| ഭാഷ (Language) | Arabic, Hebrew | |
| സംവിധാനം (Directed by) | Mohamed Diab | |
| പരിഭാഷ (Translation by) | P PREMACHANDRAN | |
| ജോണർ (Johner) | WAR, DRAMA, POLITICAL |
അമീറ / Amira (2021)
സംവിധാനം: മുഹമ്മദ് ദിയാബ് / 1h 34m
കെയ്റോ 678, ക്ലാഷ് തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകസിനിമയിലെ ശ്രദ്ധേയ സംവിധായകനായ മുഹമ്മദ് ദിയാബിന്റെ ‘അമീറ’ വംശശുദ്ധിയുടെ രാഷ്ട്രീയ പരിസരത്തെയാണ് ചിത്രീകരിക്കുന്നത്.
പലസ്തീൻ വിമോചന പോരാളികളുടെ ഹീറോ ആയ നവാർ തീവ്രവാദ പ്രവർത്തനത്തിന്റെ പേരിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട് ഇസ്രയേലി ജയിലിലാണ്. ഭാര്യ വർദയും മകൾ അമീറയും നിരവധി തടസ്സങ്ങൾ, പരിശോധനകൾ പിന്നിട്ട് അയാളെ ജയിലിൽ സന്ദർശിക്കുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. ഒരു കുഞ്ഞു കൂടി തനിക്ക് വേണമെന്ന നവാറിന്റെ ആഗ്രഹത്തെ വാർദ ചോദ്യം ചെയ്യുന്നുണ്ട്. തന്റെ ശരീരത്തിന്റെ ഒരംശമെങ്കിലും പുറത്തു കടക്കുമ്പോൾ താൻ സ്വതന്ത്രനാകുമെന്ന അയാളുടെ വിശ്വാസമാണ് കഠിനമായ ഈ വഴിയിലേക്ക് അവളെയും നയിക്കുന്നത്. വലിയ പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച് നവാറിന്റെ ബീജം പുറത്തെത്തിക്കുകയും അത് സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ആശുപത്രിയിൽ വർദ പൂർത്തിയാക്കുകയും ചെയ്തപ്പോഴാണ് ആരും പ്രതീക്ഷിക്കാത്ത ചിലവഴിത്തിരിവുകള്‍ ഉണ്ടാവുന്നത്. അമീറയുടെ പിതൃത്വം സംബന്ധിച്ച വലിയ പ്രതിസന്ധികളിലേക്കുവരെ ആ സംഭവങ്ങള്‍ നീങ്ങുന്നു. മനുഷ്യർ തമ്മിലുള്ള പരസ്പര ബന്ധത്തെ കീറിമുറിച്ച് പരിശോധിക്കാൻ ഈ സന്ദർഭത്തെയാണ് സംവിധായകൻ പ്രായോജനപ്പെടുത്തുന്നത്. അമീറയുടെ യഥാർത്ഥ പിതാവ് ആരാണ് എന്നത് തുറന്നു പറയാൻ വാർദ തയ്യാറാവാത്തിടത്തോളം സംശയത്തിന്റെ മുനയാൽ നിർത്തപ്പെടുന്നവർ നിരവധിയാണ്. അതിൽ സ്വന്തക്കാരും ബന്ധുക്കളും സഹപ്രവർത്തകരും എല്ലാം ഉൾപ്പെടും. മകളുടെ നന്മയെക്കരുതി വ്യഭിചാരിണിയെന്ന ശിക്ഷ ഏറ്റുവാങ്ങാൻ പോലും തയ്യാറാവുന്ന വാർദയും ഏത് സാഹചര്യത്തെയും നേരിട്ട് സ്വന്തം പിതാവിനെ തിരിച്ചറിയാൻ ശ്രമിക്കുന്ന അമീറയും വംശശുദ്ധിയുടേയും വംശവെറിയുടേയും ഇരകൾ മാത്രമാണെന്നാണ് സിനിമ പറയുന്നത്. ഇസ്രയേലി ജയിലുകളിൽ നിന്ന് ബീജം പുറത്തെത്തിച്ച് സന്താനോത്പാദനം സാധിക്കുന്ന പലസ്തീൻ തടവുപുള്ളികളുടെ യഥാർത്ഥ ജീവിത പരിസരമാണ് സിനിമയ്ക്ക് ആധാരമെന്ന സംവിധായകന്റെ പ്രസ്താവന സിനിമയ്ക്കൊടുവിലുണ്ട്.
മലയാളം സബ്ടൈറ്റില്‍ തയ്യാറാക്കിയത്:
പി പ്രേമചന്ദ്രന് (ഓപ്പണ്‍ ഫ്രെയിം പയ്യന്നൂര്‍)