ദി റൂൾസ് ഓഫ് ദി ഗെയിം
1939/ ഫ്രഞ്ച് / 110 മിനിറ്റ്
1939 കാലത്ത്, പുറത്തിറങ്ങിയ ഏറ്റവും ചെലവേറിയ ഫ്രഞ്ച് ചിത്രമായിരുന്നു ദി റൂൾസ് ഓഫ് ദി ഗെയിം. “യുവാക്കളുടെ മേൽ അനഭിലഷണീയമായ സ്വാധീനം ചെലുത്തിയതിന്” ഫ്രാന്‍സിലും തുടര്‍ന്ന്‍ ജര്‍മ്മനിയിലും അക്കാലത്ത് ഈ സിനിമ നിരോധിക്കപ്പെടുകയുണ്ടായി. 1956-ൽ ചിത്രത്തിന്റെ പുനർനിർമ്മിച്ച പതിപ്പ് വെനീസ് ഫിലിം ഫെസ്റ്റിവലിൽ പ്രദര്‍ശിപ്പിച്ചതിന് ശേഷമാണ് ലോകം ഈ സിനിമയുടെ സവിശേഷതകള്‍ തിരിച്ചറിഞ്ഞത്. അന്നുമുതല്‍ ‘ദി റൂൾസ് ഓഫ് ദി ഗെയിം’ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി അറിയപ്പെടുന്നു. ലോകത്തിലെ മികച്ച ചലച്ചിത്ര നിരൂപകര്‍ മഹത്തായ ലോകസിനിമയെന്ന് വാഴ്ത്തുകയും പ്രശസ്തരായ സംവിധായകര്‍ അവരെ ഏറ്റവും പ്രചോദിപ്പിച്ച സിനിമയായി കണക്കാക്കുകയും ചെയ്യുന്നു. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന പ്രശസ്തമായ സൈറ്റ് & സൗണ്ട് മാഗസിന്‍ 1952-ൽ വോട്ടെടുപ്പ് ആരംഭിച്ചത് മുതൽ ലോകത്തിലെ മികച്ച പത്ത് ചിത്രങ്ങളിൽ ഇടം നേടിയ സിനിമയാണിത്.
ഒരു കൊച്ചുവിമാനത്തിൽ സമുദ്രം കടന്നതിന് ശേഷം ഫ്രഞ്ച് ഹീറോയായിത്തീര്‍ന്ന വൈമാനികന്‍ ആന്ദ്രേ ജൂറിയക്സ്, തന്റെ സ്വീകരണച്ചടങ്ങിൽ കാമുകിയായ ക്രിസ്റ്റീൻ ഇല്ലെന്നതിനെക്കുറിച്ച് മാധ്യമങ്ങളോട് തുറന്നുപ്രതികരിക്കുന്നു. ക്രിസ്റ്റീനയുടെയും ഭർത്താവ് റോബർട്ട് ഡി ലാ ചെനിസ്റ്റിന്റെയും വസതിയില്‍ ഏതാനും ദിവസങ്ങൾ ചെലവഴിക്കാൻ തുടര്‍ന്ന് ആന്ദ്രേയ്‌ക്ക് ക്ഷണം ലഭിക്കുന്നു. ഉറ്റസുഹൃത്ത് ഒക്‌റ്റേവും മറ്റ് ഫ്രഞ്ച് ഉന്നതകുലജാതരും പാര്‍ട്ടിയില്‍ ഒത്തുകൂടുന്നു. ഈ ദിവസങ്ങളിൽ, കപട ബൂർഷ്വാസികളും സേവകവർഗങ്ങളും തമ്മിലുള്ള വർഗ സംഘര്‍ഷങ്ങളിലെക്കാണ് സിനിമ സഞ്ചരിക്കുന്നത്.
ഫ്രഞ്ച് ബൂർഷ്വാസിയുടെ നിശിത വിമർശകനായ റെന്വോര്‍ തന്റെ ചില മുൻകാല ചിത്രങ്ങളിൽ വികസിപ്പിച്ചെടുത്ത ഉന്നതവര്‍ഗ്ഗകാപട്യങ്ങളുടെ നേര്‍ക്കുള്ള ആക്രമണത്തിന്റെ ഏറ്റവും തിളക്കമുള്ള മുഖമാണ് ഈ സിനിമ. രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടാൻ പോകുകയാണെന്നും പ്രഭുക്കന്മാരുടെ ആധിപത്യം അവസാനിക്കാറായെന്നും തിരിച്ചറിഞ്ഞ അദ്ദേഹം ഫ്രഞ്ച് ബൂർഷ്വാസിയുടെ യഥാർത്ഥ ചിത്രം നൽകേണ്ടത് തന്റെ കടമയാണെന്ന് കരുതിയാണ് ഈ ചിത്രം നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു. ആ കാലത്ത് അസാധാരണമായ രീതിയില്‍, ഒരു കഥാപാത്രത്തിന്റെ കാഴ്ചപ്പാടിൽ നിന്നല്ല, വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളിൽ പെടുന്ന ഒരു കൂട്ടം കഥാപാത്രങ്ങളിൽ കൂടിയാണ് സിനിമ മുന്നോട്ടുപോകുന്നത്.