പയ്യന്നൂർ ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റി കേരളത്തിലെ ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ പഠനാവശ്യം മുൻനിർത്തി, ഒരു അക്കാദമിക ചലച്ചിത്രോത്സവം ഓൺലൈനിൽ സംഘടിപ്പിക്കുകയാണ്. ഹയർ സെക്കന്ററി പഠനത്തിൻറെ ഭാഗമായി അവർക്ക് വിശദമായി പഠിക്കാനുള്ള വിറ്റോറിയ ഡസീക്കയുടെ ‘ബൈസിക്കിൾ തീവ്സ്’, ഗീതു മോഹൻദാസിന്റെ ‘കേൾക്കുന്നുണ്ടോ’ ബാബു കാമ്പ്രത്തിന്റെ ‘കൈപ്പാട് ‘ എന്നീ സിനിമകളാണ് ഈ അക്കാദമിക ചലച്ചിത്രോത്സവത്തിൽ ഉൾപ്പെടുത്തി പ്രദര്‍ശിപ്പിക്കുന്നത്. ബൈസിക്കിൾ തീവ്സ് മലയാളം സബ്ടൈറ്റിലോടെ മികച്ച പ്രിന്റിൽ ഇതില്‍ കാണാം. സൗജന്യമായി ആര്‍ക്കും ഓപ്പൺ ഫ്രെയിമിന്റെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിൽ നിന്ന് ഈ സിനിമകൾ കാണാവുന്നതാണ്. ഇന്റർനെറ്റ് സൗകര്യം ക്ലാസ് മുറിയിൽ ഉണ്ടെങ്കിൽ, ഈ ചിത്രങ്ങൾ ക്ലാസ് മുറിയിൽ നേരിട്ട് പ്രദർശിപ്പിക്കാവുന്നതുമാണ്.
2025 ആഗസ്റ്റ് 25 രാവിലെ 7 മണി മുതൽ സിനിമകൾ സൈറ്റില്‍ ലഭ്യമാകും. ഓണാവധി ദിവസങ്ങളിൽ കുട്ടികൾക്ക് വ്യക്തിപരമായി അവരുടെ ലാപ്ടോപ്പുകളിലും മൊബൈല്‍ ഫോണിലും സിനിമ മലയാളം സബ്ടൈറ്റിലോടുകൂടി കാണാവുന്നതാണ്. ഒരു മാസമാണ് ഇവ കാണാന്‍ കഴിയുക. മറ്റ് ചലച്ചിത്ര പ്രേമികളെയും ഈ അക്കാദമിക ചലച്ചിത്രോത്സവത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
സെക്രട്ടറി
ഓപ്പണ്‍ ഫ്രെയിം, പയ്യന്നൂര്‍