കേൾക്കുന്നുണ്ടോ
ഗീതു മോഹൻദാസ്
നാം കേൾക്കാതെപോകുന്ന ശബ്ദങ്ങളും കാണാതെപോകുന്ന കാഴ്ചകളും എത്രമാത്രം പ്രധാനമാണ് എന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന ഹ്രസ്വചിത്രമാണ് ഗീതു മോഹൻദാസ് സംവിധാനം ചെയ്ത കേൾക്കുന്നുണ്ടോ. അസ്‌ന എന്ന അന്ധയായ പെൺകുട്ടിയെ കേന്ദ്രമാക്കിക്കൊണ്ടാണ് സംവിധായിക ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു ക്രിസ്തുമസ് അവധിക്കാലത്ത് അസ്നയുടെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളാണ് സിനിമ ചിത്രീകരിക്കുന്നത്. പുഴയോരത്തെ മൈതാനത്തിന് സമീപമുള്ള ഒരു ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് ആണ് ചിത്രത്തിൻറെ പ്രധാന പശ്ചാത്തലം. അവിടെ ജോലി ചെയ്യവേ അസ്നയുടെ പിതാവ് മരണപ്പെട്ടിരുന്നു. ഉമ്മാ വീട്ടുവേല ചെയ്താണ് അസ്നയും ഉമ്മയും ജീവിക്കുന്നത്. സ്കൂള്‍ അവധി ദിനങ്ങളിൽ അസ്നയെ വര്‍ക്ക്ഷോപ്പില്‍ ഇരുത്തി ഉമ്മ ജോലിക്ക് പോകും. തൊട്ടുമുന്നിലെ മൈതാനത്ത് കളിക്കുന്ന കൂട്ടുകാരുടെ ശബ്ദമാണ് അസ്നയുടെ പകലുകളെ സജീവമാകുന്നത്. കളിക്കുന്നില്ലെങ്കിലും കളി കാണുന്നില്ലെങ്കിലും ശബ്ദംകൊണ്ട് അവൾക്ക് അതിന്റെ മുന്നേറ്റങ്ങൾ തിരിച്ചറിയാൻ കഴിയും. നഗരവൽക്കരണത്തിന്റെ ആസുരതയിൽ തകർന്നുവീഴുന്ന ഗ്രാമവും അതിന്റെ ഭാഗമായുള്ള കുടിയൊഴിപ്പിക്കലും ആണ് ചിത്രത്തിന്റെ അന്തർധാരയെന്നു പറയാം.