ഓപ്പൺ ഫ്രെയിം, പയ്യന്നൂർ
ഗൊദാർദ് ഓൺലൈൻ ചലച്ചിത്രോത്സവം
ഡിസം 3 മുതൽ 6 വരെ
ഫ്രഞ്ച് നവതരംഗ സിനിമയുടെ ഉപജ്ഞാതാക്കളിൽ ഒരാളായ ഴാങ് ലൂക് ഗൊദാര്‍ദിന് ഡിസംബർ 3 ന് 91 വയസ്സ് തികയുകയാണ്. കഴിഞ്ഞ ആറ് പതിറ്റാണ്ട് ലോകചലച്ചിത്രവേദിയിൽ നിറഞ്ഞുനിന്ന ഈ അതുല്യപ്രതിഭയുടെ സാർത്ഥകമായ ജീവിതത്തിന് ആദരവർപ്പിച്ചുകൊണ്ട് പയ്യന്നൂർ ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റി ഗൊദാർദ് ഓൺലൈൻ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു. 1960 ൽ മുപ്പതാം വയസ്സിൽ നിർമ്മിച്ച ‘ബ്രെത്ത്‌ലെസ് ‘ തൊട്ട് ആരംഭിച്ച ഗൊദാർദിൻ്റെ ചലച്ചിത്ര രചന 2018 ൽ എൺപത്തി എട്ടാമത്തെ വയസ്സിൽ നിർമ്മിച്ച “ഇമേജ് ബുക്ക് “എന്ന ചിത്രത്തിൽ എത്തിനിൽക്കുന്നു. 45 ഫീച്ചർ ഫിലിമുകളും അനേകം ഡോക്യുമെൻററികളും ലഘുചിത്രങ്ങളും ഏറെ സിനിമാ നിരൂപണങ്ങളും അദ്ദേഹം ചലച്ചിത്രരംഗത്തിനു നൽകിയ മഹത്തായ ഈടുവെപ്പുകളാണ്.
ഗൊദാർദിന്റെ ഏറ്റവും മികച്ചതെന്ന് കരുതപ്പെടുന്ന നാലുസിനിമകളാണ് ഗൊദാർദ് ചലച്ചിത്ര മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ബ്രെത്ത്‌ലെസ്, ബാൻഡ് ഒഫ് ഔട്ട്സൈഡേഴ്സ്, മാസ്കുലിൻ ഫെമിനിൻ, വീക്കെൻഡ് എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന്റെ ജന്മദിനം തൊട്ട് നാലുനാളുകളിലായി (ഡിസം 3 മുതൽ 6 വരെ) openframe.online എന്ന പ്ലാറ്റ്ഫോമിൽ വൈകുന്നേരം ആറുമണിമുതലാണ് പ്രദർശിപ്പിക്കുക. ഡിസം 3 ന് വൈകുന്നേരം 6 മണിക്ക് പ്രശസ്ത ചലച്ചിത്ര നിരൂപകൻ ജി പി രാമചന്ദ്രൻ ഗൊദാർദ് ഓൺലൈൻ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കും. കൂടുതൽ വിവരങ്ങളറിയാൻ വാട്സ് ആപ്പിൽ ബന്ധപ്പെടുക: 9446168067