മൈക്കെലാഞ്ജലൊ അന്റോണിയോണി (ജനനം – 1912 സെപ്റ്റംബർ 29)

ജന്മദിന സ്മരണ

മൈക്കെലാഞ്ജലൊ അന്റോണിയോണി (ജനനം – 1912 സെപ്റ്റംബർ 29) Michelangelo Antonioni

കഠിനമായ ചോദ്യങ്ങൾ ഉയ‍ർത്തുകയും ലളിതമായ തീർപ്പുകൾക്ക് വഴങ്ങാതിരിക്കുകയും ചെയ്യുന്ന തരത്തിൽ, പല തരത്തിലും വ്യാഖ്യാനിക്കാവുന്ന മികച്ച സിനിമകളുടെ സംവിധായകൻ എന്ന നിലയിൽ വിഖ്യാതനായ ഇറ്റാലിയൻ ചലച്ചിത്രകാരനാണ് മൈക്കലാഞ്ജലൊ അന്റോണിയോണി.

ഇറ്റലിയിലെ ഫെറാറയിലുള്ള ഒരു സമ്പന്നകുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.  ചിത്രകലയോടും സംഗീതത്തോടും ചെറുപ്പം തൊട്ടേ താൽപര്യമുണ്ടായിരുന്ന അദ്ദേഹം ഒമ്പതാം വയസ്സിലാണ് തന്റെ ആദ്യ വയലിൻ കച്ചേരി അവതരിപ്പിച്ചത്. 1931-35 കാലത്ത് ബൊലോഞ്ഞ സർവകലാശാലയിൽ പഠിക്കുന്ന കാലത്ത് അദ്ദേഹം വിദ്യാർത്ഥി നാടകപ്രസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിക്കുവാനാരംഭിച്ചു. ധനതത്വശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം അദ്ദേഹം ഒരു ബാങ്കിൽ ടെല്ലർ ജോലി സ്വീകരിച്ചു. അതോടൊപ്പം തന്നെ ഫെറാറയിലെ പ്രധാന പത്രങ്ങളിലൊന്നായ കാരിയേ പദാനോയ്ക്കു വേണ്ടി കഥകളും സിനിമാനിരൂപണങ്ങളും എഴുതുവാനും ആരംഭിച്ചു. 1940കളോടുകൂടി അദ്ദേഹം റോമിലെത്തിച്ചേരുകയും സിനിമയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുവാൻ ആരംഭിക്കുകയും ചെയ്തു.

റോമിൽ സിനേമാ എന്ന പ്രസിദ്ധീകരണത്തിനുവേണ്ടി എഴുതുവാൻ ആരംഭിച്ചുവെങ്കിലും അപ്പോഴും രംഗം കയ്യടക്കി നിന്നിരുന്ന ഇറ്റലായൻ നിയോറിയലിസ്റ്റ് ശൈലിയുടെ വാഴ്ത്തുപാട്ടുകളായി വരുന്ന എഴുത്തുകളോട് പൊരുത്തപ്പെടുവാൻ സാധിക്കാതിരുന്നതുകൊണ്ട് ആ ജോലി ഒഴിവാക്കി. അക്കാലത്ത് റൊബെർടൊ റോസല്ലിനി, മാർസൽ കാർനെ തുടങ്ങിയ പ്രതിഭകളുമായി സിനിമാമേഖലയിൽ സഹകരിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.

പിന്നീട് ചില ഡോക്യുമെന്ററികൾ അദ്ദേഹം നിർമിച്ചിരുന്നു. നെറ്റേസ ഉർബാന, ലാ അമറോസ മെൻസോഞ എന്നിവയാണ് ഇക്കാലത്ത് എടുത്തവയിൽ ഏറെ ശ്രദ്ധേയമായ ഡോക്യുമെന്ററികൾ. അദ്ദേഹത്തിന്റെ ഡോക്യുമെന്ററികളുടെ സൗന്ദര്യം കൊണ്ടുതന്നെയാവണം താമസിയാതെ അദ്ദേഹത്തിന് ഫീച്ചർ സിനിമ നിർമിക്കുന്നതിനുള്ള സാധ്യതകൾ കണ്ടെത്തുവാൻ സാധിച്ചു. Cronaca di un amore (സ്റ്റോറി ഒഫ് എ ലൗ എഫെയ്ർ-1950) ആണ് അദ്ദേഹത്തിന്റെ ആദ്യ ഫീച്ചർ സിനിമ.

I Vinti (ദ് വാൻക്വിഷ്ഡ്-1953), La signora senza camelie (ദ് ലേഡി വിതൗട് കമേലിയാസ്-1953), Le Amiche (ദ് ഗേൾ ഫ്രന്റ്സ്-1955), Il Grido (ദ് ക്രൈ-1957), L’Avventura (ദ് അഡ്വെഞ്ചർ-1960), La Notte (ദ് നൈറ്റ്-1961), L’Eclisse (ദ് എക്ലിപ്സ്-1962), Il Deserto Rosso (റെഡ് ഡിസെർട്-1964), (ബ്ലൊ അപ്-1966), (സാബ്രിസ്കി പോയിന്റ്-1970), documentary (ചുങ് കുവൊ സിന-1972), (ദ് പാസഞ്ചർ-1975), Il mistero di Oberwald (ദ് മിസ്റ്ററി ഒഫ് ഒബ‍വാൾഡ്-1980), Identificazione di una donna (ഐഡന്റിഫിക്കേഷൻ ഒഫ് എ വുമൺ-1982), Al di là delle nuvole (ബെയോണ്ട് ദ് ക്ലൗഡ്സ്-1995) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ.

ദ് അഡ്വെഞ്ചർ, ദ് നൈറ്റ്, ദ് എക്ലിപ്സ് എന്നീ മൂന്ന് ചിത്രങ്ങൾ ആധുനികതയും അതിന്റെ അതൃപ്തിയും എന്ന ചിത്രത്രയത്തിന്റെ ഭാഗമായി അറിയപ്പെടുന്ന വിഖ്യാതചിത്രങ്ങളാണ്.

നമ്മുടെ യഥാർത്ഥലോകത്ത് നടക്കുന്ന എല്ലാത്തരം മാറ്റങ്ങളെയും പുതുമകളെയും ഉൾക്കൊള്ളാൻ സാധിക്കുന്ന വിധത്തിൽ വിഷയപരിഗണനകളിലും സങ്കേതങ്ങളുടെ കാര്യത്തിലും നമ്മുടെ സിനിമാനിർമാണരീതികൾ നിരന്തരമായി പുതുക്കപ്പെട്ടുകൊണ്ടേയിരിക്കണം എന്ന ദൃഢവിശ്വാസം കാത്തുസൂക്ഷിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു അന്റോണിയോണി. നിയോറിയലിസ്റ്റ് ശൈലിയിൽ സിനിമ പരിചയിച്ചതാണങ്കിലും അന്റോണിയോണി തന്റെ സിനിമയെ പുതിയ ഒരു തലത്തിലേക്ക് മാറ്റുകയായിരുന്നു. യുദ്ധാനന്തര ഇറ്റലി കുറച്ച് കാലം കൂടി കഴിയുമ്പോൾ അടിമുടി മാറുന്നുണ്ട്. ഈ മാറ്റത്തിന്റെ ഘട്ടത്തിൽ നിയോറിയലിസത്തിന്റെ ആചാര്യനായ റോസല്ലിനി പോലും ഇനി നമുക്ക് വേണ്ടത് അപ്പോഴിറങ്ങിക്കൊണ്ടിരിക്കുന്ന തരം നിയോറിയലിസ്റ്റ് സിനിമകളല്ല എന്ന് പ്രസ്താവിക്കുന്നുണ്ട്. അന്റോണിയോണിയെ സംബന്ധിച്ചും ഇത് തന്നെയിരുന്നു അഭിപ്രായം. അന്റോണിയോണിയിൽ ലോകം കണ്ടത് ഒരു പുതിയ തരം ഓറ്റിയർ ശൈലിയുടെ ഉരുത്തിരിയലായിരുന്നു. മോഷ്ടിക്കപ്പെട്ട സൈക്കിളുകളുടെ കഥയും പറഞ്ഞുകൊണ്ട് നടക്കേണ്ടുന്ന കാലം കഴിഞ്ഞുവെന്ന് 1958ൽ തന്നെ അന്റോണിയോണി പ്രഖ്യാപിക്കുകയുണ്ടായി.

നടീനടന്മാരെ അദ്ദേഹം പലപ്പോഴുംവിശേഷിപ്പിച്ചിരുന്നത് സിനിമയ്ക്കുള്ള സാമഗ്രികൾ (material) എന്നായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ച് നടീനടന്മാർ ബുദ്ധി ഉപയോഗിച്ചല്ല അഭിനയിക്കേണ്ടത്; മറിച്ച് അവരുടെ തന്നെ ചോദനകൾക്കനുസരിച്ചാണ്. അഭനിയക്കുമ്പോഴോ സിനിമയുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ നടക്കുമ്പോഴോ ഒന്നും അദ്ദേഹം നടീനടന്മാർക്ക് അഭിനയത്തെ സംബന്ധിച്ചുള്ള ഒരു നി‍ർദേശവും നൽകാറുണ്ടായിരുന്നില്ല എന്ന് അദ്ദേഹം തന്നെ പലയിടങ്ങളിലും സൂചിപ്പിച്ചിട്ടുള്ളതാണ്.

1960ലും 1962ലും കാൻ ചലച്ചിത്രമേളയിൽ ജൂറി പുരസ്കാരം ലഭിച്ച അദ്ദേഹത്തിന് 1966 ൽ ഇതേ മേളയിൽ പാം ഡി ഓർ പുരസ്കാരവും ലഭിക്കുകയുണ്ടായി. വെനീസ് ചലച്ചിത്രമേളയിൽ ഗോൾഡൻ ലയൺ ഉൾപ്പെടെയുള്ള നിരവധി പുരസ്കാരങ്ങൾ, ബെ‍ർലിൻ ചലച്ചിത്രമേളയിൽ ഗോൾഡയൻ ബിയർ പുരസ്കാരം, ലൊകാർനൊ ചലച്ചിത്രമേളയിലെ ഗോൾഡൻ ലെപ്പേഡ് പുരസ്കാരം എന്നിവയ്ക്ക് പുറമേ 1995ൽ ഓണററി അക്കാദമി പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

വാ‍ർദ്ധക്യസഹജമായ അസുഖങ്ങളെത്തുട‍ർന്ന് 2007 ജൂലൈ 30ന് തന്റെ തൊണ്ണൂറ്റിനാലാം വയസ്സിൽ റോമിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്. മറ്റൊരു വിഖ്യാത ചലച്ചിത്രകാരനായ ഇങ്മർ ബർഗ്മാൻ മരിച്ചതും ഇതേ ദിവസമാണ്.

എഴുത്ത് : ആര്‍ നന്ദലാല്‍

രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍

തയ്യാറാക്കിയത് : ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി, പയ്യന്നൂര്‍

മൈക്കെലാഞ്ജലൊ അന്റോണിയോണിയുടെ  ലാ നൊട്ടെ, ലാ അവ്വെജ്യുറ, ബ്ലോ അപ്പ് എന്നീ ചിത്രങ്ങൾ മലയാളം ഇംഗ്ലീഷ് ഉപശീർഷകങ്ങളോടെ https://openframe.online/  എന്ന വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്നു. അൻ്റോണിയോണി ചലച്ചിത്രങ്ങൾ ആസ്വദിക്കുന്നതിനായി ഏവരെയും  ക്ഷണിക്കുകയാണ്.


2 Comments
  1. Praveen Kumar P

    September 29, 2021 at 1:52 pm

    I wish the watch the movies

    Reply
  2. N.V.SREEDHARAN

    September 29, 2021 at 6:33 pm

    I am interested in your programmes

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *