അടൂർ ഗോപാലകൃഷ്ണൻ (ജനനം – 1941 ജൂലൈ 3) Adoor Gopalakrishnan
മലയാളസിനിമയില്‍ നവതരംഗപ്രസ്ഥാനത്തിന് തുടക്കമിട്ട, മലയാളസിനിമയെ ലോകസിനിമാ ഭൂപടത്തിലേക്ക് ഉയര്‍ത്തിയ വിഖ്യാതസംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്. ഇന്ത്യൻ സിനിമയില്‍ സത്യജിത് റോയിക്കും മൃണാൾ സെനിനുമൊപ്പം ആരാധിക്കപ്പെടുന്ന സംവിധായകന് കൂടിയാണ് അടൂർ.
പത്തനംതിട്ട ജില്ലയിലെ അടൂരിനടുത്തുള്ള മണ്ണടി എന്ന സ്ഥലത്താണ് ഗോപാലകൃഷ്ണന് ജനിച്ചത്. ചെറിയ പ്രായത്തില്‍ തന്നെ നാടകനടനായി അഭിനയിക്കാന്‍ തുടങ്ങിയിരുന്നു. വിദ്യാഭ്യാസകാലത്ത് ധാരാളം നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്തു. ഡിണ്ടിഗലിലെ ഗാന്ധിഗ്രാം റൂറല്‍ സര്‍വകലാശാലയില്‍ നിന്ന് 1961ല്‍ സാമ്പത്തികശാസ്ത്രം, പൊളിറ്റിക്കല്‍ സയന്‍സ്, പൊതുഭരണം എന്നിവയില്‍ ബിരുദം നേടി. തുടര്‍ന്ന് ലഭിച്ച സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ജോലി ഉപേക്ഷിച്ച് 1962ല്‍ പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമാപഠനത്തിനായി ചേര്‍ന്നു. തിരക്കഥാരചനയും സംവിധാനവുമായിരുന്നു ഇവിടെ അദ്ദേഹത്തിന്റെ പ്രധാനപഠനമേഖല.
1965ല്‍ കുളത്തൂര്‍ ഭാസ്കരന് നായരോടൊപ്പം അദ്ദേഹം തിരുവനന്തപുരത്ത് ചിത്രലേഖ ഫിലിം സൊസൈറ്റി സ്ഥാപിച്ചു. ഇതാണ് കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി. ഒട്ടേറെ മികച്ച ലോകസിനിമകളെ മലയാളി പ്രേക്ഷകര്‍ക്ക് പരിചയപ്പപെടുത്തിയ ഫിലിം സൊസൈറ്റി പ്രസ്ഥാനം എന്ന കേരളത്തിലെ സുപ്രധാന സാംസ്കാരിക പ്രസ്ഥാനത്തിന്റെ തുടക്കമായിരുന്നു അത്. മികച്ച സിനിമകള്‍ നിര്‍മിക്കുന്നതിനും അവയുടെ വിതരണം നടത്തുന്നതിനും പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നതിനുമായി ഇന്ത്യയിലെ ആദ്യത്തെ സിനിമാ സഹകരണസംഘം സ്ഥാപിച്ചതും അടൂര്‍ ഗോപാലകൃഷ്ണനാണ്.
