മണി കൌൾ (1944 ഡിസംബർ 25) Mani Kaul
ഇന്ത്യയിലെ സമാന്തരസിനിമാ രംഗത്ത് ഏറ്റവുമധികം ശ്രദ്ധനേടിയ സംവിധായകനാണ് മണി കൌൾ. നിലനിൽക്കുന്ന സിനിമാശൈലികളെയും സിനിമാനിർമാണ രീതികളെയും പാടേ അവഗണിച്ചുകൊണ്ട്, സൌന്ദര്യശാസ്ത്രപരമായും രാഷ്ട്രീയപരമായും സിനിമയെ സമീപിക്കുന്ന നൂതനശൈലി, ഇന്ത്യൻ സിനിമയിൽ മികച്ച രീതിയിൽ അവതരിപ്പിച്ച ഒരു സംവിധായകൻ കൂടിയാണ് മണി കൌൾ.
രാജസ്ഥാനിലെ ജോധ്പൂരിലാണ് മണി കൌൾ ജനിച്ചത്. അച്ഛൻ രാജസ്ഥാനിൽ റവന്യുവകുപ്പിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു. അടിക്കടിയുള്ള സ്ഥലംമാറ്റം കാരണം, ആ കുടുംബത്തിന് നിരന്തരമായ യാത്രകൾ ചെയ്യേണ്ടി വന്നതുകൊണ്ടുതന്നെ വളരെ ചെറുപ്പം മുതൽ രാജസ്ഥാനിലെ എല്ലാ പ്രദേശങ്ങളിലേക്കും കൌൾ യാത്ര ചെയ്തിരുന്നു. ഈ യാത്രകൾ അദ്ദേഹത്തിലെ കലാകാരനെ പ്രചോദിപ്പിച്ചുമിരുന്നു.
പൂനെയിലെ വിഖ്യാതമായ ഫിലിം ഏന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയിൽ ചേർന്ന് പഠിച്ചു. അഭിനയം പഠിക്കാനാണ് ആദ്യം അവിടെ ചേർന്നതെങ്കിലും പിന്നീട് സംവിധാനം പഠിക്കുന്നതിലേക്ക് മാറി. ഇവിടെ അദ്ദേഹം സുപ്രസിദ്ധ ചലച്ചിത്രകാരൻ ഋത്വിക് ഘട്ടക്കിന്റെ ശിഷ്യനായിരുന്നു.
1969ൽ ഉസ്കി റോടി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര സംവിധാനരംഗത്തേക്ക് പ്രവേശിച്ചത്. അന്ന് വരെ ഇന്ത്യൻ സിനിമ കണ്ട് പരിചയിച്ച എല്ലാ രീതികളിൽ നിന്നും വ്യത്യസ്തമായ ഒരു ചിത്രമായിരുന്നു ഉസ്കി റോടി. ഇതിനെത്തുടർന്ന് ആഷാഢ് കാ ഏക് ദിൻ (1971), ദുവിധ (1973), ഖാഷിറാം കോത്വാൾ (1976), സതഹ് സേ ഉഠ്താ ആദ്മി (1980), ധ്രുപദ് (1982), നസർ (1991), ഇഡിയറ്റ് (1992), ദ് ക്ലൌഡ് ഡോർ (1995), നൌകർ കീ കമീസ് (1999) എന്നിവയാണ് അദ്ദേഹത്തിന്റെ സുപ്രധാന ഫീച്ചർ ചിത്രങ്ങൾ.
പപറ്റീർസ് ഒഫ് രാജസ്ഥാൻ (1974), എ ഹിസ്റ്റോറിക്കൽ സ്കെച് ഒഫ് ഇന്ത്യൻ വിമൻ (1975), ചിത്രകഥി (1977), എറൈവൽ (1980), മട്ടീ മനസ് (1984), എ ഡെസെർട് ഓഫ് എ തൌസന്റ് ലൈൻസ് (1986), ബിഫോർ മൈ ഐസ് (1989), സിദ്ധേശ്വരി (1989) എന്നിവ അദ്ദേഹത്തിന്റെ ചില പ്രധാനപ്പെട്ട ഡോക്യുമെന്ററികളാണ്.
നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 1974ൽ ദുവിധയ്ക്ക് മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്കാരവും 1989ൽ സിദ്ധേശ്വരിയ്ക്ക് മികച്ച ഡോക്യുമെന്ററിയ്ക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. മികച്ച ചിത്രത്തിനുള്ള ഫിലിം ഫേർ ക്രിടിക്സ് അവാർഡും പലതവണ അദ്ദേഹത്തിന്‍റെ സിനിമകള്‍ക്ക് ലഭിച്ചിരുന്നു.
ഒരു വശത്ത് ബോളിവുഡിന്റെ മായികക്കാഴ്ചകളും മറുവശത്ത് സത്യജിത് റോയിയെപ്പോലെയുള്ള അതികായന്മാർ മുന്നോട്ടുവച്ച ക്ലാസിക് ചലച്ചിത്രപാരമ്പര്യവുമാണ് ഇന്ത്യൻ സിനിമ എന്ന് കരുതുന്നവർ തീർച്ചയായും വിട്ടുപോകാനിടയിലുള്ള ഒരു മൂന്നാം തരംഗത്തിന്റെ-ഒരു പുതിയ ഇന്ത്യൻ നവതരംഗത്തിന്റെ- സ്രഷ്ടാവും പ്രയോക്താവുമായിരുന്നു മണി കൌൾ. ലോകം മുഴുവൻ അദ്ദേഹത്തിന്റെ സിനിമകളെ സഗൌരവം ശ്രദ്ധിച്ചുകൊണ്ടിരുന്നപ്പോക്ഷൾ ഇന്ത്യൻ ചലച്ചിത്രലോകം അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ ചിത്രങ്ങൾക്കോ വേണ്ട പരിഗണന നൽകിയിരുന്നില്ല എന്നതാണ് വാസ്തവം. പ്രേക്ഷകരുടെ ആവശ്യങ്ങൾ മനസ്സിലാക്കാത്ത ചലച്ചിത്രകാരൻ എന്നാണ് പല മുഖ്യധാരാ സിനിമാ നിരൂപകരും അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ആ വിശേഷണത്തെ അങ്ങേയറ്റത്തെ താൽപര്യത്തോടെ സ്വീകരിച്ച ഒരു വ്യക്തി കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഒരു ചിത്രവും ഇന്ത്യയിലെ തിയറ്ററുകളിൽ കാര്യമായി റിലീസ് ചെയ്യപ്പെട്ടിരുന്നില്ല എങ്കിലും സ്വന്തം ശൈലിയും കലാബോധവും കച്ചവടതാൽപര്യങ്ങൾക്കു വേണ്ടി പണയം വയ്ക്കുവാൻ അദ്ദേഹം ഒരിക്കലും തയ്യാറായിരുന്നില്ല താനും.
ഇന്ത്യൻ കലകൾ, സംഗീതം, തിയറ്റർ, സാഹിത്യം എന്നിവയെല്ലാം സിനിമ പോലെ തന്നെ നന്നായി അറിയാമായിരുന്നു ഒരു വ്യക്തിയായിരുന്നു മണി കൌൾ. അദ്ദേഹത്തിന്റെ ആദ്യചിത്രമായ ഉസ്കി റോട്ടി മോഹൻ രാകേഷിന്റെ ഒരു കഥയെ അടിസ്ഥാനമാക്കി എടുത്തതാണ് എന്നതിനൊപ്പം തന്നെ വിഖ്യാത ഇന്ത്യൻ ചിത്രകാരി അമൃത ഷെർഗില്ലിന്റെ ചിത്രങ്ങളും ഈ ചിത്രത്തിന് പ്രചോദനമായിരുന്നു. സമയത്തിന്റെയും ദൈർഘ്യത്തിന്റെയും അനുഭവത്തിലൂന്നിനിന്നുകൊണ്ട് യാഥാർത്ഥ്യത്തിനും സാങ്കല്പികത്തിനും ഇടയിലുള്ള വേർതിരിവിനെ അങ്ങേയറ്റം മങ്ങിയതാക്കുന്ന