മേഘേ ധാക്കാ താര /1960/127 മി /ബംഗാളി
ഋത്വിക് ഘട്ടക്കിന്റെ വിഭജനത്രയത്തിലെ ആദ്യചിത്രമായ മേഘേ ധാക്കാ താര ഇന്ത്യന്‍ നവസിനിമയിലെ ക്ലാസ്സിക്ചിത്രമായി വിശേഷിപ്പിക്കപ്പെടുന്ന ഒന്നാണ്. ഘട്ടക്കിന്റെ എല്ലാ സിനിമകളുടെയും സ്മൃതിമണ്ഡലം ബംഗാള്വിഭജനമാണ്. കിഴക്കന്ബംഗാളില്നിന്ന് കല്‍ക്കത്തയിലേക്കുള്ള കുടിയേറ്റം സമ്മാനിച്ച അഭയാര്‍ത്ഥിത്വം വിഭജനത്തെക്കുറിച്ചുള്ള ഘട്ടക്കിന്റെ ദൃഢമായ രാഷ്ട്രീയബോധ്യമായി ഈ സിനിമകളില്‍ ഉറപ്പിക്കപ്പെടുന്നു. ശക്തിപദരാജഗുരുവിന്റെ ഇതേപേരിലുള്ള നോവലാണ് സിനിമയ്ക്കായാധാരം. അഭയാര്‍ത്ഥിത്വവും ജീവിതക്ലേശങ്ങളും വേട്ടയാടുന്ന മദ്ധ്യവര്‍ഗ ബംഗാളികുടുംബത്തിലെ ആറംഗങ്ങളിലൂടെ അതിജീവനത്തിന്റെ പിടച്ചിലുകളെ ഘട്ടക് അവതരിപ്പിക്കുന്നു. ‘മേഘം മറച്ച നക്ഷത്രം’ എന്ന രൂപകം സിനിമയുടെ ആകെയുള്ള ഈണമായിത്തീരുന്നുണ്ട്.
കല്ക്കത്തയിലേക്കു കുടിയേറിയ അഭയാര്‍ത്ഥി കുടുംബത്തിലെ മൂത്തമകള്‍ നീതയിലൂടെ, വ്യക്തി/കുടുംബം/സമൂഹം എന്നീ മൂന്നുതലങ്ങളിലുമുള്ള സങ്കീര്‍ണവും അസമവുമായ ബന്ധവൈചിത്ര്യങ്ങളും അതിലൂടെ തന്റെയും ദേശത്തിന്റെയും അനാഥത്വവും സൂക്ഷ്മമായി കാട്ടിത്തരികയാണ് ഘട്ടക്. ബംഗാളി ഭദ്രലോകിന്റെ അവസ്ഥാന്തരങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമ ഇന്ത്യന്‍ കുടുംബഘടനയുടെ ശക്തമായ വിമര്‍ശനവുമാണ്. വ്യക്തിയുടെ ദുരന്തമല്ല, എല്ലാ മനുഷ്യരും ഇരകളായിത്തീരുന്ന കഠിനകാലത്തിന്റെ വിഷാദഗീതമാണ് ഈ ചിത്രം. ഋത്വിക് ഘട്ടക്കിന്റെ ഏറ്റവും പ്രദര്‍ശനവിജയം നേടിയ ഈ ചിത്രം വൈകാരികമായും രാഷ്ട്രീയമായും നമ്മെ പിടിച്ചുലയ്ക്കുകതന്നെ ചെയ്യും.
മലയാളം സബ്ടൈറ്റില്‍ തയ്യാറാക്കിയത്:
പി പ്രേമചന്ദ്രന്, ഓപ്പണ്‍ ഫ്രെയിം, പയ്യന്നൂര്‍