ബൈസിക്കിള്‍ തീവ്സ്
വിറ്റോറിയോ ഡി സിക്ക സംവിധാനം ചെയ്ത ബൈസിക്കിള്‍ തീവ്സ് (Bicycle Thieves /1948) എന്ന സിനിമ, രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള റോമിലെ ദാരിദ്ര്യവും നിസ്സഹായതയും വരച്ചുകാട്ടുന്നു. തൊഴില്‍രഹിതനായ അന്റോണിയോ റിച്ചിക്ക്, (ലാംബെർട്ടോ മഗിയോറാണി) പോസ്റ്ററുകൾ ഒട്ടിക്കുന്ന ഒരു ജോലി ലഭിക്കുന്നു. ഈ ജോലിക്കായി സ്വന്തമായി ഒരു സൈക്കിൾ അത്യാവശ്യമാണ്. തങ്ങളുടെ വീട്ടിലെ കിടക്കവിരികൾ വിറ്റാണ് ഭാര്യ മരിയ (ലിയാനെല്ല കരേൽ) ഒരു സൈക്കിൾ വാങ്ങാനുള്ള പണം കണ്ടെത്തുന്നത്.
അങ്ങനെ ജോലിയിൽ പ്രവേശിച്ച ആദ്യ ദിവസം തന്നെ റിച്ചിയുടെ സൈക്കിൾ മോഷണം പോകുന്നു. ഈ പ്രതിസന്ധിയിൽ നിന്നും രക്ഷനേടാനായി, തന്റെ മകൻ ബ്രൂണോയെയും (എൻസോ സ്റ്റായിയോള) കൂട്ടി അന്റോണിയോ സൈക്കിൾ മോഷ്ടിച്ച കള്ളനെ കണ്ടെത്താൻ റോമിലെ തെരുവുകളിലൂടെ അലയുന്നു. നിസ്സഹായനായ അന്റോണിയോ അവസാനം മറ്റൊരു സൈക്കിൾ മോഷ്ടിക്കാൻ ശ്രമിക്കുകയും, മകന്റെ മുന്നില്‍ വെച്ചുതന്നെ പിടിക്കപ്പെടുകയും ചെയ്യുന്നു. അപമാനഭാരത്താൽ ഉരുകുന്ന റിച്ചിയെ കണ്ട് സൈക്കിളിന്റെ ഉടമസ്ഥന് സഹതാപം തോന്നി അയാളെ പോകാന്‍ അനുവദിക്കുന്നു. നിരാലംഭരും നിസ്സഹായരുമായ അച്ഛനും മകനും റോമിന്റെ തിരക്കേറിയ നഗരവീഥിയില്‍ കൂടി ദൂരേക്ക് നടന്നുപോകുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.
ദാരിദ്ര്യം, പിതാവും പുത്രനും തമ്മിലുള്ള ബന്ധം, പ്രതീക്ഷ നശിച്ച ഒരു മനുഷ്യന്റെ നിസ്സഹായത എന്നിവയെല്ലാം ഈ സിനിമ വളരെ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു. ഇറ്റാലിയൻ നിയോറിയലിസത്തിലെ ക്ലാസിക് ചലച്ചിത്രമായി ബൈസിക്കിള്‍ തീവ്സ് കണക്കാക്കപ്പെടുന്നു.