Subarnarekha (സുബര്‍ണരേഖ)

ഭാഷ (Language) Bangali
സംവിധാനം (Directed by) Ritwik Ghatak
പരിഭാഷ (Translation by) P Premachandran
ജോണർ (Johner) Drama

സുബര്‍ണരേഖ /1962/143മി

ഋത്വിക് ഘട്ടക്കിന്റെ വിഭജനത്രയ സിനിമകളിലെ മൂന്നാമത്തെ ചിത്രമായ സുബര്‍ണരേഖ നമ്മെ വൈകാരികമായി പിടിച്ചുലയ്ക്കുന്ന അനുഭവമാണ്. 1947 ലെ ഇന്ത്യാവിഭജനവും അഭയാര്‍ത്ഥിത്വവും അത്രമാത്രം തീവ്രതയിലാണ് ഘട്ടക് ഈ സിനിമയില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. വിഭജനത്തെത്തുടര്‍ന്നുള്ള കലാപങ്ങളില്‍ സ്വന്തം മാതാപിതാക്കളെയും വീട്ടുകാരെയും നഷ്ടപ്പെട്ട ഈശ്വര്‍ ചക്രവര്‍ത്തി തന്റെ ഏകസഹോദരി സീതയുമായി അഭയാര്‍ത്ഥിക്യാമ്പില്‍ കഴിയുകയാണ്. ജന്മിമാരുടെ തരിശുഭൂമിയില്‍ കുടില്‍കെട്ടി കഴിയുന്ന അഭയാര്‍ത്ഥികള്‍ അവരുടെ ഗുണ്ടകളുടെ അക്രമങ്ങളും നേരിടുന്നുണ്ട്. അപ്രകാരം അനാഥനാക്കപ്പെട്ട ഒരു കുഞ്ഞിനേയും തന്റെയൊപ്പം കൂട്ടി ഒരു കുടുംബം പടുത്തുയര്‍ത്തുക മാത്രം ലക്ഷ്യമാക്കി തന്റെ ആദര്‍ശാത്മക ജീവിതത്തെ വലിച്ചെറിഞ്ഞ് സുബര്‍ണരേഖാ നദിയുടെ തീരത്തുള്ള ഒരു ഗ്രാമത്തില്‍ പുതിയ ജിവിതം തുടങ്ങുകയാണ് ഈശ്വറും സീതയും അഭിരാമും; തന്റെ കോളേജുകാലത്തെ സഹപാഠി വച്ചുനീട്ടിയ ഒരു ഫാക്റ്ററി ജോലി സ്വീകരിച്ചുകൊണ്ട്. ഈശ്വര്‍ ചക്രവര്‍ത്തിയിലൂടെ ഒരു കാലഘട്ടത്തിലെ മനുഷ്യരനുഭവിച്ച വൈയക്തികവും സാമൂഹികവുമായ ദുരന്തങ്ങളെ യഥാതഥമായി അവതരിപ്പിക്കുകയാണ് ഘട്ടക് ഈ സിനിമയില്‍ ചെയ്യുന്നത്. അഭയാര്‍ത്ഥികള്‍ ആയിരിക്കുമ്പോഴും അതിനിടയിലുള്ള ജാതിബോധവും വിവേചനവും മാനാഭിമാനങ്ങളും അവരുടെ ജീവിതത്തെ കൂടുതല്‍ നരകസമാനമാക്കുന്നു. ദുരന്തങ്ങളുടെ തീമഴയിലൂടെയെങ്കിലും പ്രതീക്ഷയുടെ തീരത്തൂടെ അവര്‍ പ്രയാണം തുടരുകയാണ്.

ഓര്‍മ്മകളും അനുഭവങ്ങളുമായി ഇതിലെ ദൃശ്യപാഠത്തിനൊപ്പം ഒരു കാലത്തിന്റെ ചരിത്രം അടയാളപ്പെടുത്തപ്പെടുന്നു. തന്റെതന്നെ അഭയാര്‍ത്ഥിജീവിതത്തിന് ഋത്വിക് ഘട്ടക് എഴുതിച്ചേര്‍ത്ത ഒരു വിഷാദഗീതമാണ് സുബര്‍ണരേഖ. ഇന്ത്യന്‍നവതരംഗസിനിമയിലെ ഉദാത്തസൃഷ്ടിയായ സുബര്‍ണരേഖ പില്‍ക്കാല സംവിധായകരെ ഏറെ സ്വാധീനിച്ചിട്ടുള്ള സിനിമയാണ്. എത്രകണ്ടാലും മതിവരാത്ത ജീവിതപാഠമാവുമ്പോള്‍ തന്നെ, അതിലുല്‍ച്ചേര്‍ന്ന സംഗീതവും വൈകാരിക മുഹൂര്‍ത്തങ്ങളും വീണ്ടും വീണ്ടും നമ്മെ സുബര്‍ണരേഖയിലേക്ക് വലിച്ചടുപ്പിക്കും.

മലയാളം സബ്ടൈറ്റില്‍ തയ്യാറാക്കിയത്:
പി പ്രേമചന്ദ്രന്‍, ഓപ്പണ്‍ ഫ്രെയിം, പയ്യന്നൂര്‍.

 


Write a Reply or Comment

Your email address will not be published. Required fields are marked *