ഴോങ് റെന്വാ (ജനനം – 1894 സെപ്റ്റംബർ 15) Jean Renoir
ഒരു സിനിമ അതിന്റെ സംവിധായകരുടെ പേരിൽ അറിയപ്പെടണമെങ്കിൽ, ആ സിനിമ പ്രസ്തുത സംവിധായകരുടെ സവിശേഷവും കൃത്യവുമായ കയ്യൊപ്പോടുകൂടിയ ഒരു കലാസൃഷ്ടിയാണെങ്കിൽ അത്തരം സിനിമകളെ നമുക്ക് ഓറ്റിയർ സിനിമകളെന്ന് വിളിക്കാം. ഓറ്റിയർ എന്നറിയപ്പെട്ട ആദ്യകാല സംവിധായകരിലൊരാളാണ് പ്രമുഖ ഫ്രഞ്ച് ചലച്ചിത്രകാരനായ ഴോങ് റെന്വാ. നിശബ്ദസിനിമകളുടെ കാലത്ത് ചലച്ചിത്രസംവിധാനം ആരംഭിച്ച ആ അനുഗൃഹീതകലാകാരൻ 70കൾ വരെ നീണ്ട തന്റെ നീണ്ട ചലച്ചിത്രസപര്യക്കിടയിൽ നാൽപതിലധികം മികച്ച ചിത്രങ്ങൾ സംവിധാനം ചെയ്തു. തിരക്കഥാകൃത്ത്, നടൻ, നിർമാതാവ്, എഴുത്തുകാരൻ എന്നീ നിലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരാൾ കൂടിയായിരുന്നു റെന്വാ.
പാരീസിലെ മൊഹ്മാർത്രിലാണ് റെന്വാ ജനിച്ചത്. ചിത്രകലയിലെ ഇംപ്രഷനിസ്റ്റ് ശൈലിയുടെ ഉപജ്ഞാതാക്കളിലൊരാളായ പ്രമുഖ ചിത്രകാരൻ ഒഗസ്റ്റെ റെന്വായുടെയും, ഭാര്യയും അദ്ദേഹത്തിന്റെ മികച്ച പല ചിത്രങ്ങളുടെയും മോഡലുമായ അലീനിന്റെയും രണ്ടാമത്തെ മകനായിട്ടാണ് ഴോങ് റെന്വാ ജനിച്ചത്. അദ്ദേഹത്തിന്റെ സഹോദരന്മാരും കലാരംഗത്ത് സജീവമായിരുന്നു. അമ്മയുടെ അടുത്ത ബന്ധുവായ ഗബ്രിയേൽ റെനാർഡ് ആയിരുന്നു റെന്വായെ വളർത്തിയിരുന്നത്. ആ പ്രദേശത്തെ പ്രശസ്തമായ ഗ്യുയിനോൾ എന്ന പാവകളി റെന്വായെ ചെറുപ്പം മുതൽ തന്നെ ആകർഷിച്ചിരുന്നു. കുട്ടിക്കാലത്ത് വളർന്ന, വിവിധ കലകളുടെ സമ്മിശ്രമായ ഈ അന്തരീക്ഷം അദ്ദേഹത്തിനുള്ളിലെ കലാകാരന് വളരാൻ ഏറെ സഹായകമായി. നെയീയിലെ സാങ് ക്വാ കോളേജിലായിരുന്നു പഠനം. ഈ സ്ഥാപനത്തെ പിൽക്കാലത്ത് അദ്ദേഹം തന്നെ വിവരിക്കുന്നത് “മാന്യമായ തടവറ എന്ന് പറയാവുന്ന ഒരിടം” എന്നാണ്. അദ്ദേഹം നീസിൽ നിന്ന് 1910ൽ ബിരുദം നേടിയ ശേഷം പട്ടാളസേവനത്തിനായി ചേർന്നു. കാലിൽ വെടിയുണ്ടയേറ്റതിനെത്തുടർന്ന് പട്ടാളത്തിൽ നിന്ന് തിരിച്ചുവന്ന റെന്വായോടൊപ്പം ഇതുണ്ടാക്കിയ മുടന്ത് ജീവിതകാലം മുഴുവൻ ഉണ്ടായിരുന്നു. പക്ഷെ, പരിക്ക് മൂലം ലഭിച്ച ഈ വിശ്രമകാലത്താണ് സിനിമ എന്ന മാധ്യമത്തോട് അദ്ദേഹം അടുക്കുന്നതും അതിൽ അദ്ദേഹത്തിന് താൽപര്യം ജനിക്കുന്നതും.
1924ൽ അദ്ദേഹം കാതറീൻ എന്ന പേരിൽ ആദ്യത്തെ ഹ്രസ്വസിനിമ സംവിധാനം ചെയ്യുന്നു. സ്വാഭാവികമായും ഇതൊരു നിശബ്ദചിത്രമായിരുന്നു. പിന്നീട് എട്ട് ഹ്രസ്വസിനിമകൾ കൂടി അദ്ദേഹം ചെയ്തു. സിനിമയ്ക്ക് പണം തികയാതെ വന്നപ്പോൾ പലപ്പോഴും അച്ഛന്റെ ചിത്രങ്ങൾ വിറ്റിട്ടായിരുന്നു അദ്ദേഹം പണം കണ്ടെത്തിയിരുന്നത്. 1931ൽ സംവിധാനം ചെയ്ത ബേബീസ് ലാക്സേറ്റീവ് ആണ് അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ശബ്ദചിത്രം.
1930കളുടെ പകുതിയാകുമ്പോഴേക്കും റെന്വാ ഫ്രഞ്ച് ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായ പോപുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുവാനാരംഭിച്ചു. ദ് ക്രൈം ഒഫ് മെസ്യെ ലാങ് (1935), ലൈഫ് ബിലോങ്സ് റ്റു അസ് (1936), ലാ മാർസെയിലേസ് (1938) തുടങ്ങിയ ചിത്രങ്ങൾ ഈ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം മുന്നോട്ട് വച്ചവയായിരുന്നു.
ഗ്രാന്റ് ഇല്യൂഷൻ (1937), ദേ റൂൾസ് ഒഫ് ദ് ഗെയിം (1939) എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന്റെ മാസ്റ്റർപീസുകളായി കണക്കാക്കപ്പെടുന്നവയാണ്.
രണ്ടാം ലോകയുദ്ധകാലത്ത്, നാസികൾ ഫ്രാൻസിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രിച്ചപ്പോൾ മറ്റ് പല കലാകാരരെയും പോലെ റെന്വായും ഹോളിവുഡിലേക്ക് കുടിയേറി. അവിടെവച്ച് അദ്ദേഹം ഒട്ടേറെ സിനിമകൾ ചെയ്തു. സ്വാംപ് വാടർ (1941), ദ് സതേണർ (1945), ഡയറി ഒഫ് എ ചേംബർമെയ്ഡ് (1946), ദ് വുമൺ ഒൺ ദ് ബീച് (1947) എന്നിവ അക്കാലത്തെ ചിത്രങ്ങളിൽ ശ്രദ്ധേയമായവയാണ്. ഹോളിവുഡിൽ അദ്ദേഹം അവസാനം സംവിധാനം ചെയ്ത ചിത്രം ദ് റിവർ ആണ്. അദ്ദേഹം കളറിൽ ചെയ്ത ആദ്യചിത്രവുമാണിത്. 1951ൽ പുറത്തുവന്ന ഈ സിനിമയുടെ ചിത്രീകരണം നടന്നത് ഇന്ത്യയിലാണ്. ഇതിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഇന്ത്യിലെത്തിയപ്പോഴാണ് സത്യജിത് റോയ് അദ്ദേഹത്തെ കാണുന്നതും അവർ തമ്മിൽ സൗഹൃദം ആരംഭിക്കുന്നതും. ദ് റിവർ എന്ന ചിത്രത്തിന്റെ പിന്നണിയിൽ സത്യജിത് റോയിയും സജീവമായി പ്രവർത്തിച്ചിരുന്നു.
ദ് ഗോൾഡൻ കോച്ച് (1952), ഫ്രഞ്ച് കാൻകൻ (1955), എലേന ഏന്റ് ഹെർ മെൻ (1956), ദ് ഡോക്ടേർസ് ഹൊറിബ്ൾ എക്സ്പെരിമെന്റ് (1959), ദ് എല്യൂസീവ് കോർപറൽ (1962), ദ് ലിറ്റിൽ തിയറ്റർ ഒഫ് ഴോങ് റെന്വാ (1970) എന്നിവയാണ് അദ്ദേഹത്തിന്റെ അവസാനകാലചിത്രങ്ങൾ.
