ജോൺ എബ്രഹാം (ജനനം – 1937 ഓഗസ്റ്റ് 11) 

ജോൺ എബ്രഹാം (ജനനം – 1937 ഓഗസ്റ്റ് 11)  John Abraham

മലയാള സിനിമയെ ലോകനിരവാത്തിലേക്ക് ഉയർത്തുന്നതിൽ പ്രധാനപങ്ക് വഹിച്ച, മലയാള സിനിമാചരിത്രത്തിൽ അദ്വിതീയ സ്ഥാനമുള്ള പ്രമുഖ ചലച്ചിത്രസംവിധായകനാണ് ജോൺ എബ്രഹാം. ജനകീയ സിനിമ എന്ന ആശയത്തിന് വഴിമരുന്നിടകയും, ജനങ്ങളിൽ നിന്ന് വലുതും ചെറുതുമായ സംഭാവനകൾ സ്വീകരിച്ച് ഇന്ത്യയിലെ ആദ്യത്തെ ജനകീയസിനിമ നിർമിക്കുകയും ചെയ്ത  സംവിധായകൻ കൂടിയാണ് ജോൺ എബ്രഹാം. മലയാള ചലച്ചിത്രസംവിധായകരിൽ നിന്ന് ഒരു കൾട് എന്ന് വിശേഷിപ്പിക്കാവുന്ന നിലവാരത്തിലേക്ക് ഉയർത്തപ്പെട്ട ഒരേയൊരു ചലച്ചിത്രകാരനാണദ്ദേഹം. തിരക്കഥാകൃത്തും മികച്ച ചെറുകഥാകൃത്തും കൂടിയായിരുന്നു ജോൺ. വ്യവസ്ഥാപിതത്വത്തോട് നിരന്തരം കലഹിച്ചിരുന്ന ജോൺ, സിനിമാമേഖലയിലെ ഒരു ഒറ്റയാനായാണ് പലപ്പോഴും വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്.

ആലപ്പുഴയിലെ കുട്ടനാട് പ്രദേശത്താണ് ജനിച്ചതെങ്കിലും പിന്നീട് കോട്ടയത്തേക്ക് താമസം മാറി. കലാകാരനും സഹൃദയനുമായ വല്യപ്പച്ചന്റെ കൂടെയാണ് ജോൺ വളർന്നത്. അതുകൊണ്ടുതന്നെ ചെറുപ്പകാലം തൊട്ടുതന്നെ സിനിമ ഉൾപ്പെടെയുള്ള കലകൾ പരിചയപ്പെടുവാനും, മികച്ച വായനക്കാരനായി മാറുവാനും ജോണിന് സാധിച്ചു. കോട്ടയം സിഎംഎസ് കോളേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹത്തിന് തുടർന്ന് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഒഫ് ഇന്ത്യയിൽ ജോലി ലഭിച്ചു. അതിനിടയിൽ പൂനെ ഫിലിം ഏന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സംവിധാനം പഠിക്കുവാനായി പ്രവേശനപരീക്ഷ എഴുതിയ അദ്ദേഹത്തിന് ആ പരീക്ഷയിൽ എട്ടാം റാങ്ക് ലഭിക്കുകയും എൽഐസിയിലെ ജോലി ഉപേക്ഷിച്ച് സിനിമാപഠനത്തിന് ചേരുകയും ചെയ്തു. ഋത്വിക് ഘട്ടകിനെയും മണി കൗളിനെയും പോലെയുള്ള പ്രഗത്ഭചലച്ചിത്രകാരന്മാരുടെ ശിഷ്യനായിരുന്നു ജോൺ.

പഠനനാനന്തരം മണി കൗളിന്റെ വിഖ്യാതചലച്ചിത്രമായ ഉസ്കി റൊട്ടിയുടെ സഹസംവിധായകനായി ജോൺ പ്രവർത്തിച്ചിരുന്നു. തുടർന്ന് 1972ൽ വിദ്യാർത്ഥികളേ ഇതിലേ ഇതിലേ എന്ന ഒരു ചിത്രം സംവിധാനം ചെയ്തു. അദ്ദേഹം ആദ്യമായി സ്വതന്ത്രസംവിധാനം ചെയ്ത ഫീച്ച‍ർ ചിത്രമായിരുന്നു ഇതെങ്കിലും അക്കാലത്ത് ഈ ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.

ഇതിനെത്തുടർന്നാണ് അഗ്രഹാരത്തിൽ കഴുതൈ എന്ന തമിഴ് ചിത്രത്തിന്റെ സംവിധാന ജോലികളിലേക്ക്  അദ്ദേഹം പ്രവേശിച്ചത്. ഏതാണ്ട് അഞ്ചുവ‍ർഷമെടുത്താണ് 1977ൽ അദ്ദേഹം ഈ ചിത്രം പൂർത്തിയാക്കിയത്. ബ്രാഹ്മണസമൂഹത്തിനിടയിലെ കടുത്ത അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരായ ഒരു ചിത്രമായിരുന്നു ഇത്. ഒരു അഗ്രഹാരത്തിൽ എത്തിപ്പെടുന്ന ഒരു കഴുതയാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രം. അതിനെ വളർത്തുന്ന പ്രൊഫസറുടെ വേഷം അഭിനയിച്ചത് മലയാള-തമിഴ് ചലച്ചിത്രസംഗീതരംഗത്തെ അതുല്യപ്രതിഭയായിരുന്ന ശ്രീ. എം.ബി. ശ്രീനിവാസനായിരുന്നു. റോബർട് ബ്രസന്റെ ഓ ഹസാഡ് ബാൽഥസാർ എന്ന സിനിമയാണ് ഈ ചിത്രത്തിന് തനിക്ക് പ്രചോദനമായതെന്ന് ജോൺ എബ്രഹാം തന്നെ പറഞ്ഞിട്ടുണ്ട്. വളരെ പരിമിതമായ ബഡ്ജറ്റിൽ ഒതുക്കിനിർത്തിക്കൊണ്ടാണ് ഈ ചിത്രം അദ്ദേഹം പൂർത്തിയാക്കിയത്.

1979ലാണ് അദ്ദേഹത്തിന്റെ അടുത്ത ചിത്രമായ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ പുറത്തുവന്നത്. ഇന്ത്യൻ ഫ്യൂഡൽ സമ്പ്രദായത്തെയും അക്കാലത്തെ പോലീസ് അതിക്രമങ്ങളെയും ശക്തമായി വിമർശിച്ച ഈ ചിത്രത്തിൽ അടൂർ ഭാസിയാണ് ചെറിയാച്ചനായി അഭിനയിച്ചത്.

നല്ല സിനിമകൾ നിർമിക്കുവാൻ പണം കണ്ടെത്തുക എന്നത് എന്നത്തെയും പോലെ അന്നും ഒരു പ്രധാനപ്രശ്നം തന്നെയായിരുന്നു. ചെയ്യണം എന്നാഗ്രഹിച്ച തിരക്കഥകളൊന്നും ചെയ്യുവാൻ ഇതുകൊണ്ട് സാധിച്ചിരുന്നില്ല. അങ്ങനെയാണ് ജനകീയസിനിമ എന്ന ആശയം ജോണിൽ ഉരുത്തിരിയുന്നത്. ഈ ആശയമാണ് ഒഡേസ കലക്റ്റീവ് എന്ന ജനകീയ കൂട്ടായ്മയുടെ പിറവിക്ക് കാരണമാകുന്നത്. 1984 ൽ ഫോർട് കൊച്ചിയിൽ നായകളി എന്ന തെരുവ്നാടകം അവതരിപ്പിച്ചുകൊണ്ടായിരുന്നു ഈ കൂട്ടായ്മ രൂപം കൊള്ളുന്നത്. നല്ല സിനിമകളുടെ നിർമാണത്തിനും വിതരണത്തിനും ഉള്ള ഫണ്ട് കണ്ടെത്തുക എന്നതായിരുന്നു ഈ കൂട്ടായ്മയിലെ സിനിമാപ്രേമികളുടെ പ്രധാനലക്ഷ്യം. കേരളത്തിലുടനീളം നടന്ന് സംഭാവനയായി പിരിച്ചെടുത്ത പണവും, ചാർലി ചാപ്ലിന്റെ ദ് കിഡ് എന്ന ചിത്രം നാടുനീളെ നടന്ന് പ്രദർശിപ്പിച്ച് കിട്ടിയ പണവും ആയിരുന്നു ഒഡേസയുടെ ആദ്യമൂലധനം. ഇത് ഉപയോഗിച്ച് നിർമിച്ച ആദ്യ ചിത്രം സംവിധാനം ചെയ്തത് ജോൺ എബ്രഹാമാണ്. ആ സിനിമയുടെ പേരാണ് അമ്മ അറിയാൻ. 1986ൽ ഇറങ്ങിയ ഈ ചിത്രമാണ് ഇന്ത്യയിലെ ആദ്യത്തെ ജനകീയസിനിമ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്.

കയ്യൂർസമരത്തെക്കുറിച്ച് ഒരു ഫീച്ചർസിനിമയും ഇ.എം.എസിനെക്കുറിച്ച് ഒരു ഡോക്യുമെന്ററിയും ചെയ്യാനുള്ള ആശയങ്ങളും പദ്ധതിയും എല്ലാം മനസ്സിലുണ്ടായിരുന്നുവെങ്കിലും ജോൺ എബ്രഹാമിന് അതൊന്നും പൂർത്തിയാക്കാൻ സാധിച്ചില്ല.

“സിനിമ ഒരു കൂട്ടായ്മയുടെ കലാരൂപമൊന്നുമല്ല. ജോൺ എബ്രഹാം സംവിധാനം ചെയ്ത ഒരു സിനിമ പൂർണമായും ജോൺ എബ്രഹാമിന്റേതാണ്, ജോൺ എബ്രഹാമിന്റേതുമാത്രം. ഇവിടെ ഞാനാണ് (മറ്റുള്ളവരല്ല) തീരുമാനങ്ങളെടുക്കുന്നത്. എന്റെ സിനിമയുടെ ഹിറ്റ്ലറാണ് ഞാൻ” എന്ന അദ്ദേഹത്തിന്റെ തന്നെ വാചകങ്ങളിൽ നിന്ന് വ്യക്തമാണ് ജോൺ എബ്രഹാം എന്ന കലാകാരന്റെ സവിശേഷതകൾ. സിനിമ സംവിധായകന്റെ സൃഷ്ടിയാണ് എന്ന വാദത്തിൽ ഉറച്ചുനിന്നുകൊണ്ടുതന്നെയായിരുന്നു അദ്ദേഹം പ്രവർത്തിച്ചിരുന്നത്. നടീനടന്മാർക്കൊന്നും വലിയ പ്രാധാന്യം അദ്ദേഹം ഒരിക്കലും നൽകിയിരുന്നില്ല. മുഖ്യധാരാ സിനിമകൾ നായകരൂപങ്ങളുടെ ആരാധനയെ വളരെ കാര്യമായി കൊണ്ടുനടക്കുന്ന ഇന്ന്, “നടീനടന്മാ‍ർ സിനിമയിൽ ഒരു പ്രധാനവിഷയമേ അല്ല. പത്ത് പാട്ടുകളെല്ലാം ഉൾപ്പെടുത്തി പ്രേം നസീറിനെ വച്ചുപോലും ഒരു സിനിമയെടുക്കാൻ എനിക്ക് സാധിക്കും. പക്ഷെ അപ്പോഴും അത് എന്റെ സിനിമ തന്നെയായിരിക്കും” എന്ന ജോണിന്റെ വാക്കുകൾ ഏറെ പ്രസക്തമാകുന്നു.

അഗ്രഹാരത്തിൽ കഴുതൈ എന്ന സിനിമയ്ക്ക് 1978 ലെ മികച്ച തമിഴ് ഭാഷാ ചിത്രത്തിനുള്ള ദേശീയപുരസ്കാരം ലഭിക്കുകയുണ്ടായി. 2013 ൽ ഐബിഎൻ ലൈവ് തയ്യാറാക്കിയ ഇന്ത്യയിലെ എക്കാലത്തെയും മികച്ച 100 സിനിമകളുടെ ലിസ്റ്റിൽ ഇടം നേടിയ ചിത്രം കൂടിയാണ് ഇത്. ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ എന്ന ചിത്രത്തിന് ആ വ‍ർഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ജൂറി പുരസ്കാരവും അടൂർ ഭാസിക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു. അമ്മ അറിയാൻ എന്ന ചിത്രമാകട്ടെ, ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ മികച്ച പത്ത് ഇന്ത്യൻ സിനിമകളുടെ ലിസ്റ്റിൽ ഇടം നേടിയ ഒരയൊരു ദക്ഷിണേന്ത്യൻ സിനിമയുമാണ്.

കോട്ടയെത്തെത്ര മത്തായിമാരുണ്ട് എന്ന വിഖ്യാത ചെറുകഥ ഉൾപ്പെടെ ഒട്ടേറെ ശ്രദ്ധേയമായ ചെറുകഥകൾ ജോൺ എബ്രഹാം രചിച്ചിട്ടുണ്ട്.

1987 മെയ് 30ന് കോഴിക്കോട് നഗരത്തിലെ ഒരു കെട്ടിടത്തിന് മുകളിൽ നിന്ന് താഴെ വീണ ജോൺ എബ്രഹാം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെടുകയും, വീഴ്ചയിൽ പറ്റിയ ഗുരുതരമായ പരിക്കുകളെത്തുടർന്ന് തൊട്ടടുത്ത ദിവസമായ മെയ് 31ന് അന്തരിക്കുകയും ചെയ്തു. ചികിത്സ ലഭിക്കുന്നതിലുണ്ടായ കാലതാമസവും അശ്രദ്ധയുമാണ് ജോണിന്റെ മരണത്തിന് കാരണമായത് എന്ന് അക്കാലം തൊട്ട് തന്നെ വലിയ വിമ‍ർശനം ഉയർന്നിരുന്നു. അക്കാലത്ത് കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രൊഫസറായിരുന്ന ഡോ. ബി. ഇക്ബാൽ ഈ ആരോപണം ശരിവെക്കുന്ന രീതിയിൽ പിൽക്കാലത്ത് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതും ചികിത്സാ നൈതികതയുമായി ബന്ധപ്പെട്ട വലിയ വാദപ്രതിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

ഫെഡറേഷൻ ഒഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ (FFSI) കേരള ഘടകം മികച്ച മലയാളസിനിമയ്ക്ക് എല്ലാ വ‍ർഷവും നൽകിവരുന്ന അവാർഡിന്റെ പേര് ജോണിന്റെ ബഹുമാനാർത്ഥം ജോൺ എബ്രഹാം പുരസ്കാരം എന്നാണ്. അതുപോലെ FFSI സംഘടിപ്പിക്കുന്ന സൈൻസ് ഫിലിം ഫെസ്റ്റിവെലിൽ മികച്ച ഡോക്യുമെന്ററിക്കും ഹ്രസ്വചിത്രത്തിനുമുള്ള ദേശീയ പുരസ്കാരവും ജോൺ എബ്രഹാമിന്റെ സ്മരണാർത്ഥമാണ് നൽകുന്നത്.

കേരളത്തിലെ സിനിമാ ആസ്വാദകർക്കിടയിൽ ഒരു നിത്യസാന്നിധ്യമായി മാറിയ ജോൺ സാസ്കാരിക രംഗത്ത് എന്നും പല രീതിയിലും ഓർമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മരണശേഷവും മരണമില്ലാത്ത സാന്നിദ്ധ്യമാണ് കേരളത്തിൽ ജോൺ.

എഴുത്ത് : ആര്‍ നന്ദലാല്‍

രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍

തയ്യാറാക്കിയത് : ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി, പയ്യന്നൂര്‍

അമ്മ അറിയാന്‍

അഗ്രഹാരത്തില്‍ കഴുതൈ

ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍


1 Comment
  1. രമിൽ

    August 11, 2021 at 10:17 am

    പകരക്കാരനില്ലാത്ത പ്രതിഭ

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *