അലൻ റെനെ (ജനനം – 1922 ജൂൺ 3)

ജന്മദിന സ്മരണ

അലൻ റെനെ (ജനനം – 1922 ജൂൺ 3) Alain Resnais

അനിതരസാധാരണമായ സിനിമാശൈലിയിലൂടെ ലോകസിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഫ്രഞ്ച് ചലച്ചിത്രകാരനാണ് അലൻ റെനെ. ഫ്രഞ്ച് നവതരംഗപ്രസ്ഥാനത്തിലെ പ്രധാനികളിൽ ഒരാളായി അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ടെങ്കിലും ഫ്രാൻസിലെ ലെഫ്റ്റ് ബാങ്ക് സിനിമാപ്രസ്ഥാനവുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ അടുത്ത ബന്ധം. ഈ പ്രസ്ഥാനത്തിൽ നിന്ന് പുറത്തുവന്ന സിനിമകൾ മിക്കവാറും സാഹിത്യത്തോട് വളരെ അടുപ്പം പുലർത്തിയിരുന്നവയും വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ ഉയർത്തിപ്പിടിച്ചിരുന്നവയുമായിരുന്നു.

ബാല്യകാലം തൊട്ടേ കടുത്ത ആസ്ത്മ രോഗിയായിരുന്നതിനാൽ പലപ്പോഴും ഏകാന്തമായാണ് ദിവസങ്ങൾ ചെലവഴിച്ചിരുന്നത്. സ്കൂളിൽ പോകാൻ സാധിക്കാതിരുന്നതിനാൽ വീട്ടിൽ വച്ച് തന്നെയായിരുന്നു വിദ്യാഭ്യാസം. അതുകൊണ്ടുതന്നെ ബാല്യകാലം തൊട്ടേ ആഴത്തിലുള്ള വായന ശീലിച്ചിരുന്നു. പത്ത് വയസ്സാകുമ്പോഴേക്കും താൽപര്യം സിനിമകളിലേക്ക് തിരിഞ്ഞു. പന്ത്രണ്ടാം വയസ്സിൽ പിറന്നാൾ സമ്മാനമായി രക്ഷിതാക്കൾ നൽകിയ ക്യാമറ റെനെയിലെ സിനിമാകലാകാരനെ തഴുകിയുണർത്തുകയായിരുന്നു. നടനാകാനുള്ള ആഗ്രഹവുമായി രണ്ട് വർഷത്തോളം അഭിനയം പഠിച്ചിരുന്നു. 1943ൽ സ്ഥാപിതമായ IDEHC (Institut des Hautes Etudes Cinematographie) എന്ന ഫ്രാൻസിലെ ആദ്യത്തെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹം ഫിലിം എഡിറ്റിങ് പഠിക്കുവാനായി ചേർന്നു.

രണ്ടാംലോകയുദ്ധകാലത്ത് ഒരു വർഷത്തെ നിർബന്ധിത പട്ടാളസേവനത്തിന് അദ്ദേഹം നിയോഗിക്കപ്പെട്ടിരുന്നു. അതിനുശേഷം തിരികെയെത്തിയ റെനെ സിനിമകൾ എഡിറ്റ് ചെയ്യുവാനും ധാരാളമായി ഹ്രസ്വചിത്രങ്ങൾ നിർമിക്കുവാനും ആരംഭിച്ചു. 1948ൽ അദ്ദേഹം വാൻഗോഗിനെക്കുറിച്ച് വാൻഗോഗ് എന്ന ഒരു ഡോക്യുമെന്ററി നിർമിച്ചു. വാൻഗോഗിന്റെ ചിത്രങ്ങളുടെ തന്നെ ദൃശ്യങ്ങളിലൂടെ മികച്ച സംഗീതത്തിന്റെ കൂടി അകമ്പടിയോടെ സഞ്ചരിക്കുന്ന രീതിയിൽ സംവിധാനം ചെയ്ത ഈ 16 എം എം ചിത്രം വൻപ്രചാരം നേടുകയും 35 എം എം ൽ ഈ ചിത്രം വീണ്ടും നിർമിക്കുകയും ചെയ്തു. വെനീസ് ചലച്ചിത്രമേളയിലെ പുരസ്കാരവും ഓസ്കാർ അവാർഡും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഈ ചിത്രം നേടുകയുണ്ടായി. തുടർന്ന് പോൾ ഗോഗിനെക്കുറിച്ചും പിക്കാസൊയുടെ ഗ്വെർണിക്കയെക്കുറിച്ചും ഉള്ള ഡോക്യുമെന്ററികൾ അദ്ദേഹം എടുത്തു.

1955ൽ ഫ്രാൻസിലെ രണ്ടാംലോകയുദ്ധചരിത്രത്തെ സംബന്ധിച്ച സമിതി കോൺസൻട്രേഷൻ ക്യാംപുകളെ കുറിച്ച് ഒരു ചിത്രമൊരുക്കുവാൻ അലൻ റെനെയെ സമീപിച്ചു. അങ്ങനെ നിർമിച്ച സിനിമയാണ് 1956ൽ പുറത്തുവന്ന നൈറ്റ് ഏന്റ് ഫോഗ് എന്ന ചിത്രം. ഈ സിനിമയെ ലോകപ്രശസ്ത ഫ്രഞ്ച് ചലച്ചിത്രകാരനും നിരൂപകനുമായ ഫ്രാങ്ക്വാ ത്രൂഫൊ വിശേഷിപ്പിച്ചത്  ‘ഇതുവരെയുണ്ടായതിൽ വച്ചേറ്റവും മഹത്തായ സിനിമ’ എന്നാണ്. ഗോയയുടെയും കാഫ്കയുടെയും കലാസാഹിത്യ രചനകൾക്കൊപ്പമുള്ള ഔന്നത്യമാണ് ഈ സിനിമയ്ക്ക് പല നിരൂപകരും ഫ്രാൻസിൽ സ്ഥാനം നൽകിയത്. ഹൃദയം ചുട്ടുപൊള്ളിക്കുന്ന, മനുഷ്യകുലത്തെ ആത്മപരിശോധനയ്ക്ക് പ്രേരിപ്പിക്കുന്ന തത്വചിന്താപരമായ ഒരു മഹാകാവ്യമായി നൈറ്റ് ഏന്റ് ഫോഗിനെ ലോകം മുഴുവനും സിനിമാസ്വാദകര്‍ വിലയിരുത്തുന്നുണ്ട്. ഹിറ്റ്‌ലറുടെ നാസി കോൺസൻട്രേഷൻ ക്യാംപുകളുടെ യാഥാർത്ഥ്യം ലോകത്തിനു മുന്നിൽ തുറന്നുകാട്ടിയ ഈ ഡോക്യുമെന്ററി അതിന്റെ സത്യസന്ധതകൊണ്ടും ആധികാരികത കൊണ്ടും ‘പ്രബന്ധ ചിത്രം’ (Essay Film) എന്ന് വിളിക്കപ്പെടുന്നു.

ലോകം മുഴുവൻ ഞെട്ടലോടെയും ഹൃദയവേദനയോടെയും അനുഭവിച്ച നൈറ്റ് ഏന്റ് ഫോഗ് ഉൾപ്പെടെയുള്ള കുറച്ച് ഡോക്യുമെന്ററികൾക്ക് ശേഷം റെനെ ആദ്യം സംവിധാനം ചെയ്ത മുഴുനീള ഫീച്ചർ ചിത്രമാണ് ഹിരോഷിമ മൊൺ അമോർ. പ്രമുഖ ഫ്രഞ്ച് സാഹിത്യകാരിയും ചലച്ചിത്രപ്രവർത്തകയുമായ മാർഗരിറ്റ് ഡ്യുറാസ് ആണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ഹിരോഷിമയിലെ അണുബോംബ് ദുരന്തത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിർമിക്കാനാണ് ഈ ചിത്രത്തിന്റെ നിർമാതാക്കൾ ആദ്യം അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കോൺസൻട്രേഷൻ ക്യാംപുകളിലെ വംശഹത്യയെക്കുറിച്ച് നൈറ്റ് ഏന്റ് ഫോഗ് എന്ന ഡോക്യുമെന്ററി ഇതിനോടകം നിർമിച്ചിട്ടുള്ള റെനെയ്ക്ക് ഇനിയും ഏതാണ്ട് അതേ ധാരയിൽ തന്നെയുള്ള ഒരു ഡോക്യുമെന്ററി നിർമിക്കാൻ സാധിക്കില്ലായിരുന്നു. അതിനുപകരമായാണ് ഹിരോഷിമ മൊൺ അമോർ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്യുന്നത്. ഫ്രഞ്ച്-ജപ്പാൻ സംയുക്തസംരംഭം എന്ന നിലയിലാണ് ഈ ചിത്രത്തിന്റെ നിർമാണം നടന്നത്. അഭിനേതാക്കൾ, സാങ്കേതികപ്രവർത്തകർ, ലൊക്കേഷനുകൾ എന്നിവയിലെല്ലാം ഫ്രാൻസ്, ജപ്പാൻ എന്നീ രാജ്യങ്ങളുടെ പ്രാതിനിധ്യം ഈ സിനിമയിൽ ഉറപ്പുവരുത്തിയിരുന്നു.

അന്നുവരെയുണ്ടായിരുന്ന പരമ്പരാഗത സിനിമാനിർമാണ രീതികളെയെല്ലാം നിഷേധിച്ചുകൊണ്ട് 1950കളുടെ അവസാനദശകങ്ങളിൽ സിനിമാമേഖലയിൽ സജീവമായ പുതിയ പ്രസ്ഥാനമായിരുന്നു ഫ്രഞ്ച് നവതരംഗം. അലൻ റെനെ ഉൾപ്പെടെ, ചലച്ചിത്രമേഖലയിൽ നിന്നിരുന്ന പതിവ് രീതികളെയും പ്രതീകങ്ങളെയും എല്ലാം ഉടച്ചുവാർക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഒരുകൂട്ടം വിഗ്രഹഭഞ്ജകരായിരുന്ന ഈ സിനിമാപ്രസ്ഥാനത്തിൽ ഉണ്ടായിരുന്നത്. മനുഷ്യാനുഭവങ്ങളിൽ ഊന്നിക്കൊണ്ടുള്ള അസ്തിത്വപ്രശ്നങ്ങളുടെ പ്രകൃതത്തെക്കുറിച്ചുള്ള ദാർശനികാന്വേഷണം ഉൾപ്പെടെയുള്ള പുതിയ പരീക്ഷണങ്ങൾ സിനിമയിലേക്ക് ഇവർ ഉൾച്ചേർത്തു. ഇത്തരം പുതിയ ആശയങ്ങൾ അല്പം സങ്കീർണമായതുകൊണ്ടുതന്നെ, ഇത്തരം സിനിമകൾ ആസ്വദിക്കുവാൻ കുറച്ചുകൂടി മെച്ചപ്പെട്ട ആസ്വാദനശീലവും ആവശ്യമാണെന്ന നിലയും വന്നു. ഒറ്റക്കാഴ്ചയിൽ കഥ മനസ്സിലാക്കി പോകാവുന്ന യഥാതഥചിത്രങ്ങളുടെ കാഴ്ചാശീലങ്ങൾ പേറുന്നവരെ ഇത്തരം ചിത്രങ്ങൾ തെല്ലൊന്നുമല്ല അസ്വസ്ഥപ്പെടുത്തിയിരുന്നത്.

ലാസ്റ്റ് ഇയർ ഇൻ മരിയൻബാദ് (L’Année dernière à Marienbad-1961), മ്യുറിയേൽ (Muriel ou le Temps d’un retour-1963), ദ് വാർ ഈസ് ഓവർ (La guerre est finie-1966), ജ്ഷൂ തേം (Je t’aime, je t’aime-1968), സ്ട്രാവിസ്കി (Stavisky…-1974), പ്രൊവിഡൻസ് (Providence-1977), മൈ അമേരിക്കൻ അങ്ക്ൾ (Mon oncle d’Amérique-1980), ലൈഫ് ഈസ് എ ബെഡ് ഒഫ് റോസസ് (La vie est un roman-1983), മെലോ (Mélo-1986), ഐ വാണ്ട് റ്റു ഗൊ ഹോം (I Want to Go Home-1989), സ്മോക്കിങ്/നൊ സ്മോക്കിങ് (Smoking/No Smoking-1993), നോട്ട് ഓൺ ദ് ലിപ്സ് (Pas sur la bouche-2003), പ്രൈവറ്റ് ഫിയേഴ്സ് ഇൻ പബ്ലിക് പ്ലെയ്സസ് (Cœurs-2006), യു ഏയ്ന്റ് സീൻ നതിങ് യെറ്റ് (Vous n’avez encore rien vu-2012), ലൈഫ്  ഒഫ് റിലെ (Aimer, boire et chanter-2014) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാന ചിത്രങ്ങൾ.

കാൻ, ബെർലിൻ, വെനീസ് ചലച്ചിത്രമേളകളിലെല്ലാം ഒന്നിലേറെ തവണ അദ്ദേഹം സമ്മാനിതനായിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മറ്റനേകം അവാർഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ഓർമകൾ. സമയം, സ്ഥലം എന്നിവയെ സവിശേഷമായ രീതിയിൽ സമ്മേളിപ്പിക്കുന്ന ചിത്രങ്ങളായിരുന്നു അലൻ റെനെയുടേതെന്ന് പൊതുവിൽ നിരൂപകർ അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്റെ മിക്ക കഥാപാത്രങ്ങളും അവരുടെ തന്നെ ഭൂതകാലത്തിന്റെ പീഡ നിരന്തരം അനുഭവിക്കുന്നവരാണ്. പക്ഷെ ഇത് അവർ തിരിച്ചറിയുകയോ അതുണ്ടാക്കുന്ന ഉപദ്രവങ്ങളിൽ നിന്ന് അവർക്ക് രക്ഷപ്പെടാനാവുകയോ ചെയ്യുന്നുമില്ല. പ്രേക്ഷകരെ സംബന്ധിച്ച് വളരെ എളുപ്പത്തിൽ കണ്ടുതീർക്കാവുന്ന ലളിതമായ ചിത്രങ്ങളല്ല റെനെയുടേത്. അതീവശ്രദ്ധയോടുകൂടിയ ഒന്നിലേറെ കാഴ്ചകൾ അലൻ റെനെയുടെ ചിത്രങ്ങൾ ആവശ്യപ്പെടുന്നുണ്ട്.

2014 മാർച്ച് 1ന് ഈ അപൂർവ ചലച്ചിത്രപ്രതിഭ അന്തരിച്ചു.

(അലൻ റെനെയുടെ രാത്രിയും മൂടല്‍മഞ്ഞും എന്ന സിനിമ മുകളിലെ പ്ലെയറില്‍ കാണാം.)

എഴുത്ത് : ആര്‍ നന്ദലാല്‍

രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍

തയ്യാറാക്കിയത് : ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി, പയ്യന്നൂര്‍


Write a Reply or Comment

Your email address will not be published. Required fields are marked *