നികോലസ് റോഗ് (ജനനം – 1928 ഓഗസ്റ്റ് 15) Nicolas Roeg
1970കളിൽ ബ്രിട്ടീഷ് സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ സംവിധായകരിൽ ഒരാളായിരുന്നു നികോലസ് റോഗ്. ഛായാഗ്രാഹകൻ എന്ന നിലയിലും അദ്ദേഹം വിഖ്യാതനാണ്. ഔദ്യോഗികമായി സിനിമ പഠിക്കാതെ സിനിമാമേഖലയിൽ തന്റെ മുദ്ര അടയാളപ്പെടുത്തിയ വ്യക്തി എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനാണ്.
നോർത് ലണ്ടനിലെ സെന്റ് ജോൺസ് വുഡ്സിലാണ് അദ്ദേഹത്തിന്റെ ജനനം. അദ്ദേഹത്തിന്റെ അച്ഛൻ ഒരു വലിയ വജ്രബിസിനസുകാരനായിരുന്നുവെങ്കിലും ദക്ഷിണാഫ്രിക്കയിലെ ഒരു നിക്ഷേപത്തിൽ വൻതിരിച്ചടികൾ നേരിടേണ്ടി വന്നതിനെത്തുടർന്ന് പാപ്പരായിപ്പോയ വ്യക്തിയായിരുന്നു. പഠനം കഴിഞ്ഞ് രണ്ടാംലോകയുദ്ധത്തിന്റെ അവസാനകാലത്തെ നിർബന്ധിത ദേശസേവനത്തിനുശേഷം വീട്ടിനടുത്തുള്ള സിനിമാ സ്റ്റുഡിയോയിൽ ചായ കൊണ്ടുകൊടുക്കുന്ന ആളായി 1947ൽ ജോലി ചെയ്യാനാരംഭിച്ചു. ക്ലാപ്പർ ബോയ് എന്ന നിലയിലും അവിടെ സേവനം ചെയ്തു. പിന്നീട് ഫോക്കസ് പുള്ളർ, കാമറ ഓപറേറ്റ് ചെയ്യുന്ന ആൾ എന്നിങ്ങനെ സിനിമാനിർമാണത്തിന്റെ സാങ്കേതികവിദ്യകൾ പടിപടിയായി മനസ്സിലാക്കുകയും 1960 ആകുമ്പോഴേക്കും ഒരു ഛായാഗ്രാഹകൻ എന്ന നിലയിലേക്ക് ഉയരുകയും ചെയ്തു.
തുടർന്ന് ഛായാഗ്രാഹകൻ എന്ന നിലയിൽ ഒട്ടേറെ സിനിമകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. ഡേവിഡ് ലീനിന്റെ വിഖ്യാതചിത്രമായ ലോറൻസ് ഒഫ് അറേബ്യയുടെയും ഡോ. ഷിവാഗോയുടെയും സെക്കന്റ് യൂനിറ്റ് ഛായാഗ്രാഹകൻ അദ്ദേഹമായിരുന്നു. ഫ്രാൻസ്വാ ത്രൂഫോയുടെ ഫാരൻഹീറ്റ് 451 ഉൾപ്പെടെയുള്ള ഒട്ടേറെ ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ചത് റോഗ് ആയിരുന്നു.
1968ൽ സ്കോട്ടിഷ് ചിത്രകാരനും തിരക്കഥാകൃത്തും സംവിധായകനുമായ ഡൊണാൾഡ് കാമലുമായി ചേർന്ന് സംവിധാനം ചെയ്ത പെർഫോമൻസ് ആണ് അദ്ദേഹത്തിന്റെ ആദ്യസംവിധാനസംരംഭം. ഇതിന്റെ ഛായാഗ്രഹണം നിർവഹിച്ചതും റോഗ് ആയിരുന്നു. ചിത്രത്തിന്റെ സാമ്പത്തികവിജയം സംബന്ധിച്ച നിർമാതാക്കളുടെ ഭയം കാരണം കുറേക്കാലം വെളിച്ചം കാണാതെർ കിടന്ന ഈ ചിത്രം കുറച്ച് കട്ടുകളോടെ 1970ൽ മാത്രമാണ് റിലീസ് ചെയ്തത്. പക്ഷെ ഒരു വിഭാഗത്തിനിടയിൽ ഈ ചിത്രം വൻവിജയമായിരുന്നു. അതിനിടയിൽ തന്റെ രണ്ടാം ചിത്രമായ വാക്എബൗട്ട് സംവിധാനം ചെയ്യുന്നതിനായി ഓസ്ട്രേലിയയിലേക്ക് പോയ റോഗ് 1971ൽ ആ ചിത്രം പൂർത്തിയാക്കി. ഒരു സ്വതന്ത്രസംവിധായകൻ എന്ന നിലയിൽ ഒറ്റയ്ക്ക് സംവിധാനം നിർവഹിച്ച ഈ ചിത്രം ഓസ്ട്രേലിയയിലെ ആദിമനിവാസികളുടെ ജീവിതത്തെക്കുറിച്ച് പറയുന്നു. വാണിജ്യപരമായി ഈ ചിത്രം അന്ന് പരാജയമായിരുന്നുവെങ്കിലും ഇത് പടിപടിയായി ശ്രദ്ധ നേടുകയും പ്രശസ്തമാവുകയും ചെയ്തു.
1973ൽ പുറത്തുവന്ന ഡോണ്ട് ലുക് നൗ എന്ന ചിത്രമാണ് റോഗിനെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്. ഈ ഹൊറർ ചിത്രം എക്കാലത്തെയും മികച്ച ബ്രിട്ടീഷ് സിനിമകളുടെ ലിസ്റ്റിൽ ഇടം പിടിച്ച ഒന്നാണ്.
Glastonbury Fayre (1972), The Man Who Fell to Earth (1976), Bad Timing (1980), Eureka (1983), Insignificance (1985), Castaway (1986), Aria (1987), Track 29 (1988), The Witches (1990), Cold Heaven (1991), Full Body Massage (1995), Two Deaths (1995), Puffball (2007) എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത മറ്റ് പ്രമുഖചിത്രങ്ങൾ.
വിനോദത്തിന് മാത്രമായി സമീപിക്കുന്ന പ്രേക്ഷകരെ നിരാശപ്പെടുത്തുന്നവയാണ് അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളുമെങ്കിലും, അവയെല്ലാം വളരെയേറെ നിരൂപകപ്രശംസ പിടിച്ചുപറ്റുകയുണ്ടായി. സിനിമകളിലെ കൾട് ക്ലാസിക്കുകളായി അവയിൽ പലതും പ്രതിഷ്ഠിക്കപ്പെട്ടു. ക്രിസ്റ്റഫർ നോളൻ, പോൾ തോമസ് ആൻഡേഴ്സൺ, സ്റ്റീഫൻ സോഡർബെർഗ്, ഡാനി ബോയ്ൽ തുടങ്ങിയ പിൽക്കാല ചലച്ചിത്രസംവിധായകരെ ഏറെ സ്വാധീനിച്ച ഒരു വ്യക്തിയായി റോഗ് മാറുന്നതും അദ്ദേഹത്തിന്റെ സിനിമകളുടെ കലാമൂല്യം കൊണ്ടുതന്നെയാണ്.
“എന്റെ സിനിമകൾ വിറ്റുപോകാൻ വളരെ ബുദ്ധിമുട്ടാണെന്നാണ് കേൾക്കുന്നത്. അത് ഒരു ഹൊറർ സിനിമയല്ല, അതൊരു ത്രില്ലറല്ല. അതിൽ പ്രേമകഥയൊക്കെ വരുന്നുണ്ടെന്നത് ശരിയാണ്, പക്ഷെ അതിനെയങ്ങനെ പ്രണയമെന്നൊക്കെ വിളിക്കാൻ പറ്റുമോ എന്നതാണ് പ്രശ്നം. ഒരു പ്രത്യേകവിഭാഗത്തിൽ പെടുത്തി ഒരു പെട്ടിക്കകത്തുതന്നെ ഒതുങ്ങുന്ന സാധനങ്ങളാണ് ജനങ്ങൾ ഇഷ്ടപ്പെടുന്നത്. പക്ഷെ ഇത് പച്ചയായ ജീവിതമാണ്. ജീവിതം, ജനനം, ലൈംഗികത, പ്രണയം എല്ലാം – അവയെല്ലായ്പോഴും ഒരുമിച്ചുതന്നെ ഉണ്ടായിക്കോളണമെന്നില്ല” എന്ന റോഗിന്റെ അഭിപ്രായം അദ്ദേഹത്തിന്റെ സിനിമകളോട് പൊതുവെ നിർമാതാക്കൾക്കും സാധാരണ പ്രേക്ഷകർക്കും ഉള്ള സമീപനം എന്താണെന്നത് പ്രകടമാക്കുന്നതാണ്.
2018 നവംബർ 23ന് തന്റെ തൊണ്ണൂറാം വയസ്സിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് റോഗ് അന്തരിച്ചത്.
എഴുത്ത് : ആര്‍ നന്ദലാല്‍
രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍
തയ്യാറാക്കിയത് : ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി, പയ്യന്നൂര്‍