ക്ലോദ് ഷബ്രോൾ (ജനനം – 1930 ജൂൺ 24)

ജന്മദിന സ്മരണ

ക്ലോദ് ഷബ്രോൾ Claude Chabrol

(ജനനം – 1930 ജൂൺ 24)

ഫ്രഞ്ച് നവതരംഗസിനിമാധാരയിലെ പ്രസിദ്ധ സംവിധായകനാണ് ക്ലോദ് ഷബ്രോൾ. ഈ ധാരയിലെ ആദ്യചിത്രമായി പരിഗണിക്കപ്പെടുന്നത് ഷബ്രോൾ സംവിധാനം ചെയ്ത ലെ ബ്യൂ സെർജ് എന്ന ചിത്രമാണ്. ‘മുഖ്യധാരാ’ നവതരംഗസംവിധായകൻ എന്നറിയപ്പെട്ട ഷബ്രോളിന്റെ പ്രധാനസവിശേഷത കൊലപാതകങ്ങളും അന്വേഷണവും ഉൾപ്പെടുന്ന ത്രില്ലറുകളാണ്. ഫ്രഞ്ച് നവതരംഗധാരയിലെ തന്റെ സഹചാരികളായ ഴാങ് ലുക് ഗൊദാ‍ർദ്, ഫ്രാൻസ്വാ ത്രൂഫൊ, എറിക് ഹോമ‍ർ, ജാക്വെസ് റിവെ എന്നിവരെയെല്ലാം പോലെ കഹിയേ ദു സിനിമാ എന്ന വിഖ്യാത ഫ്രഞ്ച് സിനിമാപ്രസിദ്ധീകരണത്തിലെ നിരൂപകനായിക്കൊണ്ട് തന്നെയാണ് ഷബ്രോളും സിനിമാരംഗത്തേക്ക് എത്തുന്നത്. ചലച്ചിത്ര സംവിധായകൻ എന്നതിനൊപ്പം അദ്ദേഹം ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.

മധ്യഫ്രാൻസിലുള്ള ലിമോസിൻ പ്രവിശ്യയിലെ ഭേദപ്പെട്ട ഒരു മധ്യവ‍ർഗകുടുംബത്തിലാണ് ക്ലോദ് ഹെൻറി ഴാങ് ഷബ്രോൾ ജനിച്ചത്. വീട്ടിലെ താൽപര്യ പ്രകാരം ഫാ‍ർമസി പഠനം പൂർത്തിയാക്കിയെങ്കിലും അദ്ദേഹത്തിന്റെ താൽപര്യം സിനിമകളോടായിരുന്നു. പഠനനാനന്തരമുള്ള നി‍ർബന്ധിത പട്ടാളസേവനം അവിടത്തെ സിനിമാ പ്രൊജക്‍ഷനിസ്റ്റ് എന്ന നിലയിലായിരുന്നു. പിന്നീട് ഫ്രാൻസിലെ സിനിമാക്ലബുകളിലെ നിത്യസന്ദർശകനായി മാറിയ ഷബ്രോൾ അവിടെ വച്ചാണ് നവതരംഗധാരയിലെ മറ്റ് സംവിധായകരെ പരിചയപ്പെടുന്നതും അവരോടൊപ്പം കഹിയേ ദു സിനിമയിലേക്കെത്തുന്നതും.

ആൽഫ്രഡ് ഹിച്കോക്കിന്റെ സിനിമകളുടെ വലിയ ആരാധകനായിരുന്നു ഷബ്രോൾ. അദ്ദേഹത്തിന്റെ മിക്ക സിനിമകളിലും ഈ സ്വാധീനം ഒളിഞ്ഞും തെളിഞ്ഞും പ്രകടവുമാണ്. അദ്ദേഹവും എറിക് ഹോമറും ചേർന്ന് 1957ൽ ഹിച്കോക് എന്ന പുസ്തകം രചിച്ചു. ആദ്യഭാര്യയിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ചാണ് തന്റെ ആദ്യ ചിത്രവും ഫ്രഞ്ച് നവതരംഗധാരയിലെ തന്നെ ആദ്യ ഫീച്ചർ സിനിമയുമായ ലെ ബ്യൂ സർജ് എന്ന ചിത്രം 1958ൽ അദ്ദേഹം സംവിധാനം ചെയ്തത്. ലൊകാർണൊ ചലച്ചിത്രോത്സവത്തിൽ അവാർഡ് ലഭിച്ച ചിത്രമായിരുന്നു ഇത്. 1959ൽ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ ലെ കസിൻസ് പുറത്തുവന്നു. തു‍ടർന്നിങ്ങോട്ട് ഒരു വ‍ർഷം ഒരു ചിത്രം എന്ന തോതിൽ സംവിധാനം ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

എറിക് ഹോമറുടെയും ജാക്വെസ് റിവെയുടെയും ആദ്യ ചിത്രത്തിന്റെ നിർമാതാവും ഗൊദാർദിന്റെ ബ്രെത്‍ലെസ് എന്ന ചിത്രത്തിന്റെ സാങ്കേതിക ഉപദേഷ്ടാവും ഷബ്രോൾ ആയിരുന്നു. ലെ കസിൻസ് മുതൽ ഷബ്രോളിന്റെ ഒരു ഡസനോളം സിനിമകൾക്ക് തൂലിക ചലിപ്പിച്ചത് പോൾ ഗെഗോഫ് എന്ന എഴുത്തുകാരനായിരുന്നു. ഷബ്രോൾ സ്വയം ഇടതുപക്ഷത്ത് പ്രതിഷ്ഠിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു. അതേ സമയം ഗെഗോഫാകട്ടെ ഒരു വലതുപക്ഷക്കാരനും. ഈ രാഷ്ട്രീയ വ്യതിയാനം ചില അസ്വസ്ഥതകൾ അവ‍ർക്കിടയിൽ ഉണ്ടാക്കിയിരുന്നുവെങ്കിലും അവർ ഒരുമിച്ച് തന്നെയാണ് പ്രവർത്തിച്ചിരുന്നത്.

À double tour (വെബ് ഓഫ് പാഷൻ-1960), Les Bonnes femmes (1960), Ophélia (1962), Landru (1963), Le Tigre se parfume à la dynamite (1964), Le Scandale (1967), La Route de Corinthe (1967), Les Biches (The Does) (1968), La Femme infidèle (1969), Le Boucher (1969), Les noces rouges (ബ്ലഡ് വെഡിങ്-1973), Les innocents aux mains sales (ഇന്നസെന്റ്സ് വിത് ഡേർടി ഹാന്റ്സ്-1973), Nada (1974), Folies bourgeoises (1976), Alice, ou la dernière fugue (1976), Violette Nozière (1978), Les Fantômes du chapelier (ദ് ഹാറ്റേഴ്സ് ഗോസ്റ്റ്സ്-1981), Inspecteur Lavardin (1986), Une Affaire des Femmes (1988), Madame Bovary (1991), Betty (1992), La Cérémonie (എ ജഡ്ജ്മെന്റ് ഇൻ സ്റ്റോൺ-1995), Au coeur du mensonge (1998), Merci pour le chocolat (2000), L’ivresse du pouvoir (കോമഡി ഒഫ് പവ‍-2006), La fille coupée en deux (ദ് ഗേൾ കട് ഇൻ റ്റു-2007), Inspector Bellamy (2009) തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങളാണ്. ഫ്രഞ്ച് നവതരംഗ സംവിധായകരുടെ കൂട്ടത്തിൽ ഏറ്റവുമധികം സിനിമകൾ സംവിധാനം ചെയ്ത വ്യക്തി കൂടിയാണ് ഷബ്രോൾ. ഏതാണ്ട് 50 വർഷം നീണ്ടുനിന്ന് തന്റെ സിനിമാജീവിതത്തിനിടയിൽ 60ൽ അധികം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

ബൂർഷ്വാ വിവാഹമാതൃകകളെ കടുത്ത വിമർശനങ്ങൾക്ക് വിധേയനാക്കിയിരുന്ന ചലച്ചിത്ര സംവിധായനായിരുന്നു ഷബ്രോൾ. ദമ്പതികൾക്കിടയിലെ സംഘർഷങ്ങളും ആ ബന്ധത്തിലെ കുട്ടി ഈ സംഘർഷങ്ങളെ നോക്കിക്കാണുന്നതും അദ്ദേഹം ചലച്ചിത്രത്തിന് വിഷയമാക്കിയിട്ടുണ്ട്. “ബൂർഷ്വാ കുടുംബങ്ങളിൽ നിലനിൽക്കുന്ന ഒരേയൊരു സ്നേഹം എന്നു പറയുന്നത് അച്ഛനും അമ്മയ്ക്കും അവരുടെ മക്കളോടുള്ള സ്നേഹം മാത്രമാണ്. ഞാൻ വിവാഹത്തിനോ കുടുംബവ്യവസ്ഥയ്ക്കോ എതിരല്ല. എന്റെ എതിർപ്പ് ബൂർഷ്വാ കുടുംബങ്ങളോട് മാത്രമാണ്” എന്ന് ഷബ്രോൾ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ബൂർഷ്വാസിയെ ഉള്ളിൽ നിന്നുതന്നെ നിരന്തരം അക്രമിച്ച ചലച്ചിത്രകാരനായിരുന്നു ഷബ്രോൾ.

അദ്ദേഹത്തിന്റെ ആദ്യചിത്രം തന്നെ ഫ്രാൻസിലെ മികച്ച സിനിമയ്ക്കുള്ള ഴാങ് വിഗൊ പുരസ്കാരം നേടിയ ചിത്രമാണ്. തുടർന്നും ദേശീയവും അന്ത‍ർദേശിയവുമായ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിവന്നിട്ടുണ്ട്.

രക്താ‍ർബുദബാധയെത്തുടർന്ന് 2010 സെപ്റ്റംബ‍ർ 12ന് എൺപതാം വയസ്സിൽ പാരീസിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

ഷബ്രോളിന്റെ La Ceremonie 1995 എന്ന സിനിമ കാണാം

 

എഴുത്ത് : ആര്‍ നന്ദലാല്‍

രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍

തയ്യാറാക്കിയത് : ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി, പയ്യന്നൂര്‍


2 Comments
  1. Nithya

    June 24, 2021 at 12:38 pm

    Good👍🏻

    Reply
  2. Sajith Thejam

    June 24, 2021 at 5:00 pm

    Super

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *