| ഭാഷ (Language) | persian | |
| സംവിധാനം (Directed by) | Ameen Nayfeh | |
| പരിഭാഷ (Translation by) | P Premachandran | |
| ജോണർ (Johner) | Drama, Thriller, Political |
200 Meters / 200 മീറ്റേഴ്സ് (2020)
ഭാഷ: അറബിക്
സംവിധാനം: അമീന്‍ നെയ്‌ഫ / 1hr 37m
പലസ്തിനിയൻ സംവിധായകനായ അമീൻ നയ്ഫെയുടെ ആദ്യഫീച്ചര്‍ സിനിമയാണ് ‘200 മീറ്റേഴ്സ്.’ വെസ്റ്റ് ബാങ്ക് പ്രദേശത്തിനു ചുറ്റും ഇസ്രായേൽ കെട്ടിയുയർത്തിയിട്ടുള്ള കൂറ്റൻ കോൺക്രീറ്റ് മതിലിന്റെ അപ്പുറവും ഇപ്പുറവും ജീവിക്കാൻ വിധിക്കപ്പെട്ട ഒരു കുടുംബത്തിന്റെ കഥയാണ് ‘200 മീറ്റേഴ്സ്’. വെസ്റ്റ് ബാങ്കിൽ ജീവിക്കുന്ന മുസ്തഫ. മതിലിനപ്പുറം ഇസ്രായേലിന്റെ ഭാഗത്ത് ജീവിക്കുന്ന അയാളുടെ ഭാര്യയും മൂന്നു മക്കളും. ഇസ്രായേലി കാർഡ് എടുക്കാൻ തയ്യാറല്ലാത്തതു കൊണ്ട് മുസ്തഫക്ക് കുടുംബത്തോടൊപ്പം ഇസ്രായേലി അധിനിവേശ പ്രദേശത്ത് ജീവിക്കാൻ അനുവാദമില്ല. വെറും 200 മീറ്ററിനപ്പുറം, മതിലിനപ്പുറമുള്ള മക്കളോട് അയാൾ രാത്രിയിൽ, വീട്ടിലെ ലൈറ്റ് കത്തിച്ചും കെടുത്തിയും വീഡിയോ കോൾ വിളിച്ചും സംസാരിക്കുന്നു.
വെസ്റ്റ് ബാങ്കിനു പുറത്തു പോയി കൂലിപ്പണി ചെയ്യണമെങ്കിലും അയാൾക്ക് ഇസ്രായേൽ നൽകുന്ന വർക്ക് പെർമിറ്റ് വേണം. വർക്ക് പെർമിറ്റ് നേടി, ഒരു കെട്ടിടം പണിക്കാരനായി ജോലിക്കു പോയിത്തുടങ്ങുമ്പോഴാണു അയാളുടെ ഐഡന്റിറ്റി കാർഡ് കാലഹരണപ്പെട്ടുവെന്നറിയുന്നത്. അത് പുതുക്കി വരണമെങ്കിൽ സമയം പിടിക്കും. അതിനിടയിൽ, മകൻ ഒരു വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലാണെന്ന് മുസ്തഫക്ക് വിവരം കിട്ടുന്നു. ഐഡന്റിറ്റി കാർഡ് പുതുക്കിക്കിട്ടുന്നതു വരെ നിയമപരമായി അയാൾക്ക് ഇസ്രായേലിൽ കടക്കാൻ കഴിയില്ല. മകന്റെയടുത്തെത്താനുള്ള വെമ്പലിൽ അയാൾ ഒരു മനുഷ്യക്കടത്തുകാരന്റെ സഹായം തേടുന്നു. 200 മീറ്റർ താണ്ടാനായി, 200 കിലോമീറ്ററുകളുടെ ഒരു സാഹസികയാത്ര തുടങ്ങുന്നു. ഒപ്പം, പല കഥകള്‍ പേറുന്ന സഹയാത്രികരും ആ കാറില്‍ അയാള്‍ക്കൊപ്പമുണ്ട്. ഇസ്രായേൽ പിടിച്ചെടുത്ത മണ്ണിൽ ജീവിക്കാൻ വിധിക്കപ്പെട്ട പലസ്തീൻ കാരുടെ നിത്യജീവിതദുരന്തങ്ങളുടെ ചെറിയൊരു ശകലമാണീ ചലച്ചിത്രം.
2020-ലെ വെനീസ് ചലച്ചിത്ര മേളയിൽ പ്രീമിയർ ചെയ്ത ‘200 മീറ്റേഴ് സ്’ 2021-ലെ ഇഫി (IFFI) യിൽ IFFI ICFT യുണസ്കോ ഗാന്ധി പുരസ്കാരവും നേടിയിട്ടുണ്ട്. IFFK യിലും പ്രദർശിപ്പിച്ചിരുന്നു. ലോകത്തിലെ ശ്രദ്ധേയമായ ഒട്ടേറെ ഫിലിം ഫെസ്റ്റിവലുകളില്‍ മികച്ച സിനിമ, മികച്ച നടന്‍ തുടങ്ങിയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
മലയാളം സബ്ടൈറ്റില്‍ തയ്യാറാക്കിയത്:
പി പ്രേമചന്ദ്രന്‍ (ഓപ്പണ്‍ ഫ്രെയിം പയ്യന്നൂര്‍)