The Exterminating Angel

ദി എക്‌സ്‌റ്റെർമിനേറ്റിംഗ് എയ്ഞ്ചൽ

ലൂയിസ് ബുനുവൽ രചനയും സംവിധാനവും നിർവഹിച്ച് 1962-ൽ പുറത്തിറങ്ങിയ ഒരു മെക്‌സിക്കൻ സർറിയലിസ്റ്റ്
ചലച്ചിത്രമാണ് ദി എക്‌സ്‌റ്റെർമിനേറ്റിംഗ് എയ്ഞ്ചൽ.

സമ്പന്നരായ, സൊസൈറ്റി ദമ്പതികളായ എഡ്മുണ്ടോയും ലൂസിയ നോബലും, ഇരുപത് സുഹൃത്തുക്കളെ അവരുടെ
ആഡംബരപൂര്‍ണ്ണമായ മെക്സിക്കോ സിറ്റി എസ്റ്റേറ്റിലേക്ക് അത്താഴവിരുന്നിന് ക്ഷണിക്കുന്നു. വ്യക്തമല്ലാത്ത എന്തോ
കാരണങ്ങളാൽ, അതിഥികൾ വരുമ്പോൾ അവരുടെ സേവകരെല്ലാം അവരെ ഉപേക്ഷിച്ചുപോകുന്നു. താറുമാറായ
ഭക്ഷണത്തിനും ഭാവനാത്മകമായ പിയാനോവായനയ്ക്കും നിഗൂഢവും അസംബന്ധവുമായ സംഭാഷണങ്ങള്‍ക്കും
മണ്ടത്തരങ്ങള്‍ക്കും വിവേചനരഹിതമായ പ്രണയവിനോദങ്ങള്‍ക്കും അവിടെ അരങ്ങൊരുങ്ങുന്നു. പുലർച്ചെ 4 മണിക്ക്,
ആരും തിരിച്ചുപോകാത്തതെന്തുകൊണ്ടാണെന്ന്‍ പ്രഭുക്കന്മാർ അമ്പരക്കുന്നു. മുറിയിൽ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത
ഒരു ജഡത്വം തങ്ങളെ പിടികൂടുകയാണെന്ന് അതിഥികള്‍ പതുക്കെ മനസ്സിലാക്കാൻ തുടങ്ങുന്നു. തങ്ങളുടെ പരിമിതികളെ
മറികടക്കാൻ ബോധപൂർവമായ ഒരു ശ്രമവും അവർ നടത്തുന്നില്ല. തങ്ങളെപ്പോലെ മറ്റുള്ളവരും അതിനുള്ള ശ്രമങ്ങൾ
നടത്തുന്നില്ലെന്ന് തോന്നുന്നതിനാൽ സ്വയം ഏർപ്പെടുത്തിയ ഈ ക്വാറന്റൈൻ അവര്‍ ഓരോരുത്തരും അംഗീകരിക്കുന്നു.
പിന്നീട് താമസക്കാരുടെ ആരോഗ്യവും മാനസികവുമായ നിലയും തീര്‍ത്തും ക്ഷയിക്കുന്നു. അതോടെ അവർ പരസ്പരം
തർക്കിക്കുകയും മയക്കുമരുന്ന് കഴിക്കാൻ തുടങ്ങുകയും ഭക്ഷണത്തിനായി എന്തും ചെയ്യുകയും ചെയ്യുന്നു.

സാമൂഹിക ആചാരങ്ങൾ, ധാർമ്മികമായ കാപട്യങ്ങൾ, കത്തോലിക്കാ സഭ എന്നിവയെ മൂർച്ചയുള്ള ആക്ഷേപഹാസ്യത്താല്‍
ആക്രമിക്കുന്ന ദി എക്‌സ്‌റ്റെർമിനേറ്റിംഗ് എയ്ഞ്ചൽ ബുനുവലിന്റെ ശ്രദ്ധേയമായ സർറിയലിസ്റ്റിക് ബ്ലാക്ക് കോമഡിയാണ്.
ലോകത്തില്‍ ഇന്നുവരെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഏറ്റവും മികച്ച 1,000 ചിത്രങ്ങളിൽ ഒന്നായി ന്യൂയോർക്ക് ടൈംസ് ഈ
ചിത്രത്തെ കണക്കാക്കുന്നുണ്ട്.


Write a Reply or Comment

Your email address will not be published. Required fields are marked *