ഗ്രാൻഡ് ഇല്ല്യൂഷൻ
1937/ ഫ്രഞ്ച്, ജർമ്മൻ, ഇംഗ്ലീഷ് / 114 മിനിറ്റ്
ചാൾസ് സ്പാക്കിനൊപ്പം തിരക്കഥയെഴുതി ജീൻ റിനോയർ 1937-ൽ സംവിധാനം ചെയ്ത ഫ്രഞ്ച് യുദ്ധവിരുദ്ധചിത്രമാണ് ഗ്രാൻഡ് ഇല്ല്യൂഷൻ. ഫ്രഞ്ച് സിനിമയുടെ മാസ്റ്റർപീസുകളിലൊന്നായി നിരൂപകരും ചലച്ചിത്ര ചരിത്രകാരന്മാരും ഗ്രാൻഡ് ഇല്ല്യൂഷനെ കണക്കാക്കുന്നു. കൂടാതെ ഇതുവരെ നിർമ്മിച്ച ഏറ്റവും മികച്ച സിനിമകളിൽ ഒന്നായും.
ഒന്നാം ലോകമഹായുദ്ധസമയത്ത് ജർമ്മൻ യുദ്ധത്തടവുകാരായ ഒരു കൂട്ടം ഫ്രഞ്ച് ഓഫീസർമാർ തടവറയില്‍ നിന്നും രക്ഷപ്പെടാൻ പദ്ധതിയിടുന്നതും അവര്‍ക്കിടയിലെ വർഗബന്ധങ്ങള്‍ ആ സമയത്ത് വെളിവാകുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു വ്യോമ-നിരീക്ഷണ ദൗത്യത്തിനിടെ, ജർമ്മൻ ഏസ് പൈലറ്റ് ക്യാപ്റ്റൻ വോൺ റൗഫെൻസ്റ്റീൻ, ഫ്രഞ്ച് ക്യാപ്റ്റൻ ഡി ബോൽഡിയുവിന്റെയും അദ്ദേഹത്തിന്റെ സിവിലിയൻ മെക്കാനിക്കും കോ-പൈലറ്റുമായ ലെഫ്റ്റനന്റ് മാരേച്ചലിന്റെയും വിമാനത്തെ വെടിവച്ചു വീഴ്ത്തുന്നു. താമസിയാതെ, പിടിക്കപ്പെട്ട അവരെ ഹാൾബാച്ച് യുദ്ധത്തടവുകാരുടെ ക്യാമ്പിലെത്തിക്കുന്നു. അവിടെവെച്ച് നിശ്ചയദാർഢ്യമുള്ള ഒരുപിടി സ്വഹാബികളോടൊപ്പം ഒരു രക്ഷപ്പെടാന്‍ ശ്രമിക്കുന്നു.