ഇങ്മർ ബെർഗ്മാൻ (ജനനം – 1918 ജൂലൈ 14)

ജന്മദിന സ്മരണ

ഇങ്മർ ബെർഗ്മാൻ Ingmar Bergman

ജനനം – 1918 ജൂലൈ 14

 

ലോകസിനിമയിൽ വിശേഷണങ്ങൾ ആവശ്യമില്ലാത്ത ചലച്ചിത്രാചാര്യനാണ് ഇങ്മർ ബെർഗ്മാൻ. സ്വീഡിഷ് ചലച്ചിത്രകാരനായ ഈ അതികായനെക്കുറിച്ച് പരാമർശിക്കാതെ ലോകസിനിമയെക്കുറിച്ച് ഒന്നും സംസാരിക്കാനാവില്ല തന്നെ. 1950 മുതൽ ‘60 വരെയുള്ള പത്തുവ‍ർഷക്കാലയളവിൽ ഓരോ വ‍ർഷവും ഒന്നോ രണ്ടോ മാസ്റ്റർപീസെങ്കിലും അദ്ദേഹം ലോകസിനിമയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്. തിരക്കഥാകൃത്ത്, നിർമാതാവ്, നാടകകൃത്ത് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്.

സ്വീഡനിലെ ഉപ്സലയിൽ ഒരു ലൂഥറൻ വൈദികന്റെ മകനായാണ് ഏൺസ്റ്റ് ഇങ്മ‍ർ ബെർഗ്മാൻ ജനിച്ചത്. വൈദികകുടുംബമായതുകൊണ്ടുതന്നെ ധാർമികത സംബന്ധിച്ച് കടുത്ത കാർക്കശ്യങ്ങൾ ഉള്ള വീടായിരുന്നു. വളരെ കടുത്ത അച്ചടക്കനടപടികളായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നത്. ഈ പശ്ചാത്തലം എട്ടാം വയസ്സാകുമ്പോഴേക്കും തന്റെ ദൈവവിശ്വാസം നഷ്ടപ്പെടുന്നതിനിടയാക്കി എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ചെറുപ്പകാലത്ത് സംഘടിപ്പിച്ച മാജിക് ലാന്റേൺ എന്ന ഒരു പ്രോജക്റ്ററാണ് അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്. ഇതുപയോഗിച്ച് അദ്ദേഹം ചലച്ചിത്രകലയിലെ പല പരീക്ഷണങ്ങളും വളരെ ചെറുപ്പം മുതൽ തന്നെ നടത്തിയിരുന്നു. അച്ഛൻ പള്ളിയിലെ ക്ലാസുകൾ നടത്തുന്നതിന്റെ ഭാഗമായി പ്രദർശിപ്പിച്ച ഫാന്റം കാര്യേജ് എന്ന സിനിമ പതിനഞ്ചാം വയസ്സിൽ കാണാനിടയായതാണ് അദ്ദേഹത്തെ ഏറ്റവുമധികം സ്വാധീനിച്ചതും സിനിമ എന്ന ദൃശ്യകലയിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ ശാശ്വതമായി തിരിയുന്നതിനിടയാക്കിയതും.

സ്കൂൾ വിദ്യാഭ്യാസാനന്തരമുള്ള നി‍ർബന്ധിത പട്ടാളസേവനത്തിന് ശേഷം 1937ൽ സ്റ്റോക്ഹോം യൂനിവേഴ്സിറ്റി കോളേജിൽ അദ്ദേഹം കലാ-സാഹിത്യ പഠനത്തിനായി ചേർന്നു. അവിടെ അദ്ദേഹം വിദ്യാർത്ഥികളുടെ തിയറ്ററിൽ സജീവമായി മാറി. അതിനിടയിൽ അച്ഛനുമായി പിണങ്ങുകയും വീട് വിട്ടിറങ്ങുകയും ചെയ്തിരുന്നു. തുടർന്ന് നാടകസംവിധായകനായി മാറിയ അദ്ദേഹം വളരെ പെട്ടെന്ന് ശ്രദ്ധേയനാവുകയും 1944ൽ ഹെൽസിങ്ബോർഗ് സിറ്റി തിയറ്ററിലെ പ്രധാനസംവിധായകനായി നിയമിക്കപ്പെടുകയും ചെയ്തു. സിനിമയിൽ പ്രശസ്തിയുടെ പരമകോടിയിലെത്തിനിൽക്കുമ്പോൾ പോലും അദ്ദേഹം നിരന്തരമായി തിയറ്റർ പ്രവർത്തനങ്ങളിൽ മുഴുകിയിരുന്നു. അദ്ദേഹം സ്വന്തമായി ധാരാളമായി നാടകങ്ങൾ രചിക്കുകയും ചെയ്തിരുന്നു. 170ഓളം നാടങ്ങൾ അദ്ദേഹം തന്റെ ജീവിതകാലത്ത് സംവിധാനം ചെയ്തിട്ടുണ്ട്.

എഴുത്തുകാരനായിട്ടായിരുന്നു സിനിമയിലേക്ക് അദ്ദേഹത്തിന്റെ രംഗപ്രവേശം. 1941ൽ സിനിമയ്ക്കു വേണ്ടി എഴുതാനാരംഭിച്ചുവെങ്കിലും 1944ൽ പുറത്തുവന്ന ടോർമെന്റ് എന്ന ചിത്രത്തോടുകൂടിയായിരുന്നു അദ്ദേഹത്തിന്റെ തിരക്കഥകൾ ശ്രദ്ധിക്കപ്പെടുവാനാരംഭിച്ചത്. തന്റെ തന്നെ സ്കൂൾ അനുഭവങ്ങളെ അടിസ്ഥാനമാക്കി, സ്വീഡിഷ് ഔപചാരികവിദ്യാഭ്യാസസമ്പ്രദായത്തെ ഒന്നടങ്കം കടുത്ത വിമർശനങ്ങൾക്ക് വിധേയമാക്കിയ ഈ ചിത്രം അന്ന് തന്നെ വിവാദങ്ങളുണ്ടാക്കിയിരുന്നു. ദ്രോഹബുദ്ധികളായ പിതൃസമാന‍ വ്യക്തികളാൽ അടിച്ചമർത്തപ്പെടുന്ന കുട്ടികൾ അദ്ദേഹത്തിന്റെ ആദ്യകാലസിനിമകളിലെ ഒരു പ്രധാന ആശയമായിരുന്നു. സ്വന്തം ജീവിതത്തിലെ അനുഭവങ്ങളാണ് ഇത്തരത്തിലുള്ള ആശയം തിരഞ്ഞെടുക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചിരുന്നത്. ഈ ചിത്രം നേടിയ വിജയം അദ്ദേഹത്തെ ചലച്ചിത്രസംവിധാനരംഗത്തേക്കെത്തിച്ചു. 1946ൽ ക്രൈസിസ് എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തതെങ്കിലും സംവിധായകൻ എന്ന നിലയിൽ ശ്രദ്ധിക്കപ്പെടുന്നത് 1951ൽ സംവിധാനം ചെയ്ത സമ്മർ ഇന്റർലൂഡ് എന്ന ചിത്രത്തിലൂടെയാണ്. 1955ൽ സംവിധാനം ചെയ്ത സ്മൈൽസ് ഒഫ് എ സമ്മർനൈറ്റ് എന്ന ചിത്രത്തിലൂടെ അദ്ദേഹം അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെടാനാരംഭിച്ചു.

ഇതിനെത്തുടർന്നിറങ്ങിയ മൂന്ന് സിനിമകൾ സ്കാൻഡിനേവിയൻ സിനിമയുടെ എന്നല്ല യൂറോപ്യൻ ആർട്സിനിമയിൽ മൊത്തത്തിലുള്ള മികച്ച സിനിമകളുടെ മകുടോദാഹരണങ്ങളായി മാറി. ദ് സെവൻത് സീൽ (1957), വൈൽഡ് സ്ട്രോബറീസ് (1957), ദ് വിർജിൻ സ്പ്രീങ് (1960) എന്നിവയായിരുന്നു ആ ചിത്രങ്ങൾ. അദ്ദേഹത്തെ എക്കാലവും ഏറെ ആകർഷിച്ചിരുന്ന ചിത്രമായ ദ് ഫാന്റം കാര്യജിൽ അഭിനയിച്ചിരുന്ന വിക്റ്റ‍ർ സോസ്റ്റോമായിരുന്ന വൈൽഡ് സ്ട്രോബറീസ് എന്ന ചിത്രത്തിലെ പ്രധാനകഥാപാത്രമായ ഇസാക് ബോർഗ് എന്ന വിരമിച്ച കോളേജ് പ്രൊഫസറെ അവതരിപ്പിച്ചത്. സോസ്റ്റോം അവസാനമായി അഭിനയിച്ച ചിത്രവും ഇതായിരുന്നു. പ്ലേഗ് ബാധിച്ച മധ്യകാലയൂറോപ്പിൽ, കുരിശുയുദ്ധം കഴിഞ്ഞ് മടങ്ങുന്ന പടയാളി മരണവുമായി ചതുരംഗത്തിലേർപ്പെടുന്നതാണ് ദ് സെവൻത് സീൽ എന്ന ചിത്രത്തിന്റെ വിഷയം. സഹനത്തിന്റെയും നിരാശയുടെയും മുന്നിൽ ജീവിതത്തിന്റെ അർത്ഥം തേടുകയാണ് ഈ മൂന്ന് സിനിമകളും.

സീക്രട്സ് ഒഫ് വിമ്ൻ (1952), സമ്മർ വിഥ് മോനിക (1953), എ ലെസൻ ഇൻ ലവ് (1954), ഡ്രീംസ് (1955), ബ്രിങ്ക് ഒഫ് ലൈഫ് (1958), ദ് മജീഷ്യൻ (1958), ദ് ഡെവിൾസ് ഐ (1960), ത്രൂ എ ഗ്ലാസ് ഡാർക്‍ലി (1961), വിന്റർ ലൈറ്റ് (1963), ദ് സൈലൻസ് (1963), ഓൾ ദീസ് വിമ്ൻ (1964), പെഴ്സോണ (1966), അവർ ഒഫ് ദ് വൂൾഫ് (1968), ഷെയിം (1968), ദ് പാഷൻ ഒഫ് അന്ന (1969), ദ് ടച് (1971), ക്രൈസ് ഏന്റ് വിസ്പേഴ്സ് (1972), സീൻസ് ഫ്രം എ മാര്യേജ് (1973), ഫേസ് റ്റു ഫേസ് (1976), ദ് സെ‍ർപന്റ്സ് എഗ് (1977), ഓടം സൊനാറ്റ (1978), ഫാനി ഏന്റ് അലക്സാണ്ടർ (1982) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രസിദ്ധമായ ചിത്രങ്ങൾ.

