ബസ്റ്റർ കീറ്റൺ (ജനനം – 1895 ഒക്ടോബർ 4)

ജന്മദിന സ്മരണ

ബസ്റ്റർ കീറ്റൺ (ജനനം – 1895 ഒക്ടോബർ 4) Buster Keaton

ലോകസിനിമയിൽ വിശിഷ്യാ കോമഡി സിനിമകളുടെ രംഗത്ത് ചാർലി ചാപ്ലിനൊപ്പം പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള അസാധാരണ ചലച്ചിത്രപ്രതിഭയാണ് ബസ്റ്റർ കീറ്റൺ. ചലച്ചിത്രസംവിധായകൻ എന്നതിനൊപ്പം തന്നെ നടൻ, നിർമാതാവ്, തിരക്കഥാകൃത്ത്, സ്റ്റണ്ട് പെ‍ർഫോമർ എന്നീ നിലകളിലും വിഖ്യാതനാണ് ഈ അമേരിക്കൻ ചലച്ചിത്രകാരൻ. ഫിസിക്കൽ കോമഡി എന്നറിയപ്പെടുന്ന വിഭാഗത്തിലാണ് കീറ്റണിന്റെ സിനിമകൾ പൊതുവിൽ ഉൾപ്പെടുത്തുന്നത്. ചാർലി ചാപ്ലിന്റേതിൽ നിന്ന് തീർത്തും വ്യത്യസ്തമായി, എന്നും വിഷാദം മുറ്റിനിൽക്കുന്ന മുഖമായിരുന്നു കീറ്റണ് ഉണ്ടായിരുന്നത്. വിഷാദമല്ലാതെ മറ്റൊരു ഭാവവും വരാത്ത ആ മുഖത്തെ ‘ശിലാമുഖൻ’ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. വിഷാദമുഖത്തോടൊപ്പം വട്ടത്തൊപ്പിയും അയഞ്ഞ പാന്റ്സുമാണ് കീറ്റൺ കഥാപാത്രങ്ങളുടെ സവിശേഷത.

കൻസാസിലെ വോഡെവിൽ തിയറ്റർ കലാകാരന്മാരുടെ ഒരു കുടുംബത്തിലാണ് ജോസഫ് ഫ്രാങ്ക് കീറ്റൺ എന്ന ബസ്റ്റർ കീറ്റൺ ജനിച്ചത്. മൂന്ന് വയസ്സുള്ളപ്പോൾ തന്നെ സ്റ്റേജ് പരിപാടികൾക്ക് കീറ്റണിനെ അദ്ദേഹത്തിന്റെ അച്ഛൻ നിയോഗിച്ചിരുന്നു. ത്രീ കീറ്റൺസ് എന്നറിയപ്പെടുന്ന പരിപാടിയായിരുന്നു അദ്ദേഹമന്ന് സ്റ്റേജിൽ അവതരിപ്പിച്ചിരുന്നത്. പരിപാടിയുടെ ഭാഗമായി അദ്ദേഹം പല തവണ കുഞ്ഞു കീറ്റണിനെ സ്റ്റേജിന്റെ പല ഭാഗങ്ങളിലേക്കും അങ്ങോട്ടുമിങ്ങോട്ടും വലിച്ചെറിയുമായിരുന്നു. പക്ഷെ ഒരു തവണ പോലും ബസ്റ്റർ കീറ്റണിന് മുറിവോ ചതവോ പറ്റാതിരിക്കുവാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ കിട്ടിയ ഇത്തരം ഒരു അനുഭവത്തിൽ നിന്നാണ് മുറിവു പറ്റാതെ വീഴാനും ശരീരം ഉപയോഗിച്ച് എന്തും ചെയ്യുവാനുമുള്ള വൈദഗ്ദ്ധ്യം കീറ്റണിന് ലഭിച്ചത്. ചെറുപ്പകാലത്തെ കീറ്റണിന്റെ ഇത്തരത്തിലുള്ള കുസൃതികൾ കണ്ട് ആരോ അദ്ദേഹത്തെ കളിയാക്കി വിളിച്ച ‘ബസ്റ്റർ’ എന്ന പേരിൽ നിന്നാണ് ബസ്റ്റർ കീറ്റൺ എന്ന പേര് അദ്ദേഹം സ്വീകരിച്ചിരുന്നത്. അച്ഛന്റെ അമിതമദ്യപാനം അപകടകരമാം വിധം വളർന്നപ്പോൾ കീറ്റണും അമ്മ മൈരയും ന്യൂയോ‍ക്കിലേക്ക് താമസം മാറുകയായിരുന്നു. അതിനോടകം തിയറ്റർ രംഗത്ത് വളരെ ശ്രദ്ധേയനായി മാറിയ കീറ്റൺ, ന്യൂയോർക്കിൽ എത്തിയതോടെ ചലച്ചിത്രമേഖലയിലേക്കും കടന്നു. ഒന്നാംലോകയുദ്ധത്തിൽ അദ്ദേഹം സൈനികസേവനവും അനുഷ്ഠിച്ചിരുന്നു.

1917ൽ റോസ്കൊ അ‍ർബക്കിളിനെ പരിചയപ്പടുന്നതോടെയാണ് സിനിമയിലേക്ക് രംഗപ്രവേശം സാധ്യമായത്. അദ്ദഹത്തിന്റെ സ്വതസിദ്ധവും അനായാസവുമായ അഭിനയശൈലി അർബക്കിളിനെ അതിശയിപ്പിക്കുന്നതായിരുന്നു. അങ്ങിനെയാണ് ദ് ബുച്ചർ ബോയ് എന്ന ആദ്യചിത്രം പുറത്തുവരുന്നത്. പിന്നീട് അർബക്കിളിന്റെ ഒട്ടേറെ ഹ്രസ്വചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ബസ്റ്റർ കീറ്റൺ അഭിനയിച്ച ആദ്യ മുഴുനീള ചിത്രമായ ദ് സാപ്ഹെഡ് പുറത്തുവന്നത് 1920ലാണ്. തന്റെ സിനിമാപ്രവേശം വിജയകരമാണെന്ന് മനസ്സിലാക്കുകയും, അർബക്കിൾ ഫീച്ചർസിനിമകളിലേക്ക് ശ്രദ്ധ തിരിക്കുകയും ചെയ്തതോടെ കീറ്റൺ അ‍ർബക്ക്ളിന്റെ കമ്പനി ഏറ്റെടുത്ത് ബസ്റ്റർ കീറ്റൺ പ്രൊഡക്‍ഷൻസ് എന്ന പേരിൽ നിർമാണക്കമ്പനി സ്ഥാപിക്കുകയും ധാരാളം രണ്ട് റീൽ ചിത്രങ്ങൾ നി‍ർമിക്കുകയും ചെയ്തു. വൺ വീക്ക്, കോപ്സ് എന്നിവയെല്ലാം ഇക്കാലത്തെ ഏറെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.

The Three Ages (1920), Our Hospitality (1923), Sherlock, Jr. (1924), The Navigator (1924), Seven Chances (1925), Go West (1925), Battling Butler (1926), The General (1926), College (1927), Steamboat Bill, Jr. (1928) തുടങ്ങിയവയാണ് അദ്ദേഹം സംവിധാനം ചെയ്ത വിഖ്യാതസിനിമകൾ. ചാർലി ചാപ്ലിന്റെ ലൈം ലൈറ്റ് (1952) ഉൾപ്പെടെയുള്ള നിരവധി അമേരിക്കൻ സിനിമകളിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

ദ് ജനറൽ ആണ് അദ്ദേഹത്തിന്റെ മാസ്റ്റർപീസ് എന്ന് വിശേഷിപ്പികാവുന്ന ചിത്രം. ക്ലൈഡ് ബ്രുക്മാനുമായി ചേർന്നാണ് അദ്ദേഹം ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്. വളരെ അപകടകരമായ ഒട്ടേറെ ആക്‍ഷൻ രംഗങ്ങൾ അദ്ദേഹം ഇതിൽ ചെയ്യുന്നുണ്ട്. അതിൽ പല ആക്‍ഷൻ രംഗങ്ങളും അത്യന്തം അപകടകരങ്ങളായിരുന്നപ്പോഴും, ശരീരം ഉപയോഗിച്ചുള്ള കോമഡി പ്രേക്ഷകരെ അങ്ങേയറ്റം രസിപ്പിച്ചു. ഈ ചിത്രത്തിലാണ് ഫിസിക്കൽ കോമഡിയുടെ എല്ലാ സാധ്യതകളും കീറ്റൺ പരീക്ഷിക്കുന്നത്.

നിശബ്ദചിത്രങ്ങളുടെ കാലം അവസാനിക്കാനാരംഭിച്ചതോടെ കീറ്റൺ എം.ജി.എം. (മെട്രൊ ഗോൾഡ്‍വിൻ മെയർ) സ്റ്റുഡിയോസുമായി സഹകരിച്ച് പ്രവർത്തിക്കുവാനാരംഭിച്ചു. എന്നാൽ അവരുടെ സഹകരണത്തിന്റെ ഭാഗമായി പുറത്തുവന്ന Free and Easy (1930), Doughboys (1930), Parlor, Bedroom and Bath (1931), Speak Easily (1932), The Passionate Plumber (1932), and What! No Beer? (1933) എന്നീ ചിത്രങ്ങളെല്ലാം തന്നെ വൻ പരാജയമായിരുന്നു. ഇത്രയേറെ വിഖ്യാതനായ ഒരു അഭിനേതാവും വിഖ്യാതമായ ഒരു നിർമാണക്കമ്പനിയും ഒരുമിച്ച് ചേർന്നിട്ടും പുറത്തുവന്ന ചലച്ചിത്രങ്ങളെല്ലാം പരാജയപ്പെട്ടത് വലിയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. നിശബ്ദചിത്രങ്ങളുടെ കാലത്ത്, വൻ ഹിറ്റുകളായി മാറിയ കീറ്റണിന്റെ സിനിമകൾ ശബ്ദചിത്രങ്ങളുടെ കാലത്ത് വിജയിക്കാതിരുന്നതിന് ഒരു പ്രധാനകാരണമായി വിലയിരുത്തിയത് അദ്ദേഹം തുടർന്നുവന്ന അഭിനയശൈലി തന്നെയാണ്. വിഷാദമുഖമുള്ള, ഭാവങ്ങൾ വിടരാത്ത മുഖം നിശബ്ദചിത്രങ്ങളെ ഏറെ സഹായിച്ചുവെങ്കിലും ശബ്ദചിത്രങ്ങളുടെ കാലത്തും അദ്ദേഹം അതേ പടി തുടർന്നത് സിനിമകൾ പരാജയപ്പെടുന്നതിനുള്ള ഒരു പ്രധാനകാരണമായിരുന്നു.

