ഴാങ്ങ് ലുക്ക് ഗോദാർദ് (ജനനം : 1930 ഡിസമ്പർ 3)

ജന്മദിന സ്മരണ

ഴാങ്ങ് ലുക്ക് ഗോദാർദ് (ജനനം : 1930 ഡിസമ്പർ 3)

ഫ്രഞ്ച് നവതരംഗ സിനിമയുടെ ഉപജ്ഞാതാക്കളിൽ ഒരാളായ ഴാങ് ലൂക് ഗൊദാര്‍ദിന് ഡിസംബർ 3 ന് 91 വയസ്സ് തികയുകയാണ്. കഴിഞ്ഞ ആറ് പതിറ്റാണ്ട് ലോകചലച്ചിത്രവേദിയിൽ നിറഞ്ഞുനിന്ന ഈ അതുല്യപ്രതിഭയുടെ സാർത്ഥകമായ ജീവിതത്തിന് ഈ സന്ദർഭത്തിൽ ലോകം ആഹ്ളാദപൂർവ്വം ആദരവർപ്പിക്കുകയാണ്.

ഴാങ്ങ് ലുക്ക് ഗോദാർദ് 1930 ഡിസമ്പർ 3 ന് പാരീസിൽ ഒരു ഇടത്തരം ഫ്രഞ്ച് – സ്വിസ്സ് കുടുംബത്തിലെ നാലു മക്കളിൽ രണ്ടാമനായി ജനിച്ചു. അച്ഛൻ ഒരു ഡോക്ടറായിരുന്നു. സ്വിറ്റ്സർലണ്ടിലെ പ്രശസ്ത ബാങ്കർമാരുടെ കുടുംബത്തിലായിരുന്നു അമ്മ. രണ്ടാം ലോകയുദ്ധകാലത്ത് സ്വിറ്റ്സർലണ്ടിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം.1948 ൽ മാതാപിതാക്കൾ വിവാഹ ബന്ധം വേർപിരിഞ്ഞപ്പോൾ ഗോദാർദ് പാരീസിലേക്ക് മടങ്ങി.

റിവെറ്റ്, റോമർ എന്നിവരുമായി ചേർന്ന് 1950ൽ ഗസറ്റ് ദു സിനിമ എന്ന മാസിക ഇറക്കി. അഞ്ചു ലക്കങ്ങളേ ഇറങ്ങിയുള്ളൂ. 1952 തൊട്ട് ‘കഹിയേ ദു സിനിമ ‘യിൽ സിനിമാ നിരൂപണമെഴുതിത്തുടങ്ങി. സ്വിറ്റ്സർലണ്ടിലെ ഒരു അണക്കെട്ട് നിർമ്മാണ ഘട്ടത്തിൽ തൊഴിലാളിയായിച്ചേർന്ന ഗോദാർദ് 1958ൽ  അതിൽ നിന്നുള്ള വരുമാനം കൊണ്ട് അതിനെപ്പറ്റി  “ഓപ്പറേഷൻ കോൺക്രീറ്റ് ‘എന്ന ചിത്രമെടുത്തു. അക്കൊല്ലം അമ്മ വാഹനാപകടത്തിൽ മരിച്ചു. തുടർന്ന് ഫ്രാൻസിൽ ഴാങ്ങ്കോക്തു, മാക് സെന്നറ്റ് എന്നിവർക്ക് ആദരമർപ്പിച്ചു കൊണ്ട് രണ്ട് – ലഘുചിത്രങ്ങൾ നിർമ്മിച്ച ഗോദാർദ് ഇവയിൽ  ഒരു ചിത്രം ത്രൂഫോയുടെ രചന എഡിറ്റു ചെയ്യുകയായിരുന്നു: എ സ്റ്റോറി ഒഫ് വാട്ടർ. 1960 ൽ ബ്രെത്ത് ലസ്സിന്റെ പണി തുടങ്ങി. അക്കൊല്ലം തന്നെ അന്നാ കരീനയെ സ്വിറ്റ്സർലണ്ടിൽ വച്ച് വിവാഹം ചെയ്തു. 1967 ൽ അവർ പിരിഞ്ഞു. തുടർന്ന് ആൻ വയാസെംസ്കിയെ കല്യാണം കഴിച്ചു. 1979 ൽ മോചനം നേടി. പിന്നീട് ആൻ മേരി മിയെവിൽ ആയിരുന്നു ഭാര്യ.

1960 ൽ  മുപ്പതാം വയസ്സിൽ നിർമ്മിച്ച ‘ബ്രെത്ത്‌ലെസ് ‘ തൊട്ട്  ആരംഭിച്ച ഗൊദാർദിന്റെ ചലച്ചിത്ര രചന 2018 ൽ എൺപത്തി എട്ടാമത്തെ വയസ്സിൽ നിർമ്മിച്ച “ഇമേജ് ബുക്ക് “എന്ന ചിത്രത്തിൽ എത്തിനിൽക്കുന്നു. 45 ഫീച്ചർ ഫിലിമുകളും അനേകം ഡോക്യുമെൻററികളും ലഘുചിത്രങ്ങളും ഏറെ സിനിമാ നിരൂപണങ്ങളും അദ്ദേഹം ചലച്ചിത്രരംഗത്തിനു നൽകിയ മഹത്തായ ഈടുവെപ്പുകളാണ്.

‘കഹിയേ ദു സിനിമ’ എന്ന സിനിമാ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടു ആന്ദ്രേ ബേസിൻ, ഫ്രാൻസ്വാ ത്രൂഫോ, ക്ലോഡ് ഷാബ്രോൾ എന്നിവരുമായി സഹകരിച്ച് ചലച്ചിത്രസിദ്ധാന്തവും നിരൂപണവും വിശകലനങ്ങളും കൈകാര്യം ചെയ്തിരുന്ന ഗോദാർദ്, 1960 -ലാണ് തന്റെ  ആദ്യചിത്രമായ ബ്രത്ത്ലസ്സിലൂടെ പുതിയ, വ്യത്യസ്തനായ ഒരു സംവിധായകന്റെ  വരവറിയിച്ച് ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്. എക്സിസ്റ്റെൻഷ്യലിസം, മാർക്സിസം തുടങ്ങിയ സിദ്ധാന്തങ്ങളുടെ സ്വാധീനം അദ്ദേഹത്തിൻറെ ആദ്യകാലരചനകളിൽ പ്രകടമാണ്. ഉപഭോഗസംസ്കാരത്തെയും ബൂർഷ്വാജീവിതശൈലികളെയും നിരന്തരമായി പരിഹാസത്തിനും വിമർശനത്തിനും വിധേയമാക്കുന്നതിലൂടെ  ഗോദാർദ് പ്രേക്ഷകരുടെ സവിശേഷ ശ്രദ്ധനേടുന്നു. അദ്ദേഹത്തിന്റെ പലചിത്രങ്ങളിലും ആവർത്തിച്ച് കാണാവുന്ന കാറ് കത്തിക്കൽ കൺസ്യൂമറിസത്തിന്റെ രൂപകമായി മാറിയ ഒരു വസ്തുവിന്റെ  ബാധയെ ഉച്ചാടനം ചെയ്യുന്ന പ്രതീകാത്മകമായ ഒരു അനുഷ്ഠാനമായിത്തീരുന്നു.

 

അന്യവൽക്കരണത്തെക്കുറിച്ചുള്ള മാർക്സിന്റെ  പരികല്പനകൾ മാത്രമല്ല എപ്പിക്ക് തിയേറ്ററിൽ ബ്രെഹ്റ്റ് അവലംബിച്ചു പോന്ന നാടകത്തിലെ അന്യവത്കരണസങ്കേതങ്ങളും ഗോദാർദിനെ സ്വാധീനിച്ചിരുന്നു. ഈ സ്വാധീനം സിനിമയിലേക്ക് സവിശേഷമായി വ്യാപിപ്പിക്കുന്നതിൽ ഗോദാർദ് വിജയിച്ചു. എക്കാലത്തെയും മികച്ച 10 ചലച്ചിത്ര സംവിധായകരിൽ ഒരാളായി 2002ൽ ‘സൈറ്റ് ആൻഡ് സൗണ്ട്’ മാസിക ഗൊദാർദിനെ തിരഞ്ഞെടുക്കുന്നുണ്ട്. ഴാങ്ങ്പോൾ ബെൽമോണ്ടോ, അന്നകരീന, ആൻ വയാസംസ്കി എന്നീ പ്രശസ്ത നടീനടന്മാരെയും റൗൾ കോട്ടാർഡ് എന്ന സിനിമാറ്റോഗ്രാഫറെയും സൃഷ്ടിച്ചത് ഗൊദാർദാണ്. ഇതിൽ രണ്ട് നടിമാരെയും വ്യത്യസ്ത കാലഘട്ടങ്ങളിൽ അദ്ദേഹം ജീവിതപങ്കാളിയാക്കിയിരുന്നു.

കലയും പ്രത്യയശാസ്ത്രവും സ്വന്തം മനസ്സും മിക്കപ്പോഴും യാഥാർത്ഥ്യം കണ്ടെത്തുന്നതിന് മനുഷ്യർക്ക് പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നു. ഇത് പ്രമേയമാക്കുന്ന സിനിമകൾ അദ്ദേഹം രചിച്ചിട്ടുണ്ട്. അർഥം നഷ്ടപ്പെട്ട, അസംബന്ധമായി മാറിയ ജീവിതത്തെ ആവിഷ്കരിക്കുന്ന, കാപട്യങ്ങളെ തുറന്നു കാട്ടുന്ന, ദൃശ്യ-ശ്രാവ്യ ബിംബങ്ങളാണ് ഗൊദാർദ് സിനിമകളിൽ നിരന്തരം കടന്നുവരുന്നത്. ബ്രെത്ത്‌ലെസ്, മൈ ലൈഫ് ടു ലിവ്, എ മാരീഡ് വുമൺ,  മാസ്കുലിൻ ഫെമിനിൻ, ആൽഫാവിൽ, കൺടെംപ്റ്റ്, വീക്കെൻഡ്, ബാൻഡ്  ഒഫ്  ഔട്ട്സൈഡേഴ്സ്, പിയറാ ലീഫോ, ലാ ചിനോയിസ് തുടങ്ങിയവയാണ് അദ്ദേഹത്തിൻറെ ഏറ്റവും മികച്ച ചിത്രങ്ങളായി അറിയപ്പെടുന്നത്. 2016 ൽ വന്ന ഗുഡ് ബൈ ടു ലാംഗ്വേജ്, 2018 ൽ വന്ന ഇമേജ് ബുക്ക് എന്നിവയാണ് ഏറ്റവും ഒടുവിലെ രചനകൾ.

സങ്കേതപരമായി നോക്കിയാൽ നവതരംഗചലച്ചിത്രഭാഷയുടെ ചടുലതയ്ക്കും ധീരവും നൂതനവുമായ ഒട്ടേറെ സങ്കേതങ്ങൾക്കും നമ്മൾ ഗോദാർദിനോട് കടപ്പെട്ടിരിക്കുന്നു. വിചിത്രവും വിരുദ്ധോക്തി നിറഞ്ഞതുമായ ദൃശ്യ-ശ്രാവ്യ ആവിഷ്കാരങ്ങൾ, ഉപന്യാസ സമാനമായ വിഷയ പരിചരണങ്ങൾ, സിനിമയ്ക്കകത്ത് കയറി നേരിട്ടുള്ള ഇടപെടലുകൾ തുടങ്ങിയവ ഗൊദാർദിന്റെ  ശൈലിയുടെ സവിശേഷതകളാണ്. “ലോകത്തിലെ ഏറ്റവും സുന്ദരമായ തട്ടിപ്പ് സിനിമയാണ്”, “ഫോട്ടോഗ്രാഫി സത്യമാണ്. സിനിമ സെക്കൻഡിൽ 24 പ്രാവശ്യം സത്യമാണ്”, “സിനിമയിലൂടെ അല്ലാതെ എനിക്ക് ജീവിതത്തെ കുറിച്ച് ഒന്നും അറിയില്ല” എന്നിങ്ങനെ നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്ന ഒട്ടേറെ ഉദ്ധരണികൾ ഗൊദാർദിന്റേതായി ഉണ്ട്.

കാൻ ഉൾപ്പെടെയുള്ള നിരവധി അന്താരാഷ്ട്ര ഫെസ്റ്റിവലുകളിൽ 50 പ്രശസ്തമായ അവാർഡുകളും 75 നാമനിർദ്ദേശങ്ങളും ഗൊദാർദിന് ലഭിച്ചിട്ടുണ്ട്.

എഴുത്ത് : കെ രാമചന്ദ്രന്‍

രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍

തയ്യാറാക്കിയത് : ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി, പയ്യന്നൂര്‍


1 Comment
  1. Madhuraj

    December 3, 2021 at 4:38 pm

    Good writeup.very informative.Thank you..

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *