അബ്ബാസ് കിയരൊസ്താമി
(ജനനം – 1940 ജൂൺ 22)
Abbas Kiarostami
ഇറാൻ സിനിമയെ ഇന്ന് അവയ്ക്ക് പൊതുവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന തരത്തിലുള്ള അന്താരാഷ്ട്രപ്രസിദ്ധിയുടെ തലത്തിലേക്ക് ഉയർത്തിയ മഹാനായ ചലച്ചിത്രകാരനായിരുന്നു അബ്ബാസ് കിയരൊസ്താമി. സിനിമയുമായി ബന്ധപ്പെട്ട് ഫോട്ടോഗ്രഫി, തിരക്കഥാരചന, കലാസംവിധാനം എന്നീ മേഖലകളിലെല്ലാം പ്രവീണനായിരുന്ന അദ്ദേഹം മികച്ച ഒരു കവി കൂടിയായിരുന്നു. അതോടൊപ്പം ചിത്രകാരൻ, രേഖാചിത്രകാരൻ, ഗ്രാഫിക് ഡിസൈനർ എന്നീ നിലകളിലും കൂടി പ്രസിദ്ധനാണ് കിയരൊസ്താമി.
ടെഹ്റാനിലായിരുന്നു അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛൻ ഒരു ചിത്രകാരനും വീടിന്റെ അകത്തളങ്ങളൊരുക്കുന്നതിൽ വിദഗ്ദ്ധനുമായിരുന്നു. പ്രാഥമിക വിദ്യാഭ്യാസകാലത്ത് എപ്പോഴും അന്തർമുഖത്വം സൂക്ഷിച്ചിരുന്നതിനാൽ ക്ലാസിലെ മറ്റ് വിദ്യാത്ഥികളോടൊന്നും അദ്ദേഹം ഒരിക്കൽ പോലും മിണ്ടിയിട്ടില്ല. അതുകൊണ്ടുണ്ടായ ഏകാന്തത മാറ്റുവാനായിരുന്നു ചിത്രങ്ങൾ വരക്കാനാരംഭിച്ചത് എന്ന് അദ്ദേഹം തന്നെ പിൽക്കാലത്ത് പറഞ്ഞിരുന്നു. ട്രാഫിക് പോലീസിൽ ജോലി ലഭിച്ചതിനെത്തുടർന്ന് ടെഹ്റാനിലേക്ക് പോവുകയും അവിടെ അതിനൊപ്പം ടെഹ്റാൻ സർവകലാശാലയിൽ ചിത്രകല അഭ്യസിക്കാൻ ചേരുകയും ചെയ്തു. അവിടെ നിന്ന് ഗ്രാഫിക് ഡിസൈനിങ് പഠിച്ചതാണ് സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ പ്രധാന പടവായി മാറിയത്. തുടർന്ന് 1960ൽ അദ്ദേഹത്തിന് അക്കാലത്തെ പ്രസിദ്ധ സിനിമാപരസ്യനിർമാണ സ്ഥാപനമായ തബ്ലി ഫിലിംസിൽ ജോലി ലഭിക്കുന്നു. അവിടത്തെ ഏഴെട്ട് വർഷത്തെ കാലയളവിനുള്ളിൽ അദ്ദേഹം നൂറ്റമ്പതോളം സിനിമകൾക്ക് പരസ്യം രൂപകൽപന ചെയ്തിരുന്നു. അവിടത്തെ ജോലിസമ്മർദം താങ്ങാൻ കഴിയാതെ തന്റെ തൊഴിൽമേഖല അദ്ദേഹം സിനിമാടൈറ്റിൽ രൂപകല്പന ചെയ്യുന്നതിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് 1969ൽ അദ്ദേഹം സെന്റർ ഫൊർ ദ ഇന്റലക്ച്വൽ ഡെവലപ്മെന്റ് ഒഫ് ചിൽഡ്രൻ ഏന്റ് യങ് അഡൾട്സ് എന്ന പ്രസിദ്ധ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചു. ഇവിടത്തെ ഔദ്യോഗികവൃത്തികളുടെ ഭാഗമായി ഒരിക്കൽ പ്രാഗ് സന്ദർശിച്ച വേളയിലാണ് ഒട്ടേറെ മികച്ച ലോകസിനിമകൾ കാണുവാൻ അദ്ദേഹത്തിന് അവസരം ലഭിച്ചത്. ഇതാണ് അദ്ദേഹത്തിലെ ചലച്ചിത്രപ്രതിഭയെ ഉണർത്തിയത് എന്ന് പറയാം. ഈ സ്ഥാപനത്തിൽ സിനിമയ്ക്ക് മാത്രമായി പ്രത്യേക വിഭാഗമുണ്ടാക്കുന്നതിന് മുൻകൈയെടുത്തതും കിയരൊസ്താമി ആയിരുന്നു.
ബ്രെഡ് ഏന്റ് അലി എന്ന ഒരു ഹ്രസ്വചിത്രമാണ് അദ്ദേഹം ആദ്യം സംവിധാനം ചെയ്തത്. ഈ ബ്ലാക് ഏന്റ് വൈറ്റ് ചിത്രം ഇന്നും വളരെയേറെ ആവേശത്തോടെ ലോകമെമ്പാടും കാണുന്ന ഒരു ചിത്രമാണ്. പ്രതിഭാധനനായ ഒരു ചലച്ചിത്രകാരന്റെ പിറവി സവിശേഷമായി എടുത്തുകാണിക്കുന്ന ഒരു ചിത്രം കൂടിയായിരുന്നു ബ്രഡ് ഏന്റ് അലി. 1972ൽ പുറത്തുവന്ന ബ്രേക് ടൈം ആയിരുന്നു അടുത്ത ഹ്രസ്വചിത്രം. തുടർന്ന് ഫീച്ചർ ഫിലിം സംവിധാകനായതിന് ശേഷവും അന്താരാഷ്ട്രപ്രസിദ്ധിയാർജിച്ച നിരവധി ഹ്രസ്വ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. ഒട്ടേറെ ലോകമേളകളിൽ ഈ ചിത്രങ്ങൾ നിരവധി അവാർഡുകളും കരസ്ഥമാക്കിയിരുന്നു. റ്റു സൊലൂഷൻസ് ഫൊർ വൺ പ്രോബ്ലം (1975), സൊ കാൻ ഐ (1975), ദ് കളേഴ്സ് (1976), ട്രിബ്യൂട് റ്റു ടീചേഴ്സ് (1977), ഓഡർലി ഓർ ഡിസോഡർലി (1980), ദ് കോറസ് (1982), റോഡ്സ് ഒഫ് കിയരൊസ്താമി (2005) എന്നിവ അവയിൽ ചിലത് മാത്രമാണ്. തുടർന്ന് അല്പം കൂടി ദൈർഘ്യം കൂടിയ ദ് എക്സ്പീരിയൻസ് (1973), എ സ്യൂട് ഫൊർ ദ് വെഡ്ഡിങ് (1976) എന്നീ ചിത്രങ്ങളും അദ്ദേഹം എടുത്തു.
1974ലാണ് ആദ്യത്തെ മുഴുനീള ഫീച്ചർ ചിത്രമായ ദ് ട്രാവലർ സംവിധാനം ചെയ്യുന്നത്. ദ് റിപോർട് (1977), ഫസ്റ്റ് കേസ്, സെക്കന്റ് കേസ് (1979), വേർ ഇസ് ദ് ഫ്രന്റ്സ് ഹോം? (1987), ക്ലോസ്-അപ് (1990), ലൈഫ്, ഏന്റ് നതിങ് മോർ… (1992), ത്രൂ ദ് ഒലിവ് ട്രീസ് (1994), ദ് വൈറ്റ് ബലൂൺ (1995), ടേസ്റ്റ് ഒഫ് ചെറി (1997), ദ് വിന്റ് വിൽ കാരി അസ് (1999), ടെൻ (2002), ഫൈവ് ഡെഡിക്കേറ്റഡ് റ്റു ഒസു (2003), ടിക്കറ്റ്സ് (2005), ഷിറിൻ (2008), സെർടിഫൈഡ് കോപി (2010), ലൈക് സംവൺ ഇൻ ലവ് (2012), ഫൈനൽ എക്സാം (2016) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് സുപ്രധാന ഫീച്ചർ സിനിമകൾ.
ഫെലോ സിറ്റിസൺ (1983), ഫസ്റ്റ് ഗ്രേഡേഴ്സ് (1984), ഹോം വർക് (1989), എബിസി ആഫ്രിക്ക (2001), 10 ഓൺ ടെൻ (2004) എന്നിവ അദ്ദേഹം സംവിധാനം ചെയ്ത ഡോക്യുമെന്ററികളാണ്.
സിനിമയുടെയും കവിതയുടെയും ഭാഷകൾ സമ്മേളിക്കുന്ന അനിതരസാധാരണമായ പരീക്ഷണങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഒട്ടുമിക്ക ചിത്രങ്ങളും. ഉദാഹരണമായി ഷിറിൻ എന്ന ചിത്രത്തിൽ നാം കാണുന്നത് 114 സ്ത്രീകൾ ഒരു ഓഡിറ്റോറിയത്തിൽ ഇരുന്ന് സ്ക്രീനിലോ സ്റ്റേജിലോ ആയി നടക്കുന്ന ഒരു അവതരണം കാണുന്നതിന്റെ ദൃശ്യങ്ങൾ മാത്രമാണ്. സ്റ്റേജോ സ്ക്രീനോ നമ്മൾ കാണുന്നേയില്ല. അവർ കണ്ടുകൊണ്ടിരിക്കുന്ന അവതരണത്തിലെ കഥാപാത്ര സംഭാഷണങ്ങളും പശ്ചാത്തല സംഗീതവും മാത്രമാണ് ചിത്രത്തിന്റെ ശബ്ദപഥത്തില്‍. അവതരണം കണ്ടുകൊണ്ടിരിക്കുന്നതിനിടയിൽ ഈ സ്ത്രീകാഴ്ചക്കാരുടെ വിവിധ ഭാവങ്ങൾ കാണിക്കുന്നതല്ലാതെ അവർക്കിടയിൽ സംസാരമേയില്ല. പ്രമുഖ ഫ്രഞ്ച് നടിയായ ഷോല്യൊ ബിനോഷ് ഉൾപ്പെടെയുള്ള സ്ത്രീതാരനിരയുള്ള ഒരു ചിത്രവുമാണിത്.
ഷോട്ടുകളുടെ എണ്ണം കുറച്ച് നീണ്ട ടേക്കുകൾ എടുക്കുക എന്നത് കിയരൊസ്താമിയുടെ മറ്റൊരു പ്രത്യേകതയാണ്. കാറുകൾ ഉൾപ്പെടുന്ന ഫ്രെയിമുകളെ അദ്ദേഹം വളരെയേറെ ഇഷ്ടപ്പെട്ടിരുന്നു. സിനിമ ദൃശ്യത്തിന്റെ മാത്രം കലയല്ലെന്നും അതിൽ ശബ്ദത്തിന് ദൃശ്യത്തിനൊപ്പമോ അതിന് മുകളിലോ പ്രാധാന്യമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. “നിങ്ങളെന്തൊക്കെ ചെയ്താലും ഒരു ക്യാമറ ഉപയോഗിച്ച് ദ്വിമാനത്തിലുള്ള പരന്ന ചിത്രങ്ങൾ മാത്രമേ ലഭിക്കുകയുള്ളൂ. ആ ചിത്രത്തിന് മൂന്നാംതലം എന്ന നിലയിലുള്ള ആഴം നൽകുന്നത് ശബ്ദമാണ്. ചിത്രങ്ങൾക്കുള്ള ഈ ന്യൂനത പരിഹരിക്കുന്നത് യഥാർത്ഥത്തിൽ ശബ്ദമാണെന്നർത്ഥം. വാസ്തുവിദ്യയും ചിത്രകലയും തമ്മിൽ താരതമ്യം ചെയ്യുന്നതുപോലെയാണത്. ആദ്യത്തേത് ഒരു പ്രത്യേക സ്ഥലത്ത് ഇടപെടുമ്പോൾ ചിത്രത്തിനുള്ളത് ഒരു ഉപരിതലം മാത്രമാണുള്ളത്” എന്ന അദ്ദേഹത്തിന്റെ അഭിപ്രായം ശ്രദ്ധേയമാണ്.
ലോകത്തിലെ സുപ്രധാന ചലച്ചിത്ര അവാർഡുകളെല്ലാം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. അമ്പതാമത് കാൻ ഫെസ്റ്റിവെലിൽ പാം ഡി ഓർ നേടിയത് ടേസ്റ്റ് ഒഫ് ചെറി എന്ന ചിത്രമായിരുന്നു. വെനീസ് ഫെസ്റ്റിവെലിലെ സിൽവർ ലയൺ അവാർഡ്, ലൊകാർണൊ, ഫജ്‍ർ തുടങ്ങിയ ഫെസ്റ്റിവെലുകളിലെ നിരവിധി പുരസ്കാരങ്ങൾ എന്നിവ അദ്ദേഹത്തിന്റെ വിവിധ ചിത്രങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. അതിന് പുറമേ റോബർടൊ റോസല്ലിനി പുരസ്കാരം, ഫ്രാൻസ്വാ ത്രൂഫോ പുരസ്കാരം, അകിര കുറൊസാവ പുരസ്കാരം എന്നിങ്ങനെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
“ആ ചിത്രങ്ങൾ കണ്ടപ്പോൾ എനിക്കുണ്ടായ വികാരങ്ങൾ വർണിക്കുവാൻ വാക്കുകൾ കൊണ്ട് സാധിക്കില്ല…,സത്യജിത് റോയി മരിച്ചപ്പോൾ എനിക്ക് അത്യധികമായ നിരാശയുണ്ടായിരുന്നു. പക്ഷെ കിയരൊസ്താമിയുടെ സിനിമകൾ കണ്ടപ്പോൾ, റോയിക്ക് അനുയോജ്യനായ ഒരാളെ പകരമായി തന്നതിന് ഞാൻ ദൈവത്തോട് നന്ദി പ്രകാശിപ്പിച്ചു” എന്നാണ് അകിര കുറൊസാവ, കിയരൊസ്താമിയെക്കുറിച്ച് പറഞ്ഞിരുന്നത്. ലോകസിനിമയിൽ ഗോദാർദ് ഉൾപ്പെടെയുള്ള പ്രമുഖ ചലച്ചിത്രകാരെല്ലാം കിയരൊസ്താമിയുടെ സിനിമകളെയും സിനിമാശൈലിയെയും പ്രകീർത്തിച്ചിട്ടുണ്ട്. 2006ൽ ദ് ഗാഡിയൻ ലോകത്തിലെ ഏറ്റവും മികച്ച അമേരിക്കക്കാരനല്ലാത്ത ചലച്ചിത്രകാരനായി തിരഞ്ഞെടുത്തത് കിയരൊസ്താമിയെയായിരുന്നു.
ഉദരത്തിലുണ്ടായ അർബുദബാധയെത്തുടർന്ന് 2016 ജൂലൈ 4ന് കിയരൊസ്താമി അന്തരിച്ചു. ലോകസിനിമയ്ക്ക് അക്ഷരാർത്ഥത്തിൽ തന്നെ തീരാനഷ്ടമായി മാറിയ ഒരു മരണം എന്നതിനൊപ്പം, രോഗം കണ്ടെത്തുന്നതിലും അതിന്റെ ചികിത്സയിലും വന്നിട്ടുള്ള അനാസ്ഥകൾ സംബന്ധിച്ച് ഇറാനിൽ ചൂടുപിടിച്ച ചർച്ചകൾക്ക് കാരണമായ ഒരു മരണം കൂടിയായിരുന്നു കിയരൊസ്താമിയുടേത്.
അബ്ബാസ് കിയരൊസ്താമിയുടെ പ്രസിദ്ധമായ അഞ്ച് സിനിമകള്‍ കാണാം
Where is the Friend’s Home (1987)
Close-up(1990)
https://youtu.be/hjLVCiAtvls
Taste of Cherry (1997)
https://youtu.be/yvSpZQIrMfM
The Wind Will Carry Us (1999)
https://youtu.be/8MeRqzdq2CE
Shirin, (2008)
https://youtu.be/whHb4GUegDY
എഴുത്ത് : ആര്‍ നന്ദലാല്‍
രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍
തയ്യാറാക്കിയത് : ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി, പയ്യന്നൂര്‍
G P Ramachandran
June 22, 2021 at 12:05 pmGreat remembrance.
KANNAN S
June 22, 2021 at 7:17 pmGreat work Nandan