ബിമൽ റോയ് (ജനനം – 1909 ജൂലൈ 12)

ജന്മദിന സ്മരണ

ബിമൽ റോയ്  Bimal Roy

(ജനനം – 1909 ജൂലൈ 12)

ഹിന്ദിസിനിമയിൽ റിയലിസം മികച്ച രീതിയിൽ അവതരിപ്പിച്ച ആദ്യ ചലച്ചിത്രസംവിധായകനാണ് ബിമൽ റോയ്. കാൻ ചലച്ചിത്രമേളയിലെ അന്താരാഷ്ട്രപുരസ്കാരമടക്കം നിരവധി ദേശീയവും അന്തർദേശിയവുമായ പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഒരു ഇന്ത്യൻ ചലച്ചിത്രകാരൻ കൂടിയാണ് ബിമൽ റോയ്.

അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്ന ധാക്കയിലാണ് ബിമൽ റോയ് ജനിച്ചത്. അച്ഛന്റെ കാലശേഷം കൊൽകത്തയിലേക്ക് വന്നു. ജീവിതത്തിലെ ഏറ്റവും ദുരിതം നിറഞ്ഞ കാലത്തിലൂടെയായിരുന്നു അന്നദ്ദേഹം കടന്നുപോയിക്കൊണ്ടിരുന്നത്. അപ്പോഴാണ് ന്യൂ തിയറ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ അസിസ്റ്റന്റ് ക്യമറാമാനായി നിയമനം കിട്ടിയത്. 1935ൽ ഇറങ്ങിയ ദേവദാസ് എന്ന സിനിമയുടെ സംവിധായകനായ പി.സി. ബറുവയുടെ കൂടെയായിരുന്നു അവിടെ അദ്ദേഹം ജോലി ചെയ്തിരുന്നത്. തുടർന്ന് കുറേക്കാലം പ്രമുഖ സംവിധായകനായ നിഥിൻ ബോസിന്റെ അസിസ്റ്റന്റായിരുന്നു. അതേ സമയം ഒരു സ്വതന്ത്ര ഛായാഗ്രാഹകനാകണം എന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ടായിരുന്നു. രണ്ടാംലോകയുദ്ധാനന്തരകാലത്തെ കൽകത്ത സിനിമാ വ്യവസായ മേഖലയിൽ തന്റേതായ സംഭാവനകൾ അക്കാലത്ത് റോയി നൽകിയിരുന്നു.

ബോംബെ ഇന്ത്യൻ സിനിമാവ്യവസായത്തിന്റെ പ്രധാനശ്രദ്ധാകേന്ദ്രമായി മാറിയതോെടെ, കൽക്കത്തയിൽ നിന്നും ഒട്ടേറെ സിനിമാപ്രവർത്തകർ തങ്ങളുടെ ഭാഗ്യം തേടി ബോംബെയിലേക്ക് തിരിച്ചു. അതോടുകൂടി കൽക്കത്തയിലെ സിനിമാവ്യവസായത്തിന്റെ തിളക്കം മങ്ങാനും ആരംഭിച്ചു. ഇക്കാലത്താണ് ബിമൽ റോയിയും ബോംബെയ്ക്ക് വണ്ടി കയറുന്നത്. ഛായാഗ്രഹണസഹായിയും എഡിറ്ററുമായ ഹൃഷികേശ് മുഖർജി, തിരക്കഥാകൃത്തായ നബേന്ദു ഘോഷ്, സഹസംവിധായകനായ അസിത് സെൻ, ഛായാഗ്രാഹകനായ കമൽ ബോസ് എന്നിവരുടെ ഒരു ടീമിനൊപ്പമാണ് അദ്ദേഹം ബോംബെയിലെത്തിയത്. പിന്നീട് സലിൽ ചൗധരിയെക്കൂടി ബോംബെയിലേക്ക് ഒപ്പം കൂട്ടി. ബോംബെ ടാക്കീസിനു വേണ്ടി 1952ൽ സംവിധാനം ചെയ്ത മാ ആയിരുന്നു ബോംബെയിലെത്തിയ ശേഷം ബിമൽ റോയിയുടെ ആദ്യസിനിമ. അതേ വർഷം തന്നെ ബാപ്-ബേടി എന്ന ഒരു ചിത്രവും കൂടി അദ്ദേഹം സംവിധാനം ചെയ്തു. 1953ൽ അദ്ദേഹം ബിമൽ റോയ് പ്രൊ‍ഡക്‍ഷൻസ് എന്ന പേരിൽ സ്വന്തമായി നിർമാണ കമ്പനി ആരംഭിച്ചു. അതേ വർഷം ഈ കമ്പനി നിർമിച്ച ആദ്യചിത്രമാണ് ദോ ബീഘാ സമീൻ. ഈ സിനിമ ഇന്ത്യയ്ക്കകത്തും പുറത്തും വളരെയേറെ ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമായിരുന്നു. കാൻ ചലച്ചിത്രമേളയിൽ ഈ ചിത്രം പുരസ്കാരം നേടുകയുണ്ടായി. ആദ്യമായി കാനിൽ പുരസ്കാരം നേടുന്ന ഇന്ത്യൻ സിനിമയായിരുന്നു അത്.

സത്യജിത് റോയിയെ എന്നപോലെ തന്നെ ഇറ്റാലിയൻ നിയോറിയലിസവും, വിറ്റൊറിയൊ ഡിസീക്കയുടെ ബൈസിക്ക്ൾ തീവ്സ് എന്ന ചിത്രവും ബിമൽ റോയിയെയും ആഴത്തിൽ സ്വാധീനിച്ചിരുന്നു. അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളിലും സാധാരണ മനുഷ്യരുടെ തീരാദുരിതങ്ങളും ജീവിതദുഃഖങ്ങളും പ്രതിഫലിച്ചിരുന്നു. അതേസമയം സിനിമാതിയറ്ററിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നതിനുള്ള അത്യാവശ്യ ചേരുവകളും അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മിക്കചിത്രങ്ങളും വൻതോതിലുള്ള വാണിജ്യവിജയവും നേടി. എന്നുവച്ച് സിനിമയെ കച്ചവടത്തിനുവേണ്ടി മാത്രമായുള്ള ഒരു കലയാക്കി തരംതാഴ്ത്തുന്ന പരിപാടികളൊന്നും തന്നെ ബിമൽ റോയി ചെയ്തിട്ടുമില്ല.

പി.സി. ബറുവയോടൊപ്പം താൻ പണ്ട് സഹകരിച്ചിരുന്ന ദേവദാസ് എന്ന ചിത്രം ബിമൽ റോയ് തന്നെ സംവിധാനം ചെയ്ത് 1955ൽ വീണ്ടും പുറത്തിറക്കി. ദിലീപ്കുമാർ, വൈജയന്തിമാല തുടങ്ങിയ താരങ്ങളുടെ ഉദയം കുറിച്ച ചിത്രം കൂടിയായി ദേവദാസ് മാറി.

പരിണീത (1953), ബിരാജ് ബഹു (1954), നൗകരി (1954), മധുമതി (1958), യഹൂദി (1958), സുജാത (1959), പരഖ് (1960), നദേർ നിമായ് (1960), ഇമ്മോർടൽ സ്തൂപ (1961), പ്രേം പത്ര (1962), ബന്ദിനി (1963) എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയ ഫീച്ചർ സിനിമകൾ. സ്വാമി വിവേകാനന്ദനെക്കുറിച്ച് 1963ൽ ലൈഫ് ഏന്റ് മെസേജ് ഒഫ് സ്വാമി വിവേകാനന്ദ എന്ന ഒരു ചിത്രവും അദ്ദേഹം സംവിധാനം ചെയ്തിരുന്നു. നിർമാതാവ്, എഡിറ്റർ, ഛായാഗ്രാഹകൻ എന്നീ നിലകളിലും ഒട്ടേറെ ചിത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്.

മധുമതി എന്ന സിനിമയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഏറ്റവും വലിയ വാണിജ്യവിജയം നേടിയത്. 1958ൽ ഇന്ത്യയിലെ ഏറ്റവുമധികം പണം സമ്പാദിച്ച ചിത്രമായി ഇത് മാറി. സിനിമയിലെ ഇതിഹാസങ്ങളായ ഒരുപാട് വ്യക്തികൾ ഈ ചിത്രത്തിനായി ഒന്നിച്ചു. മഹാനായ ചലച്ചിത്രകാരൻ ഋത്വിക് ഘട്ടക് ആണ് ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. എഡിറ്ററായി ഹൃഷികേശ് മുഖർജിയും സംഗീതസംവിധായകനായി സലിൽ ചൗധരിയുമുണ്ടായിരുന്നു. ഇതിലെ നായകകഥാപാത്രത്തെ അവതരിപ്പിച്ചതും സുപ്രസിദ്ധനടനായ ദിലീപ് കുമാറായിരുന്നു. ആ വ‍ർഷം 9 ഫിലിംഫെയർ അവാർഡുകളാണ് ഈ ചിത്രം നേടിയിരുന്നത്.

സലിൽ ചൗധരി എന്ന സംഗീതസംവിധായകനെ ഹിന്ദിസിനിമയിൽ അവതരിപ്പിച്ചത് ബിമൽ റോയി തന്റെ ദോ ബീഘാ സമീൻ എന്ന ചിത്രത്തിലൂടെയായിരുന്നു. ഇന്നും ഹിറ്റുകളായി തന്നെ തുടരുന്ന നിരവധി ഗാനങ്ങൾ ഇവരുടെ കൂട്ടുകെട്ടിൽ പിറന്ന സിനിമകളിലെല്ലാം ഉണ്ടായിരുന്നു. സലിൽ ചൗധരിയുടെ തന്നെ റിക്ഷാവാല എന്ന കഥയെ അധികരിച്ചാണ് ദോ ബീഘാ സമീൻ എന്ന ചിത്രം നിർമിച്ചത്. പരഖ് എന്ന ബിമൽ റോയ് ചിത്രത്തിന്റെ കഥയും സലിൽ ചൗധരിയുടേതായിരുന്നു. പ്രേം പത്ര എന്ന സിനിമയ്ക്ക തിരക്കഥ രചിച്ചതും സലിൽ ചൗധരിയാണ്. പ്രമുഖ ഹിന്ദി ചസച്ചിത്രസംവിധായകനും കവിയും പാട്ടഴുത്തുകാരനുമായ ഗുൽസാറിന്റെയും പ്രധാന പ്രചോദനം ബിമൽ റോയി തന്നെയായിരുന്നു. സംവിധായകനാവാൻ വന്ന തന്നെ പാട്ടെഴുതുന്നതിലേക്കും കൂടി തിരിച്ചുവിട്ടത് ബിമൽ റോയിയാണെന്ന് ഗുൽസാ‍ർ വ്യക്തമാക്കിയിട്ടുണ്ട്.

11 ഫിലിംഫെയർ അവാർഡുകളും ആറ് ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ രണ്ട് ചിത്രങ്ങൾ കാൻ ചലച്ചിത്രമേളയിൽ പാം ഡി ഓർ പുരസ്കാരത്തിന് നാമനി‍ർദേശം ചെയ്യപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ മകളായ റിങ്കി റോയ് ഭട്ടാചാര്യ എഴുതി 2009ൽ പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ച ബിമൽ റോയിയുടെ ജീവചരിത്രകൃതിയായ ബിമൽ റോയ്: ദ് മാൻ ഹു സ്പോക് ഇൻ പിക്ചേഴ്സ് എന്ന പുസ്തകം പ്രസിദ്ധമാണ്. ഇന്ത്യൻ സിനിമയിലെ കലാകാരന്മാരെ ആദരിക്കുവാനായി 1997 മുതൽ ബിമൽ റോയ് മെമോറിയൽ ട്രോഫി എന്ന പുരസ്കാരം നൽകി വരുന്നുണ്ട്. ബിമൽ റോയ് മെമോറിയൽ ഏന്റ് ഫിലിം സൊസൈറ്റിയാണ് ഈ പുരസ്കാരം നൽകുന്നത്.

“ബിമൽ റോയിയുടെസിനിമകൾ അതിന്റെ ഛായാഗ്രഹണത്തിൽ മികച്ചുനിൽക്കുന്നവയാണ്. വെളിച്ചത്തിന്റെ ഉറവിടം എവിടെയാണെന്നത് വെളിപ്പെടുത്തുവാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്ന അദ്ദേഹം സമയബോധവും [സിനിമയിൽ] അവതരിപ്പിച്ചു. ഇത് കാഴ്ചക്കാരെ യാഥാർത്ഥ്യവുമായി ബന്ധപ്പിച്ചു എന്നുള്ളതാണ് ഇവിടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. അദ്ദേഹത്തിന്റെ സിനിമയിലെ ഒരു കാര്യം നടക്കുന്നത് എത്ര മണിക്കാണെന്നത് നിങ്ങൾക്ക് കൃത്യമായി പറയാൻ സാധിക്കും. ഛായാഗ്രാഹകൻ എന്ന നിലിയലുള്ള അനുഭവജ്ഞാനം സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തിന് വലിയ അനുഗ്രഹമായിരുന്നു.” തന്നെ ഏറ്റവും ആഴത്തിൽ സ്വാധീനിച്ച ചലച്ചിത്രകാരിലൊരാളായ ബിമൽ റോയിയെക്കുറിച്ച് സുപ്രസിദ്ധ സംവിധായകൻ ശ്യാം ബെനെഗൽ പറഞ്ഞ വാക്കുകളാണിത്.

സമരേഷ് ബസുവിന്റെ ഒരു നോവലിനെ അടിസ്ഥാനമാക്കി അമൃത് കുംഭ് കീ ഖോജ് മെ എന്ന ഒരു സിനിമ രണ്ട് ഭാഷകളിലായി ഒരുക്കുന്നതിനിടയിലാണ്, ശ്വാസകോശത്തിലെ അർബുദബാധയെത്തുടർന്ന് 1966 ജനുവരി 8ന് അമ്പത്തിയാറാം വയസ്സിൽ അദ്ദേഹം അന്തരിച്ചത്.

എഴുത്ത് : ആര്‍ നന്ദലാല്‍

രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍

തയ്യാറാക്കിയത് : ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി, പയ്യന്നൂര്‍

ബിമല്‍ റോയ് സിനിമകള്‍

Biraj Bahu (1954)

Naukri (1954)

 

 

Parakh 1960

 


Write a Reply or Comment

Your email address will not be published.