ഡയറി ഓഫ് എ ചേംബർ മെയ്ഡ്
1964 -ൽ പുറത്തിറങ്ങിയ ഒരു ഫ്രഞ്ച്-ഇറ്റാലിയൻ ചിത്രമാണ് ഡയറി ഓഫ് എ ചേംബർ മെയ്ഡ്. ലൂയിസ് ബുനുവലിന്റെ
ഫ്രഞ്ച് ചിത്രങ്ങളിൽ ഒന്നാണിത്. ആക്ഷേപഹാസ്യവും പതിവ് ശൈലിയിലുള്ള ബൂർഷ്വാ വിരുദ്ധ നിലപാടുകള്‍
ഉയര്‍ത്തിപ്പിടിക്കുന്നതുമാകുമ്പോള്‍ തന്നെ ബുനുവലിന്റെ റിയലിസ്റ്റിക് സിനിമകളിലൊന്നായാണ് ഈ ചിത്രം
കരുതപ്പെടുന്നത്. പൊതുവെ അദ്ദേഹത്തിന്റെ മറ്റ് പല സിനിമകളിലും കാണപ്പെടുന്ന അതിരുകടന്ന സർറിയലിസ്റ്റ്
ഇമേജറികളും വിദൂരമായ പ്ലോട്ട് ട്വിസ്റ്റുകളും ഇതില്‍ ഒഴിവാക്കപ്പെടുന്നുണ്ട്.
സൗന്ദര്യവും ആത്മവിശ്വാസവുമുള്ള ഒരു സ്ത്രീ ഒരു ഇടത്തരം ഗ്രാമീണ എസ്റ്റേറ്റിൽ വേലക്കാരിയായി ചേരുകയും,
വക്രബുദ്ധിയുള്ളവരും അക്രമാസക്തരുമായ വീട്ടുകാര്‍ക്കും പരിസരവാസികൾക്കുമിടയിൽ വലിയ കോളിളക്കം സൃഷ്ടിക്കുകയും
ചെയ്യുന്നു. ഉടമസ്ഥര്‍ക്കും മറ്റ് വേലക്കാർക്കും ഒരുപോലെ ആകർഷണീയത തോന്നുന്ന ചേംബർ മെയ്ഡായി ജീൻ മോറോ
അഭിനയിക്കുന്നു. അവളുടെ സൗന്ദര്യം പലരെയും ആകർഷിക്കുകയും അസൂയാലുക്കളാക്കുകയും ചെയ്യുന്നു. അവള്‍ എത്തപ്പെട്ട
ദുരവസ്ഥ, അവളെ ഒടുവില്‍ താന്‍പോരിമയുള്ള ഒരു കഥാപാത്രമായി വികസിപ്പിക്കുന്നു. അഴിമതി, അക്രമം,
ലൈംഗികാസക്തി, വക്രബുദ്ധി എന്നിവയുടെ സാമൂഹിക പശ്ചാത്തലം സിനിമയില്‍ കടുത്ത വിമര്‍ശനത്തിന്
വിധേയമാകുന്നുണ്ട്.