Goynar Baksho (2013)
ഗൊയ്നർ ബാക്ഷോ (2013)
Aparna Sen / Bengali / 2013
അപർണ സെൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത് 2013 ൽ റിലീസ് ചെയ്ത ചിത്രമാണിത്. ഇതിലെ അഭിനയത്തിന് കൊങ്കണ സെൻ ശർമ്മയ്ക്ക് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചിട്ടുണ്ട്. ഗോയ്നർ ബാക്ഷോ (ആഭരണപ്പെട്ടി) എന്ന ഹൊറർ – കോമഡി ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ ഒരു പ്രേതവും അവരുടെ ആഭരണപ്പെട്ടിയുമാണ്. ജനപ്രിയമായ കലാമൂല്യമുള്ള ചിത്രങ്ങളുടെ സംവിധായികയായ അപർണ സെന്നിന്റെ സംവിധാനമികവ് ഒരോ ഷോട്ടിലും നമുക്ക് കാണാം.
കഥ തുടങ്ങുന്നത് 1949 ലാണ്. സ്വാതന്ത്ര്യത്തിനു ശേഷം പാകിസ്ഥാനിലെ വസ്തുവകകൾ എല്ലാം വിറ്റ് ഇന്ത്യയിലേക്ക് വന്ന പഴയ പ്രതാപങ്ങൾ പേരിനു മാത്രം പറയാനുള്ള ജന്മി കുടുബത്തിലെ ഇളയമകന്റെ ഭാര്യയായി സോമലത കടന്നു വരുന്നു. അവൾ ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നാണ്. ഭർത്താവിന്റെ, പഴയ പ്രതാപങ്ങൾ മങ്ങിയ ആ വലിയ വീട്ടിൽ മറ്റുള്ളവർക്കൊപ്പം അയാളുടെ വിധവയായ, പ്രായം ചെന്ന അച്ഛൻപെങ്ങൾ രാസ്മോണി എന്ന പിഷിമാ താമസിക്കുന്നുണ്ട്. 12-ാം വയസിൽ വിധവ ആയതാണവർ. മഹാദേഷ്യക്കാരിയും നാക്കെടുത്താൽ നല്ല തെറി പറയുന്നവരുമായ പിഷിമായെ എല്ലാർക്കും പേടിയാണ്. എങ്കിലും അവരെ എല്ലാവരും പേടിക്കുന്നതിനും അനുസരിക്കുന്നതിനും ഒരു കാരണമുണ്ട്. 5 കിലോഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ അടങ്ങിയ ഒരു ആമാടപ്പെട്ടി അവർ സൂക്ഷിക്കുന്നുണ്ട്. എല്ലാവരുടേയും കണ്ണ് അതിലാണ്.
ഒരു ദിവസം പിഷമാ മരിച്ചുകിടക്കുന്നത് യാദൃച്ഛികമായി സോമലത കാണുന്നു. മറ്റുള്ളവരോട് അത് പറയാൻ തുടങ്ങുന്ന അവളുടെ മുന്നിൽ പിഷിമായുടെ പ്രേതം പ്രത്യക്ഷപ്പെട്ട് ആഭരണപ്പെട്ടി നീ ആരും കാണാതെ ഒളിപ്പിക്കണമെന്നും അതിൽ നിന്ന് ഒരു തരി പൊന്നെങ്കിലുമെടുത്താൽ നിന്റെ ഭർത്താവിനെ കൊന്ന് നിന്നെ വിധവയാക്കും എന്നും പറയുന്നു. സോമലത പേടിച്ച് അത് അനുസരിക്കുന്നു. പക്ഷേ 5 കിലോഗ്രാം സ്വർണം കൈയ്യിൽ വന്നാൽ ആരായാലും ചുമ്മാതിരിക്കുമോ? ലതയുടേയും പിഷിമായുടെ പ്രേതത്തിന്റെയും സർവോപരി ആഭരണപ്പെട്ടിയുടേയും തലമുറകൾ നീളുന്ന യാത്ര അവിടെത്തുടങ്ങുന്നു. ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ചെത്തുന്ന ഈ ചിത്രം പ്രണയം, കാമം, മോഹം, ദേശസ്നേഹം എന്നിങ്ങന്നെ ധാരാളം വിഷയങ്ങളിൽ തൊട്ട് പോകുന്നുണ്ട്.
മലയാളം ഉപശീര്‍ഷകം: ജയൻ പത്തനംതിട്ട
Satheese .O.A
October 28, 2021 at 5:55 amഅപർണ്ണ സെന്നിൻ്റെ കയ്യൊപ്പുള്ള മറ്റൊരു സിനിമ .. ബംഗാളി ജീവിതവും സ്ത്രീയവസ്ഥയും വിശദീകരിക്കുന്ന സിനിമ .നന്നായിട്ടുണ്ട്.