ഇറ്റലിയിലെ വിഖ്യാതമായ നിയോറിയലിസ്റ്റ് സിനിമാപ്രസ്ഥാനത്തിന് വഴിമരുന്നിട്ട ചിത്രമായി റെന്വായുടെ 1935ൽ പുറത്തുവന്ന ടോണി എന്ന ചിത്രത്തെ ആന്ദ്രെ ബസാൻ വിലയിരുത്തുന്നുണ്ട്. ഇറ്റാലിയൻ നിയോറിയലിസത്തിന്റെ വരവറിയിച്ച ചിത്രമായി പരക്കെ അറിയപ്പെടുന്ന ഒസേസ്യോൻ (Ossessione) എന്ന ചിത്രത്തിന്റെ സംവിധായകനായ ലുകീനോ വിസ്കോന്തി, ടോണി എന്ന ചിത്രത്തിന്റെ സഹസംവിധായകനായിരുന്നു. ഈ ചിത്രമെടുക്കുവാൻ വിസ്കോന്തിയെ പ്രേരിപ്പിച്ച ദ് പോസ്റ്റ്മാൻ ഓൾവെയ്സ് റിങ്സ് റ്റ്വൈയ്സ് എന്ന പുസ്തകം വിസ്കോന്തിയ്ക്ക് പരിചയപ്പെടുത്തിയതും റെന്വാ ആണ്.
1955ൽ ഓർവെറ്റ് എന്ന ഒരു നാടകവും 1966ൽ ദ് നോട്ബുക്സ് ഒഫ് ക്യാപ്റ്റൻ ജോർജെ എന്ന നോവലും അദ്ദേഹം രചിച്ചു. അച്ഛനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുന്ന അദ്ദേഹത്തിന്റെ പുസ്തകമായ റെന്വാ, മൈ ഫാദർ എന്ന 1962ൽ ഇറങ്ങിയ കൃതി വളരെ പ്രസിദ്ധമാണ്. സ്വന്തം ജീവിതത്തെയും സിനിമകളെയും കുറിച്ച് എഴുതിയ 1974ൽ പുറത്തുവന്ന മൈ ലൈഫ് ഏന്റ് ഫിലിംസ് എന്ന പുസ്തകവും ഏറെ പ്രസിദ്ധമാണ്.
1975ൽ ലഭിച്ച സമഗ്രസംഭാവനയ്ക്കുള്ള ഓസ്കാർ പുരസ്കാരം ഉൾപ്പെടെ നിരവിധി അന്തർദേശീയ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
“വാണിജ്യസിനിമകളല്ലാത്തവയിൽ വളരെ അപൂർവമായി മാത്രമേ നല്ലതുണ്ടാവുകയുള്ളൂ. നിങ്ങൾക്കുവേണ്ടി മാത്രമായി നിങ്ങളൊരു സിനിമയെടുക്കുകയാണെങ്കിൽ, അത് നല്ലതാവാതിരിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്… വാണിജ്യസിനിമാലോകത്ത് ഞാനിപ്പോൾ അറിയപ്പെടുന്നതിലും കൂടുതലായി അതിനോട് ഇഴുകിച്ചേരുവാനായിരുന്നു എന്റെ ആഗ്രഹം. ഞാൻ പ്രൊഫഷണലിസത്തിൽ വിശ്വസിക്കുന്നയാളാണ്” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ വളരെ ശ്രദ്ധേയമാണ്.
“ലോകത്തെ ഏറ്റവും മഹാനായ ചലച്ചിത്രകാരൻ ആരാണെന്നോ? എന്റെ അഭിപ്രായത്തിൽ അതൊരു ഫ്രഞ്ചുകാരനാണ്. ഴോങ് റെന്വാ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്” എന്ന് പറഞ്ഞത് മറ്റാരുമല്ല. ചലച്ചിത്രരംഗത്തെ മുടിചൂടാമന്നനായ ചാർലി ചാപ്ലിൻ ആണ്.
1979 ഫെബ്രുവരി 12ന് എൺപത്തിയഞ്ചാം വയസ്സിൽ ഹൃദയാഘാതത്തെത്തുടർന്ന് കാലിഫോർണിയയിലെ ബെവർലി ഹിൽസിൽ വച്ച് അദ്ദേഹം അന്തരിച്ചു.
എഴുത്ത് : ആര്‍ നന്ദലാല്‍
രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍
തയ്യാറാക്കിയത് : ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി, പയ്യന്നൂര്‍
ഴോങ് റെന്വായുടെ മൂന്നു സിനിമകള്‍ കാണാം.
Diary of a Chambermaid
The Golden Coach
https://youtu.be/0B24NaC4fOY
The River