അജാന്ത്രിക്

അജാന്ത്രിക്/1958/104 മി /ബംഗാളി

സുബോധ് ഘോഷിന്റെ ചെറുകഥ ആധാരമാക്കി നിര്‍മ്മിച്ച അജാന്ത്രിക് ഘട്ടക്കിന്റെ രണ്ടാമതു ചിത്രമാണ്. 1952 ല്‍ നാഗരിക് പൂര്‍ത്തിയായെങ്കിലും 24 വര്‍ഷം കഴിഞ്ഞ് 1977 ല്‍ ഘട്ടക്കിന്റെ മരണാനന്തരമാണ് ആ ചിത്രത്തിന്റെ പ്രദര്‍ശനം നടന്നത്. അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം വന്ന അജാന്ത്രിക് 1959 ലെ വെനീസ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിക്കപ്പെടുന്നുണ്ട്. ബിമല്‍ എന്ന ടാക്‌സിഡ്രൈവറാണ് സിനിമയിലെ നായകന്‍. ജഗദല്‍ എന്ന 1920 മോഡല്‍ ഷെവര്‍ലെ ടാക്‌സിയാണ് ബിമലിന്റെ സന്തതസഹചാരി. ബിമലിന്റെ ഒരേയൊരു ആത്മബന്ധുവായ ആ ടാക്‌സി ബിമലിന്റെ ഏകാന്തതയിലെ സഖാവാണ്, ഭ്രാന്തുകളുടെ കാവല്‍ക്കാരനാണ്. വിചിത്രസ്വഭാവിയായ ബിമലും കുസൃതിക്കാരനായ ജഗദലും തമ്മിലുള്ള സ്‌നേഹവിനിമയം മാനവികമായ ഉദാത്താനുഭവമായി പരിണമിക്കുന്നു. മറ്റേതു വസ്തുവിനേയും മനുഷ്യവല്‍ക്കരിച്ച് തനിക്കൊപ്പം സ്‌നേഹിക്കുന്ന മാനവസത്തയെ ദൃശ്യവല്‍ക്കരിക്കുന്ന അജാന്ത്രിക്, ലോകസിനിമയില്‍ത്തന്നെ അഭൂതപൂര്‍വ്വമായ ഒരു കലാസൃഷ്ടിയാണ്.

മനുഷ്യനും യന്ത്രവും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ സൂക്ഷ്മരേഖയാണ് അജാന്ത്രിക്. പ്രേക്ഷകര്‍ ചിരിച്ചും വിഷാദിച്ചും ആ സഞ്ചാരത്തെ പിന്തുടരും. ബംഗാളിന്റെ ജീവിതസംസ്‌കാരങ്ങളിലൂടെ, പ്രകൃതിദൃശ്യങ്ങളിലൂടെയുള്ള രണ്ടുപേരുടെ രസകരമായ യാത്രയായി മാറുന്നുണ്ട് ഈ ചിത്രം. ഇന്ത്യയിലെ ആദ്യ സയന്‍സ് ഫിക്ഷന്‍ ചിത്രമെന്നും വിശേഷിപ്പിക്കപ്പെടുന്ന അജാന്ത്രിക് ഇതേ ജനുസ്സിലുള്ള നിരവധിചിത്രങ്ങള്‍ക്ക് പിന്നീട് പ്രചോദനമായിട്ടുണ്ട്. സ്‌നേഹവും കണ്ണീരും കലര്‍ന്ന ചിരിയാണ് സിനിമയുടെ അടിസ്ഥാനശ്രുതിയെങ്കിലും അഗാധമായൊരു വിഷാദത്തിലാണ് സിനിമ അവസാനിക്കുന്നത്.

മലയാളം സബ്ടൈറ്റില്‍ തയ്യാറാക്കിയത്:
ആര്‍ നന്ദലാല്‍
ഓപ്പണ്‍ ഫ്രെയിം പയ്യന്നൂര്‍


Write a Reply or Comment