കാര്‍മെന്‍
1983 / 102 മിനിറ്റ്
കാര്‍ലോസ് സോറയുടെ അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ച സിനിമയാണ് കാര്‍മെന്‍. ബിസെറ്റിന്റെ ജനപ്രിയ ഓപ്പറയായ കാർമെനെയും പ്രോസ്‌പർ മെറിമിയുടെ ഇതേ പേരിലുള്ള നോവലിനെയും അധികരിച്ചുള്ള സോറയുടെ കലാപരമായ ആവിഷ്കാരമാണ് ഈ ചിത്രം.
ബിസെറ്റിന്റെ കാര്‍മെന്‍ എന്ന ബാലെ പരിശീലിപ്പിക്കുമ്പോൾ, മധ്യവയസ്കനായ നൃത്തസംവിധായകൻ അന്റോണിയോക്ക് (അന്റോണിയോ ഗേഡ്സ്) അതിലെ പ്രധാന നടിയായ കാർമനോട് (ലോറ ഡെൽ സോൾ) തോന്നുന്ന പ്രണയവും പ്രതികാരവുമെല്ലാമാണ് സിനിമയുടെ പ്രമേയം. തന്റെ മേല്‍ ഉടമസ്ഥതാവകാശം സ്ഥാപിക്കുന്ന അന്റോണിയോയുടെ പ്രണയം അവള്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നതല്ല. മറ്റൊരു നർത്തകനുമായി കാർമെന് ബന്ധമുണ്ടെന്നറിയുന്ന അന്റോണിയോ, യഥാർത്ഥ ഓപ്പറയിലെ ഡി. ജോസിനെപ്പോലെ പ്രതികാരദാഹിയാകുന്നു.
ഫ്ലമെൻകോ നൃത്തം പ്രമേയമായി കാർലോസ് സോറ സംവിധാനം ചെയ്ത ചിത്രത്രയത്തിലെ ശ്രദ്ധേയമായ സിനിമയാണ് “കാർമെൻ”. നാടകീയമായ ഒരു പ്രണയകഥ, അതില്‍ ഉള്‍പ്പെടുന്നവരുടെ ജീവിതവുമായും അവര്‍ പരിശീലിക്കുന്ന കഥയുമായും കഥാപാത്രങ്ങളുമായും ഇഴചേർത്ത് വികസിപ്പിക്കുകയാണ് സോറ ചെയ്യുന്നത്. പല രംഗങ്ങളും നടക്കുന്നത് ജീവിതത്തിലാണോ ഫിക്ഷനിലാണോ എന്നത് പ്രേക്ഷകന്റെ ചിന്തയുമായി ചേര്‍ന്നാണ് നില്‍ക്കുക.