ഓപ്പണ്‍ ഫ്രെയിം പയ്യന്നൂര്‍
ഗോദാര്‍ദ് ഓണ്‍ലൈന്‍ ചലച്ചിത്രോത്സവം
2021 ഡിസംബര്‍ 3 മുതല്‍ 6 വരെ
ബ്രത്ത്‌ലസ്
ഫ്രഞ്ച് ‘നവതരംഗ സിനിമ’യുടെ സ്വാധീനവലയത്തില്‍ 1960-ല്‍ നിര്‍മിച്ച ഗൊദാര്‍ദിന്റെ ആദ്യ ഫീച്ചര്‍സിനിമയാണ് ബ്രത്ത്‌ലസ് (A bout de souffle). വിശ്വസിനിമയിലെ നാഴികക്കല്ലുകളിലൊന്നായ ബ്രത്ത്‌ലസ് ത്രൂഫോ കഥയൊരുക്കി സംവിധാനം നിര്‍വഹിക്കാനൊരുങ്ങിയ ചിത്രമായിരുന്നു. അദ്ദേഹമത് പാതിവഴിയിലുപേക്ഷിച്ചപ്പോള്‍ സഹയാത്രികനായിരുന്ന ഗൊദാര്‍ദ് അതേറ്റെടുക്കുകയായിരുന്നു. കഹേ ദു സിനിമയിലെ ക്ലോദ് ഷാബ്രോളിന്റെ സാങ്കേതികോപദേശം തുണയായി. ത്രൂഫോയ്ക്കായിരുന്നു ചിത്രത്തിന്റെ നിര്‍മാണച്ചുമതല. കൃത്യമായ തിരക്കഥപോലുമുണ്ടായിരു ന്നില്ല ചിത്രീകരണത്തിന്.
നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ടോടുന്ന രണ്ടു പ്രണയികളുടെ കഥയായിരുന്നു പ്രമേയം. കഥാപാത്രങ്ങള്‍ക്കനുസരിച്ച് അപ്പപ്പോള്‍ എഴുതിയുണ്ടാക്കുന്ന സംഭാഷണങ്ങളായിരുന്നു . ‘ന്യൂ വേവ്സ്കൂള്‍’ സംവിധാനശൈലിയുടെ തുടക്കമായിട്ടാണിത് ഈ ചിത്രം വാഴ്ത്തപ്പെടുന്നത്. കാന്‍-ബെര്‍ലിന്‍ മേളകളില്‍ ഇത് സമ്മാനിതമായി.
അരാജകവാദിയായ കാര്‍മോഷ്ടാവ് മൈക്കേല്‍ പൊയ്ക്കാര്‍ഡാണ് കഥയിലെ നായകകഥാപാത്രം . മോഷണശ്രമത്തിനിടെ മോട്ടോര്‍സൈക്കിളില്‍ പിന്തുടര്‍ന്നു വന്ന പോലീസുരനെ വെടിവച്ചുകൊല്ലുന്ന മൈക്കേലിനെതിരെ സേന അന്വേഷണമാരംഭിക്കുന്നു. പാരീസില്‍ ഒളിവുജീവിതത്തിനെത്തുന്ന അയാള്‍ തന്റെ അമേരിക്കന്‍ ഗേള്‍ഫ്രണ്ട് പട്രീഷ്യ ഫ്രാന്‍ചിനിയോടൊപ്പം കൂടുകയും, ഒരു അധോലോക ഇടപാടില്‍നിന്ന്കുറെ പണം സ്വരൂപിച്ച് ഇറ്റലിയിലേക്ക് കടക്കാന്‍ ക്ഷണിക്കുകയും ചെയ്യുന്നു. പക്ഷേ, അവളാകട്ടെ തന്ത്രപൂര്‍വം അയാളെ പോലീസിന് ഒറ്റിക്കൊടുക്കുകയാണ്. എങ്കിലും പോലീസെത്തുന്നതിനു മുന്‍പ് അവളതവനോടു വെളിപ്പെടുത്തുന്നുണ്ട്. പോലീസിന്റെ വെടിയേറ്റു വീഴുന്ന മൈക്കേല്‍ ഒരര്‍ഥത്തില്‍ ആ മരണം സ്വയം തിരഞ്ഞെടുക്കുകതന്നെയായിരുന്നു.