ഓപ്പണ്‍ ഫ്രെയിം പയ്യന്നൂര്‍
യാസുജിറോ ഓസു ഓണ്‍ലൈന്‍ ചലച്ചിത്രോത്സവം
2021 ഡിസംബര്‍ 12 മുതല്‍ 15 വരെ
വൈകുന്നേരം 6 മണി മുതല്‍
യാസുജിറോ ഓസുവിന്റെ (1903–1963) ജനനവും മരണവും ഡിസംബര്‍ 12 ന് ആണ്. അറുപതാമത്തെ വയസ്സില്‍ കാന്‍സര്‍ ബാധിതനായി അകാലചരമമടയുമ്പോഴേക്കും ഓസു അമ്പതില്‍ അധികം സിനിമകള്‍ സംവിധാനം ചെയ്തിരുന്നു. നിശ്ശബ്ദസിനിമയുടെയും ശബ്ദചിത്രങ്ങളുടെയും കാലത്തും കറുപ്പിന്റെയും വെളുപ്പിന്റെയും കളര്‍ ചിത്രങ്ങളുടെയും കാലത്തും വ്യാത്യസ്തമായ സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസായി പരിഗണിക്കുന്ന ടോക്യോ സ്റ്റോറി, ലോകത്ത് ഇന്നേവരെ ഉണ്ടാക്കപ്പെട്ടിട്ടുള്ള ഏറ്റവും മഹത്തായ സിനിമകളില്‍ മൂന്നാമത്തെ ചിത്രമായി സൈറ്റ് ആന്‍ഡ് സൌണ്ട് മാഗസിന്‍ 2012 ല്‍ തെരഞ്ഞെടുത്തിട്ടുണ്ട്. മാത്രമല്ല, ലോകത്തെ ഏറ്റവും മഹാന്മാരായ പത്തുസംവിധായകരില്‍ ഒരാളായും ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് യാസുജിറോ ഓസുവിനെ പരിഗണിക്കുന്നു. ജാപ്പനീസ് സിനിമയിലെ ക്ലാസിക്കുകളായി പരിഗണിക്കുന്ന ഓസുവിന്റെ ദ ഓണ്‍ലി സണ്‍ (1936), ലേറ്റ് സ്പ്രിംഗ് (1949), ഏര്‍ലി സമ്മര്‍ (1951), ടോക്യോ സ്റ്റോറി (1953) എന്നീ നാലുചിത്രങ്ങള്‍ പയ്യന്നൂര്‍ ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി അദ്ദേഹത്തിന്റെ 118 -ാം ജന്മദിനത്തോട് അനുബന്ധിച്ച് ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കുകയാണ്. എല്ലാ ചിത്രങ്ങള്‍ക്കും മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള ഉപശീര്‍ഷകങ്ങള്‍ ഉണ്ടാവും.
നിരൂപകരും സിനിമാപ്രേമികളും ലോകത്തെ ഏറ്റവും ശ്രദ്ധേയനായ സംവിധായകനായി കരുതുന്ന യാസുജിറോ ഓസുവിന്റെ ഏറ്റവും മികച്ച സിനിമകള്‍ കാണുന്നതിനായി ഓപ്പണ്‍ ഫ്രെയിമിന്റെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ openframe.online ലേക്ക് പ്രിയ സുഹൃത്തുക്കളെ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു. മുഴുവന്‍ ചലച്ചിത്ര പഠിതാക്കളിലേക്കും സിനിമാസ്നേഹികളിലെക്കും സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികളിലേക്കും ഫിലിം സൊസൈറ്റി പ്രവര്‍ത്തകരിലേക്കും ഈ സന്ദേശം എത്തിക്കുന്നതിന് സഹായിക്കണം എന്നുകൂടി അഭ്യര്‍ത്ഥിക്കുന്നു.