ഇവയിൽ  ത്രൂ എ ഗ്ലാസ് ഡാർക്‍ലി, വിന്റർ ലൈറ്റ്, ദ് സൈലൻസ് എന്നീ ചത്രങ്ങൾ മതവിശ്വാസത്തെക്കുറിച്ചുള്ള ചലച്ചിത്രത്രയമായി അറിയപ്പെടുന്നു. ഇതിലെ കഥാപാത്രങ്ങളെല്ലാം സ്വയവും പരസ്പരവും പീഡിപ്പിക്കുന്നവരാണ്. ദൈവമില്ലാതായിപ്പോയ ഒരു ലോകത്ത് മാ‍ർഗനിർദേശവും ആശ്വാസവും തേടുന്നവരാണ് ഈ ചിത്രങ്ങളിലെയെല്ലാം കഥാപാത്രങ്ങൾ. മതവുമായി ബന്ധപ്പെട്ട ബെർഗ്മാന്റെ ചിന്തകൾ ഈ സിനിമകളിൽ കടന്നുവന്നിരുന്നു. ഒരു വൈദികന്റെ മകനായതുകൊണ്ടുതന്നെ ഈ വിഷയത്തിൽ നിന്ന് ഓടിയകലാൻ ഒരിക്കലും അദ്ദേഹത്തിന് സാധിച്ചിരുന്നുമില്ല. അച്ഛനുമായി വഴക്കിട്ടതോടെയാണ് സ്വന്തം മതവിശ്വാസങ്ങളെ ചോദ്യം ചെയ്യാൻ അദ്ദേഹം ആരംഭിച്ചത്. ഒരു കഥാകാരൻ അല്ലെങ്കിൽ ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ അദ്ദേഹത്തിന് ധ്യാനസമാനമായ ശ്രദ്ധയുണ്ടായിരുന്ന കാര്യങ്ങൾ അദ്ദേഹത്തിന്റെ അച്ഛന്റേതിൽ നിന്ന് കാര്യമായി വ്യത്യസ്തമായിരുന്നില്ല എന്ന് പല നിരൂപകരും നിരിക്ഷിച്ചിട്ടുണ്ട്. അദ്ദേഹം തന്നെ പറയുന്നത് ശ്രദ്ധിക്കുക:

“നമ്മൾ ദൈവത്തെക്കുറിച്ചല്ല മറിച്ച് മനുഷ്യന്റെ തന്നെ ഉള്ളിലുള്ള വിശുദ്ധിയെക്കുറിച്ചാണ് സംസാരിക്കേണ്ടത്. മറ്റ് ലോകങ്ങളെക്കുറിച്ചുള്ള അറിവിന്റെ വെളിച്ചം നമ്മിലേക്ക് വരുന്നത് സംഗീതജ്ഞരിലൂടെയും പ്രവാചകരിലൂടെയും മഹത്തുക്കളിലൂടെയും മറ്റുമാണ്. പ്രത്യേകിച്ചും, ഇത് ഉറപ്പായും സംഗീതത്തതിലൂടെ സംഭവിക്കുന്നു. നാം ചോദിക്കുന്നു: ഈ സംഗീതം വരുന്നത് എവിടെ നിന്നാണെന്ന്. നമുക്ക് സംഗീതം ഉള്ളത് എന്തുകൊണ്ടാണെന്ന് ഞാൻ പല സംഗീതജ്ഞരോടും ചോദിച്ചിട്ടുണ്ടെങ്കിലും അവ‍ക്കാർക്കും അതിന് വ്യക്തമായ ഒരു ഉത്തരമുണ്ടായിരുന്നില്ല എന്നത് വളരെ വിചിത്രമായ ഒരു കാര്യമാണ്.”

അദ്ദേഹത്തിന്റെ മൂന്ന് ചിത്രങ്ങൾക്ക് മികച്ച വിദേശഭാഷാചിത്രത്തിനുള്ള അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. കാൻ, ബെർലിൻ, വെനീസ് എന്നുവേണ്ട ലോകത്തിലെ ഒട്ടുമിക്ക ചലച്ചിത്രമേളകളിലും അദ്ദഹത്തിന്റെ ചിത്രങ്ങൾക്ക് പുരസ്കാരം ലഭിച്ചിട്ടുണ്ട്. BAFTA, ഗോൾഡൻ ഗ്ലോബ് അവാർഡുകൾ ഉൾപ്പെടെ മറ്റനേകം പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

മാജിക് ലാന്റേൺ എന്ന പേരിൽ അദ്ദേഹം എഴുതിയിട്ടുള്ള ആത്മകഥ വളരെ പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ തന്നെ ഇമേജസ്: മൈ ലൈഫ് ഇൻ ഫിലിം എന്ന കൃതിയും വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.

പ്രമുഖ സംവിധായകനായ വുഡി അലൻ ബെർഗ്മാനെ വിശേഷിപ്പിച്ചത് മോഷൻ പിക്ചർ ക്യാമറ കണ്ടുപിടിച്ചതിന് ശേഷമുള്ള കാലത്തെ ഏറ്റവും മഹാനായ കലാകാരൻ എന്നായിരുന്നു. സിനിമ എന്ന മാധ്യമത്തിൽ നിന്ന് ഷെയ്ക്സ്പിയറിനോടോ റംബ്രാന്റിനോടോ ഏറ്റവുമടുത്ത് നിർത്താവുന്ന വ്യക്തി എന്നാണ് പ്രമുഖ നിരൂപകനായ പീറ്റ‍ർ കൊവി ബെർഗ്മാനെ വിശേഷിപ്പിച്ചത്. ഈ വിശേഷണങ്ങളെല്ലാം വിരൽ ചൂണ്ടുന്നത് സിനിമ എന്ന മാധ്യമം ലോകത്തിന് സംഭാവന ചെയ്ത കലാകാരന്മാരിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യക്തിയാണ് ഇംഗ്മർ ബെർഗ്മാൻ എന്ന യാഥാർത്ഥ്യത്തിലേക്കാണ്.

മാക്സ് വൊൺ സിഡൊ എന്ന നടനെ അദ്ദേഹം മിക്ക സിനിമകളിലും ഉൾപ്പെടുത്തിയിരുന്നു. അതുപോലെ സ്വെൻ നിക്വിസ്റ്റ് ആയിരുന്നു അദ്ദേഹത്തിന്റെ സ്ഥിരം ഛായാഗ്രാഹകൻ. ഇത്തരം സ്ഥിരം പങ്കാളികൾ ബെർഗ്മാനെ വളരെ കൃത്യമായി മനസ്സിലാക്കുകയും അദ്ദേഹം മനസ്സിൽ ഉദ്ദേശിക്കുന്ന കാര്യം ഫലത്തിൽ കൊണ്ടുവരികയും ചെയ്യുന്നവരാണ്. അതുപോലെ ബിബി ആൻഡേഴ്സൺ, ഹാരിയറ്റ് ആൻഡേഴ്സൺ, ഇൻഗ്രിഡ് തുലിൻ തുടങ്ങിയ നടിമാരെയും അദ്ദേഹം സ്ഥിരമായി തന്റെ സിനിമകളിൽ ഉപയോഗിച്ചിരുന്നു.

2003ൽ ടെലിവിഷന് വേണ്ടി ചെയ്ത സാറാബാന്റ് ആണ് ബെർഗ്മാൻ സംവിധാനം ചെയ്ത അവസാനചിത്രം. തുടർന്ന് സിനിമാജീവിതത്തിൽ നിന്ന് അദ്ദേഹം വിരമിക്കുകയാരുന്നു. 2006ൽ ഇടുപ്പെല്ലിന് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. തുടർന്ന് ആരോഗ്യം ക്ഷയിച്ചുവന്ന അദ്ദേഹം 2007 ജൂലൈ 30ന് ഉറക്കത്തിനിടയിൽ മരണപ്പെടുകയാണുണ്ടായത്. തന്റെ 89 ആം ജന്മദിനം കഴിഞ്ഞ് പതിനാറ് ദിവസങ്ങൾ പിന്നിട്ടപ്പോഴായിരുന്നു അദ്ദേഹം അന്തരിച്ചത്.

എഴുത്ത് : ആര്‍ നന്ദലാല്‍

രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍

തയ്യാറാക്കിയത് : ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി, പയ്യന്നൂര്‍

 

ബെർഗ്മാന്റെ പ്രസിദ്ധമായ ഏഴുസിനിമകള്‍ കാണാം

Wild Strawberries

https://youtu.be/IZhYtsGJz78

 

The Seventh Seal

https://youtu.be/iUXBevWxjbA

 

Persona (1966)

https://youtu.be/T2b3I3mrv6Q

 

Brink of Life (1958)

 

Hour of the Wolf (1968)

https://youtu.be/eqsVjwZUtKU

 

Winter Light (1963)

https://youtu.be/o3w0IQsN8XQ

 

The Silence (1963)

https://youtu.be/XVTyh2Zgrm8


Write a Reply or Comment

Your email address will not be published. Required fields are marked *