ജാഫർ പനാഹി
(ജനനം – 1960 ജൂലൈ 11) Jafar Panahi
ഇറാനിയൻ നവസിനിമയിലെ ഏറവും പ്രമുഖനായ സംവിധായകരിലൊരാളാണ് ജാഫർ പനാഹി. കാൻ ചലച്ചിത്രമേളയിൽ ആദ്യമായി കാമറ ഡി ഓർ പുരസ്കാരം ലഭിച്ച ഇറാനിയൻ സംവിധായകൻ കൂടിയാണ് അദ്ദേഹം. തിരക്കഥാകൃത്ത്, ഫിലിം എഡിറ്റർ എന്നീ നികലളിലും കൂടി പനാഹി പ്രസിദ്ധനാണ്. സിനിമ എടുക്കുന്നതിലൂടെ ഇറാൻ ഭരണകൂടത്തിനെതിരായി ഭീഷണി ഉയർത്തുന്നു എന്ന പേരിൽ ഭരണകൂടം തടവിലടച്ചിട്ടും, സിനിമ നിർമിക്കുന്നത് വലക്കിയിട്ടും തടവിൽ കഴിഞ്ഞുകൊണ്ട് മനോഹരമായ സിനിമകൾ സൃഷ്ടിക്കുന്ന കലാകാരൻ കൂടിയാണദ്ദേഹം.
ഇറാനിലെ മിയാനെഹ് എന്ന പട്ടണത്തിലാണ് പനാഹി ജനിച്ചത്. ദരിദ്രമായ ഒരു കുടുംബത്തിലായിരുന്നു ജനനം. ചെറുപ്പം തൊട്ടേ സിനിമ അദ്ദേഹത്തിന് ഒരാവേശമായിരുന്നു. സിനിമ കാണാനുള്ള പണം കണ്ടെത്താൻ വേണ്ടി പന്ത്രണ്ട് വയസ്സുള്ളപ്പോൾ തന്നെ സ്കൂളിലെ പഠനത്തോടൊപ്പം പല ജോലികളും ചെയ്തിരുന്നു. ഔപചാരികവിദ്യാഭ്യാസത്തിന് ശേഷം പട്ടാളത്തിൽ ചേർന്നു. 1980ലെ ഇറാൻ-ഇറാഖ് യുദ്ധകാലത്താണ് അദ്ദേഹം പട്ടാളത്തിൽ ചേരുന്നത്. അവിടെ പട്ടാളത്തിനുവേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്ന ഡ്യൂട്ടിയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. 1981 ൽ കുർദിഷ് പോരാളികൾ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി 76 ദിവസം തടവിൽ പാർപ്പിച്ചിരുന്നു. പട്ടാളസേവനാനന്തരം ആ അനുഭവങ്ങൾ ഉൾക്കൊളിച്ച് ചില ഡോക്യുമെന്ററികൾ അദ്ദേഹം ചെയ്തിരുന്നു.
തുടർന്നാണ് അദ്ദേഹം സിനിമ പഠിക്കുവാനായി ടെഹ്റാനിലെ കോളേജ് ഒഫ് സിനിമ ഏന്റ് ടിവിയിൽ ചേരുന്നത്. ഹിച്കോക്, ല്യൂയി ബുന്വേൽ, ഗൊദാർദ് തുടങ്ങിയ പ്രഗത്ഭരുടെ സിനിമകൾ അദ്ദേഹം പരിചയപ്പെടുന്നത് ഇക്കാലയളവിലാണ്. ഇവിടെ അദ്ദേഹത്തിന്റെ പല പ്രൊഫസർമാരുടെയും സിനിമകളിൽ അസിസ്റ്റന്റായി ജോലി ചെയ്യാൻ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു.
1988ൽ ബിരുദാനന്തരം അദ്ദേഹം പ്രധാനമായും ഡോക്യുമെന്ററികൾ ആണ് നിർമിച്ചത്. ഇസ്ലമിക് റിപബ്ലിക് ഒഫ് ഇറാന്റെ ബ്രോഡ്കാസ്റ്റിങ് ചാനൽ 2ൽ അദ്ദേഹം ധാരാളം ടെലിവിഷൻ ഡോക്യുമെന്ററികളും നിർമിച്ചിരുന്നു. ദ് വൂണ്ടഡ് ഹെഡ്സ് എന്ന പേരിൽ, പുതിയ തൊഴിലിന്റെ ഭാഗമായി അദ്ദേഹം ആദ്യം നിർമിച്ച ഡോക്യുമെന്ററി തന്നെ ഭരണകൂടത്തെ ചൊടിപ്പിച്ച ഒന്നായിരുന്നു. MCIG എന്നറിയപ്പെടുന്ന ഇറാനിലെ മിനിസ്ട്രി ഒഫ് കൾചർ ഏന്റ് ഇസ്ലമിക് ഗൈഡൻസ് ഈ ചിത്രം ആദ്യമേ തന്നെ നിരോധിച്ചിരുന്നു.
അബ്ബാസ് കിയരൊസ്തമിയുടെ അസിസ്റ്റന്റായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. കിയരൊസ്താമിയുടെ ആദ്യചിത്രമായ ബ്രഡ് ഏന്റ് അലി എന്ന ചിത്രത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ട് സംവിധാനം ചെയ്ത ഫ്രന്റ് എന്ന ഹ്രസ്വചിത്രമാണ് പനാഹിയുടെ ആദ്യ ഫീച്ചർ സിനിമ. പിന്നെ കുറച്ച് ഹ്രസ്വചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. പിന്നീട് കിയരൊസ്താമിയുടെ ശ്രദ്ധേയചിത്രങ്ങളിലൊന്നായ ത്രൂ ദ് ഒലിവ് ട്രീസ് എന്ന സിനിമയുടെ സഹസംവിധായകനായി പ്രവർത്തിച്ചു. ജാഫർ പനാഹിയുടെ മുൻകാലചിത്രങ്ങൾ കണ്ട് അദ്ദേഹത്തിന്റെ കഴിവ് മനസ്സിലാക്കിയതുകൊണ്ടാണ് കിയരൊസ്താമി തന്റെ ചിത്രത്തിന്റെ സഹസംവിധായകനായി പനാഹിയെ ക്ഷണിച്ചത്. ഈ ചിത്രത്തിന്റെ ചിത്രീകരണകാലയളവിലാണ് കിയരൊസ്താമി ദ് വൈറ്റ് ബലൂൺ എന്ന ചിത്രത്തിനുള്ള തിരക്കഥ എഴുതി ജാഫര്‍ പനാഹിക്ക് നൽകുന്നത്. ഈ തിരക്കഥ വെച്ചാണ് 1995ൽ ജാഫർ പനാഹി തന്റെ ആദ്യ മുഴുനീള ഫീച്ചർ ചിത്രമായ ദ് വൈറ്റ് ബലൂൺ സംവിധാനം ചെയ്തത്. ഈ ചിത്രത്തിന് ഇറാനിലെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചു. ആ വർഷം കാൻ ചലച്ചിത്രമേളയിൽ കാമറ ഡി ഓർ പുരസ്കാരം ഈ ചിത്രം നേടുകയുണ്ടായി. ഇറാനിൽ നിന്ന് ഈ പുരസ്കാരം നേടുന്ന ആദ്യ ചിത്രമായിരുന്നു ദ് വൈറ്റ് ബലൂൺ. ഇറാന്റെ ആ വർഷത്തെ ഓസ്കാർ നാമനിർദേശം ലഭിച്ചതും ഈ ചിത്രത്തിനായിരുന്നുവെങ്കിലും, അക്കാലത്ത് മോശമായിവന്ന ഇറാൻ-യു.എസ്. ബന്ധങ്ങൾ കാരണം ഇറാൻ ഈ ചിത്രം ഓസ്കാർ നാമനിർദേശത്തിൽ നിന്ന് പിൻവലിക്കുകയായിരുന്നു.
1997ൽ ശ്രദ്ധേയമായ ദ് മിറർ എന്ന ചിത്രം പുറത്തുവന്നു. ലൊകാർനൊ, ഇസ്താംബൂൾ, സിംഗപ്പൂർ ഫിലിം ഫെസ്റ്റിവെലുകളിൽ പുരസ്കാരം നേടിയ ചിത്രമായിരുന്നു ഇത്. 2000 ത്തിലാണ് അദ്ദേഹം ദ് സർക്ക്ൾ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യത്തെ രണ്ട് ചിത്രങ്ങൾ കുട്ടികളെ കേന്ദ്രീകരിച്ചായിരുന്നുവെങ്കിൽ അതിൽ നിന്ന് തീർത്തും വ്യത്യസ്തമായി ഇറാനിലെ ഇസ്ലാമിക് ഭരണകൂടത്തിനുകീഴിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചായിരുന്നു ഈ ചിത്രം സംസാരിച്ചത്. പ്രതീക്ഷിച്ചതുപോലെത്തന്നെ ഭരണകൂടത്തിന്റെ ഇടപെടൽ ഈ ചിത്രത്തിന്റെ പ്രദർശനവുമായി ബന്ധപ്പെട്ട് ഉണ്ടായി. ഈ ചിത്രത്തിന്റെ ചിത്രീകരണത്തന് അനുമതി തേടുന്ന അപേക്ഷപോലും അനുവദിച്ചത് പതിവിലും വളരെയേറെ നീണ്ടകാലം കഴിഞ്ഞിട്ടായിരുന്നു. MCIG ഒരു വർഷത്തോളമെടുത്തു ചിത്രീകരണ അനുമതി നൽകുവാൻ. പല അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും പുരസ്കാരങ്ങളടക്കം നേടി ലോകം മുഴുവൻ ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടുവെങ്കിലും MCIG ഈ ചിത്രം ഇറാനിൽ നിരോധിച്ചുവെന്ന് മാത്രമല്ല ഇറാന്റെ സ്വന്തം ചലച്ചിത്രമേളയായ ഫജ്ർ അന്താരാഷ്ട്ര മേളയിൽ ചിത്രത്തിന് പ്രദർശനാനുമതി നൽകിയുമില്ല.
“സാമൂഹ്യതിന്മകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് പകരം അവയെ ഒന്നടങ്കം നിശബ്ദതയുടെ ചവിട്ടിക്കടിയിലേക്ക് തൂത്തുകൂട്ടാനാണ് സർക്കാർ ശ്രമിക്കുന്നത്. അത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കുക എന്നതാണ് ഒരു സിനിമാനിർമാതാവ് എന്ന നിലയിൽ എന്റെ കടമ. അതുകൊണ്ടുതന്നെയാണ് ഞാനത് ചെയ്തതും” എന്നാണ് ഈ സിനിമ സംവിധാനം ചെയ്തതിനെക്കുറിച്ച് ജാഫർ പനാഹി പറഞ്ഞിരുന്നത്.
തുടർന്നുവന്ന ക്രിംസൺ ഗോൾഡ് (2003), ഓഫ്‍സൈഡ് (2006) എന്നീ ചിത്രങ്ങളും രാഷ്ട്രീയമായി വളരെ സജീവമായി ചർച്ച ചെയ്യപ്പെട്ട ചിത്രങ്ങളാണ്. കുട്ടികളുടെയും ദരിദ്രരുടെയും സ്ത്രീകളുടെയും മറ്റും കഷ്ടപ്പാടുകളാണ് അദ്ദേഹം പലപ്പോഴും സിനിമകൾക്ക് വിഷയമാക്കിയത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സിനിമകൾ മാനുഷികമുഖമുള്ള ചിത്രങ്ങളായാണ് പരക്കെ അംഗീകരിക്കപ്പെടുന്നത്.
2009ൽ നടന്ന ഇറാനിലെ തിരഞ്ഞെടുപ്പിൽ അഹ്മദി നെജാദ് തന്നെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നിരുന്നുവെന്ന് കാണിച്ച് ഇറാനിലാകമാനം, 1979ലെ വിപ്ലവത്തിന് സമാനമായ പ്രതിഷേധം നടന്നിരുന്നു. ഇറാനിയൻ ഗ്രീൻ റെവലൂഷൻ എന്നറിയപ്പെട്ട ഈ പ്രസ്ഥാനത്തെ പരസ്യമായി തന്നെ പിന്തുണച്ചു എന്നത് പനാഹിക്കെതിരെ ഭരണകൂടം ശക്തമായ ആയുധമാക്കി മാറ്റുവാൻ തീരുമാനിച്ചു. ഇറാൻ ഭരണകൂടത്തിന്റെ പല പിന്തിരിപ്പൻ നിലപാടുകളുടെയും ശക്തനായ വിമർശകനായിരുന്നു ജാഫർ പനാഹി എന്നതുകൊണ്ടുതന്നെയാണ് അദ്ദേഹം ഇറാനിയൻ ഹരിതവിപ്ലത്തെ പരസ്യമായി പിന്തുണച്ചത്. സർക്കാറിനെതിരായ വിമർശനങ്ങൾ, നേരിട്ടായാലും സിനിമകളിലൂടെയായാലും വളരെ ഉച്ചത്തിൽ തന്നെയായിരുന്നു അദ്ദേഹം വിളിച്ചുപറഞ്ഞിരുന്നത്. സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളെ സ്വതന്ത്രമായി പരിഗണനയ്ക്കെടുത്തു എന്ന കാരണത്താൽ 2010ൽ ഇറാൻ ഭരണകൂടം അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ആറു വർഷത്തെ ജയിൽവാസവും 20 വർഷത്തേക്ക് സിനിമ നിർമിക്കുന്നതിൽ നിന്നുള്ള വിലക്കുമായിരുന്നു അദ്ദേഹത്തിന് ലഭിച്ച ശിക്ഷ. അതോടൊപ്പം ഹജ്ജ് കർമത്തിനൊഴികെ ഇറാൻ വിട്ടു പോകുന്നതിനും ഈ കാലയളവിലേക്ക് വിലക്ക് നിർദേശിക്കപ്പെട്ടു. കുറച്ചു കാലത്തെ ജയിൽവാസത്തിന് ശേഷം തടവ് ശിക്ഷ വീട്ടുതടങ്കലായി ഇളവ് ചെയ്തുകൊടുത്തുവെങ്കിലും സിനിമ നിർമിക്കാനുള്ള വിലക്ക് തുടരുന്നു. 2011ൽ ദിസ് ഈസ് നോട് എ ഫിലിം എന്ന സിനിമ അദ്ദേഹം സംവിധാനം ചെയ്തത് വീട്ടുതടങ്കലിൽ വച്ചായിരുന്നു. ഈ സിനിമയുടെ ഡിജിറ്റൽ ഫയൽ ഒരു ഫ്ലാഷ് ഡ്രൈവിലാക്കി കേക്കിനകത്ത് ഒളിപ്പിച്ചാണ് ഇറാന്റെ പുറത്തേക്കെത്തിച്ചിരുന്നത്. ഈ സിനിമ ആ വർഷം കാൻ ഫിലിം ഫെസ്റ്റിവെലിൽ പ്രദർശിപ്പിച്ചിരുന്നു. 2013ൽ ഇറങ്ങിയ ക്ലോസ്ഡ് കർടൻ, 2015ലെ ബെർലിൻ ഫെസ്റ്റിവെലിൽ പ്രദർശിപ്പിച്ച ടാക്സി എന്നീ ചിത്രങ്ങളും തടവിൽ നിന്നുകൊണ്ട് നിയമവിരുദ്ധമായി എടുത്തവയാണ്. 2018 ല്‍ അദ്ദേഹം സംവിധാനം ചെയ്ത 3 ഫേസസ് എന്ന ചിത്രം കാനില്‍ പാം ദിയോറിനുള്ള മത്സരവിഭാഗത്തിലേക്ക് തെരെഞ്ഞെടുക്കപ്പെടുകയും മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടുകയും ചെയ്തു.
സിനിമാപൈറസിയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ജാഫർ പനാഹി സ്വീകരിക്കുന്നത്. സ്വന്തം നാട്ടിൽ അദ്ദേഹത്തിന്റെ സിനിമ കാണിക്കണമെങ്കിൽ പൈറസി വഴി സ്വന്തം സിനിമകൾ സിഡികളിലോ മറ്റോ ആക്കി ജനങ്ങളിലേക്കെത്തിക്കുക എന്നതല്ലാതെ വേറെ നിർവാഹമില്ല എന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.
സാമൂഹ്യതിന്മകളെക്കുറിച്ച് വിളിച്ചുപറയുന്നവരെയും അവയെ കലാരൂപത്തിൽ ആവിഷ്കരിക്കുന്നവരെയും എല്ലാ ഫാഷിസ്റ്റ് ഭരണകൂടങ്ങളും എക്കാലത്തും ഭയപ്പെട്ടിരുന്നു. അത്തരം കലാകാരന്മാർക്കെല്ലാം ഇത്തരം ഭരണകൂടങ്ങൾ ജയിലോ മരണമോ വിധിക്കുകയും ചെയ്തിരുന്നു. ഇത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്ന ഒരു സംഗതിയുമാണ്. പക്ഷെ തടവറയിലും അതിന്റെ ഭിത്തികളെയും മതിലുകളെയും തകർത്തുകൊണ്ട് മനുഷ്യന്റെ നീതിക്കും ജീവിതത്തിനും വേണ്ടിയുള്ള സൃഷ്ടികൾ പുറത്തുവന്നുകൊണ്ടേയിരിക്കും എന്നുള്ളതിന്റെ ജീവിക്കുന്ന തെളിവാണ് ജാഫര്‍ പനാഹി. അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ നോക്കുക:
“ഒരു ചലച്ചിത്രകാരൻ സിനിമ നിർമിക്കുന്നില്ലെന്നു വന്നാൽ അത് അദ്ദേഹത്തെ ജയിലിലിടുന്നത് പോലെയാണ്. ചെറിയ ജയിലിൽ നിന്ന് അയാൾ പുറത്തുവന്നുകഴിഞ്ഞാലും, വലിയൊരു ജയിലിനകത്ത് സ്വയം അലഞ്ഞുതിരിയുന്നതായി അയാൾക്ക് തോന്നും. ഇവിടത്തെ പ്രധാന ചോദ്യമിതാണ്: ഒരു സിനിമ നിർമിക്കുക എന്നത് ഒരു കുറ്റമാവുന്നതെന്തുകൊണ്ടാണ്? പൂർത്തിയായ ഒരു സിനിമ, ഒരു പക്ഷെ നിരോധിക്കപ്പെട്ടേക്കാം. പക്ഷെ അത് സംവിധാനം ചെയ്തയാളെ നിരോധിക്കാനാവില്ല തന്നെ.”
എഴുത്ത് : ആര്‍ നന്ദലാല്‍
രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍
തയ്യാറാക്കിയത് : ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി, പയ്യന്നൂര്‍
രമിൽ
July 11, 2021 at 10:40 amനല്ല എഴുത്തുകൾ … നന്ദി