ലൂയി മാള്‍ (ജനനം – 1932 ഒക്ടോബർ 30)

ജന്മദിന സ്മരണ

ലൂയി മാള്‍ (ജനനം – 1932 ഒക്ടോബർ 30) Louis Malle

ഫ്രഞ്ച് നവതരംഗം വളരെ സജീവമായ കാലത്തും, ആ പ്രസ്ഥാനത്തിൽ നിന്നും അകലം പാലിച്ചുകൊണ്ട് സിനിമകളെടുക്കുകയും 1950കൾ തൊട്ട് ലോകസിനിമയിൽ വളരെ ശ്രദ്ധേയങ്ങളായി മാറിയ സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്ത പ്രമുഖ ഫ്രഞ്ച് ചലച്ചിത്രകാരനാണ് ലൂയി മാള്‍. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും അദ്ദേഹം വിഖ്യാതനാണ്. ഹോളിവുഡിലും സിനിമകൾ സംവിധാനം ചെയ്ത അദ്ദേഹം മികച്ച ഒരു ഇംഗ്ലീഷ് സംവിധായകൻ എന്ന നിലയിലും പേരെടുത്തിരുന്നു.

ഫ്രാൻസിലെ അതിസമ്പന്നരായ പഞ്ചസാരവ്യവസായികളുടെ ഒരു കുടുംബത്തിലാണ് മാള്‍ ജനിച്ചത്. പതിനൊന്നാം വയസ്സിൽ അദ്ദേഹം ഒരു റോമൻ കാതലിക് സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഒരു ജൂതസഹപാഠിയെയും അധ്യാപകനെയും ജർമൻകാർ പിടിച്ച് കോൺസൻട്രേഷൻ കാമ്പിലേക്ക് മാറ്റുന്നതിന് സാക്ഷിയായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തെ ഒരുപാട് സ്വാധീനിച്ച ഈ സംഭവത്തെ അടിസ്ഥാനമാക്കി പിൽക്കാലത്ത് അദ്ദേഹം ഒരു സിനിമ നിർമിക്കുകയുണ്ടായി.

സ്കൂൾ വിദ്യാഭ്യാസാനന്തരം 1952ൽ അദ്ദേഹം സിനിമ പഠിക്കുവാനായി വിഖ്യാതമായ Institut des Hautes Études Cinématographiques (IDHEC) എന്ന സ്ഥാപനത്തിൽ ചേർന്നു. അവിടത്തെ വിദ്യാഭ്യാസാനന്തരം, സിനിമയിലേക്ക് എത്തി. ഇജാകസ് യീവ്സ് കോസ്തോയുമായി ചേർന്ന് 195 6ൽ എടുത്ത Le monde du silence എന്ന ഡോക്യുമെന്ററി ആണ് ആദ്യം സംവിധാനം ചെയ്ത ചിത്രം. ഈ ചിത്രം കാനിൽ ഗോൾഡൻ പാം പുരസ്കാരം നേടുകയുണ്ടായി. പിന്നീട് റോബർട് ബ്രെസോനിന്റെ കൂടെ സംവിധാനസഹായിയായി പ്രവർത്തിച്ചു. ഈ സിനിമ നിർമിച്ചത് മാളിന്റെ കുടുംബം നടത്തുന്ന സിനിമാനിർമാണക്കമ്പനിയായിരുന്നു. 1957ൽ ആദ്യത്തെ ഫീച്ചർ ചിത്രമായ എലിവേറ്റർ റ്റു ദ് ഗാലോസ് (Ascenseur pour l’échafaud) എന്ന ചിത്രം സംവിധാനം ചെയ്യുവാനാരംഭിച്ചു. സ്വന്തം കുടുംബത്തിലെ നിർമാണക്കമ്പനി തന്നെയാണ് ഈ ചിത്രവും നിർമിച്ചിരുന്നത്.

1968ൽ മാള്‍ ഇന്ത്യ സന്ദർശിച്ചിരുന്നു. ഈ സന്ദ‍ശനവേളയിലാണ്  L’Inde fantôme: Reflexions sur un voyage എന്ന ടെലിവിഷൻ ഡോക്യുമെന്ററി സീരിസും കൽകട്ട എന്ന മറ്റൊരു ഡോക്യുമെന്ററിയും അദ്ദേഹം സംവിധാനം ചെയ്തത്. എഴുപതുകളുടെ തുടക്കത്തിൽ മാള്‍ ഹോളിവുഡിലേക്ക് പോവുകയും അവിടെ സിനിമകൾ നിർമിക്കുവാനാരംഭിക്കുകയും ചെയ്തു.

ദ് ലവേഴ്സ് (Les amants-1958), സാസീ ഇൻ ദ് മെട്രൊ Zazie dans le Métro-1960), എ വെരി പ്രൈവറ്റ് അഫയർ (Vie privée-1962), ദ് ഫയർ വിതിൻ (Le feu follet-1963), വിവ മരിയ!-(1965), ദ് തീഫ് ഒഫ് പാരീസ് (Le voleur-1967), സ്പിരിറ്റ്സ് ഒഫ് ദ് ഡെഡ് (Histoires extraordinaires-1968), മർമർ ഒഫ് ദ് ഹാർട് (Le souffle au cœur-1971), ലാകൊംബെ ലൂസിയൻ (1974), ബ്ലാക് മൂൺ (1975), പ്രെറ്റി ബേബി (1978), അറ്റലാന്റിക് സിറ്റി (1980), മൈ ഡിന്നർ വിഥ് ആൻഡ്രെ (1981), ക്രാക്കേഴ്സ് (1984), അലാമൊ ബെ (1985), ഗുഡ്ബൈ ചിൽഡ്രൻ (Au revoir les enfants-1987), മെയ് ഫൂൾസ് (Milou en Mai-1990), ഡാമേജ് (1992), വാന്യ ഒൺ 42nd സ്ട്രീറ്റ് (1994) എന്നിവയാണ് അദ്ദേഹത്തിന്റെ ഫീച്ചർ സിനിമകൾ.

