കെഞ്ചി മിസോഗുച്ചി (ജനനം – 1898 മെയ് 16)

ജന്മദിന സ്മരണ

കെഞ്ചി മിസോഗുച്ചി

(ജനനം – 1898 മെയ് 16) Kenji Mizoguchi

പല നിരൂപകരും സിനിമയിലെ ഷേക്സ്പിയർ എന്ന് വിശേഷിപ്പിച്ച ഒരു അസാമാന്യ ജാപ്പനീസ് ചലച്ചിത്രപ്രതിഭയായിരുന്നു കെഞ്ചി മിസോഗുച്ചി. ചിത്രങ്ങൾ പോലെ മനോഹരങ്ങളായ ഫ്രെയിമുകളുള്ള സിനിമകളായിരുന്നു അദ്ദേഹം സംവിധാനം ചെയ്തത്. സത്യത്തിന്റെ പ്രകൃതവുമായും ആധുനികവും പ്രാചീനവുമായ മൂല്യങ്ങൾ തമ്മിലുള്ള സംഘർഷവുമായും സ്ത്രീകളുടെസ്നേഹത്തിന്റെ വിമോചനാത്മകമായ ഗുണവിശേഷങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു അദ്ദേഹം സിനിമകൾക്കായി പലപ്പോഴും തിരഞ്ഞെടുത്തത്.

ടോക്യോയിലെ ഹോംഗോയിലാണ് അദ്ദേഹം ജനിച്ചത്. ദാരിദ്ര്യം നിറഞ്ഞ ബാല്യമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ സഹോദരിമാരിലൊരാളെ അവരുടെ അച്ഛൻ ഒരു ഗെയ്ഷയുടെ ജോലി ചെയ്യുന്നതിനായി വിറ്റിരുന്നു. ഇത് മിസോഗുച്ചിയുടെ ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ച ഒരു സംഭവമായിരുന്നു. പിൽക്കാലത്ത് ഈ സഹോദരിയാണ് മിസോഗുച്ചിയെ പഠിപ്പിച്ചതും അദ്ദേഹത്തിന് പല തൊഴിലുകളും സംഘടിപ്പിച്ച് കൊടുത്തതുമെല്ലാം. കിമോണൊകളുടെ ചിത്രങ്ങൾ രൂപകല്പന ചെയ്യുക, ഓപറ തിയറ്ററിൽ സെറ്റ് ഒരുക്കുന്നതിൽ സഹായിക്കുക തുടങ്ങിയ ചെറുജോലികൾ അദ്ദേഹം ആദ്യകാലത്ത് ചെയ്തിരുന്നു. 1917ൽ കുറച്ച് കാലം ഒരു പത്രത്തിൽ പരസ്യരൂപകല്പനാവിഭാഗത്തിൽ ജോലി ചെയ്തു. 1920ൽ ടോക്യൊയിലെ സിനിമാവ്യവസായത്തിന്റെ ഭാഗമായി അദ്ദേഹം മാറി. നികാത്സു മോഷൻ പിക്ചർ കമ്പനി എന്ന സ്റ്റുഡിയോയിൽ ഒരു നടനായിട്ടായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ തുടക്കം. മൂന്ന് വർഷത്തിനുള്ളിൽ അതേ സ്റ്റുഡിയോയ്ക്കു വേണ്ടി സംവിധായകന്റെ കുപ്പായം കൂടി അണിഞ്ഞതോടെയാണ് കെഞ്ചി മിസോഗുച്ചി എന്ന ലോകോത്തര ജാപ്പനീസ് ചലച്ചിത്രസംവിധായകൻ ജനിക്കുന്നത്.

റിസറക്‍ഷൻ ഒഫ് ലൗ ആണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം. സ്ട്രീറ്റ് സ്കെച്ചസ് (1925), എ പേപർ ഡോൾസ് വിസ്പ‍ർ ഒഫ് സ്പ്രിങ് (1926) എന്നിവയാണ് ഇക്കാലയളവിൽ അദ്ദേഹം സംവിധാനം ചെയ്ത പ്രധാനപ്പെട്ട ചിത്രങ്ങൾ. 1930 വരെയുള്ള കാലയളവിൽ അദ്ദേഹം മുപ്പതിലധികം ചിത്രങ്ങൾ സംവിധാനം ചെയ്തിരുന്നുവെങ്കിലും അതിൽ ഭൂരിഭാഗം സിനിമകളുടെയും പ്രിന്റുകൾ ഇന്ന് ലഭ്യമല്ല.

സമകാലിക സാമൂഹ്യപ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്ന ടോക്യൊ മാർച് (1929), മെട്രൊപൊളിറ്റൻ സിംഫണി (1929), ആധുനിക ജാപ്പനീസ് ജനത പരമ്പരാഗതമൂല്യങ്ങളെ തള്ളിക്കളയുന്നതിനെ പ്രമേയമാക്കുന്ന സിസ്റ്റേഴ്സ് ഒഫ് ദ് ഗിയൊൺ (1936), ഒസാക എലജി (1936) എന്നിവ അദ്ദേഹത്തിന്റെ 40വരെയുള്ള കാലയളവിലെ സുപ്രധാന ചിത്രങ്ങളിൽ ഉൾപ്പെടുന്നു.

ജാപ്പനീസ് ചരിത്രത്തിലെ മെയ്ജി കാലഘട്ടത്തെക്കുറിച്ചുള്ള അനേകം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്യുകയുണ്ടായി. ആ പരമ്പരയ്ക്ക് തുടക്കമിട്ടത് 1939ൽ സംവിധാനം ചെയ്ത ദ് സ്റ്റോറി ഒഫ് ദ് ലാസ്റ്റ് ക്രിസാന്തിമംസ് എന്ന ചിത്രത്തിലൂടെയാണ്. രണ്ടാംലോകയുദ്ധകാലത്ത് സംവിധാനം ചെയ്ത ചിത്രങ്ങൾക്കായി വിഷയങ്ങൾ സ്വീരിച്ചപ്പോൾ, അദ്ദേഹം അന്നത്തെ വിവാദമായേക്കാവുന്ന പ്രശ്നങ്ങളെല്ലാം മാറ്റിനിർത്തിയിരുന്നു.

പക്ഷെ യുദ്ധാനന്തരകാലം അദ്ദേഹത്തെ സംബന്ധിച്ച് സുവർണകാലമായിരുന്നു. ജാപ്പനീസ് സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രമായ, ലോകസിനിമയിലെ മികച്ച പത്ത് ചിത്രങ്ങളിൽ ഒന്നായി കുറേക്കാലം പരിഗണിക്കപ്പെട്ടിരുന്ന ഉഗേത്‍സു മോണൊഗടാരി എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തത് 1953ലാണ്. ദ് ലവ്സ് ഒഫ് ആക്ട്രസ് സുമാകൊ (1947), വിമൻ ഒഫ് ദ് നൈറ്റ് (1948), പോർട്രെയ്റ്റ് ഒഫ് മദാമെ യുകി (1950), മിസി ഒയു (1951),  ദ് ലേഡി ഫ്രം മുസാഷിനൊ (1952), ദ് ലൈഫ് ഒഫ് എ വുമൺ (1952), സാൻഷൊ ദ് ബെയ്‍ലിഫ് (1954), ദ് വുമൺ ഒഫ് റൂമർ (1954), ക്രൂസിഫൈഡ് ലവേഴ്സ് (1955), ടേൽസ് ഒഫ് ദ് ടെയ്‍ര ക്ലാൻ (1955), സ്ട്രീറ്റ് ഒഫ് ഷേം (1956) എന്നിവ അദ്ദേഹത്തിന്റെ മറ്റ് സുപ്രധാന സിനിമകളാണ്.

വിഖ്യാത ഫ്രഞ്ച് ചലച്ചിത്രകാരനായ ഴാങ് ലുക് ഗൊദാർദ് ജപ്പാനിലെ ഏറ്റവും മഹാനായ ചലച്ചിത്രകാരൻ എന്ന് വിശേഷിപ്പിച്ച കെഞ്ചി മിസോഗുച്ചി എത്ര സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട് എന്നതിന്റെ കൃത്യമായ കണക്ക് മിസോഗുച്ചിക്ക് തന്നെ അറിയില്ലായിരുന്നു. 75സിനിമകൾ താൻ സംവിധാനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ഒരിക്കൽ കണക്കുകൂട്ടി പറയുകയുണ്ടായി. എന്നാൽ മറ്റുള്ളവർ പറയുന്നത് അദ്ദേഹം 86 സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ടെന്നാണ്. യുദ്ധത്തിന് മുമ്പുള്ള കാലത്ത് അദ്ദേഹം തന്നെ സംവിധാനം ചെയ്തിട്ടുള്ള പല സിനിമകളും തിരിച്ചുകിട്ടാത്തവിധം നശിച്ചുപോയിരുന്നു എന്നതിനാലാണ് എണ്ണം സംബന്ധിച്ച കണക്കുകളിൽ ഈ പിശക് പറ്റിയിട്ടുള്ളത്.

സീക്വൻസ് ഷോട്ടുകളുടെ ഒരു മൂടിചൂടാമന്നൻ തന്നെയായിരുന്നു മിസോഗുച്ചി. ക്യാമറ ഉപയോഗിച്ചുള്ള കൊറിയോഗ്രാഫി വളരെ വിദഗ്ദ്ധമായാണ് അദ്ദേഹം ചെയ്തിരുന്നത്. പില്ക്കാലത്തെ പ്രമുഖ ഹംഗേറിയൻ സംവിധായകനായ മിക്ലൊസ് ജാങ്ചൊയെപ്പോലുള്ളവരുമായി അദ്ദേഹത്തിന്റെ ക്യാമറാ കോറിയോഗ്രഫിയെ താരതമ്യം ചെയ്തുകാണാറുണ്ട്. പലപ്പോഴും ഒരു സീനിൽ ഒരു ഷോട്ട് മാത്രമായിരുന്നു അദ്ദേഹം ഉപയോഗിച്ചിരുന്നത്. മേൽക്കൂരയുടെ ലെവലിൽ നിന്ന് താഴേക്ക് ഇറങ്ങിവരുന്ന ക്യാമറ സീനിൽ ട്രാക്ക് ചെയ്ത് നീങ്ങുക എന്നതാണ് അദ്ദേഹത്തിന്റെ പതിവ്ശൈലി. ക്ലോസ് അപ് ഷോട്ടുകൾ താൽപര്യമില്ലാതിരുന്ന മിസോഗുച്ചി തന്റെ ചിത്രങ്ങളിൽ അത്തരം ഷോട്ടുകൾ പരമാവധി ഒവിവാക്കുകയും ചെയ്തിരുന്നു.

“താരതമ്യം ചെയ്യുന്നത് അത്ര ശരിയായ കാര്യമൊന്നുമല്ലെങ്കിലും പലപ്പോഴും നമുക്കത് ഒഴിവാക്കാനാവില്ല. സിനിമയിലെ ഷേക്സ്പിയറാണ് മിസോഗുച്ചി. സിനിമയിലെ ബാക്കോ ബീഥോവനോ റംബ്രാന്റോ ടിഷ്യനോ പിക്കാസോയോ ഒക്കെയാണ് അദ്ദേഹം” എന്നാണ് വിഖ്യാതമായ ടൊറന്റൊ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സീനിയർ പ്രോഗ്രാമറായ ജേംസ് ക്വാന്റ് കെഞ്ചി മിസോഗുച്ചിയെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.

1956 ഓഗസ്റ്റ് 24ന് തന്റെ അമ്പത്തിയാറാം വയസ്സിൽ ജപ്പാനിലെ ക്യോട്ടോയിലാണ് അദ്ദേഹം അന്തരിച്ചത്.

അദ്ദേഹത്തിന്റെ സിനിമകളെ പരിചയപ്പെടുത്തുന്ന Forgotten Grandmaster എന്നാ ലഘുവീഡിയോ കാണാം.

എഴുത്ത് : ആര്‍ നന്ദലാല്‍

രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍


Write a Reply or Comment

Your email address will not be published. Required fields are marked *