ഒബ്സെഷൻ (1943)
ലൂക്കിനോ വിസ്കോന്തിയുടെ ആദ്യ ഫീച്ചർ ചിത്രമായ ഒബ്സെഷൻ ഇറ്റാലിയൻ നിയോ റിയലിസത്തിലെ ആദ്യ ചിത്രമായി പലരും കണക്കാക്കുന്നു . ”ദി പോസ്റ്റ് മാൻ റിംഗ്സ് ട്വയ്സ് ” എന്ന നോവലിൻറെ ചലച്ചിത്രാവിഷ്കാരമായ ഈ ചിത്രം കുറ്റാന്വേഷണ കഥ കൂടിയാണ്. ജിയോവാനയും പ്രായംകൂടിയ അവളുടെ ഭർത്താവ് ഗിസപ്പെയും ചേർന്ന് നടത്തുന്ന പെട്രോൾ സ്റ്റേഷനും റസ്റ്റോറന്റും കൂടിയുള്ള സ്ഥാപനത്തിൽ ജിനോ കോസ്റ്റാ എന്ന ചെറുപ്പക്കാരനായ സഞ്ചാരി എത്തിച്ചേരുന്നു. ഗിസപ്പെയെ പണത്തിനു വേണ്ടി മാത്രം കല്യാണം കഴിച്ച ജിയോവാന, ജിനോയിൽ ആകൃഷ്ടയാവുന്നു. അവർ പരസ്പരം പ്രണയത്തിലാവുന്നു. ഒടുവിൽ അവർ ഒന്നിച്ച് ഒളിച്ചോടാൻ തീരുമാനിക്കുന്നുണ്ടെങ്കിലും അവൾ മനസ്സു മാറി തിരിച്ചു പോകുന്നു.
ട്രെയിനിൽവച്ച് ജിനോ ഒരു തെരുവു കലാകാരനുമായി ചങ്ങാത്തം സ്ഥാപിക്കുന്നു. പിന്നീട്, അയാൾ പഴയ കാമുകിയേയും ഭർത്താവിനെയും സന്ധിക്കുന്നുണ്ട്. തുടർന്ന് ഗിസപ്പെ കൊല്ലപ്പെടുന്നു. ജിയോവാനയും ജിനോയും ഒന്നിച്ചാണ് പിന്നീട് റസ്റ്റോറന്റു നടത്തുന്നത്. തുടർന്ന് കൊലപാതകത്തിന്റെ അന്വേഷണവും അവരുടെ ബന്ധത്തിൽ വരുന്ന മാറ്റങ്ങളും ഒടുവിൽ കുറ്റവാളി പിടിക്കപ്പെടുന്നതുമെല്ലാം ചിത്രത്തിൻറെ പ്രതിപാദ്യമാണ്.
ചിത്രത്തിൻറെ നെഗറ്റീവ് മുസോളിനിയുടെ ഫാസിസ്റ്റ് ഭരണകൂടം യുദ്ധകാലത്ത് നശിപ്പിച്ചിരുന്നു. മറ്റൊരു നെഗറ്റീവ് രഹസ്യമായി സൂക്ഷിച്ചിരുന്നതിൽ നിന്നാണ് പിൽക്കാലത്ത് ചിത്രം വീണ്ടെടുക്കപ്പെട്ടത്.