ഒരു സംസ്കാരത്തിൽ അലിഞ്ഞുചേർന്ന ഹിംസയുടെ നാമ്പുകൾ അനാവരണം ചെയ്യാനുള്ള ശ്രമമാണ് കെ ആർ മനോജിൻ്റെ ‘എ പെസ്റ്ററിങ് ജേണി’. അതിനുള്ള ഉപാധിയായി എൻഡോസൾഫാൻ എന്ന കീടനാശിനിയുടെ പ്രയോഗത്തെ ഏകാഗ്രതയോടെ അദ്ദേഹം പിന്തുടരുന്നു. സാമ്പ്രദായിക ഇന്ത്യൻ ഡോക്യുമെൻ്ററി ചിത്രങ്ങളുടെ പാതയിൽ നിന്നും വേറിട്ടും അർത്ഥവത്തായും സഞ്ചരിക്കുകയും സംവദിക്കുകയും ചെയ്യുന്ന ‘എ പെസ്റ്ററിങ് ജേണി’ ദുരന്തങ്ങളിലൂടെള്ള യാത്രയിൽ പ്രകൃതി / സംസ്കൃതി, ആത്മം / അപരം, ജീവൻ / മൃത്യു തുടങ്ങിയ ദ്വന്ദ്വങ്ങളിലൂടെ സഞ്ചരിക്കുകയും ആ ദ്വന്ദ്വങ്ങളുടെ അകലം മാഞ്ഞു പോകുന്നത് നമ്മെ അനുഭവിപ്പിക്കുകയും ചെയ്യുന്നു. സമീപകാലത്തു പ്രത്യക്ഷപ്പെട്ട മനുഷ്യൻ / ജീവിവർഗങ്ങൾ അഥവാ കീടം എന്ന ദ്വന്ദ്വമാണ് ഇതിലൂടെ ശക്തമായി മുന്നോട്ടു വരുന്നത്. ഒടുവിലാകട്ടെ കീടം എന്ന സ്ഥാനം മനുഷ്യരുടെ മേൽ പതിക്കുകയും കാർഷിക വികസനത്തിൻ്റെ പേരിൽ നിരാലംബരായ മനുഷ്യരെയും അനേകം ജീവിവർഗങ്ങളിയും കുരുതി കൊടുക്കുന്ന ആധുനിക ശാസ്ത്ര- സാങ്കേതിക -സാമ്പത്തിക ശക്തികളെ തുറന്നു കാട്ടുകയും ചെയ്യുന്നു. വികസനത്തിൻ്റെ പേരിൽ നാം ഇന്നും പിന്തുടരുന്ന ഈ യാത്ര എങ്ങോട്ടാണ് എന്ന് നമ്മെ ഓരോരുത്തരേയും ഇരുത്തി ചിന്തിപ്പിക്കുന്ന ചിത്രമാണ് ‘എ പെസ്റ്ററിങ് ജേണി’. കേവലം എൻഡോസൾഫാൻ എന്ന ഒരു വിഷപദാർത്ഥം മാത്രമല്ല ഇവിടെ പ്രതികൂട്ടിലുള്ളത്. മറിച്ച് ഭരണകൂടം തന്നെയാണ്.
കാസർകോട്ടെ എൻഡോസൾഫാൻ പ്രശ്നം മാത്രമല്ല സിനിമ ചർച്ച ചെയ്യുന്നത്. കാർഷിക വിപ്ലവത്തിന്
പ്രയോഗശാലയായ പഞ്ചാബിൽ നിന്ന് ജോധ്പൂരിലേക്ക് പോകുന്ന കാൻസർവണ്ടി എന്ന് വിളിക്കപ്പെടുന്ന തീവണ്ടിയിൽ നിന്നാണ് ‘എ പെസ്റ്ററിങ് ജേണി’ യാത്രയാരംഭിക്കുന്നത്. ദളിതരും ദരിദ്രരുമായ പഞ്ചാബി കൃഷിക്കാരുടെയും കർഷകത്തൊഴിലാളികളുടെയും കൃഷിയിടങ്ങളിൽ ഈ കീടനാശിനി വൻതോതിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. കാൻസർ വ്യാപകമായ ഈ ഗ്രാമത്തിലെ പാവങ്ങൾക്കുള്ള ഏക ആശ്രയം ജോധ്പൂരിൽ രാജസ്ഥാൻ രാജകുടുംബം പണ്ട് സ്ഥാപിച്ച ഒരു ആശുപത്രിയാണ്. അങ്ങനെ തെക്കൻ പഞ്ചാബിൽ നിന്നും കാൻസർ രോഗികളെയും വഹിച്ചു വൈകിട്ട് തിരിക്കുകയും രാത്രി തിരിച്ചുള്ള വണ്ടിയിൽ മടങ്ങുകയും ചെയ്യുന്ന, മരണം വരെ നീണ്ടു നിൽക്കുന്ന ഒരു യാത്രയെയാണ് കാസർഗോട്ടെ ദുരന്തത്തോട് സംവിധായകൻ ചേർത്തു നിർത്തുന്നത്.
ആരാണ് കീടം എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് ‘എ പെസ്റ്ററിങ് ജേണി’ എന്ന പീഡാനുഭവയാത്ര അവസാനിക്കുന്നത്. നിങ്ങളും ഞാനും കടമാകാം എന്ന ദുരന്തപൂർണമായ സത്യം നമ്മെ ചിത്രം ഓർമ്മപ്പെടുത്തുന്നു. വികസനത്തിൻ്റെ പേരിൽ അനുദിനം നടക്കുന്ന കുരുതികളിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്ന വർത്തമാനകാല ദുരന്തത്തിൽ തുടർന്നും നിലനിൽക്കാൻ പാടുപെടുന്ന നമ്മെ ഇത് കേവലം ഒരു വിഷപദാർത്ഥത്തിൻ്റെ വ്യാപകമായ ഉപയോഗം മാത്രമല്ല, സങ്കൽപ്പ സ്വർഗ്ഗം സ്വപ്നം കണ്ടു പായുന്ന ഒരു ജനതയുടെ ദുരന്തപൂർണമായ പലായനവുമാണ് എന്നു കൂടി ബോധ്യപ്പെടുത്തുകയാണ് ഈ ചിത്രം.
(കെ ഇ കെ സതീഷ് ‘മലയാളം’ വാരികയിൽ എഴുതിയ ലേഖനത്തിൽ നിന്നും എടുത്തത്)
Ps Somaraj
October 8, 2021 at 1:31 pmനമ്മുടെ ചിന്തകളെ, കാഴ്ചപ്പാടുകളെ സ്വാധീനിക്കുന്ന, വർത്തമാനകാല യാഥാർത്ഥ്യങ്ങളുടെ നേർചിത്രം.