ബെയ‍്‍ല താ (ജനനം – 1955 ജൂലൈ 21)

ജന്മദിന സ്മരണ

ബെയ‍്‍ല താ (ജനനം – 1955 ജൂലൈ 21) Béla Tarr

അനതിസാധാരണമായ ചലച്ചിത്രസൃഷ്ടികൾ കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിച്ച ഹംഗേറിയൻ ചലച്ചിത്രസംവിധായകനാണ് ബെയ്‍ല താ. തന്റെ ചലച്ചിത്രസൃഷ്ടിയുടെ കലാമേന്മയിൽ യാതൊരു വിട്ടുവീഴ്ചകൾക്കും തയ്യാറല്ലാത്ത ഒരു സംവിധായകനായിരുന്നു അദ്ദേഹം. പ്രശസ്തിയുടെ പരമകോടിയിൽ നിൽക്കുമ്പോൾ തന്നെ സിനിമ സംവിധാനം ചെയ്യുന്നത് എന്നെന്നേക്കുമായി നി‍ർത്തിവെക്കുന്നതായി പ്രഖ്യാപിച്ച് അത് പ്രാബല്യത്തിൽ വരുത്തിയ ചലച്ചിത്രകാരൻ കൂടിയാണ് അദ്ദേഹം. ദൈർഘ്യമേറിയ ഷോട്ടുകളും ടേക്കുകളുമായി ആർട്ഹൗസ് സിനിമാസംവധായകരുടെ ഇടയിൽ നിന്ന് ശ്രദ്ധേയനായി മാറിയ ബെയ്‍ലാ താ പിന്നീട് ചലച്ചിത്രസംവിധായകരുടെ കൂട്ടത്തിൽ നിന്ന് ഒരു കൾട് ഫിഗറായി മാറുകയുണ്ടായി.

തെക്ക്പടിഞ്ഞാറൻ ഹംഗറിയിലെ പെക്സ് എന്ന സ്ഥലത്താണ് താ ജനിച്ചത്. അച്ഛനും അമ്മയും തിയറ്റർ മേഖലയിൽ ജോലി ചെയ്യുന്നവരായിരുന്നു. പതിനാലാം പിറന്നാൾ ദിനത്തിൽ അച്ഛൻ സമ്മാനിച്ച ഒരു 8 എം എം ക്യാമറയാണ് ഒരു പക്ഷെ അദ്ദേഹത്തെ ഒരു ചലച്ചിത്രകാരനാക്കി മാറ്റിയതെന്ന് പറയാം. തത്വചിന്തകൻ ആവണം എന്ന ആഗ്രഹവുമായി നടന്നിരുന്ന അക്കാലത്ത് ആ ക്യമാറ കൊണ്ട് അദ്ദേഹത്തിന് ഉപയോഗമൊന്നുമുണ്ടായിരുന്നില്ല. രണ്ട് വർഷത്തോളം ആ ക്യാമറ അദ്ദേഹം ഉപയോഗിച്ചതേയില്ല. അദ്ദേഹത്തിന്റെ സ്കൂൾ പഠനാവസാനകാലത്ത് ഹംഗറിയിലെ മാവോവാദികൾ എന്ന് വിളിക്കാവുന്ന റാഡിക്കൽ ഇടതുപക്ഷ ഗ്രൂപ്പുകളുമായി അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു. തൊഴിലാളികളോടൊപ്പം ജീവിക്കുകയും അവരോടൊപ്പം ജോലി ചെയ്യുകയും ഒക്കെ ചെയ്തിരുന്നു. തനിക്ക് ലഭിച്ച 8 എം എം ക്യാമറ ഉപയോഗിച്ച് ഈ തൊഴിലാളികളുടെ ഒരു പ്രശ്നം ഡോക്യുമെന്ററി രൂപത്തിൽ അദ്ദേഹം പകർത്തുകയുണ്ടായി. 1971ൽ നി‍ർമിച്ച ഈ ഡോക്യുമെന്ററിയുടെ പേര് ഗസ്റ്റ് വർക്കേഴ്സ് എന്നായിരുന്നു. ഇതിന് ആ വർഷത്തെ ഒരു അമേച്വർ ഫിലിം ഫെസ്റ്റിവെലിൽ സമ്മാനം ലഭിക്കുകയും ചെയ്തു. ഈ സിനിമ തൊഴിലാളികൾക്കിടയിൽ അന്ന് വ്യാപകമായി പ്രദർശിപ്പിച്ചിരുന്നുവെങ്കിലും തായും ഹംഗറിയിലെ കമ്യൂണിസ്റ്റ് പാർടിയും തമ്മിലുള്ള പൊരുത്തക്കേടുകൾ ആരംഭിക്കുന്നതും അവിടെവച്ചായിരുന്നു. അദ്ദേഹത്തിന് ഉപരിപഠനത്തിന് രാജ്യത്തെ ഒരു കോളേജിലും ചേരാൻ സർക്കാർ അനുവാദം നൽകിയില്ല. തുടർന്ന് രണ്ട് വർഷത്തോളം തുറമുഖത്തൊഴിലാളിയായെങ്കിലും അത്രയും കടുത്ത ജോലി ചെയ്യുവാനുള്ള ആരോഗ്യം അദ്ദേഹത്തിനില്ലായിരുന്നു. ഇതിനിടയിൽ ബുഡാപെസ്റ്റിലെ പ്രശസ്തമായ ELTE സർവകലാശാലയിൽ തത്വചിന്താപഠനത്തിനുള്ള പ്രവേശനപരീക്ഷ എഴുതി. ഈ പരീക്ഷയിൽ കമ്യൂണിസ്റ്റ് മാനിഫെസ്റ്റൊ എന്ന കൃതി ഒരു രാഷ്ട്രീയപരിപാടി എന്നതിലുപരി ഒരു കലാകൃതിയാണെന്നും കമ്യൂണിസം എന്നാൽ സ്ഥാപനവൽക്കരിക്കപ്പെട്ട ഒരു രാഷ്ട്രീയരൂപമല്ല മറിച്ച് ഒരു പ്രസ്ഥാനം മാത്രമാണെന്നും അദ്ദേഹം അതിഗംഭീരമായി സമർത്ഥിക്കുകയുണ്ടായി. അതോടുകൂടി ആ സർവകലാശാലയിൽ ചേരാനുള്ള അവസരവും അദ്ദേഹത്തിന് നഷ്ടമായി.

പിന്നീട് ചില സിനിമകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ആദ്യ ഫീച്ചർ സിനിമ പുറത്തുവരുന്നത് 1977ലാണ്. നാട്ടുകാരിയായ ഐറീൻ സാജ്കി എന്ന സ്ത്രീയുടെ വീട് അധികൃതർ ഒഴിപ്പിക്കുന്ന സംഭവം മറഞ്ഞുനിന്ന് ഷൂട്ട് ചെയ്യാൻ ശ്രമിച്ച ബെയ്‍ല തായെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആ സ്ത്രീയുടെ ജീവിതവുമായി ബന്ധപ്പെട്ട യഥാർത്ഥ സംഭവമാണ് ഫാമിലി നെസ്റ്റ് എന്ന ആദ്യത്തെ ഫീച്ചർ സിനിമയിൽ കൈകാര്യം ചെയ്യുന്നത്. ഐറീൻ സാജ്കി തന്നെയാണ് അതിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് ബെയ്‍ലാ തായുടെ പ്രധാനനടിമാരിലൊരാളായി ഒട്ടേറെ സിനിമകളിൽ ഐറീൻ സാജ്കി അഭിനയിച്ചു.

ആദ്യസിനിമ തന്നെ ഒട്ടേറെ പുരസ്കാരങ്ങൾക്ക് അർഹമായി. സിനിമാമേഖലയിൽ തുടരണമെങ്കിൽ ആ വിഷയത്തിൽ ഔപചാരികമായ വിദ്യാഭ്യാസം നേടിയിരിക്കണമെന്ന വാദം ഉയർന്നുവന്നതോടെ 1978ൽ അദ്ദേഹം സിനിമാപഠനത്തിന് ചേർന്നു. ഫാമിലി നെസ്റ്റ് എന്ന സിനിമയിലൂടെ ഹംഗറിയുടെ സാംസ്കാരികലോകത്തിന്റെ മഴുവൻ ശ്രദ്ധ നേടിയെടുത്ത അദ്ദേഹത്തെ ഇത്തവണ പഠനത്തിൽ നിന്ന് വിലക്കുവാൻ ആർക്കും സാധിച്ചില്ല. പഠിച്ചുകൊണ്ടിരിക്കെ അദ്ദേഹം ക്ലാസിൽ വന്നത് അപൂർവമായ മാത്രമായിരുന്നു. പഠനകാലത്തും അദ്ദേഹം പുറത്തുനിന്ന് സിനിമകൾ ചെയ്തു. ദ് ഔട്സൈഡർ (1980), ദ് പ്രിഫാബ് പീപ്ൾ (1982) എന്നീ ഫീച്ചർ ചിത്രങ്ങളും, പഠിച്ചുകൊണ്ടിരിക്കുന്ന കോഴ്സിന്റെ ഭാഗമായി 1982ൽ തന്നെ ചെയ്ത മാക്ബത് എന്ന സിനിമയും പഠനകാലയളവിൽ അദ്ദേഹം പൂർത്തിയാക്കി. കോഴ്സ് പൂർത്തിയാക്കുമ്പോഴേക്കും രണ്ട് അന്താരാഷ്ട്രപുരസ്കാരങ്ങളും അദ്ദേഹം നേടി.

അൽമനാക് ഒഫ് ഫാൾ (1985), ഡാംനേഷൻ (1988), സാതാൻടാംഗൊ (1994), വെ‍ർകെമെസ്റ്റർ ഹാർമണീസ് (2000), ദ് മാൻ ഫ്രം ലണ്ടൻ (2007), ദ് ടൂറിൻ ഹോഴ്സ് (2011) എന്നിവയാണ് അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മറ്റ് ഫീച്ചർ ചിത്രങ്ങൾ. ദ് ടൂറിൻ ഹോഴ്സ് എന്ന ചിത്രം പൂർത്തിയായതോടെ ഫീച്ചർ സിനിമകൾ സംവിധാനം ചെയ്യുന്നതിൽ നിന്ന് വിരമിക്കുന്നതായി ബെയ്‍ല താ പ്രഖ്യാപിച്ചു. അതിനുശേഷം, 2021ൽ ഈ കുറിപ്പെഴുതുന്ന നേരം വരെ, അദ്ദേഹം ഫീച്ചർ സിനിമകളൊന്നും സംവിധാനം ചെയ്തിട്ടില്ല.

“തീർച്ചയായും ഇതെന്റെ ഒടുവിലത്തെ സിനിമയാണ്. മനോഹരമായ ഒരു ബൂർഷ്വാജോലിയാണ് സിനിമാനിർമാണം. ഇനിയും വേണമെങ്കിൽ പത്തോ പതിനഞ്ചോ സിനിമകൾ എനിക്ക് ചെയ്യാം. അങ്ങിനെ ഞാൻ ചെയ്തത് തന്നെ ആവർത്തിച്ചുകൊണ്ടിരിക്കാം, പക്ഷെ അതെനിക്കിഷ്ടമല്ല. പണമുണ്ടാക്കാൻ മാത്രമായി ഒരേ പോലെയുള്ള സിനിമകൾ തന്നെ ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല. എനിക്ക് കാഴ്ചക്കാരോട് ബഹുമാനമുണ്ട്, ഞാൻ ചെയ്തിട്ടുള്ള സിനിമകളോടും ബഹുമാനമുണ്ട്. ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞിട്ടുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇനിയും [സിനിമ] ചെയ്യുവാൻ ന്യായമില്ല. എന്റെ സിനിമകളെ എനിക്ക് എന്നിൽ നിന്നുതന്നെ സംരക്ഷിച്ചുനിർത്തേണ്ടതുണ്ട്” എന്നാണ് 2011ലെ ന്യൂയോർക് ഫിലിം ഫെസ്റ്റിവെലിൽ ദ് ടൂറിൻ ഹോഴ്സ് എന്ന ചിത്രത്തിന്റെ പ്രദർശനത്തിന് ശേഷം ബെയ്‍ല താ പ്രേക്ഷകരോട് പറഞ്ഞത്.

ചലച്ചിത്രസംവിധാനം ഉപേക്ഷിച്ചുവെങ്കിലും അദ്ദേഹം സിനിമാരംഗത്ത് സജീവമായിത്തന്നെ ഉണ്ട്. 2013ൽ ഫിലിം.ഫാക്റ്ററി (film.factory) എന്ന പേരിൽ സരാജവൊയിൽ അദ്ദേഹം ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചിരുന്നു. 2016ൽ അതിന്റെ പ്രവർത്തനവും അദ്ദേഹം അവസാനിപ്പിച്ചു. 2017ൽ ആംസ്റ്റർഡാമിൽ ടിൽ ദ് എന്റ് ഒഫ് ദ് വേൾഡ് എന്ന പേരിൽ ഒരു എക്സിബിഷൻ അദ്ദേഹം സംഘടിപ്പിച്ചിരുന്നു.

രാഷ്ട്രീയ അന്തസ്സ് ഉയർത്തിപ്പിടിക്കുക എന്നത് അദ്ദേഹത്തിന്റെ എക്കാലത്തെയും സുപ്രധാന നിലപാടായിരുന്നു. സിനിമാസംവിധായക ജീവിതത്തിൽ നിന്ന് സ്വയം വിരമിച്ചതിനുശേഷം ഈ നിലപാടുകളുടെ കാര്യത്തിൽ മാറ്റമൊന്നുമില്ലായിരുന്നു. ജാഫർ പനാഹി, മൊഹമ്മദ് റാസാലൊഫ് തുടങ്ങിയ സംവിധായകരെ ഇറാൻ ഭരണകൂടം തടവിലാക്കിയപ്പോൾ ശക്തമായി പ്രതികരിച്ച ചലച്ചിത്രകാരനായിരുന്നു അദ്ദേഹം. സ്വന്തം നാട്ടിനും മനുഷ്യർക്കും വേണ്ടി സംസാരിക്കുന്ന കലാകാരന്മാരെ തടവിലാക്കുന്നതിനെ അങ്ങേയറ്റം അപലപിക്കുന്ന വ്യക്തമായ നിലപാടായിരുന്നു അന്ന് അദ്ദേഹം ഇറക്കിയ പ്രസ്താവനയിൽ ഉണ്ടായിരുന്നത്.

അദ്ദേഹത്തിന്റെ ഭൂരിഭാഗം സിനിമകളും ബ്ലാക് & വൈറ്റിൽ ചെയ്തതായിരുന്നു. നീണ്ട ഷോട്ടുകളും ടേക്കുകളും അദ്ദേഹത്തിന്റെ ഒരു പ്രധാനസവിശേഷതയാണ്. ഒരു സിനിമയുടെ ചിത്രീകരണം തുടങ്ങുമ്പോഴേക്കും ആ സിനിമ മുഴുവനായും അദ്ദേഹത്തിന്റെ മനസ്സിൽ രൂപപ്പെട്ട് കഴിഞ്ഞിരിക്കും. മനസ്സിൽ രൂപപ്പെട്ടിട്ടുള്ള സിനിമയിൽ നിന്ന് തെല്ലും വ്യത്യാസം ഷൂട്ട് ചെയ്യുമ്പോൾ വരുത്തുവാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ആ രീതിയിലുള്ള ഒരു പെ‍ർഫെക്‍ഷനിസ്റ്റായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ നീണ്ട ടേക്കുകളും ഷോട്ടുകളും വരുമ്പോൾ എവിടെയെങ്കിലും തെറ്റ് വന്നാൽ ആദ്യം തൊട്ടുതന്നെ വീണ്ടും ഷൂട്ട് ചെയ്യേണ്ടുന്ന അവസ്ഥ വരും. ഇങ്ങനെ പത്തും ഇരുപതും തവണ ഒരേ സീൻ റീഷൂട്ട് ചെയ്യേണ്ട സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. ഫിലിം വേസ്റ്റാവും എന്നതുകൊണ്ടും ഷൂട്ടിങ് ഷെഡ്യൂൾ നീണ്ടുപോകും എന്നതുകൊണ്ടും പലപ്പോഴും നിർമാതാക്കൾക്ക് ഇത് ധാരാളം സാമ്പത്തികബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിട്ടുണ്ട് എങ്കിലും തന്റെ ശൈലി മാറ്റുവാൻ അദ്ദേഹം ഒരിക്കലും തയ്യാറായിരുന്നില്ല.

ആദ്യം തന്നെ തിരക്കഥ-സംഭാഷണ രചന നടത്തി, സ്റ്റോറി ബോഡ് തയ്യാറാക്കിക്കൊണ്ട് ആരംഭിക്കുന്ന പരമ്പരാഗത സിനിമാനിർമാണരീതികളോട് ശക്തമായ വിയോജിപ്പ് ഉണ്ടായിരുന്ന ആളായിരുന്നു ബെയ്‍ല താ. ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെയാണ്:

“ആദ്യം തന്നെ തിരക്കഥയോ സംഭാഷണങ്ങളോ രചിക്കുകയല്ല വേണ്ടത്. സിനിമയുടെ കഥാതന്തു മനസ്സിൽ വച്ചുകൊണ്ട് ലൊക്കേഷനും അഭിനേതാക്കളെയും കണ്ടെത്തുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. അക്കാര്യം ശരിയായാൽ സിനിമയിൽ ആര് ഏത് സ്ഥലത്ത് അഭിനയിക്കുന്നു എന്നത് ഉറപ്പ് വരുത്തണം. അതിനുശേഷമേ തിരക്കഥാരചന ആരംഭിക്കാവൂ. അപ്പോൾ മാത്രമാണ് ക്യാമറ എവിടെ വെക്കണമെന്നതും എന്താണ് ചിത്രീകരിക്കാൻ പോകുന്നത് എന്നതും സബന്ധിച്ച കൃത്യമായ രൂപം മനസ്സിലേക്കെത്തുന്നത്.”

സംവിധാനം ചെയ്ത ചിത്രങ്ങൾ ഒരിക്കലും സ്വന്തം സൃഷ്ടി എന്ന നിലയിൽ മാത്രമായി ചുരുക്കി അദ്ദേഹം അവതരിപ്പിക്കാറില്ല. ബെയ്‍ലാ താ എന്നത് ഒരു ബ്രാന്റ് നെയിം ആയിട്ടാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. തന്നോടൊപ്പം ഭാര്യയും ഫിലിം എഡിറ്ററുമായ ആഗ്നസ് രാനിറ്റ്സ്കി, എഴുത്തുകാരനായ ലാസ്‍ലൊ ക്രാസ്നോ‍ർകൈ, സംഗീതസംവിധായകനായ മിഹാലി വിഗ് എന്നിവർ കൂടി ചേർന്നാണ് സിനിമയുടെ സൃഷ്ടി നടക്കുന്നതെന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്.  അതുപോലെ സിനിമയുടെ തുടക്കത്തിലും ഒടുക്കത്തിലും ക്രെഡിറ്റുകൾ കാണിക്കുമ്പോൾ ആ സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച സംവിധായകനായ താനുൾപ്പെടെയുള്ള എല്ലാവരുടെയും പേരുകൾ ഒരേ ഫോണ്ടിൽ ഒരേ വലിപ്പത്തിൽ ആണ് അദ്ദേഹം നൽകാറുണ്ടായിരുന്നത്. ഒരു സിനിമയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ഒരേ പ്രാധാന്യമാണ് അദ്ദേഹം എല്ലാ കാലത്തും നൽകിയിരുന്നത് എന്ന‍ർത്ഥം.

അദ്ദേഹത്തിന്റെ സംവിധായകകാലത്തും തുടർന്നും കാൻ, ബെർലിൻ ചലച്ചിത്രമേളകളിൽ നിന്ന് ഉൾപ്പെടെയുള്ള നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. BIAFF (Batumi International Art-House Film Festival) ൽ2012ൽ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. 2017ൽ സാർഡീനിയി ഫിലിം ഫെസ്റ്റിവെലിലും സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

“ബെയ്‍ല താ സിനിമാലോകത്തെ ഏറ്റവും സാഹസികരായ കലാകാരന്മാരിലൊരാളാണ്. അദ്ദേഹത്തിന്റെ സാതാൻടാംഗൊ, ദ് ടൂറിൻ ഹോഴ്സ് തുടങ്ങിയ ചിത്രങ്ങൾ, യഥാ‍ർത്ഥത്തിൽ നാം നേരിട്ട് നമ്മുടെ ഉള്ളിലേക്കെടുക്കുകയും മനസ്സിൽക്കിടന്ന് വികസിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നവയാണ്” എന്നാണ് സുപ്രസിദ്ധ ചലച്ചിത്രകാരനായ മാർടിൻ സ്കോ‍സെസെ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

എഴുത്ത് : ആര്‍ നന്ദലാല്‍

രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍

തയ്യാറാക്കിയത് : ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി, പയ്യന്നൂര്‍

ബെയ്‍ല തായുടെ പ്രസിദ്ധമായ മൂന്നു സിനിമകള്‍ കാണാം

 

The outsider (1961)

 

Werckmeister Harmonies (2000)

https://youtu.be/gMGUWl7HP5Y

 

The Turin Horse 2011

https://youtu.be/MztXKjuzHvg

 


1 Comment
  1. satheesh kumar.k

    July 23, 2021 at 12:26 pm

    Hi,
    Dears its a great thing you creative people showing films and conducting festivals.All the best for your upcoming programmes.

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *