മലയാളം സബ്ടൈറ്റില്‍ നിര്‍മ്മാണവും ചലച്ചിത്രാസ്വാദനവും
ചലച്ചിത്രാസ്വാദനത്തിനുള്ള ശേഷി കൈവരിക്കുക, ലോക സിനിമകള്‍ക്ക് മലയാളം സബ്ടൈറ്റിലുകള്‍ തയ്യാറാക്കുക, ഫിലിം സൊസൈറ്റികളുടെ സാമൂഹികവും സാംസ്കാരികവുമായ പ്രാധാന്യം തിരിച്ചറിയുക എന്നിവയാണ് ഈ ഇന്റേണ്‍ഷിപ്പിലൂടെ ലക്ഷ്യമിടുന്നത്.
പൊതുവിൽ ഈ ഇന്റേണ്‍ഷിപ്പിലൂടെ വിദ്യാർത്ഥികൾ ഒരു ഫിലിം സൊസൈറ്റിയുടെ പ്രവർത്തനപദ്ധതികൾ മനസ്സിലാക്കുകയും അവ നിർവഹിക്കുന്ന സാമൂഹികവും സാംസ്കാരികവും കലാപരവുമായ ദൗത്യങ്ങളെക്കുറിച്ചുള്ള ധാരണ നേടുകയും ചെയ്യും. അതോടൊപ്പം നല്ല സിനിമകൾ ആസ്വദിക്കാനും അവയെക്കുറിച്ച് വിശദീകരിക്കാനും ഉള്ള ശേഷികൾ കൈവരിക്കും. മലയാളം സബ്ടൈറ്റിലുകളോടു കൂടിയുള്ള സിനിമകൾ പ്രദർശിപ്പിക്കുന്നതിന്റെ സാംസ്കാരികവും ഭാഷാപരവും ആസ്വാദനപരവുമായ മികവുകൾ മനസ്സിലാക്കുകയും ലോകസിനിമകൾക്ക് മലയാളത്തിൽ സബ്ടൈറ്ററുകൾ തയ്യാറാക്കാനുള്ള സാങ്കേതികവും ഭാഷാപരവുമായ മികവുകൾ നേടുകയും ചെയ്യും.
ഓപ്പൺ ഫ്രെയിമിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളായിക്കൊണ്ട് ഒരു ഫിലിം സൊസൈറ്റിയുടെ പ്രവർത്തനത്തെ സംബന്ധിച്ച് ധാരണ നേടുന്നു. നല്ല സിനിമകളുടെ ആവർത്തിച്ചുള്ള കാഴ്ചയിലൂടെ സിനിമകള്‍ ആഴത്തിൽ മനസ്സിലാക്കാനും അവയുടെ അർത്ഥതലങ്ങളെക്കുറിച്ച് വ്യാഖ്യാനിക്കാനും ഉള്ള ശേഷികൾ കൈവരിക്കുന്നു. സിനിമയുടെ സാങ്കേതികവും സൗന്ദര്യാത്മകവുമായ തലങ്ങളെകുറിച്ച് അറിവ് നേടുകയും ആ മേഖലയിൽ ഉപരി അന്വേഷണങ്ങൾക്ക് തുടക്കമിടുകയും ചെയ്യും. മലയാളം സബ്ടൈറ്റിലുകളോടുകൂടിയുള്ള സിനിമകളുടെ സാംസ്കാരികവും ഭാഷാപരവും ആയ മികവുകളെ കുറിച്ച് ധാരണ നേടുന്നു. ചെറുസിനിമകൾക്ക് മലയാളത്തിൽ സബ്ടൈറ്റിൽ തയ്യാറാക്കുകയും അവ പൊതുവായി പ്രദർശിപ്പിച്ചു കൊണ്ട് വിവർത്തനത്തിനുള്ള ശേഷി കൈവരിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ 20 ലധികം വർഷങ്ങളായി അന്താരാഷ്ട്ര ചലച്ചിത്രമേളകളടക്കം നിരന്തരമായി ചലച്ചിത്ര പ്രദർശനങ്ങളും ശില്പശാലകളും നടത്തുന്ന പയ്യന്നൂർ ഓപ്പൺ ഫ്രെയിം കേരളത്തിലെ ഏറ്റവും സജീവമായ ഫിലിം സൊസൈറ്റികളില്‍ ഒന്നാണ്.