കൈപ്പാട്
ബാബു കാമ്പ്രത്ത്
“പുഴ കടലിൽ ചേരുന്ന അഴിമുഖതീരത്തിന് പിറകിലായി ഓരുജലം കയറി നിൽക്കുന്ന കായലുകളോട് ചേർന്ന്, ഏറ്റിറക്കങ്ങളിൽ പുഷ്ടിപ്രാപിക്കുന്ന, ചെളി പുതഞ്ഞ ചതുപ്പുകളാണ് കൈപ്പാട് നിലങ്ങൾ.” – വടക്കേ മലബാറിലെ കൈപ്പാട് എന്ന് വിളിച്ചുവരുന്ന പ്രത്യേകതരം ഭൂവിഭാഗങ്ങളെ സംബന്ധിച്ചുള്ള ബാബു കാമ്പ്രത്തിന്റെ ഡോക്യുമെൻററി ആരംഭിക്കുന്നത് ഈ വിശദീകരണത്തോടെയാണ്. എന്നാൽ വാക്കുകൾ കൊണ്ടല്ല ഈ ചിത്രം കൈപ്പാട് എന്താണ് എന്ന് നമ്മെ അനുഭവിപ്പിക്കുന്നത്. കൈപ്പാട് നിലങ്ങളുടെ ജൈവ പ്രാധാന്യത്തോടൊപ്പം അത് മനുഷ്യന്റെയും മറ്റ് ജീവിവർഗങ്ങളുടെയും നിലനിൽപ്പിനുതന്നെ എത്രമാത്രം പ്രധാനപ്പെട്ടതാണെന്നും സൂക്ഷ്മമായി ഈ ചിത്രം നമ്മെ ബോധ്യപ്പെടുത്തും.