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനകാലത്തും തുടര്‍ന്നും ധാരാളം ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിരുന്നു. മോൺട്രിയൽ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മേളകളിൽ അവയിൽ ചിലതെല്ലാം പ്രദർശിപ്പിക്കപ്പെടുകയും ചെയ്തു. 1972ല്‍ നിര്‍മിച്ച സ്വയംവരം എന്ന ചിത്രമാണ് അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ഫീച്ചര്‍ സിനിമ. ഈ ചിത്രം മലയാളസിനിമാചരിത്രത്തിലേക്ക് പുതിയൊരു അധ്യായം എഴുതിച്ചേര്‍ക്കുകയായിരുന്നു. അന്ന് വരെ മലയാളസിനിമ ഉണ്ടാക്കിയെടുത്തിരുന്ന കാഴ്ചാശീലങ്ങളെയെല്ലാം അടിമുടി മാറ്റിമറിച്ച ഒന്നായിരുന്നു സ്വയംവരം എന്ന ചിത്രം. മോസ്കൊ, ലണ്ടന്‍, മെല്‍ബണ്‍, പാരീസ് തുടങ്ങിയ സ്ഥലങ്ങളിലെ ചലച്ചിത്രമേളകളിലേക്ക് ഈ ചിത്രം തിരഞ്ഞെടുക്കപ്പെടുകയും അവിടെയെല്ലാം നിറഞ്ഞ സദസ്സില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്തു. മികച്ച സംവിധായകന്, സിനിമ, ഛായാഗ്രാഹകന്‍, നടി എന്നീ ദേശീയ പുരസ്കാരങ്ങള്‍ സ്വയംവരത്തിന് ലഭിച്ചിരുന്നു. തന്റെ ആദ്യ ഫീച്ചർ ചിത്രത്തിലൂടെ കേരളത്തിൽ ഒരു പുതിയ സമാന്തരസിനിമാപ്രസ്ഥാനത്തിന് തുടക്കമിടുകയായിരുന്നു അടൂര്‍ ചെയ്തത്. അദ്ദേഹത്തിന്റെ തന്നെ തുടന്നുവന്ന സിനിമകളിലൂടെയും മറ്റ് പല പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിലൂടെയും ഈ സിനിമാപ്രസ്ഥാനം വളര്‍ന്നു വലുതായി.
കൊടിയേറ്റം (1977), എലിപ്പത്തായം (1981), മുഖാമുഖം (1984), അനന്തരം (1987), മതിലുകള്‍ (1989), വിധേയന് (1993), കഥാപുരുഷന് (1995), നിഴല്‍ക്കുത്ത് (2003), നാല് പെണ്ണുങ്ങള് (2007), ഒരു പെണ്ണും രണ്ടാണും (2008), പിന്നെയും (2016) എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ള ഫീച്ചര്‍ സിനിമകള്‍.
ദി ലൈറ്റ്, എ ഗ്രേറ്റ് ഡേ (1965), ദ് മിത്ത് (1967), എ ഡേ അറ്റ് കോവളം, മണ്തരികള്, ഡേഞ്ജര്‍ അറ്റ് യുവര്‍ ഡോര്‍സ്റ്റെപ്പ് (1968), മോഹിനിയാട്ടം, ഗുരു ചെങ്ങന്നൂര്‍, യക്ഷഗാനം (1979), ദ് ചോള ഹെറിറ്റേജ് (1980), കൃഷ്ണനാട്ടം (1982), റൊമാന്‍സ് ഓഫ് റബ്ബര്‍, കലാമണ്ഡലം ഗോപി (2000), കൂടിയാട്ടം, കലാമണ്ഡലം രാമന്‍കുട്ടിനായര്‍ എന്നിവ അദ്ദേഹം സംവിധാനം ചെയ്ത ചില സുപ്രധാന ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളുമാണ്.
1982ല്‍ എലിപ്പത്തായം എന്ന ചിത്രത്തിന് ഒട്ടേറെ അന്താരാഷ്ട്ര ബഹുമതികള്‍ ലഭിച്ചു. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരമാണ് അതില്‍ പ്രധാനപ്പെട്ടത്. ലണ്ടന്‍ ചലച്ചിത്രമേളയിലും ഈ ചിത്രം പുരസ്കാരം നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും ഈ ചിത്രത്തെ തേടിയെത്തുകയുണ്ടായി. മുഖാമുഖം തൊട്ട് നിഴല്‍ക്കുത്ത് വരെയുള്ള ആറ് ചിത്രങ്ങള്‍ക്കും തുടർച്ചയായി അന്താരാഷ്ട്ര ഫിലിം ക്രിടിക്സ് (ഫിപ്രസി) പുരസ്കാരം ലഭിച്ചിരുന്നു. കാന്‍, വെനീസ്, ബെര്‍ലിന്‍, ടൊറന്റൊ, ലണ്ടന്‍, നാന്റ്, റോട്ടര്‍ഡാം തുടങ്ങി ലോകത്തിലെ പ്രധാനപ്പെട്ട ചലച്ചിത്രമേളകളിലെല്ലാം അദ്ദേഹത്തിന്റെ സിനിമകള്‍ നിരന്തരം പ്രദര്‍ശിപ്പിച്ചിരുന്നു.
സിനിമയുടെ ലോകം, സിനിമാനുഭവം, സിനിമ-സാഹിത്യം-ജീവിതം, സിനിമ-സംസ്കാരം എന്നിവ അദ്ദേഹം എഴുതിയിട്ടുള്ള പ്രധാനകൃതികളാണ്. മികച്ച സിനിമാ സംബന്ധിയായ രചനയ്ക്കുള്ള ദേശീയ പുരസ്കാരവും സംസ്ഥാനപുരസ്കാരവും കേരളസാഹിത്യ അക്കാദമി പുരസ്കാരവും അദ്ദേഹത്തിന്റെ വിവിധ കൃതികള്‍ക്ക് ലഭിച്ചിട്ടുണ്ട്.
ഐ.എഫ്.എഫ്.ഐയുടെ വിവിധ എഡിഷനുകള്‍, വെനീസ്, സിംഗപ്പൂര്‍, ഹവായ്, ദുബൈ, കെയ്റൊ ചലച്ചിത്രമേളകളുടെ ജൂറിയായും അടുര്‍ ഗോപാലകൃഷ്ണന് പ്രവര്‍ത്തിച്ചിട്ടുണ്ട്.
പതിനാറ് തവണ ദേശീയ ചലച്ചിത്രപുരസ്കാരവും പതിനേഴ് തവണ സംസ്ഥാന ചലച്ചിത്രപുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ സിനിമയ്ക്ക് നല്കുന്ന പരമോന്നത പുരസ്കാരമായ ദാദാസാഹെബ് ഫാൽകെ പുരസ്കാരവും അദ്ദേഹം നേടിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ സിനിമാബഹുമതിയായ ജെ.സി. ഡാനിയേല്‍ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. ഇന്ത്യാഗവണ്മെന്റിന്റെ സിവിലിയന്‍ ബഹുമതികളായ പത്മശ്രീ, പത്മഭൂഷണ്‍ എന്നിവയും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഡെന്‍വര്‍, കെയ്റൊ, മാമി (മുംബൈ) മേളകളില്‍ അദ്ദേഹത്തിന് സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഫ്രഞ്ച് സര്‍ക്കാറിന്റെ പരമോന്നതം സാംസ്കാരിക ബഹുമതിയായ ലിജ്യന്‍ ഒഫ് ഓണര്‍ പുരസ്കാരം 2004ല്‍ അദ്ദേഹത്തിന് ലഭിച്ചു.
എഴുത്ത് : ആര് നന്ദലാല്‍
രൂപകല്‍പ്പന : പി പ്രേമചന്ദ്രന്
തയ്യാറാക്കിയത് : ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി, പയ്യന്നൂര്‍
അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത സിനിമകള്‍ കാണാം.
Swayamvaram
Elippathayam
Kodiyettam
Mukhamukham
https://youtu.be/yF6b_OM8Nqs
Anantaram
Mathilukal
Vidheyan
https://youtu.be/gpwriyHTGwU
Kadhapurushan
https://youtu.be/ZTqfoU36gwc
Nizhalkkuthu (Shadow Kill, 2002)
Naalu Pennungal
https://youtu.be/_334ryWenBI
Oru pennum randaanum
https://youtu.be/6gbcXwvAkG4
Thara Akhil
July 3, 2021 at 4:58 pmVery interesting .nice collections…
Devakikutty. N Hariprasad
July 9, 2021 at 3:18 pmSuper movies