സീരീസ്. ഈ സീരീസിലെ അഞ്ച്, ആറ് ഭാഗങ്ങളുടെ കഥയിൽ അല്പം വ്യത്യാസം വരുത്തിയാണ് എ ഷോട് ഫിലിം എബൗട് കില്ലിങ്, എ ഷോട് ഫിലിം എബൗട് ലവ് എന്നീ ചിത്രങ്ങൾ നിർമിച്ചത്. ഫ്രഞ്ച് വിപ്ലവത്തിന്റെ മുദ്രാവാക്യങ്ങളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയെ മുൻനിർത്തിക്കൊണ്ടാണ് ത്രീ കളേഴ്സ് എന്ന പരമ്പരയിൽ പെടുന്ന മൂന്ന് ചിത്രങ്ങൾ (ബ്ലൂ, വൈറ്റ്, റെഡ്) അദ്ദേഹം നിർമിച്ചത്. അക്കാദമി പുരസ്കാരം അടക്കം നേടിയിട്ടുള്ള പ്രമുഖ ഫ്രഞ്ച് നടിയായ ഷോല്യറ്റ് ബിനോഷെ ആണ് ഈ മൂന്ന് ചിത്രങ്ങളിലെയും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
കാൻ, വെനീസ്, ബെർലിൻ, വാൻകൂവർ, വാർസൊ തുടങ്ങിയ ഒട്ടുമിക്ക അന്താരാഷ്ട്രചലച്ചിത്രമേളകളിലും അദ്ദേഹത്തിന്റെ വിവിധ ചിത്രങ്ങൾ പുരസ്കാരം നേടിയിട്ടുണ്ട്. മികച്ച സംവിധായകനും എഴുത്തുകാരനുമുള്ള അക്കാദമി പുരസ്കാരത്തിനും അദ്ദേഹം നാമനിർദേശം ചെയ്യപ്പെട്ടിരുന്നു.
ഹൃദയാഘാതത്തെത്തുടർന്നുള്ള ഹൃദയശസ്ത്രക്രിയക്കിടയിൽ, 1996 മാർച്ച് 13ന് ക്രിസ്റ്റഫ് കീസ്ലൊവ്സ്കി എന്ന സിനിമാപ്രതിഭയുടെ ജീവിതം എന്നെന്നേക്കുമായി അവസാനിച്ചു.
കീസ്ലൊവ്സ്കിയുടെ പ്രസിദ്ധ സിനിമയായ A Short Film About Killing കാണാം.
എഴുത്ത് : ആര്‍ നന്ദലാല്‍
രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍
തയ്യാറാക്കിയത് : ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി, പയ്യന്നൂര്‍
G P Ramachandran
June 27, 2021 at 4:09 pmനന്നായെഴുതി.