ഋതുപർണൊ ഘോഷ് (ജനനം – 1963 ഓഗസ്റ്റ് 31) Rituparno Ghosh
സൂക്ഷ്മവും സൗമ്യവുമായ കഥാകഥനശൈലിയിലൂടെ വളരെ ശ്രദ്ധേയങ്ങളായ ഒട്ടേറെ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്ത് അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ അനുഗൃഹീത ഇന്ത്യൻ ചലച്ചിത്രകാരനാണ് ഋതുപർണൊ ഘോഷ്. ലിംഗരാഷ്ട്രീയം, ഫെമിനിസം, പ്രണയം, കാമം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഉയർത്തിയ ചർച്ചകൾ ഇന്ത്യൻ സിനിമാമേഖലയിലും ഇതരമേഖലകളിലും ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. മികച്ച ബംഗാളിസിനിമകളുടെ ഒഴുക്ക് നിലച്ചുകൊണ്ടിരുന്ന ഒരു കാലത്ത് അതിനെ പുനരുജ്ജീവിപ്പിച്ച് വീണ്ടും സജീവമാക്കിയതിൽ ഋതുപർണൊ ഘോഷിനുള്ള പങ്ക് എടുത്ത് പറയേണ്ടതാണ്.
കൊൽകത്തയിലാണ് ജനനം. ചിത്രകാരനും ഡോക്യുമെന്ററി സംവിധായകനുമായ സുനിൽ ഘോഷ് ആണ് അച്ഛൻ. ജാദവ്പൂർ സർവകലാശാലയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും നേടി.
വിദ്യാഭ്യാസാനന്തരം അദ്ദേഹം പരസ്യമേഖലയിലാണ് ജോലിയിൽ പ്രവേശിച്ചത്. അവിടെ അദ്ദേഹം വളരെയേറെ ശോഭിച്ചിരുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലും ഒക്കെയുള്ള വീഡിയോ പരസ്യങ്ങൾ മികച്ച രീതിയിൽ ബംഗാളിയിലേക്ക് മാറ്റിയത് അദ്ദേഹത്തെ മധ്യവർഗബംഗാളികളുടെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റുന്നതിനിടയാക്കി. ദൃശ്യമാധ്യമരംഗത്തെ ഈ സവിശേഷപരിചയമാണ് അദ്ദേഹത്തിന് ദൂരദർശനിൽ വന്ദേ മാതരം എന്ന ഡോക്യുമെന്ററി ചെയ്യുവാനുള്ള അവസരം നൽകുന്നതും.
1992ൽ സംവിധാനം ചെയ്ത ഹിരേർ ആങ്ഗ്തി ആണ് ആദ്യത്തെ ഫീച്ചർ ചലച്ചിത്രസംവിധാനസംരംഭം. ഈ ചിത്രം റിലീസ് ചെയ്യപ്പെട്ടില്ലെങ്കിലും സിനിമാസ്നേഹികളുടെ ഇടയിൽ വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ 1994ൽ ഇറങ്ങിയ രണ്ടാമത്തെ ചിത്രമായ ഉനീഷെ ഏപ്രിൽ ഇന്ത്യലങ്ങോളമിങ്ങോളവും ഇന്ത്യക്ക് പുറത്തും എല്ലാം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തില്‍ പ്രധാനവേഷത്തിൽ അഭിനയിച്ചത് മറ്റൊരു ബംഗാളി സംവിധായികയും നടിയുമായ അപർണ സെൻ ആയിരുന്നു. 1994ൽ മികച്ച ചിത്രത്തിനും നടിക്കുമുള്ള ദേശീയ പുരസ്കാരവും ഈ ചിത്രം നേടുകയുണ്ടായി. ഇതോടെ, സംവിധായകൻ എന്ന നിലയിൽ ഋതുപർണൊ ഘോഷ് പ്രേക്ഷകഹൃദയങ്ങളിൽ ലബ്ധപ്രതിഷ്ഠനായി.
ദഹൻ (1997), ബരിവാലി, അസുഖ് (1999), ഉത്സബ് (2000), അഭിനൊയ് (2001), തിത്‍ലി (2002), ശുഭൊ മുഹുരത്, ചോകേർബാലി, റെയിൻ കോട്ട് (2003), അന്തരമഹൽ (2005), ദ് ലാസ്റ്റ് ലിയർ (2007), ശൊഭ് ചരിത്രൊ കാൽപനിക് (2008), അബൊഹൊമൻ (2010), നൗകാഡൂബി (2011), ചിത്രാംഗദ (2012), സൺഗ്ലാസ് (2013) എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സിനിമകൾ. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർമാണത്തിൽ രബീന്ദ്രനാഥ ടാഗോറിനെക്കുറിച്ച് 2013ൽ ജീവൻ സ്മൃതി: സെലക്റ്റഡ് മെമ്മറീസ് എന്ന പേരിൽ അദ്ദേഹം ഒരുക്കിയ ഡോക്യുമെന്ററിയും വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മികച്ച സംവിധായകൻ, മികച്ച ചിത്രം, മികച്ച ബംഗാളി ചിത്രം എന്നീ വിഭാഗങ്ങളിലൊക്കെയായി പത്തിലേറെ തവണ ദേശീയപുരസ്കാരം ഋതുപർണൊ ഘോഷിന് ലഭിച്ചിരുന്നു. ബെർലിൻ, പുസാൻ, ലൊകാർനൊ, കാർലൊവിവാരി, ചിക്കാഗൊ തുടങ്ങിയ അന്താരാഷ്ട്രമേളകളിലും അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2005ലെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ അന്തരമഹൽ എന്ന ചിത്രം സുവർണചകോരം പുരസ്കാരം നേടുകയുണ്ടായി.
ചലച്ചിത്രകാരൻ എന്നതിനൊപ്പം എഴുത്തിന്റെ മേഖലയിലും ഘോഷ് സജീവമായിരുന്നു. ആനന്ദ് ലോക് എന്ന വിഖ്യാത ബംഗാളി സിനിമാപ്രസിദ്ധീകരണത്തിന്റെ എഡിറ്ററായി 1997 മുതൽ 2004 വരെ അദ്ദേഹം പ്രവർത്തിച്ചിരുന്നു. എബോങ് ഋതുപർണൊ, ഘോഷ് & കമ്പനി എന്നീ ടോക് ഷോകളും ദൃശ്യമാധ്യമങ്ങൾക്കു വേണ്ടി അദ്ദേഹം നടത്തിയിരുന്നു.
കൗശിക് ഗാംഗുലി സംവിധാനം ചെയ്ത ആരേക്തി പ്രേമേ ഗൊൽപൊ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് ആ മേഖലയിലും തന്റെ സാന്നിദ്ധ്യം അദ്ദേഹം ശക്തമാക്കി. തുടർന്ന് മെമ്മറീസ് ഇൻ മാർച്, ചിത്രാംഗദ എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.
നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും നമ്മുടെ സദാചാരത്തിനിണങ്ങുന്നതാണെന്നും വരുത്തിത്തീർത്ത് എല്ലാവരും പ്രകീർത്തിക്കുകയും നിർബന്ധപൂർവം അടിച്ചേൽപിക്കുകയും ചെയ്യുന്ന ഹെറ്ററോസെക്‍ഷ്വാലിറ്റി, മോണോഗമി തുടങ്ങിയ സ്ഥാപനവത്കൃത രൂപങ്ങളെ ഘോഷ് അങ്ങേയറ്റം പ്രശ്നവൽകരിച്ചു. ഇങ്ങനെയൊരു സ്ഥലത്ത്, സ്ത്രീകളുടെ പ്രശ്നങ്ങൾ അങ്ങേയറ്റം സങ്കീർണമാകുമെന്നതും അവിടെ നടക്കുന്നത് പുരുഷമേധാവിത്വത്തിന്റെ വിജയമാണെന്നും അദ്ദേഹം തന്റെ ചിത്രങ്ങളിലൂടെയും സംസാരത്തിലൂടെയും ലോകത്തെ അറിയിച്ചുകൊണ്ടേയിരുന്നു. വീട്ടിനുള്ളിലെ അടിച്ചമർത്തലുകളിൽ നിന്ന് രക്ഷ നേടുവാനായി, കുടുംബബന്ധങ്ങൾ തകർത്തെറിഞ്ഞ് ഇറങ്ങിത്തിരിച്ച സ്ത്രീകഥാപാത്രങ്ങളെ ഘോഷ് പല ചിത്രങ്ങളിലൂടെയും നമുക്ക് കാട്ടിത്തരുന്നുണ്ട്.
സത്യജിത് റോയിയുടെ വലിയ ഒരു ആരാധകനായിരുന്ന ഘോഷ്, റോയിയെപ്പോലെ ടാഗോറിനെ ആയിരുന്നു തന്റെ ഏറ്റവും വലിയ പ്രചോദനമായി കണ്ടിരുന്നത്. ചോകേർബാലിയും നൗകാഡൂബിയും ചിത്രാംഗദയും ഒക്കെ ടാഗോറിൽ നിന്ന് വന്ന ചിത്രങ്ങളായിരുന്നു. എന്നാൽ ചിത്രാംഗദയെ അദ്ദേഹം ടാഗോർ പറഞ്ഞിരുന്നതിൽ നിന്ന് വ്യത്യസ്തമായ തരത്തിൽ, സ്ത്രീകൾക്കും പുരുഷന്മാർക്കും അപ്പുറത്ത്, ലൈംഗിക ന്യൂനപക്ഷങ്ങളുടെ സ്വത്വത്തെക്കുറിച്ച് കൂടി വ്യക്തമായി പറഞ്ഞുകൊണ്ടായിരുന്നു അവതരിപ്പിച്ചത്. LGBTQ അവകാശങ്ങളെക്കുറിച്ചും ഒരേ ലിംഗക്കാരുടെ ലൈംഗിക അവകാശങ്ങളെക്കുറിച്ചും തന്റെ സിനിമകളിലൂടെ കൃത്യമായ വാദങ്ങളുന്നയിച്ച ഒരു ചലച്ചിത്രകാരനായിരുന്നു അദ്ദേഹം എന്നതിനോടൊപ്പം, സിനിമയ്ക്ക് പുറത്തും ഇത്തരം അവകാശങ്ങൾക്കു വേണ്ടി ശക്തിയുക്തം ശബ്ദമുയർത്തിയിരുന്നു ഋതുപർണൊ ഘോഷ്.
ഒട്ടേറെ രോഗങ്ങൾക്ക് ചികിത്സയിലായിരുന്ന ഘോഷ്, അതിനിടെ ഉണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് 2013 മെയ് 30ന് അന്തരിച്ചു.
എഴുത്ത് : ആര്‍ നന്ദലാല്‍
രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍
തയ്യാറാക്കിയത് : ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി, പയ്യന്നൂര്‍
Jafar ak
August 31, 2021 at 6:47 pmNice🌹