ഋത്വിക് ഘട്ടക് (ജനനം – 1925 നവംബർ 4)
Ritwik Ghatak
ഇന്ത്യാവിഭജനകാലത്തെ നീറുന്ന വേദനകളെക്കുറിച്ചും ഇടങ്ങൾ നഷ്ടപ്പെട്ട മനുഷ്യരെക്കുറിച്ചും വിഭജനത്തെത്തുടർന്നുണ്ടായ സാമൂഹ്യ-സാമ്പത്തികപ്രശ്നങ്ങളെക്കുറിച്ചും സിനിമകളെടുക്കുകയും പിൽക്കാലത്ത് ലോകസിനിമയിലെ ശ്രദ്ധേയസാന്നിദ്ധ്യമായി മാറുകയും ചെയ്ത വിഖ്യാത ഇന്ത്യൻ ചലച്ചിത്രകാരനാണ് ഋത്വിക് ഘട്ടക്. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ സിനിമകൾ കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെങ്കിലും പിൽക്കാലത്ത് അവ യഥാർത്ഥ ഇന്ത്യയെ അടയാളപ്പെടുത്തിയ ചിത്രങ്ങളായി ലോകമെമ്പാടും വിലയിരുത്തപ്പെട്ടു. സംവിധായകൻ എന്നതിനോടൊപ്പം തന്നെ തിരക്കഥാകൃത്ത്, നാടകപ്രവർത്തകൻ, അഭിനേതാവ് എന്നീ നിലകളിലും ഏറെ ശ്രദ്ധേയനാണ് ഘട്ടക്. FTII (Film and Television Institute of India) പൂനെയുടെ വൈസ് പ്രിൻസിപ്പാലായും അദ്ദേഹം കുറേക്കാലം സേവനമനുഷ്ഠിച്ചിരുന്നു.
ഇന്നത്തെ ബംഗ്ലാദേശിൽ ഉൾപ്പെടുന്ന ധാക്കയിലാണ് ഋത്വിക് കുമാർ ഘട്ടക് ജനിച്ചത്. 1943ലെ ബംഗാൾ ക്ഷാമം, 1946ലെ വർഗീയ കലാപങ്ങൾ, 1947ലെ ഇന്ത്യാ വിഭജനം തുടങ്ങിയ അങ്ങേയറ്റം സങ്കീർണങ്ങളായ സാമൂഹ്യാവസ്ഥകളിലൂടെയാണ് അദ്ദേഹത്തിന്റെ യൗവനം കടന്നുപോയത്. ആ കാലത്ത് നടന്ന പതിനായിരക്കണക്കിന് പലായനങ്ങളിൽ ഒന്നിന്റെ ഭാഗമായിട്ടാണ് ഘട്ടക് കൽക്കത്തയിലെത്തുന്നതും ഇന്നത്തെ ഇന്ത്യയുടെ ഭാഗമാവുന്നതും. പലായനത്തിന് പ്രേരിപ്പിച്ച സാമൂഹികപ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുള്ള മുറിവുകൾ നേരിട്ടനുഭവിച്ച ഒരാൾ എന്ന നിലയിൽ അദ്ദേഹത്തിന്റെ കലാരൂപങ്ങളിലെല്ലാം ഈ വേദന പ്രകടമായി തന്നെ കാണാവുന്നതാണ്. അദ്ദേഹത്തിന്റെ അച്ഛൻ സുരേഷ് ചന്ദ്ര ഘട്ടക് കവിയും നോവലിസ്റ്റും ആയിരുന്നു. അദ്ദേഹത്തിന്റെ സഹോദരൻ മനീഷ് ഘട്ടക് കോളേജ് പ്രൊഫസറും എഴുത്തുകാരനും കമ്യൂണിസ്റ്റ് പാർടി പ്രവർത്തകനുമായിരുന്നു. മനീഷ് ഘട്ടകിന്റെ മകളാണ് സുപ്രിസിദ്ധ എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായിരുന്ന മഹാശ്വേതാ ദേവി.
ഇന്നത്തെ ബംഗ്ലാദേശിലെ മയിമേൻസിങ് എന്ന സ്ഥലത്താണ് ഋത്വിക് ഘട്ടക്ക് പ്രാഥമിക വിദ്യഭ്യാസം നടത്തിയിരുന്നതെങ്കിലും ഉപരിപഠനം കൽക്കട്ടയിലായിരുന്നു. കൽക്കത്ത സർവകലാശാലയിൽ ബിരുദാനന്തരബിരുദ പഠനം ആരംഭിച്ചുവെങ്കിലും ഘട്ടക് അത് പൂർത്തിയാക്കിയില്ല. അപ്പോഴേക്കും അദ്ദേഹം എഴുത്തിന്റെ മേഖലയിലേക്ക് പ്രവേശിക്കുകയും പഠിക്കുന്നതിനേക്കാൾ എത്രയോ നല്ലത് എഴുതുന്നതാണ് എന്ന ഒരു പുതിയ തിരച്ചറിവിലേക്ക് എത്തുകയും ചെയ്തിരുന്നു. അക്കാലത്ത് സജീവമായിരുന്ന ഒട്ടുമിക്ക പത്രങ്ങളിലും അദ്ദേഹം നിരന്തരം എഴുതിക്കൊണ്ടിരുന്നു.
1948ൽ കാലൊ സയാർ എന്ന നാടകത്തിലൂടെയാണ് അദ്ദേഹം തിയറ്റർ മേഖലയിൽ സജീവമാകുന്നത്. ബംഗാൾക്ഷാമത്തെക്കുറിച്ചുള്ള നഭാന്ന എന്ന നാടകത്തിൽ അഭിനയിച്ചത് അദ്ദേഹത്തിന്റെ കലാജീവിതത്തിൽ ഒരു വഴിത്തിരിവായി മാറി. 1955ൽ പാർടിയിൽ നിന്ന് പുറത്താക്കപ്പെടുന്നതുവരെ കമ്യൂണിസ്റ്റ് പാർടി ഒഫ് ഇന്ത്യയുടെ (CPI) ഒരു സജീവാംഗമായിരുന്നു ഘട്ടക്. ഇന്ത്യൻ പീപ്പൾസ് തിയറ്റർ അസോസിയേഷൻ (IPTA) സജീവാംഗമായിരുന്ന ഘട്ടക് ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമായിട്ടായിരുന്ന നഭാന്നയിൽ അഭിനയിച്ചിരുന്നത്.
1951ൽ ഇപ്റ്റയുടെ രാഷ്ട്രീയ-സാംസ്കാരിക പ്രത്യയശാസ്ത്രങ്ങൾ വിവരിക്കുന്ന ഒരു രേഖ തയ്യാറാക്കുവാൻ ഘട്ടക്കിനെ ഏൽപിക്കുകയും അദ്ദേഹം അത് വളരെ ഭംഗിയായി നിർവഹിക്കുകയും ചെയ്തു. 1954ൽ പുറത്തുവന്ന On the Cultural Front എന്ന തീസിസിൽ അദ്ദേഹം ഇപ്റ്റയുടെ സാംസ്കാരികഭാവി എന്തായിരിക്കണം എന്ന് വിശദമായി എഴുതുകയുണ്ടായി. ഇതിനെത്തുടർന്ന് ആദ്യം ഇപ്റ്റയിൽ നിന്നും പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും അദ്ദേഹം പുറത്താക്കപ്പെട്ടു.
ഇപ്റ്റയിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരുന്ന 1950കളിൽ തന്നെ ഘട്ടക്കിന്റെ താൽപര്യം ചലച്ചിത്രമേഖലയിലേക്കും വ്യാപിച്ചിരുന്നു. 1950ൽ നെമായ് ഘോഷ് സംവിധാനം ചെയ്ത ചിന്നമൂൽ എന്ന സിനിമയിൽ ഘട്ടക് അഭിനയിച്ചിരുന്നു. ബംഗാളി സിനിമാറ്റിക് റിയലിസത്തിന്റെ വരവറിയിച്ച ചിത്രം എന്ന നിലയിൽ ഈ ചിത്രം പ്രസിദ്ധമാണ്. കിഴക്കൻ ബംഗാളിൽ നിന്ന്, വിഭജനകാലത്ത് കൽക്കത്തയിലേക്ക് പലായനം ചെയ്യേണ്ടി വന്ന കുറച്ച് കർഷകരുടെ പ്രശ്നങ്ങൾ യഥാതഥമായി പറയുന്ന ഒരു ചിത്രമായിരുന്നു ഇത്.
1952ൽ കൽക്കത്തയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം അന്നത്തെ എല്ലാ ചലച്ചിത്രപ്രവർത്തകരെയും സംബന്ധിച്ച് ഒരു വലിയ വെളിപാടായിരുന്നു. ബൈസിക്ക്ൾ തീവ്സും, റാഷൊമണും പ്രശിപ്പിച്ച ആ മേളയുടെ ആവേശമാണ് നാഗരിക് എന്ന ആദ്യചിത്രം അതേ വർഷം തന്നെ സംവിധാനം ചെയ്ത് പുറത്തിറക്കാൻ ഘട്ടക്കിനെ പ്രേരിപ്പിച്ചത്.
അജാന്ത്രിക് (The Unmechanical / The Pathetic Fallacy-1958), ബാരി തെക്കെ പാലിയെ (The Runaway-1958), മേഘെ ധാക്കെ താര (The Cloud-Capped Star-1960), കോമൾ ഗാന്ധാർ (E-Flat-1961), സുബർണരേഖ (Golden Line-1962), തിതാഷ് ഏക് ഥീ നാദിർ നാം (A River Called Titash-1973), ജുക്തി താക്കൊ ഓർ ഗാപ്പൊ (Reason, Debate and a Story-1974) എന്നിവയാണ് പിന്നീട് അദ്ദേഹം സംവിധാനം ചെയ്ത ഫീച്ചർ സിനിമകൾ. ഇതിൽ മേഘെ ധാക്കെ താര, കോമൾ ഗാന്ധാർ, സുബർണരേഖ എന്നീ ചിത്രങ്ങൾ വിഭജനചിത്രത്രയം എന്നാണ് അറിയപ്പെടുന്നത്. ഈ മൂന്ന് ചിത്രങ്ങളെയും കുറിച്ച് അദ്ദേഹം പറയുന്നത് നോക്കുക:
“മേഘെ ധാക്കെ താര, കോമൾ ഗാന്ധാർ, സുബർണരേഖ എന്നീ ചിത്രങ്ങൾ ഒരു ചിത്രത്രയമായി അറിയപ്പെടുക എന്നത് എന്റെ ഉദ്ദേശ്യമേ അല്ലായിരുന്നു. മേഘെ ധാക്കെ താര തുടങ്ങിയപ്പോൾ ഞാൻ ഒരിക്കലും രാഷ്ട്രീയമായ ഏകീകരണത്തെക്കുറിച്ച് സംസാരിച്ചിരുന്നേയില്ല. ഇപ്പോഴും ഞാനതിനെക്കുറിച്ച് ആലോചിക്കുന്നില്ല, കാരണം ചരിത്രം മാറുകയില്ലെന്ന് മാത്രമല്ല അസാധ്യമായതിന് ഒരുമ്പെടുവാൻ ഞാനാളുമല്ല. ഞാനെന്നും ആലോചിച്ചുകൊണ്ടിരിക്കുന്നത് സാംസ്കാരികസമന്വയത്തിന്റെ പാതയിലായതുകൊണ്ടുതന്നെ, രാഷ്ട്രീയ-സാമ്പത്തിക പ്രേരിതമായ സാംസ്കാരിക വേർപിരിയൽ എന്നത് എന്നെ സംബന്ധിച്ച് ഒരിക്കലും രഞ്ജിപ്പിലെത്താൻ സാധിക്കാതിരുന്ന ഒരു കാര്യമായിരുന്നു.”
അദ്ദേഹത്തിന്റെ ഫീച്ചർ സിനിമകൾ എണ്ണത്തിൽ കുറവാണങ്കിലും മികച്ച ക്ലാസിക്കുകളായി ലോകം മുഴുവൻ ഇവയെ വിലയിരുത്തുന്നു. ഇതിന് പുറമേ അദ്ദേഹത്തിന്റെ തിരക്കഥകളും, അദ്ദേഹം അഭിനയിച്ച ചിത്രങ്ങളും വേറയുമുണ്ട്. സിനിമയെടുക്കുാനായി അദ്ദേഹം എഴുതി പൂർത്തിയാക്കിയതും പൂർത്തിയാക്കാത്തതുമായ തിരക്കഥകളും ഒട്ടേറെയുണ്ട്. തിയറ്റർ മേഖലയിൽ അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകൾ എണ്ണമറ്റതും വിലമതിക്കാനാവാത്തവയുമാണ്. ഹിന്ദി സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി അറിയപ്പെടുന്ന മധുമതി എന്ന 1958ലെ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് ഘട്ടക്കായിരുന്നു. ഒട്ടേറെ ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. സംഗീതത്തിൽ പൊതുവിലും ഇന്ത്യൻ ശാസ്ത്രീയസംഗീതത്തിൽ പ്രത്യേകമായും അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു. മികച്ച സംഗീതശകലങ്ങൾ അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളിലും ഉടനീളം കാണാമെന്ന് മാത്രമല്ല ഇന്ത്യൻ ശാസ്ത്രീയസംഗീതത്തിലെ ഒരു സ്വരത്തിന്റെ പേരായ കോമൾ ഗാന്ധാർ ആണ് അദ്ദേഹം തന്റെ സുപ്രധാനചിത്രത്തിലൊന്നിന് നൽകിയിട്ടുള്ളതും. രബീന്ദ്രസംഗീതവും ടാഗോറിന്റെ പാട്ടുകളും അദ്ദേഹത്തിന്റെ ചലച്ചിത്രകൃതികളിലെ നിറസാന്നിധ്യങ്ങളാണ്.
“ബംഗാളിലെ സിനിമാപ്രേക്ഷകർ പൊതുവിൽ അദ്ദേഹത്തിന്റെ സിനിമകളെ ജീവിതകാലത്ത് അവഗണിച്ചു എന്നത് ഋത്വികിനെ സംബന്ധിച്ച് ദൗർഭാഗ്യകരമായിരുന്നു. അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങളിലൊന്നായ മേഘെ ധാക്കെ താര മാത്രമാണ് പൊതുവിൽ സ്വീകരിക്കപ്പെട്ടത്. മറ്റുള്ളവയെല്ലാം വളരെ കുറച്ച് മാത്രമേ ഓടിയുള്ളൂ എന്ന് മാത്രമല്ല നിരൂപകരിൽ നിന്നടക്കം അവയ്ക്ക് ലഭിച്ചത് തണുത്ത പ്രതികരണമായിരുന്നു. ഇന്ത്യയിലെ വളരെ ചുരുക്കം യഥാർത്ഥ മൗലികപ്രതിഭകളിൽ ഒരാളായതുകൊണ്ടുതന്നെ ഋത്വിക്കിനെ സംബന്ധിച്ച് ഇത് ഏറെ ദൗർഭാഗ്യകരം തന്നെയാണ്. എപിക് ശൈലിയിലെ അങ്ങേയറ്റം ശക്തമായ ദൃശ്യങ്ങളുടെ സ്രഷ്ടാവ് എന്ന നിലയിൽ, ഫലത്തിൽ അദ്ദേഹത്തെ വെല്ലാൻ ഇന്ത്യൻ സിനിമയിൽ ആരുമില്ല. എഡിറ്റിങ് എന്ന പരമപ്രധാനമായ മേഖലയിൽ അദ്ദേഹത്തിന് പൂർണമായ നിയന്ത്രണവും ഉണ്ടായിരുന്നു; അദ്ദേഹത്തിന്റേതായ ശൈലിയിൽ ഒരുമിച്ച് ചേർക്കുമ്പോൾ വിസ്മയിപ്പിക്കും വിധം മൗലികമായ പരിച്ഛേദങ്ങൾ നിറഞ്ഞവയാണ് ആ സിനിമകൾ. സിനിമാനിർമാണത്തിൽ പതിവായി കാണാറുള്ള മറ്റ് സിനിമാ സ്കൂളുകളുടെയൊന്നും സ്വാധീനം അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ കാണാനാവില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം….. ആശയപരമായി, ഋത്വിക് വിഭജനത്തിന്റെ ദുരന്തങ്ങളെ ജീവിതകാലം മുഴുവൻ ഒരൊഴിയാബാധ എന്നതുപോലെ പേറിനടന്നിരുന്നു. ഒരിക്കൽ അദ്ദേഹത്തിന്റെ വേരുകൾ ആഴത്തിൽ ഉറപ്പിച്ചിരുന്ന കിഴക്കൻ ബംഗാളിൽ നിന്നാണ് അദ്ദേഹം വരുന്നത്. ഒരേ ആശയം തന്നെ ഒരു സംവിധായകൻ വീണ്ടും വീണ്ടും ഏറ്റെടുക്കുന്നത് അപൂർവമാണ്. ആ വിഷയത്തിൽ അദ്ദേഹത്തിനുള്ള വൈകാരിക ആഴത്തിനാണ് ഇക്കാര്യം അടിവരയിടുന്നത്” എന്ന് സിനേമ ഏന്റ് ഐ എന്ന ഋത്വിക് ഘട്ടക്കിന്റെ മരണാനന്തരകൃതിയുടെ ആമുഖത്തിൽ സത്യജിത് റായ് പറയുന്നുണ്ട്.
പ്രമുഖ ബംഗാളി സംവിധായകനായ കമലേശ്വർ മുഖർജി 2013ൽ സംവിധാനം ചെയ്ത മേഘെ ധാക്കെ താര എന്ന ഡോക്യു-ഫിക്‍ഷൻ സിനിമ ഘട്ടക്കിന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു മികച്ച ചിത്രമാണ്.
1970ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച ഋത്വിക് ഘട്ടക്കിന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ വേറെയും ലഭിച്ചിട്ടുണ്ട്.
1976 ഫെബ്രുവരി 6നാണ് ഈ അസാമാന്യപ്രതിഭ അകാലത്തിൽ പൊലിഞ്ഞില്ലാതായത്.
എഴുത്ത് : ആര്‍ നന്ദലാല്‍
രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍
തയ്യാറാക്കിയത് : ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി, പയ്യന്നൂര്‍
BIJU R
November 4, 2021 at 1:50 pmവിജ്ഞനപ്രധാനമായ ഒരു ഈ കുറിപ്പ് വളരെ ലളിതവും മനോഹരവുമായി അനുഭവ പെട്ടു