അരജീവിതങ്ങൾക്ക് ഒരു സ്വർഗ്ഗം / എം എ റഹ്മാൻ

അരജീവിതങ്ങൾക്ക് ഒരു സ്വർഗ്ഗം
എം എ റഹ്മാൻ

കാസർഗോഡ് ജില്ലയിലെ പതിനേഴോളം പഞ്ചായത്തുകളിൽ 20 വർഷകാലത്തിലധികം കോരിച്ചൊരിഞ്ഞ എൻഡോസൾഫാൻ എന്ന വിഷമഴയുടെ അത്യന്തികമായ ഫലം എന്തായിരുന്നു എന്ന് സൂക്ഷ്മമായും സമഗ്രമായും കാട്ടിത്തരുന്ന ഡോക്യുമെന്ററിയാണ് എം എ റഹ്മാന്റെ ‘അരജീവിതങ്ങൾക്ക് ഒരു സ്വർഗ്ഗം;. സ്വർഗ്ഗസമാനമായ സൗന്ദര്യവും ആവാസവ്യവസ്ഥയും ജീവിതവുമുണ്ടായിരുന്ന ഒട്ടേറെ കാസർഗോഡൻ ഗ്രാമങ്ങളെ എങ്ങനെയാണ് തലമുറകളോളം നീണ്ടുനിൽക്കുന്ന മാറാരോഗത്തിൻറെ കരങ്ങളിലേക്ക് ലാഭക്കൊതിമൂത്ത ഒരു കമ്പനിയും അതിനു ഒത്താശ ചെയ്തവരും എറിഞ്ഞു കൊടുത്തത് എന്നന്വേഷിക്കുന്ന ഈ ഡോക്യുമെൻററി എൻഡോസൾഫാൻ ദുരന്തത്തെ ലോകത്തിനുമുന്നിൽ തുറന്നുകാട്ടാൻ ഉപയുക്തമായ ആദ്യത്തെ ശ്രദ്ധേയസംരഭങ്ങളിൽ ഒന്നായിരുന്നു. എൻഡോസൾഫാൻ എന്ന് കേൾക്കുന്ന കേരളത്തിലെങ്ങുമുള്ള സാധാരണ മനുഷ്യരുടെ അന്വേഷണത്വരയുമായി ഇവിടുത്തെ ഗ്രാമങ്ങളിൽ വസ്തുതാന്വേഷണത്തിന് പുറപ്പെടുന്ന ഒരു വിദ്യാർത്ഥിയുടെ കണ്ണിലൂടെയാണ് ഡോക്യുമെൻററി വിരിയുന്നത്. സ്വർഗ്ഗമെന്നത് ഇവിടുത്തെ ഒരു സ്ഥലത്തിൻറെ പേര് കൂടിയാണ്. പക്ഷേ ആ സ്വർഗ്ഗത്തിൽ ഇന്നു വസിക്കുന്നതാകട്ടെ അർധപ്രാണരായ മനുഷ്യരാണ് എന്നതാണ് അതിലെ ദുരന്തം.

എൻഡോസൾഫാൻ ദുരിതം പെയ്ത മുഴുവൻ പഞ്ചായത്തുകളിലും ദിവസങ്ങളും മാസങ്ങളും നീണ്ടുനിന്ന അന്വേഷണത്തിന് ഫലമായാണ് എം എ റഹ്മാൻ ഈ ഡോക്യുമെൻററി ഒരുക്കിയത്. ഈ പ്രശ്നത്തെ സമൂഹമധ്യത്തിൽ ചർച്ചക്ക് കൊണ്ടുവന്ന മുഴുവൻ വ്യക്തികളുമായും സംസാരിക്കാനും സിനിമ തയ്യാറാവുന്നുണ്ട്. എൻഡോസൾഫാൻ വിഷയത്തെ സമഗ്രമായി പരിചയപ്പെടുത്തുന്നതോടൊപ്പം, രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചുള്ള കൃഷിരീതിക്കും ആധുനിക വികസനതന്ത്രങ്ങൾക്കും എതിരായുള്ള നിലപാട് സ്വീകരിക്കാൻ കൂടി ചിത്രം പ്രേക്ഷകനെ പ്രേരിപ്പിക്കുന്നു. ഇരുപതിലധികം വർഷങ്ങൾക്കു മുമ്പ് ആ കാലഘട്ടത്തിലെ പരിമിതമായ വിഭവങ്ങൾ മാത്രമുപയോഗിച്ച് നിർമ്മിച്ചതെങ്കിലും എൻഡോസൾഫാൻ വിഷയത്തെക്കുറിച്ചുള്ള ഏറ്റവും ആധികാരികമായ ചിത്രമായി സിനിമയുടെചരിത്രത്തിലും കേരളത്തിന്റെ സാമൂഹിക ചരിത്രത്തിലും നിലനിൽക്കുന്ന ഒന്നാണ് ‘അരജീവിതങ്ങൾക്ക് ഒരു സ്വർഗ്ഗം’


2 Comments
  1. Nishida

    October 8, 2021 at 11:49 am

    ആത്മാർത്ഥമായ പ്രവർത്തനം.

    Reply
  2. Adv. Nylekumar. S

    October 9, 2021 at 10:09 am

    Nothing to say….. This documentary reveals the real and horrible sufferings of the poor and ordinary people in those villages….

    Reply

Leave a Reply to Nishida Cancel reply

Your email address will not be published. Required fields are marked *