ലൂയിസ് ബുനുവെൽ (1900 ഫെബ്രുവരി 22) Luis Buñuel
സർറിയലിസം എന്ന കലാപ്രസ്ഥാനത്തിന് സിനിമയിൽ മുഖവും രൂപവും നൽകിയ വ്യക്തി എന്ന നിലയിൽ ലോകശ്രദ്ധയിലേക്ക് ഉയർന്ന കലാകാരനും ഇരുപതാം നൂറ്റാണ്ടിലെ ചലച്ചിത്രപ്രതിഭകളിൽ സവിശേഷസ്ഥാനം അലങ്കരിക്കുന്നയാളുമായ സ്പാനിഷ് ചലച്ചിത്രകാരനാണ് ലൂയിസ് ബുനുവെൽ. സർറിയലിസ്റ്റ് സിനിമാശൈലിക്ക് തുടക്കം കുറിച്ച ആളാണെങ്കിലും വാണിജ്യവിജയം നേടിയ കോമഡികളും മെലോഡ്രാമകളും സംവിധാനം ചെയ്ത ബുനുവെൽ, പോസ്റ്റ് മോഡേണിസ്റ്റ് സിനിമകളും സംവിധാനം ചെയ്തിരുന്നു.
സ്പെയിനിലെ അരഗാവോൻ പ്രവിശ്യയിൽ കലാൻഡയിലാണ് ലൂയിസ് ബുനുവെൽ ജനിച്ചത്. ഭുവുടമയും ധാരാളം സമ്പത്തിനുടമയുമായിരുന്ന ലിയൊനാഡൊ ബുനുവെലിന്റെയും മാരിയ പോർതോലസിന്റെയും ആറു മക്കളിൽ മൂത്തയാളായിരുന്നു ബുനുവെൽ. ബുനുവെൽ ശിശുവായിരുന്നപ്പോൾത്തന്നെ ആ കുടുംബം സരഗോസയിലേക്ക് താമസം മാറി. അവിടെയായിരുന്നു വിദ്യാഭ്യാസം. കർശനമായ അച്ചടക്ക നിഷ്കർഷയോടെ സദാചാരമൂല്യങ്ങൾ പഠിപ്പിക്കുന്ന ജെസ്യൂട്ട് സ്കൂളിലാണ് പഠിച്ചിരുന്നത് എന്നതുകൊണ്ടുതന്നെ ശക്തമായ രീതിയിൽ മതത്തിന്റെ സ്വാധീനം അദ്ദേഹത്തിൽ ജീവിതത്തിലുടനീളം ചെറുപ്പം തൊട്ടുതന്നെ ഉണ്ടായിരുന്നു. “ഒരു നല്ല നിരീശ്വരവാദിയായി ഞാൻ തുടരുന്നതിന് ദൈവത്തിന് നന്ദി പറയുന്നു” എന്ന അദ്ദേഹത്തിന്റെ വിഖ്യാതമായ ഉദ്ധരണി രൂപപ്പെടുന്നതിന് കാരണമായ ആദ്യ പ്രചോദനം ഈ വിദ്യാഭ്യാസകാലം തന്നെയായിരുന്നു. സ്കൂൾ വിദ്യാഭ്യാസാനന്തരം 1917ൽ മാഡ്രിഡ് സർവകലാശാലയിൽ അഗ്രോണമിയും ഇന്റസ്ട്രിയൽ എഞ്ചിനീയറിങും പഠിക്കാനായി ചേർന്നുവെങ്കിലും പിന്നീട് ഫിലോസഫിയിലേക്ക് മാറുകയായിരുന്നു.
ഇക്കാലയളവിലാണ് എക്കാലത്തെയും പ്രമുഖനായ സർറിയലിസ്റ്റ് ചിത്രകാരൻ സാൽവദോർ ദാലി, പ്രമുഖ എഴുത്തുകാരൻ ഫ്രെഡറികൊ ഗാർഷ്യ ലോർക എന്നിവരെ ബുനുവെൽ പരിചയപ്പെടുന്നത്. സിനിമയുടെയും സാഹിത്യത്തിന്റെയും ചിത്രകലയുടെയുമൊക്കെ മുഖം മാറ്റിപ്പണിയുന്ന തരത്തിൽ പ്രതിഭകളുടെ തെളിച്ചം കണ്ട ഒരു സൌഹൃദമായിരുന്നു ആദ്യഘട്ടത്തിൽ അവർക്കിടയിൽ ഉണ്ടായിരുന്നത്. തങ്ങളുടേതായ ദർശനധാരയിലേക്ക് ഫ്രോയീഡിയൻ മനോവിശ്ലേഷണത്തിന്റെ സാധ്യതകളെക്കൂടി ഉൾച്ചേർത്തുകൊണ്ട് സർഗസൃഷ്ടിയിലെ വിലക്കപ്പെട്ട ചോദനകളെ വിമോചിപ്പിക്കുവാനുള്ളതും നിലനിൽക്കത്തക്കതുമായ ഒരു ബദൽ വികസിപ്പിച്ചെടുത്തു എന്നിടത്താണ് ഈ സൌഹൃദം കലാചരിത്രത്തിൽ പ്രസക്തമാവുന്നത്.
1925ൽ ബിരുദാനന്തരം അദ്ദേഹം പാരീസിലേക്ക് സ്ഥലംമാറുന്നു. അവിടെ ബുനുവെൽ, ഇന്റർനാഷണൽ സൊസൈറ്റി ഒഫ് ഇന്റലക്ച്വൽ കൊ-ഓപറേഷൻ എന്ന സ്ഥാപനത്തിൽ ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്നു. അവിടെ വെച്ചാണ് ധാരാളം സിനിമകൾ കാണുവാൻ ഇടയാവുന്നതും തടർന്ന് ചലച്ചിത്രരംഗത്തേക്ക് സഹസംവിധായകൻ എന്ന നിലയിൽ പ്രവേശിക്കുന്നതും. തുടർന്ന്, പിക്കാസൊയെ കാണാം എന്ന വാഗ്ദാനം നൽകി ബുനുവെൽ, ദാലിയെ പാരീസിലേക്ക് ക്ഷണിക്കുകയും അവർ രണ്ടുപേരും ചേർന്ന് 1929ൽ Un chien andalou (An Andalusian Dog) എന്ന സിനിമ നിർമിക്കുകയും ചെയ്യുന്നു. ഇതായിരുന്നു ബുനുവേലിന്റെ ആദ്യസംവിധാനസംരംഭം. എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായി അറിയപ്പെടുന്ന പതിനെട്ട് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ ചിത്രം ഇന്നും ലോകം മുഴുവൻ വ്യാപകമായി കാണപ്പെടുന്ന ഒന്നാണ്. ദാലിയുമായും സർറിയലിസ്റ്റ് പ്രസ്ഥാനവുമായും ചേർന്നുനിൽക്കുന്ന സിനിമകൾ പിന്നെയും അദ്ദേഹം നിർമിച്ചു.
1932ൽ അദ്ദേഹം സർറിയലിസ്റ്റ് പ്രസ്ഥാനത്തിൽ നിന്ന് വേർപിരിയുകയുണ്ടായി. പിൽക്കാലത്ത് ഇതിനുള്ള കാരണമായി അദ്ദേഹം പറഞ്ഞിരുന്നത് “ഈ [സർറിയലിസ്റ്റ്] പ്രസ്ഥാനം അതിന്റെ വിശദാംശങ്ങളിൽ വിജയകരമായിരുന്നുവെങ്കിലും സത്തയിൽ പരാജയമായിരുന്നു” എന്നാണ്. സ്പെയിനിൽ, നിലനിർത്തിക്കൊണ്ടുപോകാവുന്ന തരത്തിൽ സിനിമ എന്ന കലാരൂപത്തെ കെട്ടിപ്പടുക്കുക എന്നുള്ളതായി അദ്ദേഹത്തിന്റ പിന്നീടുള്ള ലക്ഷ്യം. സ്പാനിഷ് ആഭ്യന്തരയുദ്ധത്തെത്തുടർന്ന് അദ്ദേഹം ന്യൂയോർക്കിലേക്ക് താമസം മാറുകയുണ്ടായി.
1942ൽ ദാലിയുടെ ദ് സീക്രട് ലൈഫ് ഒഫ് സാൽവദോർ ദാലി എന്ന ആത്മകഥയിൽ ബുനുവേലിനെ കമ്യൂണിസ്റ്റ് എന്ന നിലയിലും നിരീശ്വരവാദി എന്ന നിലയിലും കുറ്റപ്പെടുത്തുകയുണ്ടായി. അക്കാലത്ത് ന്യൂയോർക്കിലെ മ്യൂസിയം ഒഫ് മോഡേൺ ആർടിലെ ഉദ്യോഗസ്ഥനായിരുന്ന ബുനുവെൽ, ഈ പുസ്തകം ഇറങ്ങിയതിനെത്തുടർന്ന് പള്ളിയിൽ നിന്നുണ്ടായ സമ്മർദത്തിന് വഴങ്ങി മ്യൂസിയത്തിലെ സ്ഥാനം രാജിവെക്കുന്നുണ്ട്.
L’Âge d’Or (ദ് ഗോൾഡൻ ഏജ് – 1930), ¡Centinela, Alerta! (സെൻട്രി, കീപ് വാച് – 1937), Los olvidados (ദ് ഫോർഗോട്ടൻ – 1950), Susana (സൂസന – 1951), La hija del engaño (ദ് ഡോടർ ഒഫ് ഡിസീറ്റ് – 1951), El bruto (ദ് ബ്രൂട് – 1953), Ensayo de un crimen (റിഹേഴ്സൽ ഒഫ് എ ക്രൈം – 1955), Nazarín (നസാറിൻ – 1959), The Young One (ദ് യങ് വൺ – 1960), Viridiana (വിരിദിയാന – 1961), El ángel exterminador (ദ് എക്സ്ടെർമിനേറ്റിങ് ഏയ്ഞ്ജൽ – 1962), Le journal d’une femme de chambre (ഡയറി ഒഫ് എ ചെയിംബർമെയ്ഡ് – 1964), Belle de jour (ബ്യൂട്ടി ഒഫ് ഡെ – 1967), La Voie Lactée (ദ് മിൽകി വെ – 1969), Tristana (ട്രിസ്റ്റാന – 1970), Le charme discret de la bourgeoisie (ദ് ഡിസ്ക്രീറ്റ് ചാം ഒഫ് ദ് ബൂർഷ്വാസി – 1972), Le fantôme de la liberté (ദ് ഫാന്റം ഒഫ് ലിബർടി – 1974), Cet obscur objet du désir (ദാറ്റ് ഒബ്സ്ക്യുർ ഒബ്ജക്റ്റ് ഒഫ് ഡിസൈയ്ർ – 1977) എന്നിവയാണ് അദ്ദേഹത്തിന്റെ സുപ്രധാന ചിത്രങ്ങൾ.
ബുനുവെൽ ജനിച്ചുവളർന്ന് ജീവിച്ച ബൂർഷ്വാ-കത്തോലിക് സദാചാരമൂല്യങ്ങളുടെ പശ്ചാത്തലത്തെ കണക്കിന് പരിഹസിച്ചിരുന്നവയായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങൾ. ആ സമൂഹത്തിന്റെ അല്പത്തരങ്ങളും പിടിവാശികളും എന്തൊക്കെയാണെന്നത് അദ്ദേഹത്തിന് നല്ല നിശ്ചയവുമുണ്ടായിരുന്നു. ബൂർഷ്വാ അലംഭാവത്തിന്റെയും, മതപരമായ ഇരട്ടത്താപ്പുകളുടെയും ആൺകോയ്മാ പ്രാമാണികതയുടെയും അവിശുദ്ധ ത്രിത്വത്തിന്റ ഭാഗങ്ങളായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ വിമർശനവിധേയർ. അതേസമയം അത്തരമൊരു വിഭാഗത്തിന് സാമൂഹികമായി കിട്ടുന്ന എല്ലാ പ്രത്യേകാവകാശങ്ങളും അനുഭവിച്ചുകൊണ്ടായിരുന്നു ബുനുവെൽ ജീവിച്ചിരുന്നത് എന്നത് അദ്ദേഹം നേരിട്ടിരുന്ന ഒരു പ്രധാനവിമർശനമായിരുന്നു.
രക്തതരൂഷിതമായ ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന സ്പെയിനിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. 1936നും 1939നും ഇടയിൽ സ്പെയിനിൽ കൊല്ലപ്പെട്ടത് ലക്ഷക്കണക്കിനാളുകളാണ്. ഫ്രാങ്കൊയുടെ നേതൃത്വത്തിലുള്ള ദേശീയ സഖ്യത്തിന്റെ ആധിപത്യത്തിനെതിരായി പോരാടിയ റിപബ്ലിക്കന്മാരോടൊപ്പമായിരുന്നു ബുനുവെൽ നിലയുറപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഫ്രാങ്കൊ ആധിപത്യം സ്ഥാപിക്കുന്നതിന് മുന്നോടിയായി ബുനുവേലിന് സ്പെയിൻ വിടേണ്ടിവന്നു.
ദാറ്റ് ഒബ്സ്ക്യുർ ഒബ്ജക്റ്റ് ഒഫ് ഡിസൈയ്ർ എന്ന ചിത്രത്തിന് ശേഷം ചലച്ചിത്രസംവിധാനരംഗത്തു നിന്ന് കളമൊഴിഞ്ഞ അദ്ദേഹം 1982ൽ മൈ ലാസ്റ്റ് സൈ എന്ന ആത്മകഥ രചിക്കുകയുണ്ടായി. സ്വന്തം ജീവിതം, സുഹൃത്തുക്കൾ, കുടുംബം എന്നിവയെക്കുറിച്ചെല്ലാം ഈ കൃതിയിൽ വിവരിക്കുന്നതോടൊപ്പം തന്റേതായ ചില കിറുക്കുകളെക്കുറിച്ചും ഈ കൃതിയിൽ ബുനുവെൽ പ്രതിപാദിക്കുന്നുണ്ട്. കന്യാസ്ത്രീയുടെ വേഷം ധരിച്ച് നാട്ടിൽ കറങ്ങിയതിനെക്കുറിച്ചും പിക്കാസൊ, ചാപ്ലിൻ തുടങ്ങി അക്കാലത്തെ സുപ്രസിദ്ധ കലാകാരുമായി അദ്ദേഹത്തിനുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ചുമെല്ലാം പ്രതിപാദിക്കുന്ന ഈ ആത്മകഥ സിനിമാസ്നേഹികൾ എക്കാലവും ഇഷ്ടപ്പെടുന്ന ഒരു കൃതിയാണ്.
“ഇങ്മർ ബെർഗ്മാനിന്റെയോ ഫെഡറിക്കൊ ഫെല്ലിനിയുടെയോ ശൈലിയിലുള്ള സിനിമകൾ മറ്റൊരാൾക്ക് വേണമെങ്കിൽ ചെയ്യുവാൻ സാധിക്കും. എന്നാൽ ബുനുവെലിന്റെ ശൈലി പകർത്തുക എന്നത് അസാധ്യമാണ്” എന്ന സുപ്രസിദ്ധ ചലച്ചിത്രകാരൻ വൂഡി അലന്റെ വാക്കുകൾ ലൂയി ബുനുവെലിന്റെ ചലച്ചിത്രങ്ങളുടെ ആധികാരികതയെയും സൌന്ദര്യത്തെയും സാക്ഷ്യപ്പെടുത്തുന്നവയാണ്.
പ്രമേഹരോഗവുമായി ബന്ധപ്പെട്ടുണ്ടായ ചില ഗൌരവതരമായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്നുള്ള ആശുപത്രിവാസത്തനിടയിൽ 1983 ജൂലൈ 29ന് മെക്സിക്കൊ സിറ്റിയിലാണ് അദ്ദേഹം മരണമടഞ്ഞത്.
എഴുത്ത് : ആര്‍ നന്ദലാല്‍
രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍
തയ്യാറാക്കിയത് : ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി, പയ്യന്നൂര്‍