ജി. അരവിന്ദൻ (ജനനം – 1935 ജനുവരി 21) G. Aravindan
ലോകം മുഴുവൻ ശ്രദ്ധിക്കപ്പെടുന്ന മലയാളി ചലച്ചിത്രസംവിധായകൻ. മലയാളം അന്നുവരെ കണ്ട് ശീലിച്ചിട്ടുള്ള ചലച്ചിത്രസൗന്ദര്യ സങ്കല്പത്തെ അപ്പാടെ തന്റേതായ സവിശേഷ രീതിയിൽ മാറ്റിപ്പണിത വിഖ്യാതചലച്ചിത്രകാരനാണ് അരവിന്ദൻ.
കോട്ടയത്താണ് അരവിന്ദൻ ജനിച്ചത്. 1960കളിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവന്നിരുന്ന ചെറിയ ലോകവും വലിയ മനുഷ്യരും എന്ന കാർട്ടൂൺ പരമ്പരയിലൂടെയാണ് ജി. അരവിന്ദൻ ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് റബ്ബർ ബോഡിൽ ഉദ്യോഗസ്ഥനായി കോഴിക്കോട് എത്തിച്ചേരുന്നതോടെയാണ് ചലച്ചിത്രമേഖലയിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ തിരിയുന്നത്. ആഗോളതലത്തിൽ തന്നെ സിനിമയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ നിരന്തരമായി നിരീക്ഷിക്കുകയും ചർച്ച ചെയ്യുകയും ചെയ്യാറുണ്ടായിരുന്ന അരവിന്ദനും സുഹൃത്തുക്കളും അടങ്ങുന്ന സംഘം സിനിമ നിർമിക്കാൻ തീരുമാനിക്കുന്നതിന്റെ ഭാഗമായാണ് അരവിന്ദന്റെ ആദ്യ ചലച്ചിത്രമായ ഉത്തരായനം പുറത്തുവരുന്നത്. മലയാളസിനിമയിൽ നൂതനമായ ഒരു ഭാവുകത്വത്തിന് ഈ സിനിമ തുടക്കം കുറിച്ചു. 1974ലെ മികച്ച സിനിമയ്ക്കും സംവിധായകനുമുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്കാരമടക്കം നിരവധി ബഹുമതികൾ ഈ ചിത്രത്തെ തേടിയെത്തി.
1977ൽ ഇറങ്ങിയ കാഞ്ചനസീത എന്ന അദ്ദേഹത്തിന്റെ ചിത്രമാകട്ടെ ഇന്ത്യൻ സംസ്കാരത്തിൽ ആയിരക്കണക്കിന് വർഷങ്ങളായി ആഴത്തിൽ സ്വാധീനം ചെലുത്തിയിട്ടുള്ള രാമായണം എന്ന ഐതിഹ്യത്തെയും ശ്രീരാമൻ എന്ന ദൈവസങ്കല്പത്തെയും അപ്പാടെ മാറ്റിപ്പണിത ഒന്നാണ്. ആദിവാസിയായ ഒരു മനുഷ്യനെ ശ്രീരാമന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ അദ്ദേഹം തിരഞ്ഞെടുത്തതോടെ ഭാരതീയ സംസ്കാരത്തിന്റെ ഈ കേന്ദ്രബിംബത്തെ വിപ്ലവകരമായി അട്ടിമറിക്കുക കൂടിയാണ് അരവിന്ദൻ ചെയ്തത്.
തമ്പ് (1978), കുമ്മാട്ടി (1979), എസ്തപ്പാൻ (1980), പോക്കുവെയിൽ (1981), ചിദംബരം (1985), ഒരിടത്ത് (1986), മാറാട്ടം (1988), വാസ്തുഹാര (1991) എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങൾ. ഇവ കൂടാതെ ദ സീർ ഹു വാക്സ് എലോൺ (1985), ദ ബ്രൗൺ ലാന്റ്സ്കേപ് (1985), ദ് കാച്ച് (1986), കോൺടൂർസ് ഒഫ് ലീനിയർ റിഥം (1987) തുടങ്ങിയ ഡോക്യുമെന്ററികളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. മികച്ച സംഗീതസംവിധായകൻ കൂടിയായിരുന്ന അരവിന്ദൻ യാരോ ഒരാൾ, എസ്തപ്പാൻ, പിറവി, ഒരേ തൂവൽ പക്ഷികൾ എന്നീ ചിത്രങ്ങൾക്ക് സംഗീതസംവിധാനവും നിർവഹിച്ചിരുന്നു. 1990ൽ ഒരേ തൂവൽ പക്ഷികൾ എന്ന ചിത്രത്തിന് മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. പത്മശ്രീ പുരസ്കാരവും ഏഴ് ദേശീയ സിനിമാ പുരസ്കാരങ്ങളും ഇരുപതോളം സംസ്ഥാന പുരസ്കാരങ്ങളും നേടിയ അരവിന്ദന് ഒട്ടേറെ മറ്റ് ബഹുമതികളും ലഭിച്ചിരുന്നു.
അരവിന്ദൻ എന്ന മൗലികപ്രതിഭ, ദൃശ്യങ്ങൾ കൊണ്ട് സംഗീതം ഉണ്ടാക്കാനാവുമെന്ന് മലയാളികളെയും മറ്റ് പ്രേക്ഷകരെയും പഠിപ്പിക്കുകയും അത് അനുഭവിപ്പിക്കുകയും ചെയ്ത വ്യക്തിയാണ്. സവിശേഷമായ ജീവിതദർശനങ്ങളാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ മുന്നോട്ടുവെച്ചത്. സിനിമയുടെ എന്നല്ല കലാസിനികളുടെ തന്നെ പരമ്പരാഗത സങ്കല്പങ്ങളെ വിപ്ലവകരമായി അട്ടിമറിക്കുകയാണ് അദ്ദേഹം ചെയ്തത്. പലപ്പോഴും കലാചരിത്രത്തിന്റെ കാവ്യഭാഗങ്ങളായി വരും തലമുറ വിലയിരുത്താൻ ഇടയുള്ള ചിത്രങ്ങളാണ് അദ്ദേഹം എടുത്തിരുന്നത്.
1995 മാർച്ച് 15നാണ് അരവിന്ദൻ മരണപ്പെട്ടത്.
തയ്യാറാക്കിയത്: ആര്‍. നന്ദലാല്‍
രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍
തയ്യാറാക്കിയത്: ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി.