ടാംങ്കൊ
അർജന്റീനയിലെ തിയറ്റർ സംവിധായകനായ മാരിയൊ സുവാരെസിന്റെ കാമുകിയായ ലോറ അദ്ദേഹത്തെ വിട്ടുപോകുന്നു. അതിനെത്തുടർന്നുണ്ടായ അസ്വസ്ഥതകൾ മറക്കുവാനായി, ലാറ്റിനമേരിക്കയിലെ പ്രധാന ഡാൻസ് ഇനമായ ടാംഗൊയെക്കുറിച്ച് ഒരു സംഗീതശില്പം നിർമിക്കുവാൻ മാരിയൊ തീരുമാനിക്കുന്നു. അത് നിർമിക്കുന്നത് ആഞ്ജെലൊ ലോറോക്കയാണ്. അയാൾ അധോലോകബന്ധങ്ങളുള്ള ഒരു ബിസിനസുകാരനാണ്. അദ്ദേഹത്തിന്റെ കാമുകിയായ എലേനയെ ഈ സമഗീതശില്പത്തിലെ പ്രധാനനടിയായി അഭിനയിപ്പിക്കുവാൻ തീരുമാനിക്കുന്നു. സംഗീതശില്പം ഒരുങ്ങുന്നതോടൊപ്പം മാരിയൊയ്ക്കും എലേനയ്ക്കുമിടയിൽ പുതിയ ബന്ധം ഉടലെടുക്കുന്നു. എന്നാൽ ആഞ്ജെലോയ്ക്ക് ഈ ബന്ധത്തോട് അങ്ങേയറ്റത്തെ എതിർപ്പാണ്. നിർമാണത്തിൽ സഹകരിക്കുന്നവർക്ക് മാരിയൊയുടെ പുതിയ സംഗീതശില്പത്തോട് രാഷ്ട്രീയപരമായ വിയോജിപ്പുകളും ഉണ്ട്. മുൻകാലത്തെ പട്ടാള ഭരണത്തെയും അക്കാലത്തെ അടിച്ചമർത്തലുകളെയും ഈ സംഗീതശില്പത്തിലൂടെ വിമർശിക്കുന്നതാണ് അവരെ പ്രധാനമായും ചൊടിപ്പിച്ചത്. ഇതിനിടയിൽ സത്യവും യാഥാർത്ഥ്യവും ഇടകലരാൻ കൂടി തുടങ്ങുന്ന കാർലോസ് സോറയുടെ പതിവ് ശൈലി കൂടി വരുമ്പോൾ പ്രേക്ഷകർക്ക് മികച്ച കാഴ്ചാനുഭവം സമ്മാനിക്കുന്ന മറ്റൊരു ചിത്രം കൂടി ലഭിക്കുകയാണ്.
1998ലെ കാൻ ചലച്ചിത്രമേളയിൽ ഗ്രാൻ പ്രി പുരസ്കാരവും അതേ വർഷം തന്നെ വിഖ്യാതമായ ഗോയ അവാർഡും ഈ ചിത്രം നേടുകയുണ്ടായി. അ വർഷം ഓസ്കാർ പുരസ്കാരത്തിനും ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനും ഈ ചിത്രം നാമനിർദേശം ചെയ്യപ്പെടുകയും ചെയ്തിരുന്നു.