ദ് സൈലന്റ് വേൾഡ് (Le Monde du silence-1956), Vive le Tour (1962), കൽക്കട്ട (1969), ഹ്യൂമൻ, റ്റൂ ഹ്യൂമൻ (Humain, trop humain-1973), Place de la République (1974), ക്ലോസ് അപ് (1976), ഏന്റ് ദ് പർസ്യൂട് ഒഫ് ഹാപ്പിനസ്-1986) എന്നീ ഡോക്യുമെന്ററികളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

പ്രകോപനപരമായ ഘടകങ്ങൾ ഉൾച്ചേർന്നിരിക്കുന്നു എന്നതാണ് മാളിന്റെ സിനിമകളുടെ ഒരു പൊതുസവിശേഷത. ദ് ലവേഴ്സ് പോലുള്ള ചിത്രങ്ങൾ പ്രശസ്തമാകുമ്പോൾ തന്നെ അതിലെ ലൈംഗികമായ ഉള്ളടക്കത്തിന്റെ പേരിൽ അങ്ങേയറ്റത്തെ വിമർശനങ്ങളും ഏറ്റുവാങ്ങിയിട്ടിട്ടുണ്ട്. ഈ ചിത്രം അശ്ലീലചിത്രമാണോ അല്ലയോ എന്ന ചോദ്യം അമേരിക്കയിൽ സുപ്രീംകോടതി വരെ എത്തിയിട്ടുണ്ട്. മാളിന്റെ ആശയങ്ങൾ-അത് ദേശീയചരിത്രവുമായി ബന്ധപ്പെട്ടതാവട്ടെ, ലൈംഗികതയുമായി ബന്ധപ്പെട്ടതാവട്ടെ, ബൂർഷ്വാസദാചാരവുമായി ബന്ധപ്പെട്ടതാവട്ടെ-അവയെ ഏതെങ്കിലും കള്ളികളിലേക്ക് ഒതുക്കിനിർത്തുവാൻ ഏറെ വിഷമകരവും അവയെ വിശദീകരിക്കുക എന്നത് വെല്ലുവിളികൾ നിറഞ്ഞതുമാണ്.

ഫ്രഞ്ച് നവതരംഗപ്രസ്ഥാനവുമായി ലൂയി മാള്‍ അകലം പാലിച്ചിരുന്നു. അദ്ദേഹം മറ്റ് നവതരംഗസംവിധായകരെപ്പോലെ കഹിയേ ദു സിനിമായിലെ ഒരു നിരൂപകനുമായിരുന്നില്ല. നവതരംഗം എന്ന ആശയത്തെക്കുറിച്ച് അദ്ദേഹം അങ്ങേയറ്റം സംശയാലുവായിരുന്നു എന്നു മാത്രമല്ല, അദ്ദേഹത്തിന്റെ സിനിമകളെല്ലാം വലിയ തുകകൾ ചെലവഴിച്ച് നിർമിച്ചവയുമായിരുന്നു.

കാനിൽ പാം ഡി ഓർ പുരസ്കാരം നേടിയിട്ടുള്ള ലൂയി മാള്‍ വെനീസ് ചലച്ചിത്രമേളയിലെ വിഖ്യാതപുരസ്കാരമായ ഗോൾഡൻ പുരസ്കാരവും നേടിയിട്ടുണ്ട്. ഈ പുരസ്കാരം രണ്ട് തവണ നേടുന്ന അപൂർവം ചലച്ചിത്രകാരന്മാരിൽ ഒരാളാണ് ലൂയി മാള്‍. അക്കാദമി പുരസ്കാരവും ബാഫ്റ്റ പുരസ്കാരങ്ങളുമുൾപ്പെടെ ഒട്ടേറെ മറ്റ് പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തുകയുണ്ടായി.

1995 നവംബർ 23ന് രോഗബാധയെത്തുടർന്ന് കാലിഫോർണിയയിലെ വസതിയിൽ വച്ച് ലൂയി മാള്‍ അന്തരിച്ചു.

ലൂയി മാളിന്റെ മൂന്നു സിനിമകള്‍ ഇന്ന് ഓപ്പണ്‍ ഫ്രെയിം പ്രദര്‍ശിപ്പിക്കുന്നു. ലാകൊംബെ ലൂസിയൻ (1974), മൈ ഡിന്നർ വിഥ് ആൻഡ്രെ (1981), ഗുഡ്ബൈ ചിൽഡ്രൻ (Au revoir les enfants-1987) എന്നീ ചിത്രങ്ങള്‍ കാണുവാന്‍ സന്ദര്‍ശിക്കുക.

https://openframe.online/

 

എഴുത്ത് : ആര്‍ നന്ദലാല്‍

രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍

തയ്യാറാക്കിയത് : ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി, പയ്യന്നൂര്‍


Write a Reply or Comment

Your email address will not be published. Required fields are marked *