ആൽഫ്രഡ് ഹിച്കോക് (ജനനം – 1899 ഓഗസ്റ്റ് 13)

ആൽഫ്രഡ് ഹിച്കോക് (ജനനം – 1899 ഓഗസ്റ്റ് 13) Alfred Hitchcock

സസ്പെൻസ്/ത്രില്ലർ സിനിമകളിലെ അതികായനും അവയുടെ ആചാര്യനും ആയി അറിയപ്പെടുന്ന ബ്രിട്ടീഷ്-അമേരിക്കൻ ചലച്ചിത്രസംവിധായകനാണ് ആൽഫ്രഡ് ഹിച്കോക്. നിശബ്ദസിനിമകളുടെ കാലത്ത് തുടങ്ങി ശബ്ദസിനിമകളിലൂടെയും കള‍ർ സിനിമകളിലൂടെയും എല്ലാം സജീവമായി സഞ്ചരിച്ച ഈ ചലച്ചിത്രകാരന്റെ അറുപത് വർഷം നീണ്ടുനിന്ന കലാസപര്യ സിനിമാചരിത്രത്തിലെ ഒരു സുപ്രധാനകാലഘട്ടത്തെ അടയാളപ്പെടുത്തുന്നു. അഞ്ച് തവണ നാമനി‍ർദേശം ചെയ്യപ്പെട്ടുവെങ്കിലും അദ്ദേഹത്തിന് മികച്ച സംവിധായകനുള്ള അക്കാദമി പുരസ്കാരം ഒരിക്കലും ലഭിച്ചിരുന്നില്ല; പക്ഷെ അക്കാദമി അവാർഡുകൾ വാരിക്കൂട്ടിയ ഏത് ചലച്ചിത്രപ്രതിഭയേക്കാളും ലോകം മുഴുവൻ അറിയപ്പെടുന്നത് ആൽഫ്രഡ് ഹിച്കോക് ആണെന്നതിൽ സംശയത്തിനിടയുണ്ടാകാൻ സാധ്യതയില്ല.

ആൽഫ്രഡ് ജോസഫ് ഹിച്കോക് ജനിച്ചത് ലണ്ടനിലെ ലീറ്റൺസ്റ്റോണിലാണ്. മുട്ടയുടെയും പച്ചക്കറിയുടെയും ബിസിനസ് ചെയ്യുന്ന ഒരു സമ്പന്ന കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. കടുത്ത റോമൻ കത്തോലിക്കരായിരുന്നതിനാൽ, അങ്ങേയറ്റം മതപരമായിത്തന്നെയായിരുന്നു രക്ഷിതാക്കൾ ഹിച്കോകിനെയും വളർത്തിയിരുന്നത്. ശരിയെയും തെറ്റിനെയും കുറിച്ചുള്ള മതാത്മകബോധം അതുകൊണ്ടുതന്നെ, വളരെ ചെറുപ്പം തൊട്ടേ ഹിച്കോകിൽ ഉണ്ടായിരുന്നു. മോശം കുട്ടികളോടുള്ള സമീപനം എങ്ങനെയായിരിക്കും എന്ന് കാണിക്കുവാനായി അഞ്ച് വയസ്സുള്ള സമയത്ത് അദ്ദേഹത്തിന്റെ അച്ഛൻ ഒരു കുറിപ്പുമായി ഹിച്കോകിനെ പോലീസ് സ്റ്റേഷനിലേക്ക് അയച്ചിരുന്ന കാര്യം അദ്ദേഹം പിൽക്കാലത്ത് പലപ്പോഴും സൂചിപ്പിച്ചിരുന്നു. ആ കുറിപ്പ് വായിച്ച പോലീസ് അദ്ദേഹത്തെ അല്പനേരത്തേക്ക് ലോക്കപ്പിലിട്ട ശേഷം വിട്ടയക്കുകയായിരുന്നു. ഇത് ജീവിതകാലം മുഴുവൻ പോലീസിനോടും നിയമത്തോടും ഉള്ള പേടി ഉണ്ടാക്കി എന്ന് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.

മതസ്ഥാപനങ്ങൾ നടത്തുന്ന സ്കൂളുകളിലായിരുന്നു അദ്ദേഹം പഠിച്ചിരുന്നത്. അവിടങ്ങളിൽ പഠനത്തോടൊപ്പം ശിക്ഷ പതിവുമായിരുന്നു. എഞ്ചിനീയറിങ് വിദ്യാഭ്യാസത്തിന് ശേഷം അദ്ദേഹം ഗ്രാഫിക് ഡിസൈനിങിലേക്ക് തിരിഞ്ഞു. പിന്നീട് സിനിമകളുടെ ടൈറ്റിൽ കാർഡുകൾ രൂപകല്പന ചെയ്യുന്ന ജോലിയിലേക്ക് എത്തിപ്പെട്ടു. ആ മേഖലയിലെ പരിചയം കൊണ്ട്, 1923ൽ ആദ്യചിത്രം സംവിധാനം ചെയ്യുവാൻ അദ്ദേഹത്തിന് സാധിച്ചു. അങ്ങിനെ സംവിധാനരംഗത്തേക്ക് എത്തിപ്പെട്ട ഹിച്കോക് വളരെ പെട്ടെന്നുതന്നെ ആ മേഖലയിൽ തന്റെ സാന്നിദ്ധ്യം എത്ര മാത്രം പ്രധാനമാണെന്ന് ലോകത്തെ അറിയിച്ചു. ദ് പ്ലഷർ ഗാർഡൻ എന്ന 1925ലെ ചിത്രം ഒരു ആംഗ്ലൊ-ജർമൻ സംയുക്ത സംരംഭമായിരുന്നു. 1926ൽ പുറത്തുവന്ന ദ് ലോഡ്ജർ ആണ് അദ്ദേഹത്തിന് ബ്രേക് നൽകിയ ആദ്യചിത്രം. ഹിച്കോക് ശൈലി എന്നു വിശേഷിപ്പിക്കാവുന്ന ശൈലി ആരംഭിക്കുന്നതും ഈ ചിത്രത്തിൽ നിന്നാണ്.

ആദ്യകാലത്ത് സംവിധാനം ചെയ്തവയെല്ലാം നിശബ്ദചിത്രങ്ങളായിരുന്നു. എന്നാൽ ബ്രിട്ടനിലെ ആദ്യ ശബ്ദചിത്രം സംവിധാനം ചെയ്തതും ഹിച്കോക് ആയിരുന്നു. 1929ൽ പുറത്തുവന്ന ബ്ലാക്മെയിൽ ആയിരുന്നു ആ ചിത്രം. മർഡർ! (1930), ദ് മാൻ ഹു ന്യൂ റ്റൂ മച് (1934), ദ് 39 സ്റ്റെപ്സ് (1935), സീക്രട് ഏജന്റ് (1936), സബൊട്ടാഷ് (1936), ദ് ലേഡി വാനിഷസ് (1938) എന്നിവയാണ് അക്കാലത്തെ അദ്ദേഹത്തിന്റെ പ്രധാനചിത്രങ്ങൾ. 1939ൽ പുറത്തുവന്ന ജമൈക്ക ഇൻ എന്ന ചിത്രത്തോടുകൂടി അദ്ദേഹത്തിന്റെ ബ്രിട്ടീഷ് സിനിമകളുടെ യുഗം അവസാനിക്കുകയും അദ്ദേഹം ഹോളിവുഡിലേക്ക് ചേക്കേറുകയും ചെയ്തു.

1940ൽ ഇറങ്ങിയ റെബേക്ക ആണ് ആദ്ദേഹത്തിന്റെ ആദ്യ ഹോളിവുഡ് ചിത്രം. Foreign Correspondent (1940), Suspicion (1941), Shadow of a Doubt (1943), Notorious (1946),  Spellbound (1945), The Paradine Case (1948), Under Capricorn (1949), Lifeboat (1944), Rope (1948) Strangers on a Train (1951), I Confess (1953), Dial M for Murder (1954), To Catch a Thief (1955), The Trouble with Harry (1955), Rear Window (1954) Vertigo (1958), North by Northwest (1959) Psycho (1960) The Birds (1963) Marnie (1964), Torn Curtain (1966), Topaz (1969), Frenzy (1972) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാനചിത്രങ്ങൾ.

ഇതിൽ സൈക്കൊ എന്ന ചിത്രം ക്ലാസിക് ആയി വിശേഷിപ്പിക്കപ്പെടുന്നു. അന്നുവരെ നിലവിലുണ്ടായിരുന്ന സിനിമാനിർമാണത്തിന്റെ ദൃശ്യഭാഷാരീതികൾക്കെല്ലാം പുതിയൊരു ഭാഷ്യം ചമയ്ക്കുകയാരുന്നു ഈ ചിത്രത്തിലൂടെ ഹിച്കൊക് ചെയ്തത്. പിൽക്കാലത്ത് സൈക്കൊ എന്ന ചിത്രത്തിന് ഒട്ടേറെ റീമേക്ക് ഉണ്ടായിരുന്നുവെങ്കിലും ഹിച്കോക് ആ ചിത്രത്തിന് നൽകിയ പൂർണതയുടെ സമീപത്തെങ്ങുമെത്തുവാൻ ഈ റീമേക്ക് ശ്രമങ്ങൾക്കൊന്നും സാധിച്ചിരുന്നില്ല.

1955 മുതൽ 1965 വരെ ആൽഫ്രഡ് ഹിച്കോക് പ്രസന്റ്സ് എന്ന പേരിൽ ഒരു ടെലിവിഷൻ സീരീസ് അദ്ദേഹം ചെയ്തിരുന്നു. ഓരോ വ‍ർഷവും ഒരു സീസൺ എന്ന രീതിയിൽ പത്ത് സീസണുകളിലായി ചെയ്ത ഈ പരിപാടിക്ക് ആകെ 361 എപ്പിസോഡുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 17 എണ്ണം മാത്രമാണ് ഹിച്കോക് സംവിധാനം ചെയ്തതെങ്കിലും, അദ്ദേഹത്തിന്റേതായ ത്രില്ലർ ശൈലിയിൽ നിർമിക്കപ്പെട്ട ടിവി സീരീസായിരുന്നു ഇവയെല്ലാം.

സ്വന്തം ചിത്രങ്ങളുടെ പരസ്യങ്ങൾ വളരെ മികച്ച രീതിയിൽ തയ്യാറാക്കുന്ന കാര്യത്തിലും ഹിച്കോക് ശ്രദ്ധേയനായിരുന്നു. സൈക്കൊ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾക്ക് മുമ്പിൽ സ്വന്തം വാച്ചിലേക്ക് വിരൽ ചൂണ്ടിനിൽക്കുന്ന ഹിച്കോക്കിന്റെ കട്ടൗട്ടുകളും ബോഡുകളും പ്രദർശിപ്പിച്ചത് ഇത്തരത്തിൽ ശ്രദ്ധേയമായ ഒരു പരസ്യ രീതിയിയായിരുന്നു. ആ ബോഡുകളിൽ പറഞ്ഞത്, ഈ സിനിമ തുടക്കം മുതൽ കാണണമെന്നും തുടങ്ങിക്കഴിഞ്ഞാൽ ആരെയും തിയറ്ററിനകത്തേക്ക് പ്രവേശിപ്പിക്കുകയുമില്ല എന്നുമാണ്.

റെബേക്ക, ലൈഫ്ബോട്ട്, സ്പെൽബൗണ്ട്, റിയർ വിൻഡൊ, സൈക്കൊ എന്നീ ചിത്രങ്ങൾ മികച്ച സംവിധായകനുള്ള ഓസ്കാർ പുരസ്കാരത്തിന് നിർദേശിക്കപ്പെട്ടതെങ്കിലും ആ പുരസ്കാരം ഒരിക്കലും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. വിവിധ വിഭാഗങ്ങളിലായി അദ്ദേഹത്തിന്റെ 46 സിനിമകൾ അക്കാദമി അവാർഡിന് പരിഗണിക്കപ്പെട്ടിരുന്നു; ആറ് പുരസ്കാരങ്ങൾ നേടുകയും ചെയ്തു. എട്ട് ഗോൾഡൻ ലോറൽ പുരസ്കാരങ്ങൾ, രണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ, എ.എഫ്.ഐ. ലൈഫ് ടൈം അചീവ്മെന്റ് അവാ‍ർഡ് ഉൾപ്പെടെയുള്ള സമഗ്രനേട്ടത്തിനുള്ള അഞ്ച് പുരസ്കാരങ്ങൾ, ബാഫ്റ്റ അവാർഡ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ബ്രിട്ടീഷ് രാജ്ഞിയായ എലിസബത്ത് II നൈറ്റ് കമാന്റർ എന്ന പുരസ്കാരവും നൽകി ആദരിച്ചു. ലോകത്തെ വിവിധ ചലച്ചിത്രമേളകളിലും അദ്ദേഹം പലതവണ ആദരിക്കപ്പെട്ടിട്ടുണ്ട്.

വൃക്കരോഗബാധയെത്തുടർന്ന്, 1980 ഏപ്രിൽ 28ന് ലോസ് ഏഞ്ചലസിലുള്ള ബെൽ എയർ എന്ന വസതിയിൽ വെച്ചാണ് ലോകസിനിമയിലെ ത്രില്ലറുകളുടെ അതികായൻ അന്തരിച്ചത്.

എഴുത്ത് : ആര്‍ നന്ദലാല്‍

രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍

തയ്യാറാക്കിയത് : ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി, പയ്യന്നൂര്‍

റബേക്ക

നൊട്ടോറിയസ്

ജമൈക്ക ഇന്‍

https://youtu.be/vU2GV-PBCI8

39 സ്റ്റെപ്പ്സ്


Write a Reply or Comment

Your email address will not be published. Required fields are marked *