സിനിമയുടെ ചരിത്രത്തിൽ വളരെ ശ്രദ്ധേയമായി അടയാളപ്പെടുത്തേണ്ട ഒരു വ്യക്തിയാണ് ബസ്റ്റർ കീറ്റൺ; പ്രത്യേകിച്ച് കോമഡി സിനിമയുടെ കാര്യത്തിൽ. ഒരു സിനിമയുടെ കഥാഗതിയുടെ പരിണാമത്തിൽ അനിവാര്യമായ ഒരു ഘടകം എന്ന നിലയിലായിരുന്നു അദ്ദേഹം കോമഡിയെ ഉപയോഗിച്ചത്. അല്ലാതെ അനാവശ്യവും, സന്ദർഭത്തിനിണങ്ങാത്തതുമായ രീതിയിൽ അദ്ദേഹം സിനിമയിൽ കോമഡി ഒരിക്കലും കുത്തിനിറച്ചിരുന്നില്ല. ഒട്ടേറെ നിരൂപകർ അദ്ദേഹത്തെക്കുറിച്ച് ഈ ഒരഭിപ്രായം മുന്നോട്ടുവച്ചിട്ടുമുണ്ട്. ഈ ഒരു കഴിവ് തന്നെയാണ് അദ്ദേഹത്തെ സമകാലികരായ മറ്റനേകം കോമഡി സിനിമാസംവിധായകരിൽ നിന്ന് വ്യത്യസ്തനാക്കി നിലനിർത്തുന്നതും. ചാർലി ചാപ്ലിൻ പോലും മുഴുനീള കോമഡികൾ നിർമിക്കുന്നതിൽ കീറ്റണിന്റെ അത്ര വൈദഗ്ദ്ധ്യം കാണിച്ചിരുന്നില്ലെന്നം പല നിരൂപകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ചാപ്ലിന്റെ ഗോൾഡ് റഷ് എന്ന വിഖ്യാത ചിത്രത്തെ ഉദാഹരിച്ചുകൊണ്ട് ഡ്വൈറ്റ് മക്ഡൊണാൾഡ് ഇങ്ങനെ പറയുകയുണ്ടായി: “കീറ്റണിന്റെ കോമഡികളോരോന്നും ഒരു ഖണ്ഡം മാത്രമായിരുന്നു; എന്നാൽ ചാർലി ചാപ്ലിന്റെ ദ് ഗോൾഡ് റഷ് എന്ന ഒരു ചിത്രം തന്നെ യഥാർത്ഥത്തിൽ അഞ്ചോ ആറോ പരസ്പരബന്ധമില്ലാത്ത ചെറുഖണ്ഡങ്ങൾ മാത്രമാണ്.” ദ് ഗോൾഡ് റഷ് എന്ന ചിത്രത്തെ പല ഭാഗങ്ങളായി വെവ്വേറെ എടുത്താലും ആ ചിത്രം ആസ്വദിക്കുന്നതിന് തടസ്സമില്ലെന്നതാണ് അദ്ദേഹം ഉന്നയിക്കുന്ന വാദം. അത്തരത്തിലുള്ള വാദങ്ങൾ എന്തായാലും, ബസ്റ്റർ കീറ്റൺ അനിതരസാധാരണമായ വിധത്തിൽ സിനിമയെയും കോമഡിയെയും സമീപിച്ച വ്യക്തിയായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല.

1959ൽ ബസ്റ്റർ കീറ്റണിന് ഓണററി ഓസ്കാർ പുരസ്കാരം ലഭിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ആറ് സിനിമകൾ അമേരിക്കയുടെ നാഷണൽ ഫിലിം രജിസ്ട്രിയിൽ ഉൾപ്പെട്ടിരിക്കുന്നു.

ശ്വാസകോശാർബുദത്തെത്തുട‍ർന്ന് 1996 ഫെബ്രുവരി 1ന് കാലിഫോർണിയയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്.

(ബസ്റ്റർ കീറ്റന്റെ ഏറ്റവും മികച്ച അഞ്ചു സിനിമകള്‍ ഉള്‍പ്പെടുത്തി ഓപ്പണ്‍ ഫ്രെയിം ബെസ്റ്റ് ഓഫ് ബസ്റ്റർ കീറ്റണ്‍ എന്ന ചലച്ചിത്രോത്സവം ഒക്ടോ. 10 മുതല്‍ https://openframe.online എന്ന സൈറ്റില്‍ നടത്തുന്നു.)

എഴുത്ത് : ആര്‍ നന്ദലാല്‍

രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍

തയ്യാറാക്കിയത് : ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി, പയ്യന്നൂര്‍


Write a Reply or Comment

Your email address will not be published. Required fields are marked *