അസ്ഗർ ഫർഹാദി (ജനനം – 1972 മെയ് 7) Asghar Farhadi
പ്രസിദ്ധനായ ഇറാനിയൻ സംവിധായകനും തിരക്കഥാകൃത്തുമാണ് അസ്ഗർ ഫർഹാദി. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരം രണ്ട് തവണ നേടിയ അപൂർവം സംവിധായകരിൽ ഒരാളാണ് അദ്ദേഹം. സാധാരണ മാനുഷികബന്ധങ്ങളായ ദാമ്പത്യം, സൗഹൃദം, പ്രണയം തുടങ്ങിയവയിൽ ഉടലെടുക്കുന്ന സങ്കീർണതകളെയാണ് അദ്ദേഹം പ്രധാനമായും തന്റെ സിനിമകൾക്ക് വിഷയമാക്കുന്നത്. അതേ സമയം ഈ വിഷയങ്ങളിൽ സംവിധായകൻ എന്ന നിലയിൽ തനിക്കുള്ള അഭിപ്രായങ്ങൾ കുത്തിനിറച്ച് സിനിമയെ വികൃതമാക്കാതെ പ്രേക്ഷകർക്ക് സംവദിക്കുവാനും അവർക്ക് അഭിപ്രായം രൂപപ്പെടുത്താനും ഉള്ള ഇടം സൃഷ്ടിക്കുവാനും അദ്ദേഹത്തിന്റെ സിനിമകൾക്ക് സാധിച്ചിട്ടുണ്ട്.
ഇറാനിലെ അസഫഹാൻ നഗരത്തിലെ ഹുമയൂൺ ഷെഹർ എന്ന നഗരത്തിലാണ് ഫർഹാദി ജനിച്ചത്. ടെഹ്റാൻ സർവകലാശാലയിൽ നിന്ന് ഡ്രമാറ്റിക് ആർട്സിൽ ബിരുദവും തർബിയത് മോദറസ് സർവകലാശാലയിൽ നിന്ന് സ്റ്റേജ് ഡയറക്‍ഷനിൽ ബിരുദാനന്തരബിരുദവും നേടി. ആദ്യകാലത്ത് 8 എം എം, 16 എം എം സിനിമകളെടുത്തിരുന്ന അദ്ദേഹം പിന്നീട് ഇറാനിലെ ഔദ്യോഗികപ്രക്ഷേപണ നിലയത്തിന് വേണ്ടി നാടകങ്ങളും തിരക്കഥകളും രചിക്കുവാനാരംഭിച്ചു.
2003ലാണ് ആദ്യ ഫീച്ചർ സിനിമയായ ഡാൻസിങ് ഇൻ ദ് ഡസ്റ്റ് സംവിധാനം ചെയ്തത്. തുടർന്ന് ദ് ബ്യൂട്ടിഫുൾ സിറ്റി (2004), ഫയർവർക്‍സ് വെനസ്ഡെ (2006) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. ഫയർവർക്‍സ് വെനസ്ഡെ എന്ന ചിത്രത്തിന് ചിക്കാഗൊ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പുരസ്കാരം ലഭിച്ചിരുന്നു. 2009ൽ സംവിധാനം ചെയ്ത എബൗട് എല്ലി എന്ന ചിത്രത്തിന് ബെർലിൻ ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള സിൽവർ ബിയർ പുരസ്കാരം ലഭിച്ചു.
അദ്ദേഹത്തെ അന്താരാഷ്ട്രതലത്തിൽ ഏറെ ശ്രദ്ധേയനാക്കിയ എ സെപറേഷൻ എന്ന ചിത്രം പുറത്തുവന്നത് 2011ൽ ആയിരുന്നു. മികച്ച ചിത്രത്തിനുള്ള ബെർലിൻ മേളയിലെ ഗോൾഡൻ ബിയർ പുരസ്കാരം ലഭിച്ചതോടെ ഇറാനിൽ നിന്ന് ഈ പുരസ്കാരം നേടുന്ന ആദ്യചിത്രമായി എ സെപറേഷൻ മാറി. ഈ ചിത്രത്തിന് മികച്ച വിദേശഭാഷാചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരവും ലഭിച്ചു. വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തിരിക്കുന്ന മധ്യവയസ്കരായ ദമ്പതികളുടെ ജീവിതസംഘർഷങ്ങളെയാണ് ഈ ചിത്രം വരച്ചുകാട്ടുന്നത്. പരിചയമുള്ള ഒരുപാടുപേരുടെ വ്യക്തിഗത അനുഭവങ്ങളിൽ നിന്നാണ് ഈ ചിത്രത്തിനുള്ള തിരക്കഥ ഒരുങ്ങിയത്. സിനിമകൾക്കു മേൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് രാജ്യം വിട്ടുപോയ പ്രസിദ്ധ ഇറാനിയൻ സംവിധായകൻ മൊഹ്സിൻ മക്മൽബഫിനെ തിരിച്ചുകൊണ്ടുവരണമെന്നും ഇറാൻ സർക്കാർ ജയിലിലടച്ച പ്രസിദ്ധ സംവിധായകൻ ജാഫർ പനാഹിയെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടതിന്റെ പേരിൽ ഫർഹാദിക്ക് സിനിമ നിർമിക്കുന്നതിൽ നിന്ന് ഇറാൻ സർക്കാർ കുറച്ചു കാലത്തേക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
2013ൽ സംവിധാനം ചെയ്ത ദ് പാസ്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് ബെറനീസ് ബിജൊ എന്ന നടിക്ക് മികച്ച നടിക്കുള്ള കാൻ ചലച്ചിത്രമേളയിലെ പുരസ്കാരം ലഭിച്ചിരുന്നു.
2016ലാണ് പ്രസിദ്ധമായ ദ് സേൽസ്മാൻ എന്ന ചിത്രം സംവിധാനം ചെയ്തത്. ആർതർ മില്ലറുടെ പ്രസിദ്ധമായ ഡെത് ഒഫ് എ സേൽസ്‍മേൻ എന്ന നാടകം സ്റ്റേജിൽ അവതരിപ്പിക്കുന്ന ദമ്പതികളുടെ ആത്മസംഘർഷങ്ങളെയാണ് ഈ ചിത്രം വരച്ചു കാട്ടുന്നത്. കഥയ്ക്കുള്ളിൽ മറ്റൊരു കഥ എന്ന ഘടനയിലാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിനും മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരം ലഭിച്ചിരുന്നു. എന്നാൽ ഇറാൻ അടക്കമുള്ള ഏഴ് മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അന്നത്തെ അമേരിക്കൻ പ്രസിഡണ്ട് ട്രംപ് അമേരിക്കയിലേക്ക് പ്രവേശനം നിരോധിച്ചതിന്റെ പശ്ചാത്തലത്തിൽ ഫർഹാദി ഓസ്കാർ അവാർഡ് ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. ഇറാനിൽ നിന്നുള്ള ആദ്യ ബഹിരാകാശ യാത്രികയായ അനൗഷെ അൻസാരിയും നാസയിലെ ശാസ്ത്രജ്ഞനായ ഇറാൻകാരൻ ഫിറോസ് നദേരിയുമാണ് ഫർഹാദിക്ക് വേണ്ടി ആ അവാർഡ് ഏറ്റുവാങ്ങാൻ പോയത്. ചടങ്ങിൽ വായിക്കുവാൻ ഫർഹാദി എഴുതി നൽകിയ നോട്ട് അവിടെവച്ച് അൻസാരി വായിക്കുകയുണ്ടായി. ഇത് അപ്പോഴും പിന്നീടും വളരെയേറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു:
“ഈ രാത്രിയിൽ നിങ്ങളോടൊപ്പം ചേരാൻ പറ്റാത്തതിൽ എനിക്ക് അതിയായ വിഷമമുണ്ട്. മനുഷ്യവിരുദ്ധമായ ഒരു നിയമത്തിലൂടെ അമേരിക്കയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടത് വഴി അപമാനിക്കപ്പെട്ടിരിക്കുന്ന എന്റെയും മറ്റ് ആറ് രാജ്യങ്ങളിലെയും പൗരന്മാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഞാനിവിടെ സന്നിഹിതനാകാതിരിക്കുന്നത്. ഞങ്ങൾ എന്നും ഞങ്ങളുടെ ശത്രുക്കൾ എന്നുമുള്ള രണ്ട് ചേരികളിലേക്ക് ലോകത്തെ വിഭജിക്കുന്നത് ഭയം ജനിപ്പിക്കുന്നതും കയ്യേറ്റത്തിനും യുദ്ധത്തിനുമുള്ള കുടിലമായ ന്യായീകരണവുമാണ്. ഇപ്പോൾത്തന്നെ പലവിധ കയ്യേറ്റങ്ങൾക്കിരയായിട്ടുള്ള രാജ്യങ്ങളുടെ ജനാധിപത്യവും പൗരാവകാശവും നിഷേധിക്കുന്നവയാണ് ഈ യുദ്ധങ്ങൾ. ദേശീയതയുടെയും മതങ്ങളുടെയും വിവിധങ്ങളായ പതിവുകാഴ്ചകളെ തകർത്തുകൊണ്ട് സിനിമാപ്രവർത്തകർക്ക്, പങ്കുവെക്കപ്പെടേണ്ടതായ മാനുഷികസവിശേഷതകൾ പകർത്തുവാനായി തങ്ങളുടെ ക്യാമറകൾ തിരിച്ചുവെക്കാവുന്നതാണ്. ഞങ്ങൾക്കും അപരർക്കും ഇടയിൽ സഹാനുഭൂതി സൃഷ്ടിക്കുന്നത് അവരാണ് – ആ സഹാനുഭൂതിയാണ് എന്നത്തേക്കാളും ഇന്ന് ആവശ്യമായിട്ടുള്ളതും.”
എവ്‍രിബഡി നോസ് (2018), എ ഹീറോ (2021) എന്നിവയാണ് മറ്റ് പ്രധാനചിത്രങ്ങൾ. അദ്ദേഹത്തിന്റെ ഭാര്യയായ പാരീസ ഭക്താവർ ഇറാനിലെ പ്രമുഖ ചലച്ചിത്രസംവിധായികയാണ്. ഇവരുടെ മകളായ സരീന ഫർഹാദി ഇറാനിലെ പ്രമുഖ നടിയാണ്.
ലോകത്തിൽ ഏറ്റവും ആഴമേറിയ സ്വാധീനം ഉണ്ടാക്കിയ 100 പേരുടെ ലിസ്റ്റ് ടൈം മാഗസിൻ എല്ലാ വർഷവും പ്രസിദ്ധീകരിക്കാറുണ്ട്. അതിൽ 2012ൽ ഇടം നേടിയ ആളായിരുന്നു ഫർഹാദി. അതേ വർഷം തന്നെ ഫ്രഞ്ച് സർക്കാറിന്റെ പരമോന്നത ബഹുമതിയായ ലീജ്യൻ ഒഫ് ഓണറും അദ്ദേഹത്തെ തേടിയെത്തി.
“സ്വന്തം സിനിമകളിലൂടെ, എന്റേത് മാത്രമായ ഒരു കാഴ്ചപ്പാട് [പ്രേക്ഷകരുടെ മേൽ] അടിച്ചേൽപിക്കുക എന്നതിലുപരി, അവയെ പലതാക്കി അവതരിപ്പിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക്, കഥയുടെ വ്യത്യസ്തമായ വിവിധ തലങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത്. സിനിമ, ഫലത്തിൽ, സ്വേച്ഛാധിപതികളുടെ കലയാണെന്നും അവിടെ പ്രേക്ഷകർ എന്ത് കണ്ടിരിക്കണമെന്ന് അനുശാസിക്കുന്നത് സ്വേച്ഛാധിപതികളായ സംവിധായകരാണെന്നും മനസ്സിലാക്കാൻ വലിയ വിഷമമൊന്നുമില്ല. കൃത്യമായും ഈ നിലപാടിനെതിരായാണ് എന്റെ പോരാട്ടം… സിനിമ എല്ലാ രീതിയിലും ജനാധിപത്യസിനിമ ആയിരിക്കണമെന്നതാണ് എന്റെ ആഗ്രഹം!” എന്ന അസ്ഗർ ഫർഹാദിയുടെ അഭിപ്രായം സ്വന്തം സിനിമകൾ എന്താണ് എന്ന നിലപാട് വ്യക്തമാക്കുന്നതാണ്.
(Asghar Farhadi: The Masterful Storyteller എന്ന ഏഴു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ എസ്സേ കാണാം.)
എഴുത്ത് : ആര്‍ നന്ദലാല്‍
രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍
Giri Vasudevan
May 8, 2021 at 10:12 amPlease give the utube link…