ലൂകീനോ വിസ്കോന്തി (ജനനം – 1906 നവംബർ 2) Luchino Visconti
ഇറ്റാലിയൻ നിയോറിയലിസ്റ്റ് വസന്തത്തിന് തുടക്കമിട്ട സുപ്രധാനസംവിധായകനാണ് ലൂകീനൊ വിസ്കോന്തി. തിരക്കഥാകൃത്ത്, ഓപെറ സംവിധായകൻ എന്നീ നിലകളിൽ കൂടി അതീവശ്രദ്ധേയങ്ങളായ ഒട്ടേറെ സംഭാവനകൾ അദ്ദേഹം കലാരംഗത്തിന് നൽകിയിട്ടുണ്ട്. ചലച്ചിത്രരംഗത്തെ പിൽക്കാലതലമുറകളിൽ ശ്രദ്ധേയരായ എല്ലാവരെയും ഒരുപോലെ സ്വാധീനിച്ചിട്ടുള്ള ഒരു ചലച്ചിത്രകാരൻ കൂടിയാണ് വിസ്കോന്തി.
എത്രയോ പരമ്പരകളായി ഏറെ സമ്പന്നവും സമൂഹത്തിലെ ഉന്നതശ്രേണിയിൽ പെടുന്നവരുമായ ഒരു ഇറ്റാലിയൻ പ്രഭുകുടുംബത്തിലാണ് ലൂകീനൊ വിസ്കോന്തി ജനിച്ചത്. അദ്ദേഹത്തിന്റെ മുൻതലമുറയെക്കുറിച്ച് ചോസറിന്റെ ദ് മോങ്ക്സ് ടേയ്ൽ എന്ന കൃതിയിൽ പോലും പരാമർശിച്ചിട്ടുണ്ട്. വിദ്യാഭ്യാസം കുടുംബത്തിൽ തന്നെയായിരുന്നെങ്കിലും പഠിത്തത്തോട് വലിയ താൽപര്യമില്ലായിരുന്നു. ചെറുപ്പം തൊട്ടുതന്നെ സിനിമ ഉൾപ്പെടെ എല്ലാ കലകളുമായും പരിചയപ്പെടാനും അവയെല്ലാം പഠിക്കുവാനും സാധിച്ചു. മികച്ച ഒരു സെല്ലൊ വാദകൻ കൂടിയായിരുന്നു വിസ്കോന്തി. ചെറുപ്പകാലത്തുതന്നെ, വീട്ടിൽ വെച്ച് സ്വന്തമായി താൽക്കാലികമായി കെട്ടിയുണ്ടാക്കിയ സ്റ്റേജിൽ ഓരോ ആഴ്ചയും പുതിയ നാടകങ്ങൾ അദ്ദേഹം സംവിധാനം ചെയ്ത് കൂട്ടുകാരോടൊപ്പം അവതരിപ്പിച്ചിരുന്നു. കുടുംബബിസിനസ് നോക്കിനടത്തുവാൻ ആരംഭിച്ചുവെങ്കിലും അത് അദ്ദേഹത്തിന് സാധിക്കുന്നതല്ലായിരുന്നു. ആ കുടുംബത്തിലെ പതിവുപോല അദ്ദേഹവും പട്ടാളത്തിൽ ചേർന്നു. ഇക്കാലത്ത് കുതിരക്കമ്പക്കാരനാവുകയും ഇറ്റലിയിലെ മികച്ച കുതിരപരിശീലകനും കുതിരക്കച്ചവടക്കാരനും ആയി മാറുകയും ചെയ്തു. പിന്നീട് കാറിൽ കമ്പം കയറിയ അദ്ദേഹം വാഹനമോടിക്കെ അപകടത്തിൽ പെട്ട് യാത്രക്കാരൻ മരിക്കാനിടയാവുകയും അതിൽ അങ്ങേയറ്റം കുറ്റബോധം തോന്നിയതിനെത്തുടർന്ന് പിന്നീട് ഇരുപത് വർഷത്തേക്ക് വാഹനമോടിക്കാതിരിക്കുകും ചെയ്തു. മരിച്ച യാത്രികന്റെ കുടുംബത്തെ പിന്നെ എല്ലാ കാലത്തേക്കും നോക്കിയതും വിസ്കോന്തിയായിരുന്നു. അപകടത്തെത്തുടർന്നുണ്ടായ മനസ്താപത്തിൽ നാടുവിട്ടുപോയ വിസ്കോന്തി സഹാറയിലെ താസിലി പ്രദേശത്തെത്തുകയും അവിടെ രണ്ട് മാസത്തോളം ചെലവഴിക്കുകയും ചെയ്തു. ഇതാണ് അദ്ദേഹത്തിന്റെ ജീവിതത്തെ ആകെ മാറ്റിമറിച്ച സംഭവം.
പിന്നീടും പല തവണ പാരീസിലേക്കും മറ്റിടങ്ങളിലേക്കും യാത്ര ചെയ്തു. നിരന്തരമുള്ള യാത്രകളും പുതിയതായി ലഭിച്ച അറിവുകളും കലാകാരന്മാരുമായി പരിചയപ്പെടാനിടയായതും ഒക്കെ വിസ്കോന്തി എന്ന പ്രഭുവിനെ എന്നെന്നേക്കുമായി മാറ്റുന്നതിനിടയാക്കി. അതുവരെ ഫാഷിസത്തെ പിന്തുണച്ചിരുന്ന വിസ്കോന്തി പതുക്കെ ഇടതുപക്ഷ ആശയങ്ങളുമായി അടുക്കുവാനും ഫാഷിസത്തിനെതിരായുള്ള പ്രത്യക്ഷ പ്രതിരോധസമരങ്ങളിൽ പങ്കാളിയാകുവാനും ആരംഭിച്ചു. പാരീസ് സന്ദശനവേളയിൽ അദ്ദേഹം വിഖ്യാത ഫ്രഞ്ച് ചലച്ചിത്രകാരനായ ഴോങ് റെന്വയെ പരിചയപ്പെടാനിടയായി. ഇറ്റലിയിലെ വിഖ്യാതമായ നിയോറിയലിസ്റ്റ് സിനിമാപ്രസ്ഥാനത്തിന് വഴിമരുന്നിട്ട ചിത്രമായി ആന്ദ്രെ ബസാൻ വിലയിരുത്തുന്ന ഴോങ് റെന്വായുടെ 1935ലെ സിനിമയായ ടോണി എന്ന ചിത്രത്തിൽ സംവിധാനസഹായിയായി പ്രവർത്തിച്ചിരുന്നത് ലൂകീനോ വിസ്കോന്തി ആയിരുന്നു. ഇറ്റാലിയൻ നിയോറിയലിസത്തിന്റെ വരവറിയിച്ച ചിത്രമായി പരക്കെ അറിയപ്പെടുന്ന ഒസേസ്യോൻ (Ossessione) എന്ന വിസ്കോന്തിയുടെ ആദ്യത്തെ ഫീച്ചർചിത്രത്തിന് പ്രേരണയായ ദ് പോസ്റ്റ്മാൻ ഓൾവെയ്സ് റിങ്സ് റ്റ്വൈയ്സ് എന്ന പുസ്തകം വിസ്കോന്തിയ്ക്ക് പരിചയപ്പെടുത്തിയത് റെന്വാ ആയിരുന്നു.
1943ലാണ് ഒസേസ്യോൻ പുറത്തുവന്നത്. അതുവരെ സ്റ്റഡിയോയുടെ അകത്തളങ്ങളിൽ വീരേതിഹാസങ്ങളും ഉന്നതവർഗത്തിന്റെ മാത്രം കഥകളും പറഞ്ഞ് വിലസിയിരുന്ന സിനിമ എന്ന കലാരൂപത്തെ സാധാരണമനുഷ്യരുടെ കഥകൾ പറയുവാനും കാണിക്കുവാനുമായി വിസ്കോന്തി തെരുവിലേക്കിറക്കി. ഈ ഒരു മാറ്റത്തെക്കുറിച്ച് പിന്നീട് വിസ്കോന്തി ഇങ്ങനെ പ്രസ്താവിച്ചിരുന്നു: “മനുഷ്യജീവിയുടെ പ്രാധാന്യവും അവരുടെ സാന്നിദ്ധ്യവും മാത്രമാണ് ദൃശ്യങ്ങളെ മഹത്തരമാക്കേണ്ടത്.”
തുടർന്ന് ഇറ്റാലിയൻ സിനിമയിൽ മികച്ച സിനിമകളുടെ ഒരു വസന്തം തന്നെ ലൂകീനൊ വിസ്കോന്തിയിൽ നിന്ന് ലഭിച്ചു. La terra trema (ദ് എർത് വിൽ ട്രെംബ്ൾ-1948), Bellissima (ബെല്ലിസ്സിമ-1951), Senso (സെൻസൊ ഓർ ദ് വാണ്ടൻ കൗണ്ടസ്സ്-1954), Le notti bianche (വൈറ്റ് നൈറ്റ്സ്-1957), Rocco e i suoi fratelli (റോകൊ ഏന്റ് ഹിസ് ബ്രദേഴ്സ്-1960), Il gattopardo (ദ് ലെപ്പേഡ്-1963), Vaghe stelle dell’Orsa (സാന്ദ്ര-1965), Lo straniero (ദ് സ്ട്രേഞ്ചർ-1967), La caduta degli dei (ദ് ഡാംഡ്-1969), Morte a Venezia (ഡെത് ഇൻ വെനീസ്-1971), Ludwig (ലഡ്വിഗ്-1973), Gruppo di famiglia in un interno (കോൺവർസേഷൻ പീസ്-1974), L’innocente (ദ് ഇന്നസെന്റ്-1976) എന്നിവയാണ് വിസ്കോന്തിയുടെ പ്രധാനപ്പെട്ട ഫീച്ചർ സിനിമകൾ.
ഇതിന് പുറമേ ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും ടിവി സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 1954 മുതൽ 1973 വരെയുള്ള കാലത്തായി ഇരുപതിലധികം ഓപെറകളും വിസ്കോന്തി സംവിധാനം ചെയ്തിരുന്നു.
വ്യക്തിജീവിതത്തിൽ കമ്യൂണിസ്റ്റ് ആശയങ്ങളോടായിരുന്നു അദ്ദേഹത്തിന് അടുപ്പമുണ്ടായിരുന്നത്. അതുപോലെ സ്വവർഗ ലൈംഗികാനുഭാവിയാണെന്ന കാര്യം തുറന്നു സമ്മതിച്ചിരുന്ന ഒരു വ്യക്തി കൂടിയായിരുന്നു അദ്ദേഹം. അങ്ങേയറ്റം കതോലികനാണെന്ന് പറയുമ്പോഴും, തന്റെ സ്വവർഗലൈംഗികാഭിനിവേശം വെളിപ്പെടുത്തുവാൻ അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്.
പാം ഡി ഓർ, ഗോൾഡൻ ലയൺ പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തുകയുണ്ടായി.
1976 മാർച്ച് 17ന് പക്ഷാഘാതത്തെത്തുടർന്നായിരുന്നു ലൂകീനൊ വിസ്കോന്തിയുടെ അന്ത്യം.