രീതിയിൽ, കഥാഗതിയെയും സംഭാഷണങ്ങളെയും ഏറ്റവും ചുരുക്കുന്ന രീതിയിലേക്ക് ഒതുക്കിനിർത്തിക്കൊണ്ടായിരുന്നു ആ ചിത്രം അദ്ദേഹം നിർമിച്ചത്. ഒരു രാജസ്ഥാനി നാടോടിക്കഥയെ ഉപജീവിച്ച് അദ്ദേഹം 1973ൽ ഒ സംവിധാനം ചെയ്ത ദുവിധ എന്ന ചിത്രത്തിന്റെ നിറങ്ങളും ഫ്രെയ്മിങും എഡിറ്റിങും എല്ലാം സംവിധാനം ചെയ്തിരിക്കുന്നത് കാങ്ഡ, ബഷോലി മിനിയേച്ചർ പെയ്ന്റിങുകളുടെ മാതൃകയിലാണ് എന്നതും ശ്രദ്ധേയമാണ്. ഈ രീതിയിൽ ഇവിടത്തെ സ്ഥാപിത സിനിമാനിർമാണ രീതികളോട് അങ്ങേയറ്റം കലഹിച്ചുകൊണ്ട് സിനിമകൾ ചെയ്തു എന്നതുകൊണ്ടുകൂടിയാണ് ഇന്ത്യൻ നവസിനിമാപ്രസ്ഥാനത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി മണി കൌള്‍ മാറുന്നത്. കുമാർ സാഹ്നി, ജോൺ എബ്രഹാം, കെ.കെ. മഹാജൻ തുടങ്ങി പൂനെ ഇൻസ്റ്റിറ്റ്യൂട്ടിൽ കൌളിന്റെ സഹപാഠികളായിരുന്ന വ്യക്തികളും ഈ പുതുസിനിമാപ്രസ്ഥാനത്തിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
“മണി കൌളിനെ സംബന്ധിച്ച് ഇന്ത്യൻ ശാസ്ത്രീയസംഗീതം എന്നത് ഏറ്റവും ശുദ്ധമായ കലയ്ക്കുള്ള അന്വേഷണമേഖലയായിരുന്നു… ഒരു രാഗം രൂപരഹിതമായി തന്നിൽ നിന്നും വഴുതിപ്പോകാതിരിക്കുവാനായി ഒരു സംഗീതജ്ഞ സ്വന്തം സംഗീതശൈലി പരുവപ്പെടുത്തിയെക്കുന്നതിൽ എത്രയേറെ മികച്ച വൈദഗ്ദ്ധ്യം നേടുന്നുവോ, അത്രയും മികച്ച രീതിയിൽ സിനിമാശൈലിയിൽ വ്യതിരിക്തമായ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുകയും അവയെ വീണ്ടും വീണ്ടും മെച്ചപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്ത ചലച്ചിത്രകാരനായിരുന്നു മണികൌൾ” എന്ന് പ്രമുഖ നിരൂപക ശാന്ത ഗോഖലെ അഭിപ്രായപ്പെട്ടിട്ടുണ്ട്.
കൌളിന്റെ പൂനെ ഇൻസ്റ്റിറ്റ്യൂട്ട് കാലത്തായിരുന്നു ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്. ഫാഷിസത്തിന്റെ പുതിയ രൂപഭാവങ്ങൾക്കെതിരെ ഇന്ത്യയിലാകമാനം പ്രതിഷേധം അലയടിച്ചപ്പോൾ, കലാകാരന്മാര്‍ എന്ന നിലയിൽ മണികൌൾ ഉൾപ്പെടെയുള്ള പൂനെ ഇൻസ്റ്റിറ്റ്യൂട്ടിലെ പലയാളുകൾക്കും വെറുതേയിരിക്കാൻ പറ്റുമായിരുന്നില്ല. അതിന്റെ ഭാഗമായിട്ടാണ് അവിടെയുള്ള കുറച്ചു പേർ ചേർന്ന് യുക്ത് ഫിലിം കോ-ഓപറേറ്റീവ് എന്ന പേരിൽ, പങ്കാളിത്ത രീതിയിൽ സിനിമകൾ നിർമിക്കുന്നതിനായി ഒരു സംഘം രൂപീകരിച്ചത്. മണി കൌളിനൊപ്പം കെ. ഹരിഹരൻ, കമാൽ സ്വരൂപ്, സയീദ് മിർസ തുടങ്ങിയ ഒട്ടേറെ പേർ ഈ കൂട്ടായ്മയുടെ ഭാഗമായിരുന്നു. പ്രമുഖ മറാത്തി നാടകപ്രവർത്തകൻ വിജയ് ടെൻഡൽക്കറിന്റെ, അക്കാലത്ത് നിരവധി വേദികളിൽ പ്രദർശിപ്പിച്ച, ഖാഷിറാം കോത്വാൾ എന്ന നാടകം ഈ കൂട്ടായ്മ സിനിമയാക്കാൻ തീരുമാനിക്കുകയായിരുന്നു. അതിനായി, അടിയന്തിരാവസ്ഥയുടെ സവിശേഷ സാഹചര്യത്തിൽ, വിജയ് ടെൻഡുൽക്കറിനോട് ഈ നാടകം സിനിമയ്ക്കു കൂടി ഉതകുന്ന തരത്തിൽ മാറ്റിയെഴുതുവാൻ അഭ്യർത്ഥിക്കുകയും അതിന്റെ ശില്പശാലയിലേക്ക് ബാദൽ സർക്കാറിനെ ക്ഷണിക്കുകയും ഒക്കെ ചെയ്തിരുന്നു. യുക്ത് ഫിലിം കോ-ഓപറേറ്റീവിലെ പ്രധാനികളായ ഇവർ നാലു പേരും ചേർന്ന് അങ്ങിനെയാണ് ഖാഷിറാം കോത്വാൾ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഓം പുരിയാണ് ചിത്രത്തിൽ കോത്വാളിന്റെ ഭാഗം അഭിനയിച്ചത്. ഈ സംവിധായകരെ മുഴുവൻ അന്ന് ഒരുപോലെ സ്വാധീനിച്ചിരുന്ന ഒരു വ്യക്തി ഹംഗേറിയൻ ചലച്ചിത്രകാരനായിരുന്ന മിക്ലൊസ് ജാങ്ചൊ ആയിരുന്നു. അദ്ദേഹത്തിന്റെ സ്വാധീനവും ഈ ചിത്രത്തിൽ പ്രകടമായി കാണാം.
“ഞാനുമായി നല്ല ബന്ധമുണ്ടായിരുന്ന ഒരാൾ ബ്രെസ്സോനാണെന്നും മറ്റേയാൾ ഘട്ടക്കാണെന്നും എനിക്ക് തോന്നിയിട്ടുണ്ട്. എന്നാൽ ഇവർ രണ്ടുപേർക്കുമിടയിലുള്ള വ്യത്യസം അതിവിശാലമായിരുന്നു. പ്രകൃതത്തിൽ അങ്ങേയറ്റം വൈരുദ്ധ്യമുണ്ടായിരുന്ന ഈ രണ്ട് പേരുമായും എനിക്ക് ബന്ധമുണ്ടെന്നത് അതിവിചിത്രമായ ഒരു കാര്യമാണ്. ഇവരെ തമ്മിൽ എങ്ങനെ ബന്ധിപ്പിക്കാം എന്നാണ് ഞാൻ പലപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവരെ രണ്ടുപേരെയും അതുകൊണ്ടുതന്നെ ഞാനുള്ളിലാവാഹിച്ചിട്ടുമുണ്ട്” എന്ന അദ്ദേഹത്തിന്റെ വാചകത്തിൽ നിന്നും സ്വന്തം സിനിമയെ സംബന്ധിച്ച് അദ്ദേഹത്തിനുണ്ടായിരുന്നു വിശാലവും സവിശേഷവുമായ കാഴ്ചപ്പാട് എന്താണെന്നത് വ്യക്തമാണ്.
അർബുദരോഗബാധിതനായതിനെത്തുടർന്ന് 2011 ജൂലൈ 6ന് ഡൽഹിയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്.
എഴുത്ത് : ആര്‍ നന്ദലാല്‍
രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍
തയ്യാറാക്കിയത് : ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി, പയ്യന്നൂര്‍
Satheese Ovatt
December 26, 2021 at 2:00 pmനല്ല ഉദ്യമം.. അഭിനന്ദനങ്ങൾ