ഉസ്കി റോടി
1969/ബ്ലാക്&വൈറ്റ്/110 മിനിറ്റ്
മണി കൌളിന്റെ ആദ്യചിത്രമാണ് ഉസ്കി റോട്ടി. ഹിന്ദിയിലെ പുതുകഥാ സാഹിത്യപ്രസ്ഥാനത്തിലെ ശ്രദ്ധേയനായ എഴുത്തുകാരൻ മോഹൻ രാകേഷിന്റെ ഇതേ പേരിലുള്ള കഥയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം എടുത്തത്. അതോടൊപ്പം വിഖ്യാത ഇന്ത്യൻ ചിത്രകാരി അമൃത ഷെർഗില്ലിന്റെ ചിത്രങ്ങളും ഈ ചിത്രം എടുക്കുന്നതിന് മണി കൌളിന് പ്രചോദനമായി. സമയത്തിന്റെയും ദൈർഘ്യത്തിന്റെയും അനുഭവത്തിലൂന്നിനിന്നുകൊണ്ട് യാഥാർത്ഥ്യത്തിനും സാങ്കല്പികത്തിനും ഇടയിലുള്ള വേർതിരിവിനെ അങ്ങേയറ്റം മങ്ങിയതാക്കുന്ന രീതിയിൽ, കഥാഗതിയെയും സംഭാഷണങ്ങളെയും ഏറ്റവും ചുരുക്കുന്ന രീതിയിലേക്ക് ഒതുക്കിനിർത്തിക്കൊണ്ടായിരുന്നു ആ ചിത്രം അദ്ദേഹം നിർമിച്ചത്.
ട്രക്ക് ഡ്രൈവറായ സുച്ചാ സിങിന്റെയും ഭാര്യ ബാലൊയുടെയും ജീവിതമാണ് ഈ ചിത്രത്തിൽ പ്രതിപാദിക്കുന്നത്. സുച്ചാ സിങ് എല്ലാ ദിവസവും ട്രക്ക് ഓടിക്കുകയും ആഴ്ചയിൽ ഒരു ദിവസം മാത്രം വീട്ടിൽ വരുന്നയാളുമാണ്. കൂട്ടുകാരും ചീട്ടുകളിയും പരസ്ത്രീഗമനവും ഉൾപ്പെടെയുള്ള വ്യക്തിപരമായ വിനോദങ്ങൾ ധാരാളമായി ആസ്വദിക്കുന്നയാളാണ് സുച്ചാ സിങ്. ഓരോ ദിവസവും അയാൾ ട്രക്കുമായി കടന്നുപോകുന്ന നിരത്തിലേക്ക് ഭക്ഷണമുണ്ടാക്കി എത്തിക്കുക എന്നതാണ് ബാലൊയുടെ പ്രധാനജോലി. ഇതിനായി ബാലൊയ്ക്ക് ഭക്ഷണം മുഴുവൻ സ്വന്തമായി പാചകം ചെയ്ത് വയലിലൂടെ കാതങ്ങൾ നടക്കേണ്ടതായുണ്ട്. ആ ദിനചര്യയിൽ ഒരു ദിവസം ഉണ്ടാകുന്ന മാറ്റവും അതിനെത്തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഈ ചിത്രം പറയുന്നത്.
V K Satheesan
December 26, 2021 at 8:54 amThanks